വെല്‍ക്കം ബാക്ക്. പ്രിയമുള്ളവരേ, നിങ്ങള്‍ക്കും വാങ്ങാം ഒരു പള്ളി എന്നാ പരമ്പരയുടെ അടുത്ത എപ്പിസോടിലെയ്ക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം.
ലക്ഷങ്ങളില്‍ തുടങ്ങി പഴഞ്ചന്‍ കഥകളിലുടെ മുന്നേറിയത് കൊണ്ടാണോ ജനത്തിനാകെ ഒരു ആലസ്യത. ഈ അവസരത്തിന് പറ്റിയ, നിങ്ങളെ ആനന്ദിപ്പിക്കാന്‍ കഴിവുള്ള ആളെ നമുക്കിനി വിളിക്കാം.
നെക്സ്റ്റ് വണ് പ്ലീസ്
(രേഖാചിത്രം: സാരിത്തുമ്പില്‍ കുരുങ്ങിയകാലം മുതല്‍ ഹൂസ്റ്റണ്‍ കാലാവസ്ഥയുമായി താദാത്മ്യം പ്രാപിച്ചവന്‍. കഥാപ്രസംഗത്തിലൂടെയും സംഗീതത്തിലൂടെയും ശബ്ദഗാംഭീര്യം കൊണ്ടും കലാവൈഭവം കൊണ്ടും ഞങ്ങളുടെയൊക്കെ കണ്ണിലുണ്ണി ആയ മാന്യദ്ദേഹം).
“ഈ നഗരത്തില്‍ വന്നിട്ട് ഒത്തിരി വര്‍ഷങ്ങളായി. ഇതു വരെ ഒരു കമ്മിറ്റിക്കാരന്‍ പോലും ആയിട്ടില്ല. തിരഞ്ഞെടുപ്പില്‍ നിന്നാലും ജയിക്കും പക്ഷെ പിന്നെ കുറെ പേര്‍ക്കിട്ടു പാര പണിയണം; കുറച്ചു പേരെ സുഖിപ്പിക്കണം. അതൊന്നും പറ്റില്ല. കമ്മ്യുണിറ്റി സെന്ററിനു പിറകില്‍ പള്ളി പണിയണം എന്നാദ്യം പറഞ്ഞു. പിറകില്‍ പണിയാന്‍ താല്പര്യം ഇല്ലായിരുന്നു എങ്കില്‍പ്പോലും മൂവായിരം കൊടുത്തു. നമ്മുടെ പള്ളിയെല്ലേ എന്ന് കരുതി. പിന്നെ ആരോടും ചോദിക്കാതെയും പറയാതെയും പോയി എവിടെയോ ഒരു പള്ളി വാങ്ങി. പിന്നെ പല സ്ഥലത്തും യോഗങ്ങള്‍ കൂടി പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞു. അത് കേട്ട് എല്ലാവരും മടുത്തു. ഞാന്‍ എല്ലാ ഞായറാഴ്ചയും ഈ പള്ളിയില്‍തന്നെ പോകും. അമേരിക്കന്‍ പള്ളിയില്‍ പോവില്ല. പക്ഷെ, ഇനി പള്ളിക്കായി ഒരൊറ്റ നയാപൈസ പോലും തരത്തില്ല. പതിവ്പോലെ തന്നെ പുട്ടടിക്കും. ഇനി മേലാല്‍ ഒരു ധനശേഖരണ പരിപാടിയോ പള്ളിപിരിവോ എന്നും പറഞ്ഞു ഒരു ഡാഷ്മോനും എന്റെ വീട്ടില്‍ വരരുത്. പ്രായം അര്‍ദ്ധസെഞ്ച്വറി കഴിഞ്ഞു ഇനി എത്രകാലം ജീവിക്കും. പള്ളിക്കിനി പൈസ കൊടുക്കാത്തതിന്റെ പേരില്‍ ഒപ്പീസും ഒപ്പിക്കലു൦ നടത്തിയില്ലെങ്കില്‍ അതിനായി വേറെ ആളെ കണ്ടുവച്ചിട്ടുണ്ട്, ഇനി ഇവിടെ ഒന്നിനും ഞാന്‍ വരത്തില്ല; ആകെ മടുത്തു.”
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ എത്ര ആശ്വാസം.
കാഥികന്‍ സ്ഥലം വിട്ടു.
ഇറങ്ങി പോയ കാഥികന്‍റെ മുഖത്തിന്റെ ക്ലോസപ്പ് എടുത്തപ്പോള്‍ കാഥികന്‍റെ ഉള്ളില്‍ ഇങ്ങനെ ഒരു കഥയുണ്ടോ എന്ന് സംശയം. ആ കഥ ഞങ്ങളുടെ ഭാവനയില്‍.
സഹ്യന്‍റെ താഴ്വാരത്തെവിടെയോ, മാമലകള്‍ക്കു നടുവിലായി പച്ചപട്ടു വിരിച്ച ഒരു കൊച്ചുഗ്രാമം. പകലന്തിയോളം പാട് പെട്ട് പണി എടുക്കുന്ന പാവപ്പെട്ടവരായ നാട്ടുകാര്‍. ആളുകള്‍ക്ക് സമ്മേളിക്കാന്‍, ആശയവിനിമയം നടത്താന്‍, ഗ്രാമപുരോഗതിക്കായി പദ്ധതികള്‍ തയ്യാറാക്കാന്‍ ഗ്രാമത്തിന് നടുവിലുള്ള ഏക പൊതുസ്ഥാപനം - “ദൈവവിലാസം ചായക്കട.” പല തരത്തിലുള്ള എണ്ണ പലഹാരങ്ങള്‍ ചില്ലലമാരകളില്‍ നിരത്തി വെച്ച് നാട്ടുകാരെ കൊതിപ്പിക്കുന്ന അത്യാര്ത്തിക്കാരനായ ചായകടക്കാരന് ഒരു പശു ഉണ്ടായിരുന്നു. നമുക്കവളെ ക്നാനായ പശു എന്നതിനെ ചുരുക്കി “ക്നാശു” എന്ന് വിളിക്കാം. സാധാരണ പശുക്കളെ പോലെ കൊമ്പ് കുലുക്കി, വാല്‍ വായുവില്‍ ചുഴറ്റി ആരെക്കണ്ടാലും മുക്രയിടുന്നവളല്ല നമ്മുടെ ക്നാശു. പിന്നെയോ തലതാഴ്ത്തി ആരെയും ഉപദ്രവിക്കാത്ത ഉള്ളം നിറയെ യജമാനസ്നേഹമുള്ളവള്‍ പകലോന്റെ കതിരുകള്‍ ഭുമിയില്‍ എത്തുന്നതിനു മുമ്പേ തന്നെ ചായകടക്കാരന്‍ ആദ്യ കറവ എടുക്കും (ഡൌണ്‍പേയ്മെന്റ്റ്, മൂവായിരം ഡോളര്‍) പിന്നീട് സമയവും കാലവും നോക്കാതെ ആവശ്യാനുസരണം കറക്കും. പാവം ഒന്നിനും പരാതിപെടില്ല കാരണം “ഇട്ട” വട്ടത്തില്‍ മാത്രം കറങ്ങാന്‍ പറ്റുന്ന വിധത്തില്‍ മൂക്കുകയറിട്ടു വലിയ മരത്തേല്‍ കട്ടിയുള്ള കയറു കൊണ്ടുള്ള ബന്ധനം. ഏതെങ്കിലും കോണിലേക്കു തിരിഞ്ഞാല്‍ കയര്‍ മൂക്കില്‍ പിടിക്കും (കുട്ടികളുടെ മമ്മോദീസ തുടങ്ങിയ എല്ലാ കൂദാശകളും) പുല്ലും പിണ്ണാക്കും സമയത്തിന് കൊടുക്കില്ല എന്ന് മാത്രമല്ല ചായക്കടയില്‍ പുറം പാര്‍ട്ടികള്‍ എത്തിയാല്‍ ഉടനെ തന്നെ പാത്രവുമായി ഒരിക്കല്‍ക്കൂടി കറക്കാന്‍ എത്തും. സ്വന്തം ക്ടാവിനു തൊണ്ട നനക്കാന്‍ ഒരു തുള്ളി അമ്മിഞ്ഞപ്പാല്‍ പോലും വെക്കാതെ, രക്തം ഊറ്റുന്നത് വരെയുള്ള കറവ. ബന്ധനങ്ങള്‍ പൊട്ടിക്കാനാവാതെ, മനസ്സും ശരീരവും വേദന കൊണ്ട് പുളയുമ്പോള്‍, പിന്‍ഭാഗത്ത് കൂടെ ഒലിച്ചിറങ്ങുന്ന ഖര-ദ്രാവക മാലിന്യങ്ങള്‍ വാലില്‍ ആവാഹിച്ചു വായുവില്‍ച്ചുഴറ്റി ഒരൊറ്റ അടി (ചില ഇ-മെയിലുകള്‍ സ്വന്തം പേര്‍ വെച്ചും വെക്കാതെയും) ചിലത് കൊള്ളും, ചിലത് പാഴാവും. കണ്ണിലടി കിട്ടിയാല്‍ കറവക്കാരന്‍ ഒരു നിമിഷം തല കുമ്പിട്ടിരിക്കും, പിന്നീട് പ്രഹരത്തിന്റെ ശേഷി കൂടും. ബന്ധനസ്ഥനായ മിണ്ടാപ്രാണി എങ്ങിനെ പ്രതികരിക്കും. സ്വന്തം ജീവിതം യജമാനന് ഹോമിച്ചാലും അവഹേളനമല്ലാതെ ആദരിക്കല്‍ ഒരിക്കലുമില്ല. ജീവല്‍ തന്ന ഈശ്വരന്‍ എല്ലാം കാണുന്നു എന്ന വിശ്വാസം മാത്രം (അതെ, വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നതാണല്ലോ ഏറ്റവും എളുപ്പം!).
കൊച്ചു കേരളത്തിന്റെ മനസ്സ് വഹിക്കുന്ന ഓരോ നാട്ടിലും നമുക്ക് “ക്നാശു”ക്കളെ കാണാം. ചായകടക്കാര്‍ക്കെല്ലാം ഒരേ വികാരം. അകിട്ടിലെ നറുവെന്മയാര്‍ന്ന പാല്‍ ചുവപ്പ് നിറത്തിലേയ്ക്ക് മാറുന്നത് വരെ യജമാനന് വേണ്ടി ചുരത്തും, സ്വന്തം പൈക്കിടാവിനെ നാവ് കൊണ്ട് മാത്രം സ്നേഹം പ്രകടിപ്പിക്കാനും ആത്മസംഘര്‍ഷങ്ങള്‍ ഒരു നീറ്റലായി ഉള്ളിലൊതുക്കാനും വിധിക്കപെട്ട മിണ്ടാപ്രാണികള്‍. ഈ നീറ്റലും സംഘര്‍ഷവും അല്ലേ കാഥികാനായ മത്സരാര്‍ത്ഥി നമ്മുടെ മുന്നില്‍ നിന്ന് വിളിച്ചുപറഞ്ഞത്?.
നമ്മുടെ മൂക്കുകയര്‍ നമുക്കഴിക്കാം. കുറച്ചു കുടി വലിയ വട്ടത്തില്‍ കറങ്ങാനും, സ്വന്തം കിടാങ്ങള്‍ക്ക് സ്നേഹവും അമ്മിഞ്ഞപ്പാലും നല്‍കി അവരെ ഉത്തമപൌരന്മാരക്കി മാറ്റാന്‍ സമധാനവും സ്നേഹവും നിറഞ്ഞഒരു അന്തരീക്ഷത്തില്‍ നമുക്കല്‍പ്പം സ്വതന്ത്രരായി വിഹരിക്കാം. മതവും വിശ്വാസവും നമുക്കൊരു വിലങ്ങുതടി ആയി തീരാതിരിക്കട്ടെ.
അതിനായി വീണ്ടും ഒരു ചിന്ന ബ്രേക്ക്
ദേ പോയി.......... (പള്ളി വാങ്ങാന്‍....)........ ദാ വന്നു
നിങ്ങള്ക്ക് വേണോ ഒരു പള്ളി
നാളെ: പാണ്ഡവര്‍ക്ക് സൂചി കുത്താന്‍ സ്ഥലം കൊടുക്കില്ല എന്ന് ദുര്യോധനന്‍. ഫലമോ കുര്ക്ഷേത്രയുദ്ധം. ആര്, എന്ത് നേടി?
തയ്യാറാക്കുന്നത് കാനായി ഗോപി (നിങ്ങളുടെ സ്വന്തം ഗോപിയണ്ണന്‍)
No comments:
Post a Comment