Tuesday, January 1, 2013

കാക്കനാട്ട് സിനഡ് കൂടാനൊരുങ്ങുമ്പോള്‍ മുത്തോലം ചിക്കാഗോയില്‍ എന്ത് ചെയ്യുന്നു?


മുത്തോലത്തച്ചന്റെ സ്വന്തം തട്ടകത്തില്‍ നിന്ന് പ്രമേയത്തിനു പിറകെ പ്രമേയം.

മുമ്പൊരിക്കല്‍ തന്റെ പാരീഷ്‌ ബുള്ളറ്റിനിലൂടെ ക്നാനായ എന്‍ഡോഗമിക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ അതിന്റെ പ്രതിഷേധം അങ്ങകലെ, കോട്ടയത്തിനടുത്തുള്ള പാച്ചിറ എന്ന ഇടവകയില്‍ നിന്നുവരെ ഉയര്‍ന്നുവന്നു. തനിക്കെതിരെ നീണ്ടുവരുന്ന വിരലുകള്‍ മാത്രമല്ല അത്തരം കൈകള്‍ തന്നെ വെട്ടിക്കളയണം എന്ന് നിര്‍ബന്ധമുള്ള നമ്മുടെ വിജി അന്ന് ആ ഇടവകയിലെ വികാരിയെക്കൊണ്ട് പ്രമേയം പാസ്സാക്കിയിട്ടില്ല എന്നൊരു കള്ളസര്‍ട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കിയ കഥ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും.

അത് പഴങ്കഥ. ഇന്ന് മുത്തോലത്തച്ചന് കൂടുതല്‍ പക്വത കൈവന്നു. സ്വന്തം മൂക്കിനുതാഴെ മാലപടക്കം പൊട്ടുന്നതുപോലെ രണ്ടു പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടും, നമ്മുടെ പ്രിയങ്കരനായ വിജി അഷോഭ്യനായി തന്റെ റെക്ടറിയുടെ വരാന്തയിലൂടെയും പള്ളിയുടെ ഇടനാഴിയുലൂടെയും “തീയില്‍ കുരുത്തതാ” എന്ന് വീമ്പിലക്കികൊണ്ട് മണ്ടി നടക്കുന്നു.

ചിക്കാഗോയിലെ സെന്റ്‌ തോമസ്സ് രൂപത മുതല്‍ റോമിലെ ഒറിയന്റല്‍ കോന്‍ഗ്രിഗേഷന്‍ വരെ അയച്ച പ്രസ്തുത പ്രേമയങ്ങളുടെ കോപ്പി നോര്‍ത്ത് അമേരിക്കയിലെ സകല ക്നാനായ വൈദീകര്‍ക്കും അയക്കുകയുണ്ടായി. കൂടാതെ തങ്ങള്‍ ചെയ്ത മാതൃകാപരമായ ഈ പ്രവര്‍ത്തിയെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ക്നാനായ വോയിസിലും കൊടുത്തിരുന്നു. എന്നാല്‍ അതിദാരുണമെന്ന് പറയട്ടെ, മുത്തോലത്തിന്റെ ശക്തമായ താക്കീതിനു മുന്‍പില്‍ പേടിച്ചരണ്ട മറ്റ് ഇടവക വൈദീകരും മിഷന്‍ വൈദീകരും അവരുടെ തട്ടകങ്ങളില്‍ ആരും അറിയാതിരിക്കാന്‍ ഈ പ്രമേയം ഒളിപ്പിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കേരളത്തിന്‌ വെളിയില്‍ ക്നാനയമക്കള്‍ വാങ്ങിയ ആദ്യത്തെ പള്ളി എന്ന് ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന, മുത്തോലത്തച്ചന്റെ തൊപ്പിയിലെ പൊന്‍തൂവലായി കരുതിവരുന്ന മെയ്‌വുഡ് പള്ളിയില്‍ നിന്നാണ്. ഇത്രയും കാലം അസ്സോസിയേഷനുകളില്‍ നിന്ന് മാത്രമായി പ്രമേയങ്ങള്‍ പോകുന്നതിനാല്‍ മാറിനിന്ന് കൊലച്ചിരിയുമായി സഭയുടെ ഒരു സംവിധാനത്തില്‍ നിന്നും ഇത്തരം പ്രമേയങ്ങള്‍ ഉണ്ടാക്കിയിട്ടില്ലായെന്നും അതിനാല്‍ എല്ലാം ഞങ്ങളുടെ കൈപ്പിടിയില്‍ സ്വസ്ഥം എന്നും അഹങ്കരിച്ചിട്ട് ഇപ്പോള്‍ ഇതാ സാക്ഷാല്‍ ഇടവകജനങ്ങള്‍ തന്നെ സ്ത്രീപുരുഷഭേദമില്ലാതെ ശക്തമായി പ്രതികരിച്ചിരിക്കുന്നു. ഇനിയും തങ്ങളുടെ വ്യക്തിത്വം നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കില്ലായെന്നു അവര്‍ പൂര്‍വ്വപിതാക്കന്മാരുടെ ആല്മാക്കളെ സാക്ഷിയാക്കി തീരുമാനിച്ചിരിക്കുന്നു.

ഇതാണ് ഞങ്ങള്‍ക്ക് ലഭിച്ച വാര്‍ത്ത.

2012 ഡിസംബര്‍ 20നു ഷിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എഴുതി ഡിസംബര് 23നു മെയ് വുഡ് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വികാരി ഫാ. സജി പിണര്‍ക്കയില്‍ വായിച്ച ഇടയലേഖനം ക്നാനായ സമുദായാംഗങ്ങള്‍ പതിറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യമൂല്യങ്ങള്‍ക്ക് നിരക്കുന്നില്ലാത്തതിനാല്‍ തിരസ്കരിക്കുന്നതായി 2012 ഡിസംബര്‍ 30നു ദിവ്യബലിയ്ക്ക് ശേഷം പള്ളിഹാളില്‍ ചേര്‍ന്ന അനൌദ്യോഗിക വിശേഷാല്‍ പൊതുയോഗം പ്രമേയം പാസ്സാക്കി.

ഇടവകാംഗങ്ങളുടെ പൊതുവികാരം മേലദ്ധ്യക്ഷന്മാരെ അറിയിക്കുന്നതിനായി ഇടവകാംഗങ്ങള്‍ അഞ്ചംഗകമ്മറ്റിയെ തിരഞ്ഞെടുത്തു. ധീരരായ ക്നാനായ ചുണക്കുട്ടന്മാര്‍ പ്രവാസിക്നാനയക്കാരുടെ ആദ്യദേവാലയമായ മേയ് വുഡ് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ചേര്‍ന്ന നിര്‍ണായകമായ യോഗത്തില് മറ്റൊരു പ്രമേയവും പാസ്സാക്കി.

ക്നാനായ റീജിയനില്‍ സേവനത്തിനായി നിയോഗിക്കപ്പെടുന്ന വൈദികര്‍ തങ്ങളുടെ പ്രവര്‍ത്തനകാലയളവില്‍ മുഴുവന്‍ കോട്ടയം അതിരൂപതാംഗങ്ങളായിരിക്കണമെന്നും അവരില്‍നിന്നു മാത്രമേ വികാരി ജനറാളോ ഇതര ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ടവരെയോ തിരഞ്ഞെടുക്കാവൂ എന്നും അല്ലാത്തപക്ഷം അങ്ങനെയുള്ളവരെ അംഗീകരിക്കുകയോ അവരുടെ ശുശ്രൂഷകള്‌ക്ക് സാമ്പത്തിക പ്രതിഫലം നല്‍കുകയോ ചെയ്യില്ല എന്നും പ്രമേയം വ്യക്തമാക്കി.

സഭയോട് ഏറ്റുമുട്ടാതെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ട്‌ സഭ്യമായ ഭാഷയില്‍ സഭാസംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് നടത്തിയ ഇത്തരം പ്രവര്‍ത്തികളോട് പോലും അസ്സഹിഷ്ണുത പുലര്‍ത്തുന്ന മുത്തോലം ഇനിയും ആരുടെ ശത്രു ആരുടെ മിത്രമെന്ന് വിശ്വാസികള്‍ സംശയിക്കുകയാണോ?

സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിന്റെ നോട്ടീസ്‌ ബോര്‍ഡില്‍ ഇട്ടിരുന്ന (ഒരു മാന്യദേഹം ഞങ്ങള്‍ക്ക് അയച്ചുതന്ന) – പിതാക്കന്മാര്‍ക്കും വൈദികര്‍ക്കും അയച്ച - പ്രമേയത്തിന്റെ കോപ്പി ഡൌണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment