നക്സല്‍ വര്‍ഗീസ് എന്നറിയപ്പെടുന്ന യുവാവ് മുപ്പത്തിരണ്ടാം വയസ്സില്‍ വയനാടന്‍ കാടുകളില്‍ വച്ച് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു എന്നാണ് കേരളജനത മൊത്തം വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇരുപത്തെട്ടു വര്‍ഷക്കാലം നിസ്സഹായാനും നിരായുധനമായിരുന്ന വര്‍ഗീസിനെ തന്റെ മേലധികാരിയുടെ സമ്മര്‍ദ്ദം മൂലം വെടിവച്ചുകൊല്ലേണ്ടി വന്ന പി. രാമചന്ദ്രന്‍ നായര്‍ എന്ന പോലീസ്‌കാരന്‍ കുറ്റബോധം സഹിക്കവയ്യാതെ 1998-ല്‍ തന്റെ മേലധികാരിയായ ഡി.വൈ.എസ്.പി ലക്ഷ്മണയുടെ നിര്‍ബന്ധത്തിനു വഴങ്ങി വര്‍ഗീസിന്റെ നേരെ നിറ ഒഴിച്ച കഥ പരസ്യമാക്കി. അതെത്തുടര്‍ന്ന് ലക്ഷ്മണയെ ജീവപര്യന്തം തടവിനു ശിഷിക്കുകയുണ്ടായി.
ഒരു സാധാരണ പോലീസ്കാരന് – അതും “ശത്രുവിനെ സ്നേഹിക്കുവിന്‍” എന്ന ക്രിസ്തുവിന്റെ പ്രബോധനം കേള്‍ക്കാതെ വളര്‍ന്ന ഒരു ഹിന്ദുവിന് – തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്തുപോയ ഒരു കൊലപാതകത്തില്‍ കുറ്റബോധം തോന്നി. ഇതിനെക്കുറിച്ച് പത്രവാര്‍ത്തകള്‍ അന്ന് വായിച്ചപ്പോള്‍, മനുഷത്വം ഇനിയും മരിച്ചിട്ടില്ലല്ലോ എന്നോര്‍ത്ത് ഈയെഴുതുന്നയാല്‍ സന്തോഷിച്ചു.
എന്നാല്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ മനുഷ്യത്വത്തിന്റെ ഒരംശം പോലും ഇല്ലാത്തവരാണല്ലോ നമ്മുടെ മുമ്പില്‍ ക്രിസ്തുവിന്റെ പ്രതിപുരുക്ഷന്മാരായി വന്നെത്തുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ ഹൃദയം നോവുന്നു.
മുണ്ഡകോപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചുള്ള “സത്യമേവ ജയതേ” (സത്യം എപ്പോഴും ജയിക്കട്ടെ) എന്ന വാചകം ഇന്ത്യയുടെ ദേശീയമുദ്രയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ടവയായി കരുതപ്പെടുന്ന 10 ഉപനിഷത്തുകളില്‍ ഒന്നാണ് മുണ്ഡകോപനിഷത്ത്. എല്ലാ അറിവിലേയ്ക്കുമുള്ള വഴി തുറക്കുന്ന അറിവേതാണ് എന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടി പറയാനുള്ള ഗുരുവിന്റെ ശ്രമമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്..
മുണ്ഡകന്മാര്‍ക്ക് വേണ്ടി രചിച്ചതിനാലാണ് ഇതിന് മുണ്ഡകോപനിഷത്ത് എന്ന പേരുണ്ടായതെന്ന് പറഞ്ഞുവരുന്നു. മുണ്ഡകന്മാര്‍ എന്നതിന് എല്ലാ കാമങ്ങളും മുണ്ഡനം ചെയ്തുകളഞ്ഞ സന്യാസികള്‍ എന്നാണര്ത്ഥം.
എല്ലാ കാമങ്ങളും മുണ്ഡനം ചെയ്തു കളഞ്ഞവരല്ലല്ലോ നമ്മുടെ വൈദികരും സന്യാസികളും!
എന്നാല്‍ സത്യമേവ ജയതേ എന്ന മഹാവാക്യം അവര്‍ക്ക് തീര്‍ച്ചയായും ബാധകമാണ്. സത്യം എപ്പോഴും ജയിക്കും എന്ന് മാത്രമല്ല, സത്യം മാത്രമേ ജയിക്കൂ. അസത്യത്തിന്റെ വിജയം താല്‍ക്കാലികം മാത്രമാണ്. ലോകാരംഭം മുതലേ, മനുഷ്യകുലത്തിന്റെ ആരംഭത്തില്‍ തന്നെ, ചതിയും വഞ്ചനയും അസത്യവും ഉണ്ടായിരുന്നു. പക്ഷെ ശാശ്വതവിജയം എന്നും, എവിടെയും, എക്കാലത്തും സത്യത്തിന്റെത് മാത്രമായിരുന്നു.
കത്തോലിക്കാവൈദികര്‍ വിശ്വാസിസമൂഹത്തിന്റെ ആത്മീയ ശുശ്രൂഷകരാന്, ഫലത്തില്‍ അവര്‍ യജമാനന്മാര്‍ ആണെങ്കിലും. ക്നാനായ കത്തോലിക്കാവൈദികര്‍ക്ക് മറ്റൊരു റോള്‍ കൂടിയുണ്ട് – സമുദായത്തിന്റെ ഗോത്രതാല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. ഈ ചുമതല അവരെ ആരും ഭരമേല്പ്പിച്ചതല്ല, പുരോഹിതവര്‍ഗം സ്വയം ഏറ്റെടുത്തതാണ്, കുറിച്ച്കൂടി തെളിച്ചുപറഞ്ഞാല്‍ സമുദായത്തിന്റെ നേതൃത്വം അവര്‍ ഹൈജാക്ക് ചെയ്തെടുക്കുകയായിരുന്നു. ഗോത്രത്തലവന്‍ എന്ന സ്ഥാനം ഔദ്യോഗികമായി ഒരു ക്നാനായക്കാരനും ഒരു പോപ്പും ആര്‍ക്കും നല്‍കിയിട്ടില്ല. പക്ഷെ ഓരോരുത്തര്‍ ആ സ്ഥാനം ഏറ്റെടുത്തു. അങ്ങിനെ ഓരോ ക്നാനായ വൈദികനും ഒരു സബ്-ഗോത്രത്തലവനായി.
ആ സബ്-ഗോത്രത്തലവന്മാര്‍ അവരുടെ ആ റോള്‍ പൊക്കിപ്പിടിച്ചാണ് അമേരിക്കയിലൂടെ വിലസുന്നത്. ക്നാനയക്കാരന്‍ ക്നാനായ വൈദികന്റെ തന്നെ ദിവ്യബലിയില്‍ പങ്കെടുക്കണമെന്ന് വിശ്വാസിയെക്കാള്‍ അവര്‍ക്കാണ് നിര്‍ബന്ധം. അതിന്റെ പിന്നിലെ ദുഷ്ടലാക്കിനു ഒരു വിശദീകരണവും ആവശ്യമില്ല.
കാര്യങ്ങള്‍ അങ്ങിനെയൊക്കെ ആണെങ്കിലും, ക്നാനായ സമുദായത്തെ ടി.പി. വധം സ്റ്റൈലില്‍ വെട്ടിമുറിച്ചപ്പോള്‍, അതിനായി അണിയറയില്‍ ഗൂഡാലോചന നടന്നപ്പോള്‍, അമേരിക്കയിലുള്ള സകല ക്നാനായ വൈദികരും അതിന്റെ പിന്നിലെ ഓരോ നീക്കങ്ങളും അറിഞ്ഞുകൊണ്ടാണിരുന്നത്. അവരില്‍ ഒരാള് പോലും, “മാനിഷാദ” എന്ന് പറഞ്ഞില്ല!
നിഷാദന്മാര്‍ (കാട്ടാളന്മാര്‍) ഇന്ന് വെള്ളം കുടിക്കുന്നു.
വിവരങ്ങള്‍ മറനീക്കി പുറത്തുവരുന്നതേയുള്ളൂ. അറിഞ്ഞിടത്തോളം, നമ്മുടെ വൈദികര്‍ എല്ലാവരും ഇതിന്റെ പിന്നിലെ ഗൂഡാലോചന കാലാകാലങ്ങളില്‍ അറിഞ്ഞ്, നിഷ്കൃയത്വം കൊണ്ട് അതിന്റെ ഭാഗഭാക്കാവുകയായിരുന്നു.
അതിരൂപതാ മേലദ്ധ്യക്ഷന്റെ കാര്യമാണ് ഏറ്റവും കഷ്ടം. അദ്ദേഹത്തിന് ആനയെ മാത്രമല്ല ആനപിണ്ടത്തെയും പേടിക്കേണ്ട അവസ്ഥയിലാണ് ഇന്ന്.
സത്യമേവ ജയതേ നാനൃതം
No comments:
Post a Comment