Tuesday, January 15, 2013

അരമന നല്കുന്ന മദ്യപാപം


ആദിമകാലം മുതല്‍ ക്രൈസ്തവസഭ മദ്യം ക്രിസ്ത്യാനികളുടെ ഒരു നല്ല ഔഷധമായി അംഗീകരിച്ചിരുന്നു.  കാനായിലെ കല്ല്യാണത്തിന് ക്രിസ്തു വെള്ളം വീഞ്ഞാക്കിയ കഥ വളരെ പ്രസിദ്ധമാണ്. അതുപോലെതന്നെ മദ്യം കഴിക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും ധാരാളം വാക്യങ്ങള്‍ ബൈബിളില്‍ വായിക്കാവുന്നതാണ്.  മദ്യം കുടിച്ച് സന്തോഷിക്കുവാന്‍ ലോകമെമ്പാടുമുള്ള കത്തോലിക്കരെ സഭ അനുവദിച്ചിരുന്നു.

ലോകത്തിലെ ഭൂരിപക്ഷം കത്തോലിക്കരും ഇപ്പോഴും മദ്യം കഴിക്കുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിലും ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും കത്തോലിക്കര്‍ മദ്യം സന്തോഷത്തിലും ദുഖത്തിലും കുടിക്കുന്നു; ആഘോഷവേളയില്‍ മദ്യം വിളമ്പുന്നു.  പക്ഷേ, കേരള കത്തോലിക്കാസഭ മദ്യം കഴിക്കുന്നതിനെതിരെ പുതിയ പ്രമാണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഈ പ്രമാണം കത്തോലിക്കസഭയുടെ അവസരവാദത്തേയും, യാഥാസ്ഥിതിക മനോഭാവത്തേയും, ബുദ്ധിപരമായ പാപ്പരത്വത്തേയും വിളിച്ചറിയിക്കുന്നു.

കത്തോലിക്ക സഭ ഇതിന് മുന്‍പും മദ്യനിരോധനത്തിന് അനുകൂലമായി പല പദ്ധതികളും ആവിഷ്‌ക്കരിക്കുകയുണ്ടായി.  എന്നാല്‍ അതൊന്നും വിജയിക്കുകയുണ്ടായില്ല. കത്തോലിക്ക മദ്യഷാപ്പ് ഉടമകളുടേയും ശീമമദ്യവില്‍പ്പനക്കാരുടേയും എണ്ണം വര്‍ദ്ധിച്ചു. കേരളത്തിലെ മദ്യഷാപ്പുകളില്‍ കൂടുതലും കൈയ്യടക്കി വച്ചിരിക്കുന്നത് കത്തോലിക്ക കോണ്ട്രാക്ടര്‍മാരാണ്. ഇവര്‍ അനേകലക്ഷം രൂപ പള്ളികളിലേക്കൊഴുക്കി സ്ഥാനമാനങ്ങളും കൈക്കലാക്കി. കൊല്ലും കൊലയും നടത്തി സ്വരൂപിച്ച രക്തം പുരണ്ട പണം സ്വീകരിച്ച് സഭ സമ്പത്ത് വര്‍ദ്ധിപ്പിച്ചു.

ഇത്തരക്കാരുടെയൊന്നും പണം സ്വീകരിക്കുകയില്ലെന്നാണ് സഭയുടെ പുതിയ തീരുമാനം. മാത്രവുമല്ല, കള്ള് കുടിക്കുന്നത് പാപമാണെന്നും വരുത്തിവച്ചു. കള്ള് കുടിച്ചാല്‍ ഇനിമുതല്‍ പറഞ്ഞു കുമ്പസാരിക്കണമത്രേ! എന്തൊക്കെ, എപ്പോള്‍,എങ്ങനെയൊക്കെ പാപമാകുമെന്ന്  കേരള കാത്തലിക്ക് ബിഷപ്പ് കോണ്‍ഫ്രന്‍സാണ് (ഗഇആഇ) തീരുമാനിക്കുന്നത്.

കള്ള് കുടിച്ച് മദിച്ചു നടക്കുന്ന കത്തോലിക്ക പുരോഹിതര്‍ ഇനി ആരോട് കുമ്പസാരിക്കും? കള്ള് കുടിച്ചെന്ന് ബിഷപ്പിനോട് കുമ്പസാരത്തില്‍ പറഞ്ഞുപോയാല്‍ അവര്‍ക്കെതിരായി തക്ക നടപടികള്‍ സ്വീകരിച്ചെന്നിരിക്കും.  ഇനി കുമ്പസാരത്തില്‍ കള്ള് കുടിച്ച വിവരം പറയാതിരുന്നാല്‍ അത് വലിയ നുണയുമാകും.  പുരോഹിതര്‍ അങ്ങനെ ഒരു വലിയ വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുന്നു. അനേകം പുരോഹിതരും മദ്യാസക്തിക്ക് അടിമപ്പെട്ടവരാണ്.  അത് പാപമാകുമെങ്കില്‍ ധാരാളം പുരോഹിതരും ബിഷപ്പ്മാരും പാപികളാകും. കള്ള് കുടിച്ച് മരിച്ചു പോയവരും പുണ്യവാളന്മാരായവര്‍ക്കും ദണ്ഡവിമോചനം.

പുരോഹിതര്‍ക്കിടയില്‍ ലൈംഗികപീഡനം വര്‍ദ്ധിക്കുമ്പോള്‍ അത് കാലക്രമേണ പാപലിസ്റ്റില്‍ നിന്ന് എടുത്ത് കളയുവാനും സാധ്യതയുണ്ട്.  കാരണം, എക്കാലവും കത്തോലിക്കസഭയുടെ നിയമങ്ങള്‍ പുരൊഹിതര്‍ക്ക് അനുകൂലമായി വളച്ചൊടിക്കാനായിരുന്നല്ലോ ശ്രമിച്ചിരുന്നത്. മോശയുടെ പത്ത് പ്രമാണങ്ങളില്‍ പെടാത്ത ആല്‍ക്കഹോളിസം കൂട്ടിച്ചേര്‍ത്ത്, വ്യഭിചരിക്കരുത് എന്നുള്ള പ്രമാണം നീക്കം ചെയ്യാനുള്ള ശ്രമം നടന്നേക്കും. എല്ലാ കാലത്തും സീറോമലബാര്‍ സഭ വിശ്വാസികളില്‍ കുറ്റബോധം സൃഷ്ട്ടിച്ച് വിശ്വാസികള്‍ പറയുന്നതും ചെയ്യുന്നതും പാപമാക്കിക്കൊണ്ടിരുന്നു. ഇതിന്റെ കൂടെ വൈദികശാപവും തിരുകിക്കയറ്റി വിശ്വാസികള്‍ നരകാഗ്‌നിയിലേക്ക് നയിക്കപ്പെടും എന്ന് എല്ലാ ഞായറാഴ്ചകളിലും ഉരുവിട്ട്, വിശ്വാസികളെ ഭയപ്പെടുത്തി, പീഡിപ്പിക്കുന്ന നയം ഇപ്പോഴും തുടരുന്നു എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ് കള്ള് കുടിച്ചാല്‍ പാപമാണെന്നും, അതിനാല്‍ കുമ്പസാരിക്കണമെന്നുമുള്ള പുതിയ പ്രമാണം.

ആദ്ധ്യാന്മികമായും ഭൗതികമായും യാതൊരു ഉത്തേജനവും നല്‍കുകയില്ലാത്ത കേരളകത്തോലിക്ക സഭയിലെ മൂന്നാംകിട വിശ്വാസികളായി നേരും നെറിയുമുള്ള ഭൂരിപക്ഷം കേരള കത്തോലിക്കരും ജീവിക്കുന്നു. അന്തിയാവോളം നടുവൊടിയെ പണി ചെയ്ത് മനപ്രയാസമകറ്റാന്‍ ഇത്തിരി കള്ളടിക്കുന്നതും പാപമാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ കേരള കത്തോലിക്കസഭ വിശ്വാസികളുടെ സംരക്ഷകനാവുന്നതെങ്ങിനെ? ഇനി, കള്ള്കുടി എന്ന പാപബോധവും നെഞ്ചിലേറ്റിവേണം സാധാരണ കത്തോലിക്കര്‍ ജീവിക്കുവാന്‍.

കള്ള്ഷാപ്പ് നടത്തുന്നതും വിദേശമദ്യം വില്‍ക്കുന്നതും പാപമാകാത്തിടത്തോളംകാലം കൂടുതല്‍ കത്തോലിക്കര്‍ ഇനിയും ഈ വ്യവസായത്തിലേക്ക് ഇടിച്ചു കയറും. അവരുടെ പണം ഇനിയും അരമനകളുടെ പിന്‍വാതിലിലൂടെ ഉള്ളിലേക്ക് ഒഴുകും. പാപബോധം സൃഷ്ടിക്കുന്ന കുറ്റബോധത്താല്‍ വിശ്വാസികള്‍ ഇനിയും കൂടുതല്‍ കുടിക്കും. ഈ നടപടിമൂലം അബ്കാരി കോണ്ട്രാക്ടര്‍മാര്‍ കൂടുതല്‍ പണം ഉണ്ടാക്കും.  ബിസിനസ്സിന്റെ നടത്തിപ്പിനായി തല്ലും കൊലയും ഗുണ്ടായിസവും കൂടുതല്‍ ഉണ്ടാകും.  അവര്‍ക്കനുകൂലമായി രാഷ്ട്രീയക്കാരും ബിഷപ്പുമാരും മുന്‍നിരയിലുണ്ടാവും. കള്ള് കുടിയന്‍ വീണ്ടും കുടിച്ച് പാതാളക്കുഴിയില്‍ വീഴും.  അവന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഒരു രാഷ്ട്രീയക്കാരനും ബിഷപ്പും ഉണ്ടാകില്ല. രോഗകാരണത്തെ ചികില്‍സിക്കുന്നതിന് പകരം രോഗലക്ഷണത്തെ ചികില്‍സിക്കാനാണല്ലൊ മേലധികാരികള്‍ക്ക് ഉല്‍സാഹം. അവനെ ശാസിക്കാനും, ഭയപ്പെടുത്താനും, അനുസരിക്കാത്തതിന് ശിക്ഷ നല്‍കുവാനും കൂടുതല്‍ ഇടവകകളും ഡയോസിസുകളും ഉണ്ടാകും. അവന്‍ കൂടുതല്‍ ദണ്ടവിമോചനങ്ങള്‍ നടത്തി, ദുഖവെള്ളിയാഴ്ചകളില്‍ മുട്ടിലിഴഞ്ഞ്, എന്റെ വലിയ പിഴ അന്‍പത് പ്രാവശ്യം ചൊല്ലി ഇടവകപ്പള്ളിയുടെ വാരിക്കുഴിയില്‍ അടിയും.

മദ്യാസക്തി കുറക്കേണ്ടത് പാപബോധം തിരുകിക്കയറ്റിയോ അല്ലെങ്കില്‍ ഭീഷണിപ്പെടുത്തിയോ അല്ല. മദ്യത്തിന്റെ ദൂഷ്യവശങ്ങളേപ്പറ്റി കൂടുതല്‍ സാമൂഹ്യബോധം വളര്‍ത്തിയെടുക്കണം. ധാരാളം സൗജന്യ മന:ശാസ്ത്രന്ജന്മാരെയും കൗണ്‍സിലര്‍മാരേയും നിയമിക്കണം. ഇത്തരം പദ്ധതികളോടാണ് കൂടുതല്‍ പണ്ഡിതരും അനുകൂലിക്കുന്നത്. സാമൂഹ്യബോധം വളര്‍ത്തിയെടുക്കാന്‍,ഒരു പക്ഷേ, തലമുറകളോളം കാത്തിരിക്കേണ്ടി വരും. കേരള കത്തോലിക്കരുടെ മദ്യാസക്തി വളര്‍ന്നത് ഒരു ദിവസം കൊണ്ടല്ല. അനേക വര്‍ഷങ്ങള്‍കൊണ്ട് അത് വളര്‍ത്തിയെടുത്തത് ഇടവക വികാരിമാരും അരമന ബിഷപ്പുമാരും കത്തോലിക്കാസഭയുടെ നെടുംതൂണുകളുമായ അബ്കാരി കോണ്ട്രാക്ടര്‍മാരുമായിരുന്നു.  കേരള കത്തോലിക്കസഭ ഇതിന് മുന്‍പ് നടത്തിയിട്ടുള്ള മദ്യനിരോധന നാടകങ്ങളെല്ലാം പരാജയവുമായിരുന്നു.

ഇതെല്ലാം കണ്ടുകൊണ്ട് റോമില്‍ ഇരിക്കുന്ന പോപ്പ് കേരള കത്തോലിക്ക മേധാവികളുടെ വിവരമില്ലായ്മ നോക്കി ചിരിച്ച് സന്തോഷിച്ച് രണ്ട് പെഗ്ഗ് കൂടി കൂടുതല്‍ കഴിക്കുന്നുണ്ടാവണം.

ജോര്‍ജ് മാത്യു

No comments:

Post a Comment