എ.ഡി. 345ല്‍ ക്‌നാനായക്കാര്‍ സഭാപരമായി തുടങ്ങിയ കുടിയേറ്റം മലബാറിലെ മൂന്നാം ഘട്ടത്തോടുകൂടി തീര്‍ന്നു. ശേഷം മറ്റുള്ളവരെപ്പോലെ സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ക്കണ്ട് പല പലസ്ഥലങ്ങളിലേക്കും രാജ്യങ്ങളിലേക്കും പ്രധാനമായും അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലേക്ക് ജോലി തേടിപ്പോയി. എല്ലാവരും സാമ്പത്തികമായി ഉയര്‍ന്നു. മക്കളുടെ അഭിവൃദ്ധിയില്‍ സന്തോഷം തോന്നിയ അഭിവന്ദ്യ പിതാക്കന്മാര്‍ ആത്മാര്‍ത്ഥമായി മക്കളെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. മക്കള്‍ക്കും വലിയ സന്തോഷം. മക്കളുടെ സന്തോഷവും കൂടെ ആഹാരം കഴിക്കുവാനുള്ള നിര്‍ബന്ധവും കൂടിയപ്പോള്‍ കൂടെയിരുന്ന് ആഹാരം കഴിക്കുന്നതിനും ഫോട്ടോയ്ക്ക് നില്‍ക്കുന്നതിനും ഒരു നിശ്ചിത തുക ഈടാക്കിത്തുടങ്ങി. അത് ഇപ്പോഴും അഭംഗുരം തുടരുന്നു. സന്ദര്‍ശനവേളകളില്‍ സംഭാവനകള്‍ക്കു കാരണങ്ങള്‍ പലതും പറയാനുണ്ട്. എന്തായാലും ദീര്‍ഘവീക്ഷണം അപാരം തന്നെ. എന്നാലും സ്വന്തം പിതാക്കന്മാരേയും വൈദീകരേയും വളരെ ഭവ്യതയോടും ബഹുമാനത്തോടുംകൂടി സ്വീകരിക്കുന്നതില്‍ മക്കള്‍ക്ക് സന്തോഷം തന്നെ.
മക്കളുടെ ആത്മീയ സേവനത്തിനായി ഓരോ കാലത്തായി വൈദീകരെ അയച്ചുതുടങ്ങി. അവര്‍, ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ പലതും പറഞ്ഞ് പോളിസിയെടുപ്പിക്കുന്നതുപോലെ പല പല നല്ല ഉപദേശങ്ങള്‍ കൊടുത്ത് ക്‌നാനായക്കാരെക്കൊണ്ട് ക്‌നാനായക്കാര്‍ക്കുവേണ്ടി മാത്രം പള്ളികള്‍ വാങ്ങിപ്പിച്ച് ക്‌നാനായ പള്ളി എന്ന ബോര്‍ഡും തൂക്കി; ഒപ്പം ഒരു ദത്തുപിതാവിനേയും സമ്മാനിച്ചു. അദ്ദേഹത്തിനും വളരെ സന്തോഷം. കാരണം സ്വന്തം ആസ്ഥാനത്തേക്കാളും ഭയലേശമില്ലാതെ ഇരുപ്പുറയ്ക്കുന്നത് ക്‌നാനായ പള്ളികളില്‍ വരുമ്പോഴാണ്. ഈ നന്ദി അദ്ദേഹം കാണിക്കാറുമുണ്ടായിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ തെക്കുംഭാഗരുടെ ക്‌നാനായ പള്ളികളെല്ലാം തന്റെ കീഴിലായതിനാല്‍ കോട്ടയം പിതാക്കന്മാരെ ഇടംവലം നിര്‍ത്തി, ഒരു സമയത്ത് ദിവസംതോറും, ഓരോന്ന് എന്ന കണക്കില്‍ പള്ളികളെല്ലാം കൂദാശ ചെയ്തു; പണ്ട് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ഇമ്പോസിഷന്‍ എഴുതിയ മാതരി. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അറിവിനും ചിന്താശക്തിക്കുമനുസരിച്ച് ഇടയലേഖനങ്ങള്‍ അയച്ചുതന്നുകൊണ്ടിരുന്നു. ദോഷം പറയരുതല്ലോ, ദോഷം വരുന്നതൊന്നും നമ്മുടെ സ്വന്തം വൈദീകര്‍ പള്ളികളില്‍ വായിച്ചില്ല, നമ്മളെ അറിയിച്ചില്ല. ബഹുജനം എന്നും കഴുതയാണല്ലോ; കര്‍ത്താവിനെ വഹിച്ചതും കഴുത.
2012 ലെ ക്രിസ്തുമസിന്റെ തലേദിവസം ഞായറാഴ്ച നമ്മുടെ ദത്തുപിതാവ് അയച്ച ഇടയലേഖനം ഒരു പള്ളിയില്‍ പൂര്‍ണ്ണമായി വായിച്ചു. അനാദികാലം തൊട്ടേ, തല പോയാലും വംശശുദ്ധി കളയാതെ കാത്തുസൂക്ഷിക്കുന്ന കാനാനായക്കാരോട്, മാറിക്കെട്ടിയവരേയും അവരുടെ കൂടെയുള്ളവരേയും എല്ലാം എല്ലാ ക്‌നാനായ പള്ളികളിലും ക്‌നാനായ മിഷനുകളിലും അംഗങ്ങളാക്കിക്കൊള്ളണമെന്ന കല്പന. ഇത് കേട്ട് ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍ സ്തുതിപാഠകരും ഒന്നു ഞെട്ടി. ഇങ്ങനെ ഒരാളെ കയറ്റിയാല്‍ ഈ സമുദായം ഇല്ലാതാവുമെന്ന് എല്ലാവര്‍ക്കും അറിയാം; ഒപ്പം സ്വന്തം മക്കളുടെ കൂടെ കഴിയാന്‍ പുറംജാതിക്കാര്‍ വേണ്ടെന്നും.
വൈദീകര്‍ക്കും പിതാക്കന്മാര്‍ക്കും നന്നായി അറിയാവുന്ന വി. ബൈബിളില്‍ യഹൂദ വംശത്തില്‍ പിറന്ന ലോകരക്ഷകനായ ക്രിസ്തു തന്റെ ശിഷ്യരോടു പറഞ്ഞത് നിങ്ങള്‍ ലോകമെമ്പാടും പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മറ്റുള്ളവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിന്‍ എന്നാണ്; ജ്ഞാനസ്‌നാനപ്പെടുത്തി കൂട്ടത്തില്‍ കൂട്ടുവിന്‍ എന്നല്ല. പഴയ നിയമത്തില്‍ നമ്മള്‍ വംശശുദ്ധി കാത്തുസൂക്ഷിക്കുന്നതിനു മുമ്പേ കുട്ടികള്‍ക്ക് മാമോദീസാ കൊടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് അധികാരവും അവകാശവുമുണ്ടെങ്കില്‍ സ്വന്തം സമുദായത്തെ സംരക്ഷിക്കുവാനുള്ള നമ്മുടെ അവകാശത്തേയും ഉത്തരവാദിത്വത്തെയും എന്തുകൊണ്ട് ഈ പിതാവ് അനുവദിക്കുന്നില്ല?
അങ്ങനെയിരിക്കെയാണ് പനങ്കുല ചെത്തുന്ന (പന ചെത്താന്‍ തുടങ്ങിയാല്‍പ്പിന്നെ അത് വളരില്ല; കത്തിയുടെ മൂര്‍ച്ചക്കൂടുതല്‍ കൊണ്ട് വേദനയറിയാതെ മുറിഞ്ഞുമുറിഞ്ഞു താഴെ വീണ് തീരും)മാതിരിയുള്ള ഇടയലേഖനം. കുലയ്ക്കിട്ട് കുത്തിയാല്‍ കുല വാടും എന്നറിയാവുന്ന ജനം ഒന്നടങ്കം ഒന്നുപോലും ഉള്‍ക്കൊള്ളാതെ ആ ഇടയലേഖനം അപ്പാടെ തിരസ്‌ക്കരിച്ചു. ഒരു പക്ഷേ ഏകദേശം 2000 വര്‍ഷത്തോളം പഴക്കമുള്ള കത്തോലിക്കാ സഭയിലെ ആദ്യത്തെ സംഭവമായിരിക്കും ഒരു ഇടയന്‍ ഇറക്കിയ ഇടയലേഖനം തന്റെ കുഞ്ഞാടുകള്‍ ഒന്നും ഉള്‍ക്കൊള്ളാതെ മുഴുവനും അതേപടി തിരസ്‌ക്കരിച്ചത്.
2008 ലെ ന്യൂജേഴ്‌സി ക്‌നാനായ കണ്‍വന്‍ഷനില്‍ ഈ പിതാവ് പറഞ്ഞു തള്ളുകയല്ല, കൊള്ളുകയാണ് വേണ്ടതെന്ന്. ജനസംഖ്യ ഏറ്റവും കുറവുള്ള ക്‌നാനായ സമുദായം തള്ളുകയല്ല, പ്രത്യുതാ കൊടുക്കുകയാണ് ചെയ്തത് എന്ന് ഈ പിതാവിന് മനസ്സിലാവുന്നില്ല. കാരണം അദ്ദേഹം ക്‌നാനായ സമുദായത്തിലെ പിതാവല്ല. ക്‌നാനായക്കാര്‍ സ്വന്തം പിതാക്കന്മാരെ മാത്രമേ അംഗീകരിക്കുകയുള്ളൂ. സഭാപിതാക്കന്മാരും വൈദീകരും ഇല്ലെങ്കിലും സമുദായ കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്ന് 2012ലെ ഫ്‌ളോറിഡ കണ്‍വന്‍ഷന്‍ തെളിയിച്ചു. ഗുരുവായൂര്‍ അമ്പലത്തിലെ ഉത്സവം നടത്തുന്നത് ഗുരുവായൂര്‍ കേശവനാണെന്നാണതിന്റെ ധാരണ. പിതാക്കന്മാരേയും വൈദീകരേയും നമ്മള്‍ ബഹുമാനിക്കുന്നു. ബഹുമാനിക്കണം. അതുകൊണ്ട് അവര്‍ പറയുന്നത് മുഴുവനും സത്യവും നീതിയുക്തവും ശരിയുമായിക്കൊള്ളണമെന്നില്ല. അവരും പറയുന്ന തെറ്റിനെ എതിര്‍ക്കുകയും ചെറുത്തുനില്‍ക്കുകയും വേണം.
എല്ലാ നിങ്ങളുടെ മക്കള്‍ക്കുവേണ്ടി എന്ന് പറഞ്ഞാണ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്, കൂടാതെ പറയുന്നതെല്ലാം ദൈവത്തിന്റെ പദ്ധതികള്‍. ഇങ്ങനെയെല്ലാം തെറ്റിദ്ധാരണകള്‍ ധാരാളം ബാക്കിനില്‍ക്കെയാണ് നോര്‍ത്തമേരിക്കയിലെ ക്‌നാനായക്കാരുടെ അമരക്കാരനും മൂത്തപുത്രനുമായ ബഹു. മുത്തോലത്തച്ചന്‍ ബൈബിളിലെ ധൂര്‍ത്തുപുത്രന്റെ മാതിരി കുടുംബം (സമുദായം) വിറ്റിട്ട് പോയേക്കാമെന്നു തോന്നിയത്. കര്‍ത്താവിനെ പോലും പ്രലോഭനങ്ങള്‍ കാട്ടി സാത്താന്‍ പ്രകോപിക്കുവാന്‍ ശ്രമിച്ചല്ലോ! സഹോദരങ്ങളാരും ഇത് അറിഞ്ഞില്ലെങ്കിലും പിതാവ് അറിഞ്ഞു. ഒരു പക്ഷേ മകന്‍ ഒന്നുപോയി അനുഭവിച്ചറിയട്ടെ എന്ന് ചിന്തിച്ചുകാണും.
മകന്‍ ആരാ മോന്‍. പോയില്ല. പഴമൊഴി പറയുംപോലെ ചിലതെല്ലാം ചെയ്യാന്‍ മനുഷ്യന് പറ്റില്ല. ആരാ ശരി... എന്താ ശരി എന്നറിയാന്‍ നോര്‍ത്തമേരിക്കയിലെ ക്‌നാനായ തലപ്പള്ളിയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലെ പാരീഷ് ഹാളില്‍ വന്ന് വിശദീകരണം തരാമെന്ന് പറഞ്ഞ് ജനങ്ങള്‍ കൂടിയിട്ട് അച്ചന്‍ വന്നില്ല. പിറ്റേദിവസം ഞായറാഴ്ച കുര്‍ബാനമദ്ധ്യേ ബഹു. വികാരി, സജിയച്ചന്‍ പറഞ്ഞു – മുത്തോലത്തച്ചന്‍ അടുത്ത ഞായറാഴ്ച ഇവിടെ വന്ന് ബലിയര്‍പ്പിച്ചശേഷം വീശദീകരണം തരുമെന്ന്. ആ അടുത്ത ഞായറാഴ്ച സജിയച്ചന്‍ അടുത്തതിന്റെ പിന്നത്തെ ഞായറാഴ്ച മുത്തോലച്ചന്‍ വന്ന് വിശദീകരണം തരുമെന്ന് പറഞ്ഞ് നാട്ടിലേക്ക് വണ്ടികയറി. വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ.
എന്താണ് വിശദീകരണം കിട്ടാത്തത് എന്ന് ജനങ്ങളില്‍ പലരും ശങ്കിക്കുന്നു. സേക്രട്ട് ഹാര്‍ട്ട് ഇടവകാംഗങ്ങള്‍ കുര്‍ബാനമദ്ധ്യേ അള്‍ത്താരയുടെ തിരശീല അടയ്ക്കാതെ വി. കുര്‍ബായ്ക്ക് മുമ്പ് കത്തിച്ച തിരികള്‍ അണയ്ക്കാതെ വൈദികര്‍ വിശുദ്ധവസ്ത്രം ഊരാതെ അതും പോലീസിനെക്കൊണ്ട് പള്ളിക്കകത്തു പൊതുയോഗം നിര്‍ത്തലാക്കി. പൊതുയോഗങ്ങള്‍ എപ്പോഴും പാരീഷ് ഹാളില്‍ അല്ലേ ഉത്തമം.
ഇവര്‍ പാപങ്ങള്‍ കെട്ടാനും അഴിക്കാനും വരമുള്ളവരായതിനാല്‍ ഞാന്‍ കെട്ടപ്പെട്ടവനാകുമോയെന്ന് ശങ്കയും ഈയുള്ളോന് ഇല്ലാതില്ല. ഒരു കാലത്ത് പണം കൊടുത്ത് കത്തോലിക്കാസഭയില്‍ അഴിക്കപ്പെട്ടിരുന്നു (ദണ്ഡവിമോചനം, ഗ്രിഗോറിയന്‍ കുര്‍ബാന വഴി). വിശുദ്ധ കുര്‍ബാനയ്ക്കിടയ്ക്കിടെയുള്ള നാല് പ്രസംഗങ്ങളിലും പ്രധാനം ദശാവതാരം - തെറ്റിപ്പോയി ദശാംശം - ആണ്. ദശാംശം ദശം പ്രാവശ്യം വേണം. നമുക്ക് നഷ്ടപ്പെടുമെന്ന തോന്നല്‍ ഇല്ലാതെ കൊടുക്കുവാനുള്ള ഉപാധികള്‍ എല്ലാം പറഞ്ഞുതരും.
ജോണ്‍ കരമ്യാലില്‍
No comments:
Post a Comment