Sunday, January 27, 2013

വൈദികനായാല്‍ മാത്രം പോര, നല്ല വൈദികനാവണം....


കത്തോലിക്കാസഭയോടും തന്റെ വൈദികാന്തസിനോടും ഒരു തരിയെങ്കിലും സ്നേഹമുള്ളവര്‍ അത്യാവശ്യം വായിക്കേണ്ട ഒരു ലേഖനം ഇന്നത്തെ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രസധീകരിച്ചിട്ടുണ്ട്.

Catholicism’s Curse” എന്ന പേരില്‍ Frank Bruni എഴുതിയ ലേഖനത്തില്‍ ഇങ്ങനെ കാണാം. “We Catholics were taught not only that we must have priests but that they must be the right kind of priests.

പ്രസ്തുത ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ ലേഖനത്തിന്റെ വെളിച്ചത്തില്‍ കോട്ടയം അതിരൂപതയിലെ വൈദികര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണ്ണത ഒന്ന് പരിശോധിക്കാം.

മുമ്പ് പലവട്ടം ഇവിടെ പറഞ്ഞിട്ടുള്ളതാണെങ്കിലും വീണ്ടും ആവര്ത്തിക്കട്ടെ – വൈദികരോട് ഏറ്റവും ഭയ, ഭക്തി, ബഹുമാനവും സ്നേഹവും ഉള്ള ജനതയാണ് ക്നാനായ കത്തോലിക്കര്‍. അവരോടു വേണ്ടത്ര നീതി തിരിച്ചു കാട്ടുന്നുണ്ടോ എന്ന് നമ്മുടെ വൈദികര്‍ ഒരു ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

സഭാമേലധികാരികളെ അനുസരിക്കുക എന്നത് പൗരോഹിത്യം സ്വീകരിക്കുമ്പോള്‍ എടുക്കുന്ന വൃതങ്ങളില്‍ ഒന്നാണ്. അത് പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ് എന്ന് വാദിക്കാം. സത്യമാണ്. ആ വൃതങ്ങളില്‍ ദാരിദ്ര്യവും ബ്രഹ്മചര്യവും പെടും എന്ന കാര്യം മറക്കേണ്ട. സ്വന്തം മനഃസാക്ഷി അനുവദിക്കാത്ത അവസ്ഥയില്‍ അനുസരണയുടെ വൃതത്തിനു എന്തുമാത്രം സാധുതയുണ്ട് എന്നും ചിന്തിക്കേണ്ടതാണ്.

പാറേമാക്കല്‍ ഗോവര്‍ണദോര്‍ എന്നറിയപ്പെടുന്ന തോമ്മാകത്തനാര്‍ അദ്ദേഹത്തിന്റെ കാലത്തെ മേലധികാരികളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടെഴുതിയ വാക്കുകള്‍ (വര്ത്തമാനപുസ്തകത്തില്‍ നിന്നെടുത്തത്) ക്നാനായ വിശേഷങ്ങളില്‍ ഈയിടെ പ്രസധീകരിച്ചിരുന്നു. അദ്ദേഹം അനുസരണക്കേട് കാണിച്ചു എന്ന് ഒരു കേരള സഭാചരിത്രകാരനും ചൂണ്ടിക്കാട്ടിയിട്ടില്ല. സമീപകാല ചരിത്രം പരിശോധിച്ചാല്‍, കൊച്ചി മെത്രാനായ തട്ടുങ്കല്‍ തിരുമേനിയുടെ ദത്തുപുത്രീ വിവാദം തിളച്ചുമറിഞ്ഞപ്പോള്‍ പ്രസ്തുത രൂപതയിലെ വൈദികര്‍ തങ്ങളുടെ മേലധികാരിക്കെതിരെ തെരുവിലിറങ്ങി. അപ്പോള്‍ എവിടെ പോയി അവരുടെ അനുസരണ എന്ന വൃതം?

നമ്മുടെ വൈദികര്‍ അനുസരണാവൃതത്തിന്റെ പേരു പറയുന്നത് പലപ്പോഴും സ്വന്തം സ്വാര്‍ത്ഥ അജണ്ട സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ അപകടത്തിലാകുമ്പോള്‍ ഇത്തരം വൃതങ്ങള്‍ അവര്‍ക്ക് പ്രശ്നമേയല്ല.

വെട്ടുവേലില്‍ അച്ചന്‍ മയാമിയില്‍ സേവനം ചെയ്തിരുന്ന കാലത്ത് അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്ന് മനസ്സിലാകാഞ്ഞിട്ടല്ല, പൂര്‍ണ്ണ നിശബ്ദത പാലിച്ചത്. വികാരി ജനറാളിന്റെ അനിഷ്ടത്തിന് പാത്രമായി, രാജ്യം വിടേണ്ടി വന്നപ്പോള്‍ മാത്രമാണ് അദ്ദേഹം വികാരപ്രകടനം നടത്തിയത്. ഇതേ പ്രകടനം ഹൂസ്റ്റണ്‍ വികാരിയില്‍ നിന്നും താമസിയാതെ പ്രതീക്ഷിക്കാം. അതിന്റെ പിന്നാലെ, ന്യൂയോര്‍ക്കില്‍ നിന്നും വിമത ശബ്ദം ഉയരാന്‍ സാധ്യതയുണ്ട്.

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിക്കുന്നത്‌ കണ്ട് ദുഖിക്കാന്‍ നമ്മുടെ വൈദികരെ കിട്ടുകയില്ല.

കോട്ടയം അതിരൂപതയിലെ വൈദികരെല്ലാം തന്നെ ചിക്കാഗോ വിജിയുടെ പ്രവര്‍ത്തനശൈലിയോട് യോജിപ്പില്ലാത്തവരാണ് എന്നത് പരസ്യമായ രഹസ്യമാണ്. വികാരി ജനറാളിനെതിരെ ശബ്ദമുയര്ത്തിയാല്‍ അത് പിതാവിനെതിരെ ഉയര്‍ത്തപ്പെടുന്ന ശബ്ദമാകുമോ എന്ന ഭയമാണ് ഇവരെ വിമര്‍ശനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

കോട്ടയം അതിരൂപതയിലെ പല സീനിയര്‍ വൈദികരും കെസിസിഎന്‍എ  തുടങ്ങി വച്ചിരിക്കുന്ന നിയമനടപടിയില്‍ സന്തോഷവാന്മാരാണെന്നു കേള്‍ക്കുന്നു. കാരണം, അവരുടെ അഭിപ്രായത്തില്‍, അങ്ങിനെ എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍, ഇന്നത്തെ നേതൃത്വം ക്നാനായ സമുദായത്തെ കോട്ടയം വികാരിയാത്ത് സ്ഥാപനത്തിന് തൊട്ടുമുമ്പത്തെ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കും എന്ന് അവര്‍ കരുതുന്നു.

എന്നിട്ടും അവര്‍ ശബ്ദം ഉയര്‍ത്താന്‍ തയ്യാറല്ല!

മനഃസാക്ഷിയെ മറികടന്നുള്ള അനുസരണ ക്രിസ്തു സ്വീകരിക്കുമോ എന്ന് ഒരോ വൈദികനും ആലോചിക്കേണ്ടിയിരിക്കുന്നു.

ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ശൈലി സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വളരെ പ്രയാസമാണ്.

No comments:

Post a Comment