Friday, January 25, 2013

ഫോര്‍മ്യുലകള്‍ - ജോണ്‍ കരമ്യാലില്‍


എല്ലാത്തരത്തിലും നിലവില്‍ ഉള്ളതും എന്നും നിലനില്‍ക്കുന്നതും യുക്തിക്കനുസൃതവുമായ വസ്തുതകള്‍ കണ്ടുപിടിച്ച് ഏറ്റവും ലളിതമാക്കുന്നതാണ് ഫോര്‍മ്യുല (സൂത്രസംജ്ഞ). ഫോര്‍മ്യുലയുടെ സ്‌പെല്ലിംഗ് Four  അല്ലെന്ന് വ്യക്തവും സരസവുമായ രീതിയില്‍ ഞാന്‍ പല ക്ലാസുകളിലും പഠിപ്പിച്ചിട്ടുണ്ട്.

ക്‌നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ പുറംജാതിക്കാര്‍ തന്നെ. അവര്‍ മോശക്കാര്‍, താഴ്ന്ന ജാതിക്കാര്‍, ഗുണവും മണവും ഇല്ലാത്തവര്‍ എന്നര്‍ത്ഥമില്ല, അവര്‍ നല്ലവര്‍ തന്നെ. നോര്‍ത്തമേരിക്കയില്‍ ക്‌നാനായ കത്തോലിക്കര്‍ക്ക് കിട്ടിയ പുറംജാതിക്കാരനായ ബഹു. അങ്ങാടിയത്തു പിതാവ് സ്വന്തം ജാതിയിലെ ആള്‍ക്കാരെ 'റോം, പരിശുദ്ധ സിംഹാസനം, പൗരസ്ത്യ തിരുസംഘം' എന്ന പദങ്ങള്‍ ഉപയോഗിച്ച് 100% വംശശുദ്ധി കാത്തുസൂക്ഷിക്കുന്ന ക്‌നാനായ സമുദായത്തില്‍ തിരുകികയറ്റി അതിന്റെ പവിത്രതയും അഖണ്ഡതയും സമാധാനവും വളര്‍ച്ചയും നശിപ്പിക്കുവാന്‍ മന:പൂര്‍വ്വം ശ്രമിക്കുകയല്ലേയെന്ന് ഈയുള്ളവന്‍ ശങ്കിക്കുന്നു. അതിനെ അനുകൂലിക്കുന്ന നമ്മുടെ വൈദീകരുടെ വംശവിശ്വാസശുദ്ധി പരീക്ഷിക്കപ്പെടേണ്ടതാണ്. നമുക്ക് സേവനം ചെയ്യാന്‍ വന്നവര്‍ നമ്മളെ സേവകരാക്കുന്നു; പലരും സുഖിക്കാതെയാണ് സുഖിപ്പിക്കുന്നതെന്നോര്‍ക്കണം. ഈ ജനത്തിനും സമുദായത്തിനും കോട്ടം വരാതെ ഉന്നമനത്തിനും അഭിവൃദ്ധിക്കും ശ്രമിക്കുന്നവരാകണം നമ്മുടെ വൈദീകരും മെത്രാനുമൊക്കെ. നെല്ലിന്റെ കൂടെയുള്ള കള അരിഞ്ഞുകളഞ്ഞാല്‍ അത് വീണ്ടും തളിര്‍ക്കും; അതു പിഴുതുതന്നെ കളയണം.

വൈദീകര്‍ ശപിക്കുമെന്ന മിഥ്യാധാരണ സാധാരണക്കാരില്‍ ഉണ്ട്. ശപിക്കുകയല്ല; ക്ഷമിക്കുകയും അനുഗ്രഹിക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. പല വൈദീക/മേലധ്യക്ഷന്‍മാരേക്കാളും കൂടിയ വിദ്യാഭ്യാസ യോഗ്യതയും ചിന്താശക്തിയുമുള്ള ധാരാളം അത്മായരുണ്ട്. യുക്തിക്കു നിരക്കാത്തത് അവര്‍ സ്വീകരിക്കുകയില്ല.

2013 ജനുവരി 3ന് ഇറക്കിയ 'ക്‌നാനായ മീഡിയ'യില്‍ ശ്രീ ബിജോ കാരയ്ക്കാട്ട്, ബഹു. മുത്തോലത്തച്ചനുമായി നടത്തിയ കൂടിക്കാഴ്ച വിവരിക്കുന്ന ഫോര്‍മ്യുല എന്നു പറഞ്ഞ് തെറ്റായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ബഹു. മൂലക്കാട്ട്-അങ്ങാടിയത്ത്-മുത്തോല ത്രിമൂര്‍ത്തീ സംയോഗം. (സാക്ഷാല്‍ ത്രിമൂര്‍ത്തികളില്‍ ഒന്നിനേ സംഹാരധര്‍മ്മമുള്ളൂ). മൂലക്കാട്ട് പിതാവ് പറയുന്നു, മാറിക്കെട്ടിയവന്‍ തെക്കുംഭാഗം പള്ളിയിലും ഭാര്യയും മക്കളും വടക്കുംഭാഗം പള്ളിയിലും അംഗങ്ങള്‍. അങ്ങാടിയത്തു പിതാവു പറയുന്നു, മാറിക്കെട്ടിയവന്റെ കൂടെയുള്ളവരെല്ലാവരും തെക്കുംഭാഗം പള്ളിയിലെ അംഗങ്ങളാണെന്നും, വംശീയ വിവാഹനിഷ്ഠ ഒരു പ്രശ്‌നമേയല്ലെന്നും. ഇതൊന്നുമല്ലാതെ മുത്തോലത്തച്ചന്‍ പേജ് 12-ല്‍ പറയുന്നു, മാറിക്കെട്ടിയവന്‍ മരിക്കുന്നതുവരെ അവനും കൂട്ടരും ക്‌നാനായ പള്ളി അംഗങ്ങള്‍, അതായത് അവന്‍ മരിച്ചുകഴിഞ്ഞാല്‍ ശവമടക്കിനുമുമ്പേതന്നെ അവന്റെ ഭാര്യയേയും കുട്ടികളേയും ക്‌നാനായ പള്ളിയില്‍നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കുമെന്നര്‍ത്ഥം. ഈ ത്രിമൂര്‍ത്തികളുടെ വിശദീകരണം വിചിത്രം തന്നെ. ചുരുക്കത്തില്‍, മാലിന്യം കലര്‍ത്തി സമുദായത്തെ നശിപ്പിക്കുവാന്‍ ഈ ത്രിമൂര്‍ത്തികളുടെ മത്സരതാണ്ഡവ നൈപുണ്യമാണ് പ്രകടമാകുന്നത്. കുടിക്കുന്ന വെള്ളം അഴുക്കാക്കരുതെന്നൊരു പ്രമാണമുണ്ട്. സത്യം മറച്ചുവച്ച് അഭിമാനം രക്ഷിക്കാന്‍ പറ്റില്ല.

ഇനി ഏതെങ്കിലും കാരണവശാല്‍ മാറിക്കെട്ടിയവനും ഭാര്യയും ഒരേ സമയത്തോ, അല്ലെങ്കില്‍ വളരെ അല്പസമയവ്യത്യാസത്തില്‍ ഭാര്യ ഭര്‍ത്താവിനു ശേഷം മരിച്ചാല്‍ അവരുടെ കുട്ടികള്‍ എന്തു ചെയ്യും? പകുതി കുട്ടികളും ബന്ധുക്കളും തെക്കുംഭാഗ പള്ളിയിലും മറ്റെ പകുതി വടക്കുംഭാഗ പള്ളിയിലും ശവസംസ്‌കാരം നടത്തുമോ?

നമ്മുടെ കാര്യങ്ങള്‍ നോക്കുന്ന അങ്ങാടിയത്തു പിതാവ്, കൃത്യവും വസ്തുനിഷ്ടവുമായ രീതിയില്‍ റോമിനെ നമ്മുടെ ആവശ്യങ്ങള്‍ അറിയിച്ചാല്‍ പഴയനിയമകാലം മുതല്‍ നിലവിലുള്ള നമ്മുടെ ക്‌നാനായ സംവിധാനം റോം തീര്‍ച്ചയായും അംഗീകരിച്ചുതരും. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഈ വൈദീകവൃന്ദവും അങ്ങാടിയത്തു പിതാവും റോമും എല്ലാം; അല്ലാതെ ളോഹയിട്ടാല്‍ പിന്നെ ലോകത്തിലെ സകല കാര്യങ്ങളും നിയമങ്ങളും അവര്‍ക്കറിയാമെന്നും അവര്‍ പറയുന്നതുപോലെയാണെന്നും നമ്മള്‍ തെറ്റിദ്ധരിപ്പിക്കപ്പെടരുത്. നമ്മളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുവാന്‍ ഇവര്‍ക്കാവുന്നില്ലെങ്കില്‍ ഇവരെ നമുക്കെന്തിന്?

ജോണ്‍ കരമ്യാലില്‍

No comments:

Post a Comment