എന്റെ ഗ്രാമം....!! ഇടുക്കി ജില്ലയിലെ മരിയപുരം എന്ന ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്.. മലനിരകളും, താഴ്വാരങ്ങളും, കൈതോടുകളും കൊണ്ട് സമ്പന്നമാണ് എന്റെ ഗ്രാമം.... റബ്ബറും, കാപ്പിയും, എലവും, കൊക്കോയും, ഇഞ്ചിയും, കുരുമുളകും, ഒക്കെയാണ് പ്രധാന കൃഷികള്‍...... ബഹുഭൂരിപക്ഷം ആളുകളുടെ ഉപജീവനമാര്‍ഗ്ഗം കൃഷിയാണ്. റോഡുകള്‍ എപ്പോളും വികസനം കാത്തുകിടക്കുന്നു.. വീടിന്റെ മുകളിലുള്ള റോഡില്‍ എത്താന്‍ വലിയ ഒരു കുന്നു കയറണം, കുന്നില്‍ മുകളിലുള്ള നാട്ടുമാവിന്‍ ചുവട്ടിലാണ് ഞങ്ങളുടെ ബാല്യകാലം അധികവും ചിലവഴിച്ചിരുന്നത്!! ആ മാമ്പഴക്കാലം ഇന്നും ഓര്‍മകളില്‍ കൊതിപ്പിക്കുന്ന മണവുമായി ഇടയ്ക്കെന്നെ തേടി എത്താറുണ്ട്. കുന്നിനെതിര്‍ വശത്തുള്ള പാലമരത്തില്‍ ഒരു വടയക്ഷി താമസിചിരുന്നത്രേ!! സന്ധ്യ കഴിഞ്ഞു അത് വഴി പോകാന്‍ കുട്ടികള്‍ മടി കാണിച്ചിരുന്നു.. സ്കൂള്‍ വിട്ടു വരുന്ന വഴി ജാതിക്കതോട്ടവും, പേരക്ക മരച്ചുവടും സന്ദര്‍ശിക്കാന്‍ ഒരു മത്സരം തന്നെ ആയിരുന്നു.. മഴക്കാലം വന്നാല്‍ പിന്നെ നല്ല രസമാണ്.. വീടിനു ചുറ്റും ഉറവ കെട്ടുന്നതും, ചെളി വാരി വച്ച് തടം തീര്‍ത്ത് വെള്ളകെട്ടുണ്ടാക്കുന്നതും എന്ത് രസമാണ്..!!
സ്കൂളിലേക്കുള്ള യാത്ര വീണ്ടും രസമുള്ളതാണ്.. ആദ്യം കാത്തുനിന്നവര്‍ പോയി എന്നറിയാന്‍ കമ്മുണിസ്റ്റ് പച്ച അടയാളമായി ഇടും, പിന്നെ വരുന്നവര്‍ ചിലപ്പോള്‍ അത് എടുത്തു കളയും, അങ്ങനെ അവസാനം വരുന്നവര്‍ കൂട്ടുകാര്‍ക്ക് വേണ്ടി വെറുതേ കാത്തു നിന്ന് സമയം വൈകി സ്കൂളില് എത്തുമ്പോള്‍ ലില്ലികുട്ടി ടീച്ചറുടെ ശകാരം ഉറപ്പ്!! പള്ളിവക സ്കൂളില്‍ ആണ് അന്ന് എല്ലാവരുടെയും വിദ്യാഭ്യാസം.. ഇടുക്കി ഡാമിനടുത്ത് തന്നെ (ഒരു 5-8 കിലോമീറ്റര്‍) ആണ് ഞങ്ങളുടെ വീട്.. നയനമനോഹരി ആയ ഇടുക്കി ആര്‍ച് ഡാം ബ്രിട്ടീഷ്‌കാര്‍ പണി കഴിപ്പിച്ചതാണ്.. പാല്കുളംമേട്, മുനിയറ എന്ന ചില അയല്‍ഗ്രാമങ്ങള്‍ കാഴചയില്‍ അതിസുന്ദരി തന്നെ..! വലിയ കുന്നുകള്‍ അവ നിറയെ വന്‍മരങ്ങളും കാട്ടുചെടികളും തഴച്ചു വളരുന്നു.. പണ്ട് ആനയും, പുലിയും ഒക്കെ സ്ഥിരമായി ഇറങ്ങി ജനജീവിതം തടസപെടുത്തിയിരുന്നു (എന്റെ അപ്പച്ചനും, അമ്മയും ഒക്കെ പറഞ്ഞുള്ള കഥകള്‍ ആണ്) വനമധ്യത്തില്‍ ചിലപ്പോള്‍ ഏറുമാടങ്ങള്‍ കാണാന്‍ കഴിയും..
പിന്നെ കൈത്തോടുകളില്‍ കുളിക്കാനും .കളിയോടങ്ങള്‍ ഇറക്കാനും ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ എന്നും മത്സരിച്ചിരുന്നു.. ആദ്യം വന്നു ഒരു തോര്‍ത്തോ, കുളിച്ചിട്ടു ഇടാനുള്ള ഉടുപ്പോ കൊണ്ട് അലക്കുകല്ല് റിസേര്‍വ് ചെയ്തു വയ്ക്കും നമ്മള്‍ നമ്മുടെ സൌകര്യത്തിനു അലക്കു കഴിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് ചാന്‍സു കിട്ടും.. ഇടക്ക് നല്ല കൈയുക്കുള്ളവര്‍ തോട്ടിലെ മണല്‍ വാരി ഏറിയും, വേണമെങ്കില്‍ തുണി നനക്കുകയും ചെയ്യും.. അപ്പോള്‍ എതിര്‍ ഭാഗം കീഴടങ്ങും..!! ഒരു ജില്ലാ ആശുപത്രിയുണ്ട് അത് ഞങ്ങളുടെ സ്കൂളിനടുത്താണ്, പിന്നെ ഒരു പോസ്റ്റ് ഓഫീസും, അവിടുത്തെ പോസ്റ്റ്‌മാസ്റ്റര്‍ എന്റെ കൂടുകാരിയുടെ അച്ഛന്‍ ആയിരുന്നു.. നല്ല മനുഷ്യന്‍ .പോസ്റ്റ്‌മാന്‍ രാജുചേട്ടനും ഞങ്ങള്‍ക്ക് അന്യനല്ലായിരുന്നു.. മലയും കുന്നും നടന്നു കയറി അന്നൊക്കെ ഓരോ കത്തുംകൊണ്ട് വരുമ്പോള്‍ എന്ത് സന്തോഷമായിരുന്നു... ചേച്ചിയുടെ കഥയും നിറഞ്ഞ വടിവൊത്ത അക്ഷരത്തിലുള്ള കത്തുകളും, അമ്മ വീട്ടില്‍ നിന്ന് അമ്മാവന്‍മാര്‍ അയക്കുന്ന കത്തുകളും, ഒക്കെ സന്തോഷത്തോടെ പൊട്ടിച്ചു എല്ലാവരെയും വായിച്ചു കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം!! അത് എന്ന് നമുക്ക് എന്നേക്കുമായി അന്യം നിന്ന് പോയില്ലേ? ജീപ്പുകളും, ഓട്ടോകളും ഒക്കെ transportation നിര്‍വഹിക്കുമ്പോളും, ഒരു ബസ് സര്‍വീസിന്റെ അഭാവം അവിടെ നന്നായി പ്രതിഫലിക്കുന്നുണ്ട് ..
എന്റെ ഗ്രാമത്തിന്റെ വിശുദ്ധിക്ക് അന്നും ഇന്നും ഒരു പോറല്‍ പോലും ഏറ്റിട്ടില്ല എന്ന് ഉറക്കെ പറയാന്‍ കൊതിയുണ്ടെങ്കിലും ഈ അടുത്ത കാലത്തുണ്ടായ കരിങ്കല്‍ ക്വാറികള്‍ അതിനു സമ്മതിക്കുന്നില്ല.. പാറമട നടത്തുന്ന മാഫിയകളെ തടുക്കാന്‍തക്ക ശക്തിയുള്ള ആരും ഇല്ലാത്തതുകൊണ്ട് ഇന്നും ടിപ്പര്‍ ഓടി ഓടി ആ റോഡുകള്‍ പൊടിപടലത്താല്‍ മലീമസമായിരിക്കുന്നു. റോഡ്‌വക്കില്‍ താമസിക്കുന്നവര്‍ പൊടി ശ്വസിച്ചു വലയുന്നു.. രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാന്‍ വരുന്നതല്ലാതെ പിന്നെ ആ വഴി വരാറില്ലല്ലോ..!! അതുകൊണ്ട് അവര്‍ക്ക് കുഴപ്പമില്ല..
പക്ഷെ എന്നെങ്കിലും ഈ വഴികള്‍ക്ക് ഒരു രാമസ്പര്‍ശം ലഭിക്കും എന്ന പ്രതീക്ഷ എനിക്കുണ്ട്... ഇനിയും പറയാനേറെ.. പിന്നൊരിക്കലാവട്ടെ !!
സിന്ധു
No comments:
Post a Comment