വൈദീകശാപം എന്നുള്ള ശാപത്തിന്റെ വേദപുസ്തക പശ്ചാത്തലം കഴിഞ്ഞ ലേഖനത്തില്‍ വിശദീകരിച്ചിരുന്നല്ലോ. എന്നാല്‍ വൈദീകശാപവും, ദൈവകോപവും തമ്മില്‍ തെറ്റിധരിച്ചു എഴുതിയ പരാമര്‍ശങ്ങള്‍ കണ്ടപ്പോള്‍ തൊമ്മനു അത്ഭുതമാണു തോന്നിയത്. പ്രത്യേകിച്ചും മോശക്കും, അഹറോനും എതിരായി സ്വരമുയര്‍ത്തിയവരെ ദൈവം ഭൂമി പിളര്‍ന്ന് വിഴുങ്ങിക്കളഞ്ഞതുപോലെ, വൈദീകരെപ്പോലെ അഭിഷേകം ചെയ്യപ്പെട്ടവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട് എന്നെഴുതിയത് കണ്ടപ്പോള്‍.
വേദപുസ്തകത്തില്‍, ന്യായാധിപനായിരുന്ന സാംസണെക്കുറിച്ചു പറയുന്നു. സാംസണെ ദൈവം ആത്മാവിനാല്‍ നിറച്ച് ഫിലിസ്ത്യര്‍ക്കെതിരെ ശക്തമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ദെലേലയോടു തന്റെ ശക്തിയുടെ രഹസ്യം പറഞ്ഞുകൊടുക്കുകയും, അവന്‍ ഉറങ്ങിക്കിടന്നപ്പോള്‍ ദെലേല അവന്റെ മുടി മുറിക്കുകയും ചെയ്തു. ഫിലിസ്ത്യര്‍ അവനെ പിടിക്കുവാന്‍ വന്നപ്പൊള്‍ അവന്‍ എപ്പോഴും ചെയ്യാറുള്ളതുപോലെ ചാടി എഴുന്നേറ്റ് അവരെ നേരിടാനൊരുങ്ങി എന്നും വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ന്യായാധിപന്‍മാരുടെ പുസ്തകം പതിനാറാം അദ്ധ്യായം ഇരുപതാം വാക്യം പറയുന്നു, ദൈവം തന്നെ വിട്ടുപോയത് അവന്‍ അറിഞ്ഞില്ല എന്ന്.
ഈ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമായി എഴുതുവാന്‍ തൊമ്മന്‍ ആഗ്രഹിക്കുകയാണ്.
ദൈവവിളി ലഭിച്ചവരാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും. ഈ വിളി പല രീതിയിലാണ് സമൂഹത്തിലുള്ളത്. ക്രിസ്തീയ മാതാപിതാക്കള്‍ക്കു ജനിച്ചതു കൊണ്ടുമാത്രം ആരും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുകയില്ലല്ലോ. അതുപോലെ എല്ലാവരേയും വിളിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കവുമാണ്.
പഴയനിയമകാലത്ത് അഹറോന്റെ കുടുംബത്തിനും, ലേവ്യ ഗോത്രത്തിനും ദൈവം അവകാശമായി കൊടുത്തതാണ് പുരോഹിതദൗത്യം. കാലാകാലങ്ങളില്‍ ഓരോരുത്തരുടെ പ്രവര്‍ത്തിക്കു തക്കവണ്ണം ദൈവം ആ പുരോഹിതരെ നിലനിര്‍ത്തുകയോ, മാറ്റുകയോ, ചിലപ്പോഴെങ്കിലും കുടുംബത്തോടെ മരണത്തിനു വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് സാമുവേലിന്റെ ഒന്നാം പുസ്തകത്തില്‍ ഒന്നാം അദ്ധ്യായം മുതല്‍ കാണുന്ന പുരോഹിതനായ ഏലിയുടേയും മക്കളുടേയും ചരിത്രം.
ദൈവവിളിയും, അതിനു നമ്മെ ശക്തരാക്കുന്ന അഭിഷേകവും മനുഷ്യമക്കള്‍ക്കു ദൈവം ദാനമായി നല്‍കിയതാണെങ്കിലും, അതിന്റെ വില വളരെ വലുതാണ്. ഈ വിളിക്കും, അഭിഷേകത്തിനും ഒരു ലക്ഷ്യമുണ്ട്, പദ്ധതിയുണ്ട്. അതില്‍നിന്നും വ്യതിചലിച്ചാല്‍ അഭിഷേകത്തിലുടെ ലഭിക്കുന്ന പരിശുദ്ധാത്മാവിനെ നമുക്കു നഷ്ടമാകും. അങ്ങനെ പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തിയവന്‍ അഭിഷേകം ചെയ്യപ്പെട്ടവനാണെന്നു പറയുന്നത്, ഉണ്ടയില്ലാത്ത തോക്കുമായി യുദ്ധമുഖത്തു നില്‍ക്കുന്ന പട്ടാളക്കാരനെപ്പോലെയാണ്.
![]() |
സാംസണ്‍ ദെലേലയ്ക്കൊപ്പം |
സാമുവേല്‍ പ്രവാചകനാല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ് സാവൂള്‍ രാജാവ്. എന്നാല്‍ ദൈവത്തിന്റെ ആജ്ഞ തിരസ്‌കരിച്ച സാവൂള്‍ രാജാവിനു സംഭവിച്ചതെന്താണ്. ഒന്ന് സാമുവേല്‍ പതിനാറാം അദ്ധ്യായം ഒന്നാം വാചകത്തില്‍ പറയുന്നു, സാവൂളിനെ ദൈവം തിരസ്‌കരിക്കുകയും, മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ സാമുവേലിനെ അയക്കുകയും ചെയ്യുന്നു. മാത്രവുമല്ല, അതേ അദ്ധ്യായം പതിനാലാം വാചകത്തില്‍ പറയുന്നു, കര്‍ത്താവിന്റെ ആത്മാവ് അവനെ വിട്ടുപോവുകയും, പകരം ഒരു ദുരാത്മാവ് അവനെ ബാധിക്കുകയും ചെയ്തു.
ദൈവം തീരുമാനിക്കുന്നവര്‍ക്ക് അവന്‍ തന്റെ ആത്മാവിനാല്‍ അഭിഷേകം നല്‍കും. അഭിഷേകം ചെയ്യപ്പെടുമ്പോള്‍ അതു മറ്റുള്ളവര്‍ അറിയുകയും ചെയ്യും. എന്നാല്‍ അഭിഷിക്തനില്‍ നിന്നും പരിശുദ്ധാത്മാവു വിട്ടുപോകുമ്പോള്‍ അവന്‍ പോലുമതറിയുന്നില്ല എന്നു മനസ്‌സിലാക്കുക. പൗലോസ് സ്ലീഹാ കൊറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനത്തില്‍ ഒമ്പതാം അദ്ധ്യായം ഇരുപത്തേഴാം വചനം എല്ലാ അഭിഷിക്തരും ഓര്‍ക്കുന്നതു നല്ലതാണ്. മറ്റുള്ളവരോടു വചനം പ്രഘോഷിക്കുന്ന താന്‍ തിരസ്‌കരിക്കപ്പെടാതിരിക്കാന്‍ വേണ്ടി തന്റെ ശരീരത്തെ ദണഡിപ്പിച്ച് അടിമയാക്കി നിറുത്തുകയാണെന്നാണ് പൗലോസ് സ്ലീഹാ പറയുന്നത്. ഇതായിരിക്കട്ടെ ഓരോ അഭിഷിക്തന്റെയും മാര്‍ഗ്ഗദര്‍ശനം. അതു പുരോഹിതനായ അഭിഷിക്തനായാലും കൊള്ളാം, അല്‍മായനായ അഭിഷിക്തനായാലും കൊള്ളാം.
ഓരോ അഭിഷിക്തനും തനിക്കുകിട്ടിയ വിളിക്കനുസരിച്ച് ദൈവത്തിനും, മനുഷ്യര്‍ക്കും മുമ്പാകെ ജീവിക്കുക. അഭിഷിക്തരായിട്ടുള്ളവര്‍ ഞങ്ങള്‍ അഭിഷിക്തരാണെന്നു മറ്റുള്ളവരെ പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യമില്ല. ദൈവം അവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് അതു വെളിപ്പെടുത്തിക്കൊള്ളും. ഞെരിഞ്ഞിലില്‍ നിന്നും അത്തിപ്പഴം ഉണ്ടാവുകയില്ലല്ലോ.
തൊമ്മന്‍
(തുടരും)
ഈ പരമ്പരയിലെ മുന്‍ ലേഖനം:

No comments:
Post a Comment