കത്തോലിക്കാ സഭയുടെ മുഖ പത്രം എന്നു പറയാവുന്ന എറണാകുളത്തുനിന്നും പുറത്തിറങ്ങുന്ന സത്യദീപം ആഴ്ച്ചപതിപ്പ് 2013 ജനുവരി 2ലെ ലക്കത്തില്‍, രണ്ടുമാസം മുന്‍പ് വിരമിച്ച ബിഷപ്പ് തോമസ് ചക്യത്ത് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണ്ണ ജൂബിലി; ആത്മ വിമര്‍ശനത്തിന്റെ നാളുകള്‍ എന്നാണ് പ്രസ്തുത ലേഖനത്തിന്റെ ഹെഡ്ഡിംഗ്. അതില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നയരേഖകള്‍ പലതും മറ്റ് രാജ്യങ്ങളിലെ സഭകള്‍ നടപ്പിലാക്കിയപ്പോള്‍ കേരള സഭ കാര്യമായി നടപ്പിലാക്കുവാന്‍ ശ്രമിച്ചില്ല എന്ന വിമര്‍ശനം പല തവണയായി അദ്ദേഹം നടത്തുന്നുണ്ട്. അധികാരത്തിലിരുന്നപ്പോള്‍ ഒന്നും ചെയ്യാതിരുന്നിട്ട് വിരമിച്ചു കഴിയുമ്പോള്‍ ബോധം തെളിയുന്ന ചില രാഷ്ട്രീയക്കാരെപോലെ അദ്ദേഹം ചാട്ടയുമായി ഇറങ്ങിയിരിക്കുകയാണ്. ആര്‍ക്കും ഗുണകരമല്ലാത്ത ഇത്തരം വിമര്‍ശനങ്ങള്‍ ഇനി ഒരു മെത്രാന്മാനില്‍ നിന്നും ഉണ്ടാകാതിരിക്കുവാന്‍ ഒരു കത്തെഴുതി സത്യദീപത്തിനയച്ചിരുന്നു. അത് ഇതുവരെ വെളിച്ചം കണ്ടില്ല.
മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് ദൈവത്തിന്റെ മഹത്വമേറിയ മഹാ മൗനത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായിട്ടാണ് ദൈവം ഔദ്യോഗീകമായി വിരമിക്കല്‍ എന്ന പദ്ധതി എല്ലാവര്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. അതിനു പകരം ആയകാലത്ത് അവസരങ്ങള്‍ നഷ്ട്ടപ്പെടുത്തിയതിനു ശേഷം സ്വന്തം മഹത്വം വീണ്ടെടുക്കുന്നതിനുവേണ്ടി വിരമിച്ച മെത്രാന്മാര്‍ നടത്തുന്ന ഞാണിന്മേല്‍ കളി അവസാനിപ്പിക്കുകതന്നെ വേണം. ഇനി വിരമിക്കാനിരിക്കുന്ന എല്ലാ പിതാക്കന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം ഈ കത്ത് സമര്‍പ്പിക്കുന്നു. കത്ത് ചുവടെ ചേര്‍ക്കുന്നു
എഡിറ്റര്‍ സത്യദീപം
2013 ജനുവരി 2ലെ സത്യദീപത്തില്‍ ബിഷപ്പ് തോമസ് ചക്യത്ത് പിതാവിന്റെ ആത്മനൊമ്പരങ്ങള്‍ അടങ്ങിയ ലേഖനം അവസരോചിതവും സഭയെ സ്‌നേഹിക്കുന്ന പലര്‍ക്കും പ്രചോദനം നല്കുന്നതുമാണ്. എന്നാലും പ്രസ്തുതലേഖനം വായിച്ചുതീരുമ്പോള്‍ ചില സംശയങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. കേരള സഭയുടെ നവീകരണത്തിന് സഹായകരമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഇതുപോലുള്ള ചിന്തകള്‍ അവതരിപ്പിക്കാന്‍ വന്ദ്യപിതാവിന് വിരമിക്കല്‍ വരെ കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സഭയെ സ്‌നേഹിക്കുന്നവര്‍ക്ക് മനസിലാവാത്ത കാര്യമാണ്. മെത്രാന്‍ സിനഡില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നു എന്നും സഹപ്രവര്‍ത്തകരൊന്നും അതിനു ചെവികൊടുത്തിരുന്നില്ല എന്നും വായനക്കാര്‍ മനസിലാക്കണമോ?
ലേഖനത്തില്‍ പിതാവു പാശ്ചാത്യ സഭയെക്കുറിച്ചു പരാമര്‍ശിച്ചപ്പോള്‍, കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും വ്യവസായിക സംസ്‌ക്കാരത്തിലേക്കുള്ള അതിവേഗമാറ്റം ഉണര്‍ത്തിയ പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും ഭാവനാ പൂര്‍വ്വവും ക്രിയാത്മകവുമായി പ്രതികരിക്കാന്‍ ആ സമൂഹങ്ങള്‍ക്കു കഴിയാതെ പോയി എന്ന് പറയുന്നുണ്ട്. കേരളത്തിലെ സുറിയാനി കത്തോലിക്കാ നേതൃത്വത്തിനും ഇതുതന്നെയല്ലെ സംഭവിച്ചത്! നേഴ്‌സിംഗ് മേഖലയിലേയ്ക്കും മറ്റുംകടന്നുചെന്ന് പണം വാരികൊണ്ടുവന്ന സ്ത്രീകളുടെ പണം കൊണ്ട് വലിയപള്ളിയും പള്ളിമുറിയും പണിയുകയും പറമ്പു മുഴുവന്‍ സിമെന്റ് കട്ട നെരത്തുകയും ചെയ്തതല്ലാതെ ആത്മനിറവിനാവശ്യമായ ഗുണപരമായ എന്തു സൗകര്യമാണുണ്ടാക്കികൊടുത്തത്? സമൂഹത്തില്‍ വന്ന മാറ്റങ്ങളോടു വേഗത്തിലും ക്രിയാത്മകവുമായി പ്രതികരിച്ച ഏകകാര്യം അവരുടെ വിവാഹമോചനം എളുപ്പമാക്കി തീര്‍ക്കാവുന്നവിധം പലസങ്കീര്‍ണ്ണതകളും ഉദാരമാക്കി എന്നത് മാത്രമാണ്.
സീറോമലബാര്‍ സഭയുടെ ആരാധനാക്രമനവീകരണത്തിനു പുരോഗതി ഉണ്ടാകാത്തതിലും ചക്യത്ത് പിതാവ് അസ്വസ്തനാകുന്നുണ്ട്; ഇതിന് ആരാണ് തടസ്സം നിന്നത്? വിശ്വാസികളാരും അതിനെതിരു നില്ക്കുന്നില്ല. കുറെനാള്‍ മുന്‍പ് സീറോമലബാര്‍ കുര്‍ബാനക്ക് എല്ലാ രൂപതകളിലും ഏകീകരണം ഉണ്ടാക്കുന്നതിനായി ചില മാറ്റങ്ങള്‍ വരുത്തുകയും ഒരു ദുക്‌റാനാ തിരുനാളില്‍ തീരുമാനം നടപ്പിലാക്കണമെന്ന് നിശ്ചയിച്ചു പിരിഞ്ഞ കൗണ്‍സില്‍ പിതാക്കന്മാര്‍ തന്നെ അത് അട്ടിമറിച്ചത് ദൈവജനം മറന്നിട്ടില്ല.
അഭിവന്ദ്യ ചക്യത്ത് പിതാവ് തന്റെ വേദനകള്‍ തുറന്നു പറഞ്ഞതുവഴി സ്വതന്ത്രനായി എന്നതുനേരാണ് എന്നാലും പ്രശ്‌നം അതുപടിതന്നെ നിലനില്ക്കുന്നു. വിരമിച്ച അദ്ദേഹത്തിന് ഇനി എന്തും തുറന്നുപറയാം അതുകൊണ്ട് മറ്റാര്‍ക്കും ഫലമുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ വിരമിക്കാത്ത പിതാക്കന്മാര്‍ ഒരുകാര്യം മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; വിരമിച്ചുകഴിഞ്ഞുള്ള കുമ്പസാരത്തിനു കാത്തുനില്ക്കാതെ എന്തെങ്കിലും ചെയ്യാവുന്നകാലത്ത് വല്ലഗുണവും ദൈവജനത്തിനു ലഭിക്കത്തക്കവിധം കൗണ്‍സിലില്‍ ഐക്യവും സ്‌നേഹവും വളര്‍ത്തി ദൈവജനത്തിന് ഉണര്‍വുണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു.
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍
കുഴിമറ്റം പി.ഒ, പനച്ചിക്കാട്, കോട്ടയം - 636533
ഫോണ്‍- 944 614 0026
Email-pulimavu@gmail.com
No comments:
Post a Comment