Monday, January 14, 2013

ഇന്നലെ (ഞായറാഴ്‌ച) ന്യൂയോര്ക്കില്‍ എന്താണ് സംഭവിച്ചത്?

അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിനെക്കുറിച്ചു ജനങ്ങളുടെ അഭിപ്രായം ആരായുവാന്‍ ന്യൂയോര്‍ക്കിലെ ക്നാനായ സംഘടനയായ IKCC വിളിച്ചുകൂട്ടിയ യോഗത്തില്‍ അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലര്‍ കത്തിച്ചു കൊണ്ടാണ് ജനം തങ്ങളുടെ വികാരവും രോഷവും വന്‍ പ്രതിഷേധത്തോടെ പ്രകടിപ്പിച്ചത്.

ക്നാനായ പള്ളികളെന്നു കള്ളത്തരം പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു വാങ്ങിയ പള്ളികളും മിഷനുകളും യാഥാര്‍ത്ഥ്യത്തില്‍ എന്‍ഡോഗമി സംരക്ഷിക്കുന്ന ക്നാനായ പള്ളികളല്ലായിരുന്നു എന്നത് ക്നാനായ വൈദികര്‍ തന്നെ തുറന്നു സമ്മതിച്ചതിന്റെ പ്രത്യാഘാതമായിരുന്നു ഇന്നത്തെ പ്രതികരണം. റെനിയച്ചന്‍ വിശദീകരണം നല്‍കുവാന്‍ ശ്രമിച്ചുവെങ്കിലും പ്രബുദ്ധരായ ന്യൂയോര്‍ക്കുകാര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു സമയം നഷ്ടപ്പെടുത്താന്‍ മിനക്കെട്ടില്ല.

പ്രതിഷേധങ്ങളുടെയും പ്രമേയങ്ങളുടെയും കാലം കഴിഞ്ഞുവെന്നും ഇനി ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ആവശ്യമെന്നുമായിരുന്നു ഏവരുടെയും അഭിപ്രായം. പള്ളികളെയും വൈദികരെയും സാമ്പത്തികമായി ജനങ്ങള്‍ സംരക്ഷിക്കില്ലാത്ത സാഹചര്യം ഉണ്ടായാല്‍ മാത്രമേ പിതാക്കന്മാര്‍ ജനങ്ങളുടെ രോദനങ്ങള്‍ക്ക് ചെവി കൊടുക്കുകയുള്ളൂ എന്നും അതുകൊണ്ട് സാമ്പത്തിക ഉപരോധവും നിസ്സഹകരണവുമാണ് ഫലവത്തായുള്ള മാര്‍ഗമെന്ന് എല്ലാവര്ക്കും ബോധ്യമായി.

ക്നാനായ പള്ളികളാണെന്നു തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ പള്ളികളോടും വൈദികരോടും നിസ്സഹകരണം പ്രഖ്യാപിക്കണമെന്ന് യോഗം വടക്കേ അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങളോട് ആഹ്വാനം ചെയ്തു. ക്നാനയക്കാര്‍ സാമ്പത്തിക സഹായം പിന്‍വലിച്ചാല്‍ ചിക്കാഗോ സീറോമലബാര്‍ രൂപത നിയമിച്ച വൈദികര്‍ക്ക് ശമ്പളം നല്‍കുവാനുള്ള ബാദ്ധ്യത അങ്ങാടിയത്ത് പിതാവിന്റെതാണ്.

എന്‍ഡോഗമി നിലനിര്‍ത്താന്‍ അനുവാദമില്ലാത്ത അമേരിക്കയിലെ ക്നാനായ മിഷനുകളും ഇടവകകളും മൂലക്കാട്ട് പിതാവ് അടച്ചു പൂട്ടണമെന്നും ക്നാനായ സമുദായക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി നില കൊള്ളുവാന്‍ മൂലക്കാട്ട് പിതാവിന് സാധിക്കില്ലെങ്കില്‍ സമുദായ നേതൃത്വസ്ഥാനം രാജി വയ്ക്കണമെന്ന് മുന്‍ കെസിസിഎന്‍എ പ്രസിഡന്റ്‌ ജോണ്‍ ആകശാല ആവശ്യപ്പെട്ടു. അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങളുടെ പ്രശ്നങ്ങള്‍ ഇത്ര രൂക്ഷമായിട്ടും സംഘടനയുടെ പൂര്‍വ നേതാക്കള്‍ മൗനം അവലംബിക്കുന്നതിനിടയില്‍ ഇങ്ങനെ ഒരു സ്വരം ഉയര്‍ന്നു കേട്ടത് വളരെ ശ്രദ്ധേയവും ആശ്വാസകരവുമാണ്.

തനിക്കിഷ്ടപ്പെടാത്ത ക്നാനായ വൈദികരെ കാലാവധി തീരുന്നതിനു മുമ്പ് നാട്ടിലേയ്ക്ക് കയറ്റിവിടുന്ന വികാരി ജനറാളിന്റെ പ്രകോപനപരമായ നടപടികളെ അപലപിക്കുകയും ഇത്തരം കിരാത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോട്ടയം അതിരൂപതയിലെ വൈദികരുടെ സംഘടന ശക്തമായി പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

1911ല്‍ കോട്ടയം വികാരിയാത്ത് ഉണ്ടാകുവാനിടയായ സാഹചര്യമാണ് ഇന്ന് അമേരിക്കയില്‍ സംജാതമായിരിക്കുന്നത്. അമേരിക്കയിലെ ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചുകൊണ്ടുള്ള മൂലക്കാട്ട് പിതാവിന്റെ മൌനത്തെയും നിഷ്ക്രിയത്വത്തെയും ജനം അതിശക്തമായി യോഗത്തില്‍ വിമര്‍ശിക്കുണ്ടയുണ്ടായി.

നമ്മുടെ പിതാക്കന്മാരുടെ മൌനത്തിന്റെ മറവില്‍ പടുത്തുയര്‍ത്തിയ എന്‍ഡോഗമി പാലിക്കുവാന്‍ സാധിക്കാത്ത മിഷനുകളും പള്ളികളും ക്നാനായ സമുദായത്തെ ഇല്ലാതാക്കുമെന്നതുകൊണ്ട് മിഷനുകള്‍ അടച്ചുപൂട്ടണമെന്ന് പലരും പ്രസ്താവിക്കുകയുണ്ടായി. ക്നാനായ തനിമ നിലനിര്‍ത്തുവാന്‍ സാധിക്കുന്ന പള്ളികള്‍ ഉണ്ടാകുന്നതുവരെ മറ്റു കത്തോലിക്കാ പള്ളികളില്‍ പോയി കുര്‍ബ്ബാനയും കൂദാശകളും സ്വീകരിക്കുവാന്‍ യോഗം ജനങ്ങളോട് ആഹ്വാനം ചെയ്തു.

മിഷനുകളിലൂടെ കല്ല്യാണക്കുറിയുടെയും മറ്റു കൂദാശകളുടെയും പേരില്‍ നമ്മുടെ വൈദികര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ യുവതലമുറയ്ക്കിടയില്‍ നമ്മുടെ പള്ളികളെപറ്റി ആക്ഷേപവും അവജ്ഞയും അവഹേളനവും ഉളവാക്കുന്നു. തന്മൂലം ക്നാനായ സമൂഹത്തെപറ്റിയും വൈദികരെക്കുറിച്ചും അവരിലുണ്ടായിരുന്ന ആദരവിനും വിശ്വാസത്തിനും കോട്ടം സംഭവിച്ചു കഴിഞ്ഞു.

ക്നാനായ മിഷനുകള്‍ ഇല്ലാതെ ക്നാനായ സമുദായം നിലനില്‍ക്കില്ലെന്ന ധാരണ വൈടികര്‍ക്കുണ്ടെങ്കില്‍ അത് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും യോഗത്തില്‍ പറയുകയുണ്ടായി. ക്നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുന്ന അമേരിക്കയിലെ സങ്കര മിഷനുകള്‍ അടച്ചുപൂട്ടി വൈദികരെ ഇങ്ങോട്ട് അയക്കുന്നത് നിര്‍ത്തലാക്കാന്‍ മൂലക്കാട്ട് പിതാവ് തയ്യാറാകുന്നില്ലെങ്കില്‍ ജനങ്ങള്‍ ആ ചുമതല ഏറ്റെടുത്ത് നടപ്പാക്കുമെന്ന് യോഗത്തില്‍ പ്രസ്ഥാവിക്കപ്പെടുകയുണ്ടായി.

കെസിസിഎന്‍എ നിയമത്തിന്റെതായ വഴികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന് IKCC പ്രസിഡന്റ്‌ സ്റ്റാര്‍ലിംഗ് പച്ചിക്കര യോഗത്തില്‍ സംബന്ധിച്ചവരോട് പറയുകയുണ്ടായി.

ക്നാനായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സാധിക്കാത്ത വൈദികരെയും മിഷനുകളെയും തങ്ങള്‍ക്കു വേണ്ട എന്ന അമേരിക്കയിലാകമാനം അലയടിക്കുന്ന വികാരം സുനാമി തിരകള്‍ പോലെ പടര്‍ന്നുകഴിഞ്ഞു. അതിന്റെ മാറ്റൊലികള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു കോട്ടയം അതിരൂപതയിലും താമസംവിനാ എത്തിച്ചേരും. അതിനുമുമ്പ്‌ മൂലക്കാട്ട് പിതാവ്‌ ഉചിതമായ സത്വരനടപടികള്‍ എടുക്കുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം.

ന്യൂയോര്‍ക്കില്‍ കത്തിയെരിഞ്ഞ അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിന്റെ ജ്വാലകള്‍ കെട്ടടങ്ങിയിട്ടും ജനത്തിന്റെ രോഷാഗ്നി കെടാതെ ആളിക്കത്തിക്കൊണ്ടു തന്നെയിരിക്കുന്നു.

ന്യൂയോര്‍ക്ക് റിപ്പോര്‍ട്ടര്‍
ക്നാനായ വിശേഷങ്ങള്‍ 

No comments:

Post a Comment