Monday, January 14, 2013

ദൈവത്തിന്റെ ഇടപെടലോ കലികാലവൈഭവമോ


ചിലര്‍ അങ്ങിനെയാണ്. മാനത്ത് കാര്‍മേഘം ഉരുണ്ടുകൂടിയാലും ഇടിയും മിന്നലും ഉണ്ടായാലും മഴ വരാന്‍ പോകുന്നു എന്ന് മനസ്സിലാവുകയില്ല.

സദ്ദാംഹുസൈന്റെ കാര്യം എടുക്കാം. ഒരു സുപ്രഭാതത്തില്‍ അദ്ദേഹത്തിന് കുവൈറ്റ്‌ ആക്രമിച്ചു കീഴടക്കണം എന്ന് തോന്നി, അങ്ങിനെ ചെയ്തു. പ്രതീക്ഷിച്ചതിലും മോശമായിരുന്നു അതിന്റെ പ്രത്യാഘാതം. അമേരിക്കയും അവരുടെ സഖ്യകക്ഷികളും കൂടി കുവൈറ്റിനെ മോചിപ്പിച്ചു എന്ന് മാത്രമല്ല, ഇറാഖ് എന്ന രാജ്യത്തിന് തീരാനാശം വരുത്തിവച്ചു. ഇത്തരം സംഭവങ്ങളില്‍ നിന്നൊന്നും ഏതെങ്കിലും പാഠം പഠിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വീണ്ടും പാശ്ചാത്യശക്തികളുമായി കൊമ്പുകോര്‍ത്തു. എന്തായിരുന്നു പരിണിതഫലം? എലി മാളത്തിലൂടെ എന്നതുപോലെ അദ്ദേഹം ജീവന്‍ രക്ഷിക്കാനായി ഒളിച്ചുനടന്നു. പിടിക്കപ്പെട്ടു കോടതിയില്‍ കൊണ്ടുവന്നിട്ടും അദ്ദേഹത്തിന്റെ “വലിയ വര്‍ത്തമാനം” കുറഞ്ഞില്ല. തൂക്കികൊന്ന ആരാച്ചാരുടെയടുത്തും സ്വതസിദ്ധമായ വലിയ വര്‍ത്തമാനം പറഞ്ഞു കാണണം.

കേരളത്തില്‍ ഒരു ഹര്‍ത്താല്‍ നടന്നത് മാത്രമാണ് ആകെ മിച്ചം. അറബ് രാഷ്ട്രങ്ങള്‍ അദ്ദേഹത്തിന്റെ വധം ആഘോഷിച്ചു!

രക്ഷപ്പെടാന്‍ എത്രയെത്ര അവസരങ്ങള്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു സദ്ദാംഹുസൈന്‍.

മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും ഒന്നും പഠിക്കാനാവില്ല എന്ന് ആംഗലേയ പഴമൊഴി.

ക്നാനയക്കാരോട് നീതി കാണിക്കാത്ത സഭാനേതൃത്വം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഇതില്‍ നിന്നും വ്യത്യസ്തമാണോ?

വൈദികരെന്നും പിതാക്കന്മാരെന്നും പറഞ്ഞാല്‍ ക്നാനായകാര്‍ക്ക് എന്ത് സ്നേഹവും ആദരവും ഭയവും ഭക്തിയുമാണ്. ഈ സമ്മിശ്രവികാരങ്ങളില്‍ ഒന്ന് മാത്രമാണ് ഭയം. അതിന്റെ മുകളിലാണ് സ്നേഹവും ആദരവും ഭക്തിയുമൊക്കെ. വൈദികര്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാത്ത അമേരിക്കന്‍ സമൂഹത്തില്‍ കഴിയുന്ന ക്നാനയമക്കളില്‍ നിന്നും ഇത്രയും സ്നേഹം ലഭിച്ചിട്ടും തിരിച്ചു അല്മായരെ തരിമ്പുപോലും സ്നേഹിക്കാന്‍ സാധിക്കാത്ത നമ്മുടെ പുരോഹിതവര്ഗത്തെ എന്താണ് വിളിക്കേണ്ടത്?

അവര്‍ കാലാകാലങ്ങളില്‍ എന്തെല്ലാം പറഞ്ഞാണ് ജനത്തെ വഞ്ചിച്ചുകൊണ്ടിരുന്നത്? വികാരിയുടെ സന്ദേശം എന്ന പേരില്‍ ചീറ്റിയ വിഷമെല്ലാം ഒരു ദിവസം തിരിച്ചെടുക്കേണ്ടി വരും. ചിലരെങ്കിലും അതിന്റെയെല്ലാം കോപ്പി സൂക്ഷിച്ചു വച്ചിട്ടുണ്ടാവണം. പരസ്പര വിരുദ്ധമായ എന്തെല്ലാം കാര്യങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അതിലൂടെ പറഞ്ഞു കൊണ്ടിരുന്നത്? സ്വവംശവിവാഹ നിഷ്ഠയുടെ പ്രസക്തി, പ്രാധാന്യം, പെട്ടെന്നൊരു ദിവസം അത് ഹീനമായ ഭാരതീയ ജാതിവ്യവസ്ഥയുടെ ബാക്കിപത്രമാകുന്നു പള്ളികള്‍ ക്നായക്കാരന്റെയാണ്, നമ്മുടെ മാത്രമാണ്, പിറ്റേദിവസം പറയുന്നു, മാറി കെട്ടിയവനും ക്നാനയക്കാരനാണ്, അടുത്ത ദിവസം ചോദിക്കും മാറികെട്ടിയവന്റെ ഭാര്യയും മക്കളും ആ കുടുംബത്തിലെ അംഗങ്ങള്‍ തന്നെയല്ലേ? ഇന്ന് ഇതു വടക്കേ അമേരിക്കയിലെ മാത്രം സംവിധാനമാണ്. പിന്നീട് ഇതു കേരളത്തിന്‌ വെളിയില്‍ എല്ലായിടത്തുമുള്ള സംവിധാനമാകും, താമസംവിനാ ഇതു കേരളത്തിലും നടപ്പാക്കും.

പ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ ഇല്ലാത്തത് മാറ്റത്തിന് മാത്രമാണ്. പക്ഷെ ഈ മാറ്റങ്ങള്‍ ആരാണ് തീരുമാനിക്കേണ്ടതും നടപ്പിലാക്കെണ്ടതും? പെണ്ണും പെടക്കോഴിയും ഇല്ലാത്ത പുത്ര/പുത്രീ ദുഃഖം എന്താണെന്നറിയാന്‍ വയ്യാത്ത കുറെ ളോഹധാരികള്‍ ഏകപക്ഷീയമായാണോ ഇതൊക്കെ തീരുമാനിക്കേണ്ടത്? നിങ്ങളുടെ കാര്യങ്ങളില്‍ ഏതെങ്കിലും അല്‍മായര്‍ കൈകടത്താറുണ്ടോ? ഒരു സമുദായത്തെ മൊത്തത്തില്‍ ബാധിക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന് മുമ്പ് ആ സമുദായത്തിന്റെ നേതാക്കളോടെങ്കിലും ആലോചിക്കേണ്ട കടമയില്ല എന്ന് വിശ്വസിക്കുന്ന നിങ്ങളുടെ ധാര്‍ഷ്ട്യത്തിനു ലഭിക്കുന്ന തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ എഴുതുന്നയാള്‍ ഉള്‍പ്പടെ ഒരു കത്തോലിക്കാ വിശ്വാസിക്കും സന്തോഷം തരുന്ന കാര്യങ്ങളല്ല കഴിഞ്ഞ ഒരു വര്‍ഷമായി ക്നാനായ സമുദായത്തില്‍ നടന്നുവരുന്നത്‌. അതിരൂപതാധ്യക്ഷനെ കൂക്കി വിളിക്കുക; രൂപതാധ്യക്ഷന്റെ ഇടയലേഖനം പരസ്യമായി കത്തിക്കുക – ഇതു വല്ലതും ആരെങ്കിലും പറഞ്ഞുപോലും കേട്ടിട്ടുള്ള കാര്യങ്ങളാണോ? എന്നിട്ടും ഒരു ആത്മപരിശോധനയ്ക്ക് ഒരുങ്ങാത്ത സഭാനേതൃത്വം അനുഭവിച്ചു തന്നെ അറിയട്ടെ.

പ്രയോജനം ഇല്ലെന്നറിഞ്ഞുകൊണ്ടാണെങ്കിലും അവര്‍ക്ക് വിവേകം ഉണ്ടാകാനായി നമുക്ക് പ്രാര്‍ഥിക്കാം

No comments:

Post a Comment