ക്രിസ്തുമസിന്റെ തലേ ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് പള്ളിയിലും മറ്റു പല ക്നാനായ പള്ളികളിലും വായിച്ച ഇതിനോടകം വിവാദപരമായ അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിനെ തുടര്‍ന്ന് അമേരിക്കയില്‍ ഉടനീളം ആഞ്ഞടിക്കുന്ന ക്നാനായ സാന്‍ഡിയുടെ വീര്യം രണ്ടാഴ്ചയിലേറെ കഴിഞ്ഞിട്ടും കൂടുന്നതല്ലാതെ കുറയുന്നില്ല.
കത്തോലിക്കാസഭയുടെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഇതിനെ തിരസ്ക്കരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയ വിവിധ അല്മായ സംഘടനകളുടെ ലിസ്റ്റ് ഞങ്ങള്‍ മുമ്പ് പ്രസധീകരിച്ചിരുന്നു. അല്‍മായര്‍ എന്ന് വാക്കിനെ പുച്ഛത്തോടെ കാണുന്ന അധികൃതര്‍ക്ക് അതെല്ലാം വിവരദോഷികളുടെ അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണെന്ന് ചിലരെയെങ്കിലും ധരിപ്പിക്കാന്‍ സാധിച്ചേക്കാം. പക്ഷെ, സര്‍ക്കുലറിന്റെ കോപ്പി പരസ്യമായി കത്തിക്കുക മാത്രമല്ല, ഇപ്പോള്‍ പള്ളി പൊതുയോഗങ്ങളും പാരിഷ് എക്സിക്യൂട്ടീവുകളും സര്‍ക്കുലറിനെതിരെ പ്രമേയവുമായി വന്നുകൊണ്ടിരിക്കുന്നു.
ഇതിനെയും എന്തെങ്കിലും കുയുക്തികൊണ്ട് വിശദീകരിക്കാന്‍ സെമിനാരിയില്‍ പഠിപ്പിച്ചിട്ടുണ്ടോ?
ഇനിയും തെറ്റുകള്‍ മനസ്സിലാക്കി, കുറ്റബോധത്തോടെ, അഹന്ത കൈവെടിഞ്ഞ് അനുനയത്തിന്റെ ഭാഷയില്‍ സമുദായനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി എന്തെങ്കിലും ഒരു പരിഹാരമാര്‍ഗം തേടുന്നതിനു പകരം പുരോഹിത ഗര്‍വുമായി മുന്നോട്ടു പോകുന്ന ഇവരെ ദൈവം തുണയ്ക്കട്ടെ.
ഹൂസ്റ്റണില്‍ പാസ്സാക്കിയ പ്രമേയം ചുവടെ കൊണ്ടുക്കുന്നു.
ജനുവരി 13, 2013
2012 ഡിസംബര്‍ 20-ന് അമേരിക്കയിലുള്ള സീറോമലബാര്‍ രൂപതയിലെ ക്നാനായ പള്ളികളില്‍ വായിക്കുവാന്‍ ഇറക്കിയ സര്‍ക്കുലറിന്റെ (port no. 6/2012) പശ്ചാത്തലത്തില്‍ ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ഇടവകാംഗങ്ങള്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന് അയക്കുന്ന പ്രമേയം.
1911 ഓഗസ്റ്റ് 29ന് വിശുദ്ധ പത്താം പീയൂസ് ക്നാനായകാര്‍ക്ക് വേണ്ടി പ്രത്യേകമായി സ്ഥാപിച്ച രൂപതയില്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ക്നാനായക്കാര്‍ക്ക് മാത്രം അംഗത്വമുള്ള ക്നാനായ സമുദായത്തില്‍ മറ്റൊരു വ്യക്തികള്‍ക്കും ഏതൊരു മാര്‍ഗ്ഗത്തിലും അംഗത്വം നേടാനാവില്ല എന്ന് പറയുന്ന സാഹചര്യത്തില്‍, നൂറ്റാണ്ടുകളായി കാത്തുപരിപാലിച്ചു കൊണ്ടുപോരുന്ന സമുദായത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മാറ്റി എഴുതുവാന്‍ ആര്‍ക്കും കത്തോലിക്കാ സഭ അധികാരം കൊടുത്തിട്ടില്ലാത്ത സാഹചര്യത്തിലും, ഏതു സമ്മര്‍ദ്ദത്തെ ചൊല്ലി എഴുതിയതായാലും മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുമേനിയുടെ മേല്പറഞ്ഞ സര്‍ക്കുലര്‍ ഹൂസ്റ്റണിലെ ക്നാനായക്കാര്‍ക്ക് ഒന്നടങ്കം അംഗീകരിക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നു ഇതിനാല്‍ സ്നേഹപൂര്‍വ്വം അറിയിക്കുന്നു.
അതോടൊപ്പം അമേരിക്കയിലുള്ള ക്നാനയ്ക്കാര്‍ക്ക് വേണ്ടി പ്രത്യേകമായ ഒരു ക്നാനായ രൂപത നേടിയെടുക്കുവാന്‍ മാര്‍ അങ്ങാടിയത് തിരുമേനി മുന്‍കൈ എടുത്തു ഞങ്ങളുടെ ആവശ്യം നേടിയെടുക്കുവാന്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.
സ്വന്തം സ്ഥാനമാനങ്ങള്‍ക്കും വ്യക്തി താത്പര്യങ്ങള്‍ക്കും വേണ്ടി സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കുവാന്‍ ആര് ശ്രമിച്ചാലും അവര്‍ ഒറ്റപ്പെടുകയും ചെയ്യും.
2012 ജൂലൈ പതിനഞ്ചാം തിയതി ക്നാനായ വികാരി ജനറാള്‍ അബ്രാഹം മുത്തോലത്തച്ചന്‍ ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധബലിമദ്ധ്യേ പ്രസംഗിച്ചു, “ഈ ദേവാലയം ക്നാനയക്കാര്‍ക്കായി മാത്രം ഉള്ളതാണ്, ആരും പേടിക്കേണ്ട കാര്യമില്ല. കോട്ടയം രൂപത ഇന്ന് എങ്ങിനെ പോകുന്നുവോ അതുപോലെ തന്നെയേ അമേരിക്കയിലെ ക്നാനായ പള്ളികളും പോകൂ.” ആ പ്രഖ്യാപനം ഇന്നെവിടെ?
ക്നാനായ സമുദായത്തോട് കൂറുള്ള ആദ്ധ്യാത്മിക നേതൃത്വത്തെ ക്നാനായക്കാര്‍ക്കായി നിയമിക്കണമെന്ന് ഈ അവസരത്തില്‍ ഞങ്ങള്‍ അപേക്ഷിക്കുകയും ചെയ്യുന്നു.
അമേരിക്കയിലും ഇന്ത്യയിലും മറ്റെല്ലായിടത്തുമുള്ള ക്നാനയക്കാര്‍ ഒരുമയിലും തനിമയിലും വിശ്വാസനിറവിലും ഒറ്റകെട്ടായി നില്‍ക്കുമെന്നും പ്രതിഞ്ജ ചെയ്യുന്നു.
2013 ജനുവരി പതിമൂന്നാം തിയതി വിശുദ്ധ ബലിയ്ക്ക് ശേഷം കൂടിയ പൊതുയോഗത്തില്‍ വീറോടെയും വികാരപരമായുമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബഹുമാനപ്പെട്ട വികാരിയുടെ വിയോജന കുറിപ്പോടെ പൊതുയോഗം ഈ പ്രമേയം പാസാക്കി.
പ്രമേയം അവതരിപ്പിച്ചത്: ജിമ്മി കുന്നശ്ശേരി
No comments:
Post a Comment