ഇക്കഴിഞ്ഞ ദിവസം ക്നാനായ വിശേഷങ്ങളില്‍ “പ്രണയസാഫല്യത്തിനായിപള്ളിവികാരി തിരുവസ്ത്രം ഉപേക്ഷിച്ചു” എന്ന ശീര്‍ഷകത്തില്‍ ഒരു പോസ്റ്റ് വന്നിരുന്നു. ക്നാനായസമുദായവുമായി യാതൊരു ബന്ധവും ഇല്ലാത്ത വാര്‍ത്തയായിരുന്നു അത്. പാലാരൂപതുടെ കീഴിലെ അന്ത്യാളം പള്ളി വികാരിയാണ് കന്യാസ്ത്രീയുമായുള്ള പ്രണയം സാക്ഷാത്ക്കരിക്കാന്‍ വൈദികപട്ടം ഉപേഷിച്ച് തിരുവസ്ത്രം തിരികെ ഏല്‍പ്പിച്ചത്. പുരോഹിതവര്‍ഗത്തെ അപമാനിക്കുക, താറടിച്ചു കാണിക്കുക എന്നീ ഉദ്ദേശം മാത്രമല്ലേ ഈ പോസ്റ്റിന്റെ പിന്നില്‍?
പലര്‍ക്കും ന്യായമായി ഉണ്ടാകാവുന്ന ഒരു സന്ദേഹമാണിത്.
എന്നിട്ടും എന്തുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ ക്നാനായ വിശേഷങ്ങളില്‍ കൂടെക്കൂടെ വരുന്നു?
അല്പം വിശദീകരണം ആവശ്യമുള്ള വിഷയമാണിതെന്നു തോന്നുന്നു.
ജോസഫ് മലയില്‍ എന്ന മുപ്പത്തിയാറ്കാരന്‍ ചെയ്ത തെറ്റിത്രമാത്രമാണ്. കന്യാസ്ത്രീയുമായി പ്രണയത്തിലായി, രണ്ടു വര്‍ഷങ്ങളോളം ആയിട്ട്, ഇപ്പോള്‍ മാത്രമാണ് പാല അരമനയില്‍ ചെന്ന് തന്റെ “തിരു” വസ്ത്രം മടക്കി നല്‍കാന്‍ തോന്നിയത്. പ്രണയത്തിലായി എന്ന് ഈ ജോടിയ്ക്ക് ബോധ്യമായതിനു ശേഷം അദ്ദേഹം കപടജീവിതമാണ് നയിച്ചുവന്നത്. സാരമില്ല, നമുക്കതങ്ങു ക്ഷമിക്കാം. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നല്ലേ ചൊല്ല്?
ഈ വാര്‍ത്ത കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങളിലെങ്ങും വന്നില്ല. മുഖ്യധാരാ മാധ്യമങ്ങളില്‍ വരുവാന്‍ മാത്രം പ്രാധാന്യം ഇതിനില്ല എന്ന് വാദിക്കുന്നവര്‍ തീര്‍ച്ചയായും ഉണ്ടാകാം. അവരുമായി വഴക്കിനു ഞങ്ങളില്ല, പക്ഷെ സൌമ്യമായി അവരോടൊന്നു ചോദിക്കട്ടെ, സ്ത്രീപീഡനവുമായി പുലബന്ധമെങ്കിലുമുള്ള കുഞ്ഞുകുഞ്ഞു വാര്‍ത്തകള്‍ ഇതേ മാധ്യമങ്ങള്‍ എത്ര പ്രാധാന്യത്തോടെ പ്രസധീകരിക്കാറുണ്ട്!
മുഖ്യധാരാ മാധ്യമങ്ങള്‍ മതവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മൂടിവയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട് എന്നൊരിക്കലും തോന്നിയിട്ടില്ലേ? സിസ്റ്റര്‍ അഭയയുടെ മരണം ഈയടുത്തയിടെയാണ് നടന്നിരുന്നതെങ്കില്‍, തീര്‍ച്ച പറയാം – ആറു മാസത്തിനകം – ആ മരണം കൊലപാതകമായിരുന്നെങ്കില്‍ - കൊലപാതകിയെ കണ്ടെത്തിയേനെ. ഒരു മനോരമയും ദീപികയും വിചാരിച്ചാല്‍ ഇന്ന് വാര്‍ത്തകള്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. അവര്‍ “നിന്റെ പുറം ഞാന്‍ ചൊറിയാം, എന്റെ പുറം നീ ചൊറിയുക” എന്ന മട്ടില്‍ മതത്തെ തൊട്ടുള്ള കളികള്‍ നമുക്ക് വേണ്ട എന്ന ധാരണയിലെത്തി. അത് എല്ലാ മതത്തിലും പെട്ട പുരോഹിതവര്ഗത്തിന് എന്ത് തെറ്റും അഴിമതിയും കാട്ടികൂട്ടാനുള്ള ലൈസെന്‍സ് ആയിരുക്കുന്നു.
ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്നിവിടെ ഫേസ്ബുക്കുണ്ട്, അതുപോലെ മറ്റു പലതുമുണ്ട്, ബ്ലോഗുകളുണ്ട്, ഇന്റര്‍നെറ്റ് പത്ര-മാസികകളുണ്ട്, കാക്കതോള്ളായിരം ചാനലുകളുണ്ട്. എന്നിട്ടും ഞങ്ങളെക്കുറിച്ചെഴുതിയാല്‍ കാണിച്ചുതരാം എന്ന ഹുങ്കിലാണ് അവരിന്നും. പാവങ്ങള്‍ക്ക് കാലം മാറിയ കാര്യം താമസിയാതെ മനസിലായിക്കൊള്ളും. ഈ ജാടയൊക്കെ ഉണ്ടെന്നേയുള്ളു; സത്യത്തില്‍ ഇവര്‍ വെറും മണ്ടന്മാരാണ്. യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാം അല്പം സാവകാശം നല്‍കാം.
തുടക്കത്തിലെ ചോദ്യത്തിന്റെ ഉത്തരത്തിലെയ്ക്ക് വന്നില്ല.
പത്തും പന്ത്രണ്ടും വയസ്സുള്ള നമ്മുടെ പെണ്‍മക്കള്‍ നമുക്ക് കൊച്ചുകുട്ടികളാണ്. എന്നിരുന്നാലും നമ്മള്‍, പ്രത്യേകിച്ച് അമ്മമാര്‍, അയല്വക്കത്തെ ഒരു മുതിര്‍ന്ന പയ്യന്‍ വീട്ടില്‍ വന്നാല്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ അല്പം ശ്രദ്ധ ചെലുത്തും. ആ ശ്രദ്ധ നമ്മള്‍ പലപ്പോഴും പുരോഹിതരുടെ കാര്യത്തില്‍ പുലര്‍ത്താറില്ല. അവരെ കണ്ണുമടച്ചു വിശ്വസിക്കുന്ന നിരവധിപേര്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരം വാര്‍ത്തകളിലൂടെ ആ മാതാപിതാക്കള്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണ് – ഈ പുരോഹിതരുടെ തിരുവസ്ത്രത്തിന്റെ “തിരു” തീരെ കട്ടി കുറഞ്ഞതാണ്. പലപ്പോഴും, പച്ചമനുഷ്യന്റെ ദേഹത്ത് ധരിക്കുന്ന വെറും സാദാ വസ്ത്രമാണത്. കാമക്രോധമോഹലോഭവികാരങ്ങളെല്ലാം അവര്‍ക്കുമുണ്ട്. കുട്ടികള്‍ ഇവരെ അന്ധമായി വിശ്വസിക്കുന്നത് ആപത്താണ്. അവര്‍ക്ക് വേണ്ട മുന്നറിയിപ്പുകള്‍ നമ്മള്‍ നല്‍കണം. അവര്‍ പിടിക്കപ്പെട്ടാല്‍ യാതൊരു ദയാദാക്ഷിണ്യവും പുരോഹിതനായത്തിന്റെ പേരില്‍ ലഭിക്കുകയില്ല എന്ന് അവരെ ബോധിപ്പിക്കണം.
മറ്റുള്ളവര്‍ക്ക് നമ്മള്‍ വിശ്വസ്തരായിരിക്കണം, പക്ഷെ ആരെയും നമ്മള്‍ അന്ധമായി വിശ്വസിക്കരുത്.
No comments:
Post a Comment