Thursday, January 31, 2013

വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക (ലൂക്കാ 4: 23) – രണ്ടാം ഭാഗം

"The fact that a believer is happier than a sceptic is no more to the point than the fact that a drunken man is happier than a sober one."
George Bernard Shaw

മദ്യവിരുദ്ധഞായര്‍ പ്രമാണിച്ച് കൊല്ലം ബിഷപ്പ്, ഡോ. സ്റ്റാന്‍ലി റോമന്‍ പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ഇങ്ങനെ കാണാം:

“വിശ്വാസ ചൈതന്യത്താല്‍ പ്രകാശപൂരിതമാകേണ്ട ആഘോഷങ്ങള്‍ മദ്യവിമുക്തമാക്കി ക്രൈസ്തവര്‍ സമൂഹത്തിന് മാതൃകയാകണം.”

നമ്മുടെ പള്ളികളിലെ തിരുന്നാളുകള്‍ ആഡംബരത്തില്‍ നിന്ന് അത്യാഡംബരത്തിലേയ്ക്കും അവിടെ നിന്നും അത്യന്താഡംബരത്തിലേയ്ക്കും കുതിക്കുന്നത് മൂലക്കാട്ട് പിതാവ് കാണുന്നില്ലേ? സുഖലോലുപതയുടെയും ആഡംബരജീവിതത്തിന്റെയും ഉല്‍പന്നമാണ് മദ്യപാനസംസ്ക്കാരം എന്നറിയാനുള്ള വിവേകം നമ്മുടെ തിരുമേനിക്ക് ഇല്ലാത്തതാണോ അതോ അധികാരം കൈവന്നതിനുശേഷം കൈമോശം വന്നതാണോ? നമ്മുടെ തിരുന്നാള്‍ ദിനങ്ങളില്‍ പള്ളിമേടകളില്‍ മദ്യം ഒഴുകുന്നു; അടുത്തുള്ള ബീവറേജസില്‍ റെക്കോര്‍ഡ്‌ വില്‍പ്പന ഉണ്ടാകുന്നു. യുവജനങ്ങള്‍ മദ്യപിച്ചു ലക്കു കേട്ട് പലയിടങ്ങളിലും അടിപിടി ഉണ്ടാക്കുന്നു. എന്നിട്ടും ഫോറോന വൈദികന്‍ വന്ന് പെരുന്നാള്‍ നടത്തുന്ന തട്ടിപ്പുകാരെയും മദ്യരാജാക്കളെയും പാടിവാഴ്ത്തുന്നു. അത്യാഡംബരത്തിന് പെനാല്‍റ്റി ഇനത്തില്‍ ലക്ഷങ്ങള്‍ ഈടാക്കി അരമനവാസികള്‍ അവരുടെ സുഖജീവിതം തുടരുന്നു. വൈദികര്‍ പെരുന്നാള്‍ മല്‍സരം പൊടിപൊടിക്കുന്നു.

“.......മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹനന്മയുടെ വക്താക്കളായ മതങ്ങള്‍, സന്നദ്ധസംഘടനകള്‍, പൊതുജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ എന്നിങ്ങനെ എല്ലാവരും നമ്മുടെ നാടിനെ തെറ്റുകളിലേയക്ക് നയിക്കുന്ന മദ്യാസക്തിക്കെതിരെ ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കണം.......”

മൂലക്കാട്ട് പിതാവ് എഴുതുന്നു.

വൈദികര്‍ എന്ന് പറയാതെ സമൂഹനന്മയുടെ വക്താക്കളായ മതങ്ങള്‍ എന്ന് പിതാവ് പറഞ്ഞതെന്തുകൊണ്ടാണ്? വൈദികര്‍ എന്നെഴുതിയാല്‍ ചില പള്ളികളിലെങ്കിലും പുരോഹിതന്‍ ഇടയലേഖനം വായിക്കുമ്പോള്‍ നിഷ്ക്കളങ്കരായ ചില കുട്ടികള്‍ പൊട്ടിച്ചിരിച്ചേക്കാം എന്ന് ഭയന്നിട്ടാണോ?

ഇതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്വമുള്ള അതിരൂപതാധ്യക്ഷന്റെ വാക്കുകളുടെ പിന്നിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

പിതാവിന്റെ പരിഗണനയ്ക്ക് ചില ലളിതമായ നിര്‍ദ്ദേശങ്ങള്‍. (ഇതിനെ Unsolicited Counsel എന്നോ, അഹങ്കാരമെന്നോ വെല്ലുവിളിയെന്നോ എന്തു വേണമെങ്കിലും വിളിക്കാം).

·       വൈദികരുടെ ഇടയിലെ മദ്യപാനത്തിന് സീറോ ടോളറന്‍സ് (Zero Tolerance) പ്രഖ്യാപിക്കുക. വൈദികര്‍ മദ്യപിച്ചു എന്നറിഞ്ഞാല്‍ മാതൃകാപരമായ ശിക്ഷ നല്‍കുക. (ഒരാഴ്ച്ചത്തേയ്ക്ക് ധ്യാനത്തിനയക്കുന്നത് ശിക്ഷയായി ഭക്തജനം അംഗീകരിക്കുന്നില്ല എന്ന കാര്യം മറക്കേണ്ട).

·       പള്ളിമേടകളിലെയും അരമനകളിലെയും വിരുന്നുകളില്‍ വീഞ്ഞും ബിയറും പോലും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുക.

·       മൂലക്കാട്ട് പിതാവിന് ഡോക്ടറേറ്റ്‌ നേടിത്തന്ന മാക്കീല്‍ പിതാവിന്റെ ദക്രേത്തില്‍ ലാളിത്യത്തെക്കുറിച്ച് ഒരു പാട് നിര്ദേശങ്ങളുണ്ട്. അവയില്‍ ചിലതെങ്കിലും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. തന്റെ കീഴിലുള്ള വൈദികര്‍ക്കും അത് നിര്‍ബന്ധമാക്കുക. തിരുന്നാളുകള്‍ ധൂര്ത്തിന്റെ പര്യായമാകുന്നില്ല എന്ന് ഉറപ്പു വരുത്തുക.  

·       ജനത്തെ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധാവാന്മാരാക്കുന്നതിനൊപ്പം, അമിതമദ്യപാനത്തിന് അടിമയായവരെ പുനരധിവസിപ്പിക്കാനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്ക്കരിക്കുക.

·       മദ്യരാജക്കന്മാരുടെ പണം പള്ളിയോ പട്ടക്കാരനോ അരമനയോ മെത്രാനോ സ്വീകരിക്കുന്നതല്ല എന്ന് സധൈര്യം പ്രഖ്യാപിക്കുക.

ഇത്രയൊന്നും ചെയ്യാന്‍ സാധിക്കുകയില്ലെങ്കില്‍ അല്പസ്വല്പം മദ്യപാനം ക്നാനായ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും കെസിബിസി എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും ഞങ്ങളെല്ലാം കുടിക്കുമെന്നും ആലഞ്ചേരി പിതാവിന്റെ മുഖത്ത് നോക്കി ധൈര്യമായങ്ങ് പറയുക. എന്‍ഡോഗമിയോ തുലഞ്ഞ മട്ടാണ്. പാവപ്പെട്ട ക്നാനയമാക്കള്‍ ഹെന്നെസി എങ്കിലും കുടിച്ചു ജീവിച്ചു പോട്ടെ.

മദ്യത്തിന്റെ കാര്യത്തില്‍ നിരീശ്വരവാദിയായ എ.കെ. ആന്റണി മടയലേഖനം ഇറക്കുകയല്ല നടപടികളെടുക്കുകയാണ് ചെയ്തത്. ആ നിരീശ്വരന്റെ പാത പിന്തുടരാന്‍ അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് ധൈര്യമുണ്ടോ?

വാല്‍ക്കക്ഷണം:

സംസ്‌ഥാന തലത്തില്‍ ഏറ്റവും മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെ.സി.ബി.സി ടെമ്പറന്‍സ്‌ കമ്മിഷന്റെ സംസ്‌ഥാന അവാര്‍ഡ്‌ എറണാകുളം-അങ്കമാലി അതിരൂപതാ മദ്യവിരുദ്ധസമിതിക്ക്‌ ലഭിച്ചു.
ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. സൂസപാക്യത്തില്‍ നിന്നും പ്രസിഡന്റ്‌ അഡ്വ. ചാര്‍ളിപോള്‍, ഡയറക്‌ടര്‍ ഫാ. ജോര്‍ജ്‌ നേരേവീട്ടില്‍, ജന. സെക്രട്ടറി സി. ജോണ്‍കുട്ടി, ട്രഷറര്‍ വി.പി. ജോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ചടങ്ങില്‍ ബിഷപ്പ്‌ ഡോ. സെബാസ്‌റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷനായിരുന്നു.” – വാര്‍ത്ത

അങ്കമാലിയും ചാലക്കുടിയുമായി എത്ര അകലമുണ്ട്, അഭിവന്ദ്യ സൂസാപാക്യം തിരുമേനി?

അലക്സ്‌ കണിയാംപറമ്പില്‍

No comments:

Post a Comment