പ്രിയ ക്‌നാനായ മക്കളേ,
നോര്‍ത്തമേരിക്കയിലുടനീളം ക്‌നാനായമക്കളുടെ ഇടയില്‍, പ്രത്യേകിച്ചും സ്ത്രീജനങ്ങളുടെ ഇടയില്‍ ഭീതി ജനിപ്പിച്ചു അലയടിക്കുന്ന ഒരു തരംഗമാണ്, വൈദീകശാപം എന്ന ആയുധം. കഴിഞ്ഞ ലേഖനത്തില്‍ തൊമ്മന്‍ ഇതേ വിഷയത്തെപ്പറ്റി പരാമര്‍ശിച്ചുവെങ്കിലും, കുറച്ചു കൂടി വ്യക്തമാക്കണമെന്ന എന്റെ മക്കളുടെ ആവശ്യം കണക്കിലെടുത്ത് ഒന്നുകൂടി വിശദീകരിക്കാന്‍ വേണ്ടിയാണിതെഴുതുന്നത്.
നോര്‍ത്തമേരിക്കയിലെ ടെക്‌സാസില്‍ നിന്നും, ഡിട്രോയിറ്റില്‍ നിന്നും, ചിക്കാഗോയില്‍നിന്നും ആണ് വൈദീകശാപമെന്ന ഭീഷണി ക്‌നാനായ സമൂഹത്തില്‍ അലയടിക്കാന്‍ തുടങ്ങിയത്. തനിക്കെതിരെ സംസാരിക്കുകയോ, തന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നവര്‍ വൈദീകശാപത്തിനിരയാകുമെന്ന്, പഴയനിയമ പശ്ചാത്തലവും, പുതിയനിയമ പശ്ചാത്തലവും എടുത്തു പറഞ്ഞു വിശദീകരിക്കുന്ന ടെക്‌സാസ് അടവും, തന്റെ നിലനില്‍പിനുവേണ്ടി മുത്തുക്കത്തനാര്‍ ആരെ ചൂണ്ടിക്കാണിക്കുന്നുവോ, അവരെയെല്ലാം വിശുദ്ധവും, അനുഗ്രഹങ്ങളുടെ മാത്രം വേദിയുമായ വിശുദ്ധ അള്‍ത്താരയില്‍നിന്നും, പേപിടിച്ച പട്ടിയേപ്പോലെ ആണ്ടുപൂണ്ട് ശാപവര്‍ഷം ചൊരിയുന്ന ഡിട്രോയിറ്റ് അടവും, പിന്നെ ആരെയൊക്കെ ശപിക്കണമെന്ന് തീരുമാനിക്കുന്ന ശാപകേന്ദ്രമായ മുത്തുവിന്റെ ഞാനൊന്നുമറിഞ്ഞില്ലേ, മറ്റുള്ളവര്‍ പറഞ്ഞുകേട്ടതാണ് എന്നുള്ള ശിഖണ്ഢിത്തരങ്ങള്‍ നിറഞ്ഞ ചിക്കാഗോ അടവും എന്തിനു വേണ്ടിയുള്ളതാണെന്ന് തൊമ്മന്‍ പറഞ്ഞുതരാം. ഇതിനുള്ളിലെ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും എന്റെ മക്കള്‍ അറിയണം.
ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം സത്യവേദപുസ്തകമാണ്. സത്യവേദപുസ്തകത്തിലുടനീളം പരിശോധിച്ചാല്‍ നൂറില്‍ താഴെ മാത്രം വചനങ്ങളില്‍ കാണുന്ന വാക്കാണ് ശാപം (കേഴ്‌സ്). അതിലൊന്നില്‍ പോലും വൈദീകശാപം എന്നൊന്നില്ല. പ്രവാചകരോ, പുരോഹിതരോ ആരേയും ശപിച്ചു കാണുന്നുമില്ല. ആര്‍ക്കും വൈദീകശാപം ഏറ്റിട്ടുമില്ല. പിന്നെ ആര്‍ക്കെങ്കിലും ഒരു ബുദ്ധിമുട്ടു വരുമ്പോള്‍, അല്ലെങ്കില്‍ ഒരു കഷ്ടപ്പാടുണ്ടാകുമ്പോള്‍ അതിനെ വൈദീകശാപത്തിന്റെ ഉദാഹരണമായി പറയുന്നത, പറയുന്നവന്റെ വിവരക്കേടന്നല്ലാതെ എന്തു പറയാന്‍. ഇതു വിളിച്ചു പറയുന്ന വൈദീകന്‍,താനണിഞ്ഞിരിക്കുന്ന തിരുവസ്ത്രത്തേയും, കൈയ്യില്‍ പിടിച്ചിരിക്കുന്ന വേദപുസ്തകത്തേയും കളിയാക്കുകയല്ലേ ചെയ്യുന്നത്?
ഫലം ഇല്ലാതിരുന്ന അത്തിവൃക്ഷത്തെ ശപിച്ച യേശു, തന്നെ കുരിശിലേറ്റിയവരെ ശപിക്കാതെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണു ചെയ്യുന്നത്. യേശുവിന്റെ അത്തിമരത്തെ ശപിക്കുന്ന സംഭവമാണ് ഈ വൈദീകര്‍ പറഞ്ഞു ഫലിപ്പിക്കാനുപയോഗിക്കുന്ന ഉദാഹരണമെങ്കില്‍, ആ ശാപം ഏല്‍ക്കുന്നതു ഫലം പുറപ്പെടുവിക്കാതിരിക്കുന്ന വ്യക്തികള്‍ക്കായിരിക്കണം. എന്നു പറഞ്ഞാല്‍ ഏല്‍പിച്ച ഉത്തരവാദിത്വം ശരിയായി ചെയ്യാത്തവര്‍ക്ക്. ക്രിസ്തുവിന്റെ പ്രതിപുരുഷസ്ഥാനം അലങ്കരിക്കുകയും, അതിനു നിരക്കാത്ത ജീവിത ചര്യകളും, സ്ഥാനമോഹങ്ങളും, അധികാരമോഹവുമാകുന്ന ചീത്ത ഫലം പുറപ്പെടുവിക്കുന്നവര്‍ക്കാണ് ഈ ശാപം ഏല്‍ക്കുക. അല്ലാതെ നിരപരാധികളും, കുടുംബത്തിനുവേണ്ടി ചോരയും നീരും ഊറ്റി ജോലി ചെയ്ത് കാശുണ്ടാക്കി, കുടുംബത്തിനും, ഈ പറയുന്ന ശാപവാക്കുകള്‍ ചൊരിയുന്നവര്‍ക്കും വേണ്ടി ചിലവാക്കുന്നവര്‍ക്കല്ല. ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മയെ ഓര്‍ത്ത് യാതൊരു മനഃസാക്ഷിക്കുത്തും തോന്നാത്ത ഈ വൈദീകര്‍, തങ്ങള്‍ പറയുന്ന ശാപവചസുകള്‍ തങ്ങള്‍ക്കു തന്നെ ശാപമാണെന്നു മനഃസിലാക്കാനുള്ള വിവേകമെങ്കിലും കാണിച്ചിരുന്നെങ്കിലെന്ന് തൊമ്മന്‍ വെറുതേ ആശിച്ചു പോവുകയാണ്.
ഉല്‍പത്തിപുസ്തകം പന്ത്രണ്ടാം അദ്ധ്യായം മൂന്നാം വാക്യവും, സംഖ്യ പുസ്തകം ഇരുപത്തിരണ്ടാം അദ്ധ്യായം പന്ത്രണ്ടാം വാക്യവും, ഗലാത്തിയാക്കാര്‍ക്കെഴുതിയ ലേഖനം മൂന്നാം അദ്ധ്യായം പതിമൂന്നാം വാക്യവും ഇക്കൂട്ടര്‍ ഒന്നു വായിക്കുന്നതു നല്ലതാണ്. മാത്രവുമല്ല, വേദപുസ്തകം ആത്മാര്‍ത്ഥമായി ഒരു പ്രാവശ്യമെങ്കിലും, ആദ്യം മുതല്‍ അന്ത്യം വരെ വായിച്ചിട്ടുള്ള ഒരാള്‍ക്കും മറ്റൊരാളെ ശപിക്കാന്‍ തോന്നുകയുമില്ല. മറിച്ച്, ക്രിസ്തുവിനെപ്പോലെ, ആദ്യ രക്തസാക്ഷിയായ എസ്തപ്പാനോസിനെപ്പോലെ, തങ്ങളെ ദ്രോഹിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ കഴിയൂ. അതിനു സാധിക്കാത്ത ഈ വൈദീകര്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നതെങ്ങനെ. നിങ്ങള്‍ ബലിയര്‍പ്പണത്തിനു വരുമ്പോള്‍, സഹോദരനുമായി രമ്യതപ്പെട്ടിട്ടില്ലെങ്കില്‍, ബലിവസ്തു ബലിപീഡത്തിനരികെ വച്ചിട്ട് പോയി നിന്റെ സഹോദരനോടു ആദ്യം രമ്യതപ്പെടുക, അല്ലെങ്കില്‍ നിന്റെ ബലി ദൈവം സ്വീകരിക്കുകയില്ല എന്നുള്ള കാര്യം ഇവര്‍ മനഃപൂര്‍വ്വം മറക്കുന്നു. ഇങ്ങനെയുള്ള ഇക്കൂട്ടര്‍ അര്‍പ്പിക്കുന്ന കുര്‍ബാന ദൈവതിരുമുമ്പില്‍ സ്വീകരിക്കപ്പെടില്ല എന്നുള്ളതിനു ദൈവവചനം തന്നെ സാക്ഷ്യം. ഒന്നാം സങ്കീര്‍ത്തനത്തില്‍ പറയുന്നതു പോലെ ഇക്കൂട്ടരോടു കൂട്ടു കൂടുകയും, ഇവരുടെ കൂടെ ഇരിക്കാതിരിക്കുകയും ചെയ്യുന്നതാണ് ദൈവാനുഗ്രഹം കിട്ടുന്ന വഴി.
ആയതിനാല്‍ എന്റെ പ്രിയമക്കളേ, വൈദീകശാപം എന്നുള്ള ഒന്നില്ല. എന്നു മാത്രവുമല്ല, അതിന്റെ പേരില്‍ ഒരനര്‍ത്ഥവും ആര്‍ക്കും വരികയുമില്ല. സഭാപ്രസംഗിയുടെ പുസ്തകം മൂന്നാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, എല്ലാത്തിനും ഒരു സമയം ദൈവം തീരുമാനിച്ചിരിക്കുന്നു. മാത്രവുമല്ല, ദൈവം നമ്മളെയെല്ലാം ദൈവത്തിന്റെ കണ്ണിലെ കൃഷ്ണമണിയെപ്പൊലെ കാക്കുന്നു. നമ്മുടെ നാമം അവന്‍ തന്റെ ഉള്ളംകയ്യില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
കര്‍ത്താവു പറയുന്നു. ചെറിയ അജഗണമേ, ഭയപ്പെടേണ്ട, ഞാന്‍ നിങ്ങളോടു കൂടെയുണ്ട്.
ആയതിനാല്‍ അത്തിമരത്തെ അതിന്റെ ഫലം കൊണ്ടു തിരിച്ചറിയൂ. യോഹന്നാന്റെ സുവിശേഷം പത്താം അദ്ധ്യായം പത്താം വാചകം നമ്മുക്ക് ചൂണ്ടുപലകയാവട്ടെ.
വേദപുസ്തകം പഠിപ്പിക്കുന്ന യഥാര്‍ത്ഥ ശാപങ്ങളെപ്പറ്റിയുള്ള വിവരണങ്ങളുമായി ഈ ലേഖനം തുടരും.
സസ്‌നേഹം
തൊമ്മന്‍
No comments:
Post a Comment