മാക്കീല്‍ കുടുംബം എന്ന് കേള്‍ക്കുമ്പോള്‍ ഭൂരിഭാഗം ക്നാനയക്കാരുടെ മനസ്സിലേക്ക് ഓടി വരുന്നത് ദൈവദാസനായ മാക്കീല്‍ പിതാവിന്റെ ഓര്‍മ്മയാണ്. ക്നാനായക്കാരുടെ ആദ്യമെത്രാന്‍, സീറോമലബാര്‍ സഭയില്‍ മെത്രാനായിരുന്നിട്ടുള്ള ഏക ക്നായക്കാരന്‍ - അത്തരം നിരവധി വിശേഷണങ്ങള്‍ക്ക് യോഗ്യനായ മാക്കീല്‍ പിതാവ് അദ്ദേഹത്തിന്റെ കുടുംബത്തിന് പേരും പ്രശസ്തിയും നേടിക്കൊടുത്തു.
മാഞ്ഞൂരും സമീപത്തും താമസിക്കുന്ന ചില ദോഷൈകദൃക്കുകള്‍ മാക്കീല്‍ കുടുംബം എന്ന് കേട്ടാല്‍ ഓര്ക്കുന്നത് മാക്കീല്‍ കുടുംബക്കാരുടെ ചാത്തമാണ്. തീരെ ചെറുപ്പം മുതലേ കേള്‍ക്കുന്നതാണ്, “മാക്കീല്‍ക്കാരുടെ ചാത്തം പോലെ” എന്ന പ്രയോഗം. തുടക്കത്തില്‍ സംഭവം എന്താണെന്ന് പിടിയില്ലായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ കാര്യം മനസ്സിലായി. ആ പ്രദേശത്തുള്ള കുടുംബങ്ങളില്‍, അംഗസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന കുടുംബമാണ് മാക്കീല്‍ കുടുംബം. ആ കുടുംബത്തിന് പല ശാഖകളുണ്ട് – പാറശ്ശേരി, കല്ലിടിക്കില്‍, വടാത്തല, പുത്തന്‍പുരയ്ക്കല്, അങ്ങനെ പല ശാഖകള്‍; എല്ലാം മാക്കീല്‍ കുടുംബം തന്നെ. ഒരു ചാത്തം, അല്ലെങ്കില്‍ അതുപോലെ മറ്റൊരു ചടങ്ങ് നടക്കുമ്പോള്‍ (ഇന്നത്തെ പോലെ ഒരു കല്യാണത്തിന് ആയിരവും രണ്ടായിരവും പേര്‍ പങ്കെടുക്കുന്ന രീതി അടുത്ത കാലം വരെ ഉണ്ടായിരുന്നില്ല. ഒരു കല്യാണത്തിന് നാല്പതു അല്ലെങ്കില്‍ അന്‍പത് പേര്‍ - അത്രമാത്രം). ചടങ്ങുകള്‍ക്ക് കുടുംബത്തിന് വെളിയിലുള്ളവരെ ക്ഷണിക്കാന്‍ കഴിയാറില്ലായിരുന്നു. കുടുംബക്കാര്‍ തന്നെ ചാത്തം കൂടും; ആരെങ്കിലും ഒരാള്‍ ചോദിക്കും, “എങ്ങിനെയുണ്ടായിരുന്നു നമ്മുടെ ചാത്തം?” ചോദ്യകര്‍ത്താവിന്റെ സഹോദരന്‍, അല്ലെങ്കില്‍ കസിന്‍ ഉടന്‍ ഉത്തരം പറയും. “ഉഗ്രന്‍!” (അടിപ്പൊളി എന്ന വാക്ക് അന്ന് പ്രയോഗത്തിലുണ്ടായിരുന്നില്ല – ഉദ്ദേശിച്ചത് അത് തന്നെ).
അങ്ങനെയാണ് മാക്കീല്‍കാരുടെ ചാത്തത്തിന്, ആത്മപ്രശംസ എന്ന അര്‍ഥം (Blowing one’s own trumpet എന്ന് ഇംഗ്ലീഷില്‍) കൈവന്നത്.
എന്നാല്‍ 1954-ല്‍, അന്ന് നാലര വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഒരു കൊച്ചുകുട്ടി മാക്കീല്‍ പിതാവെന്ന് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. മാക്കീകാരുടെ ചാത്തിത്തിന്റെ അര്‍ത്ഥതലങ്ങളും ആ കുട്ടിക്കറിയില്ലായിരുന്നു. എങ്കിലും മാക്കീല്‍ കുടുംബത്തില്‍ വച്ച് നടന്ന ഒരു മാമോദീസാസദ്യ ആ കുട്ടിക്ക് മറക്കാനാവാത്ത അനുഭവമാണ്. സത്യത്തില്‍ അത് ആ കുട്ടിയുടെ അവ്യക്തമെങ്കിലും ഒരു ആദ്യ ഓര്‍മ്മയാണെന്നു വേണമെങ്കില്‍ പറയാം.
അന്നത്തെ നാലര വയസ്സുകാരന്റെ ചിറ്റപ്പന്‍ - പിതാവിന്റെ ഇളയ സഹോദരന്‍ - വിവാഹം ചെയ്തത് മകുടാലയം പള്ളിയുടെ തൊട്ടു പടിഞ്ഞാറുള്ള കല്ലിടിക്കില്‍ അപ്പച്ചന്‍ എന്ന് വിളിച്ചിരുന്ന ഏപ്പുചേട്ടന്റെ രണ്ടാമത്തെ പുത്രിയെയാണ്. അവരുടെ ആദ്യസന്താനം (ബെന്നി എന്ന് വിളിക്കപ്പെട്ട ജോസ് എബ്രഹാം) ജനിച്ചപ്പോള്‍, മാമോദീസ മോടിയായി നടത്തി. കുടുംബത്തില്‍ നിന്ന് പലരോടൊപ്പം ആ കുട്ടിയും മാമോദീസയില്‍ പങ്കെടുക്കാന്‍ പോയി.
കല്ലിടിക്കില്‍ കുടുംബത്തിന്റെ ചാവടിയില്‍, മടക്കിയിട്ട പായിലിരുന്ന് ഇലയില്‍ വിളമ്പിയ ഭക്ഷണത്തിന്റെ കൂട്ടത്തില്‍, പാച്ചോറിനോപ്പം ഒരു കക്ഷണം ചക്കര ഉണ്ടായിരുന്നു. ഭക്ഷണമെല്ലാം കഴിഞ്ഞ്, സാവധാനം ആസ്വദിച്ചു കഴിക്കേണ്ടതാണ് ചക്കര എന്ന തിരിച്ചറിവില്‍ അത് ഇലയുടെ ഒരറ്റത്ത് മാറ്റി വച്ച്, മറ്റു വിഭവങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. പിന്നീടുള്ള ഓര്‍മ്മ അവ്യക്തമാണ്. തിരിച്ചു കൈപ്പുഴയ്ക്ക് പോകുമ്പോള്‍ വള്ളത്തേല്‍ കിടന്നു കുട്ടി ഉറങ്ങിപ്പോയി. പെട്ടെന്ന് ചാടിയെണീറ്റ്, “ചാക്കോചേട്ടാ, വള്ളം തിരിച്ചു വിട്, എന്റെ ചക്കര എടുക്കാന്‍ മറന്നു പോയി....” എന്ന് നിലവിളിച്ച കുട്ടിയുടെ അവ്യക്തരൂപം അന്‍പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും ഓര്‍മ്മിക്കുന്നു.
പകുതി വഴി പോന്ന വള്ളം തിരിച്ചു വിട്ടില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ സംഭവത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. ഇന്നാണെങ്കില്‍ പിറ്റേ ദിവസമെങ്കിലും ആരെങ്കിലും ആ കുട്ടിയ്ക്ക് അല്പം ചക്കര വാങ്ങി കൊടുക്കാതിരിക്കില്ല. അമ്മയോ, വല്ല്യപ്പനോ, വല്ല്യമ്മയോ ആരെങ്കിലും പറയും, “പാവത്തിന് ചക്കരയുടെ പൊക്കിള്‍ എങ്കിലും വാങ്ങികൊടുക്ക്.... ബാലമനസ്സല്ലേ, വേദനിപ്പിക്കേണ്ട... വല്ല ഡിപ്രഷനും പിടിക്കും.”
പക്ഷെ ആ കുട്ടിയെ വര്‍ഷങ്ങളോളം അതിന്റെ പേരില്‍ ചേട്ടന്മാരും ബന്ധുക്കളും കളിയാക്കിയതല്ലാതെ, ഒരു കക്ഷണം ചക്കര അത്രയും കരഞ്ഞതിന്റെ പേരില്‍ ആരും വാങ്ങി കൊടുത്തില്ല.
ഒരുപക്ഷെ അത്തരം പരുക്കന്‍ ജീവിതമല്ലേ ഇന്നത്തെ കുട്ടികളുടെ അല്ലലില്ലാത്ത ജീവിതത്തേക്കാള്‍ നമുക്ക് ജീവിക്കാന്‍ കരുത്ത് നല്‍കുന്നത്?
ഇലയുടെ അറ്റത്തേയ്ക്ക് ചക്കരകക്ഷണം മാറ്റി വച്ച ആ പയ്യന്‍ ഈയെഴുതുന്ന ഞാന്‍ തന്നെ.
എനിക്ക് മാക്കീല്‍ കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു ഓര്‍മ്മ കൂടിയുണ്ട്. ഈ ഓര്‍മ്മയ്ക്ക് വീര്യം അല്പം കൂടുതലാണ്.
ചക്കരകക്ഷണം മറന്നുവച്ചിട്ട് വര്ഷം ഏതാണ്ട് പതിനഞ്ചു കഴിഞ്ഞു. മൂക്കിനു താഴെ മീശ മുളയ്ക്കുന്നു. കോളേജ് കുമാരന്‍. മാഞ്ഞൂരുള്ള ഒരു സുഹൃത്തിന്റെ അമ്മ മരിച്ചു. ശവദാഹത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ കുറേ കൂട്ടുകാര്‍ പോയി. തിരിച്ചു വരുമ്പോള്‍ സഹപാഠിയും കൂട്ടുകാരനുമായ അവറാച്ചന്റെ മാക്കീല്‍ കളപ്പുരയില്‍ വീട്ടില്‍ കയറി. ഒരു ചായ കിട്ടുമെന്ന് വച്ചാണ് ഞങ്ങള്‍ അവിടെ കയറിയത്. പക്ഷെ സല്ക്കാരപ്രിയനായ അവറാച്ചന്‍ വീടിന്റെ പിറകിലെ ചാവടിയില്‍ കൊണ്ടുപോയി, ചാരായം തന്നു സല്‍ക്കരിച്ചു. ഒറ്റയടിക്ക് അത്രയും ചാരായം കുടിച്ചത് ആദ്യാനുഭവം. ഇറക്കാന്‍ സ്വല്പം ബുദ്ധിമുട്ടി. സുഖമുള്ള ലഹരി, നടക്കാന്‍ ലേശം വിഷമം. “ഹേയ്, ഞങ്ങള്‍ക്കാര്‍ക്കും ഒരു കുഴപ്പവും ഇല്ല...” പോരുന്ന വഴി കളപ്പുരക്കല്‍കാരുടെ തന്നെ കള്ളുഷാപ്പില്‍ കയറി ഒരു താറാന്‍മുട്ടയും പൂവമ്പഴവും കഴിച്ചു. ഏതോ ദുഷ്ടന്റെ ഉപദേശം! ഒരു തരത്തില്‍ നീണ്ടൂര്‍ വില്ലേജ് ഹാള്‍ വരെ എത്തി. ഇനിയും നടക്കാന്‍ വയ്യ. ഒരു തൊണ്ടില്‍ വെട്ടിയിട്ടിരുന്ന തെങ്ങിന്‍തടിയേല്‍ ഇരുന്നു. പിന്നെ അങ്ങോട്ട് കുടഞ്ഞിട്ടു ചര്‍ദ്ദിച്ചു. ഒരു തരത്തില്‍ തല പൊക്കി നോക്കിയപ്പോള്‍, കൈലിയും ബ്ലൌസും ധരിച്ച് വഴിയെ നടന്നുപോകുന്ന ഒരു പ്രായമുള്ള സ്ത്രീ നോക്കുന്നു. അവര്‍ ഉറക്കെ ഒരു ആത്മഗതം, “മൊട്ടേന്നു വിരിഞ്ഞില്ല....”
ആ സ്ത്രീയെ എന്റെ ഭാര്യ കണ്ടാല്‍ തക്കതായ ഒരു സമ്മാനം കൊടുക്കാതിരിക്കില്ല. കാരണം അവള്‍ക്കറിയാം ആ സ്ത്രീയാണ് എന്നെ മദ്യത്തെ വെറുക്കാന്‍ സഹായിച്ചത്.
അങ്ങിനെ മാക്കീല്‍ കുടുംബത്തിലെ ചാരായവും മാക്കീല്‍ ഷാപ്പിലെ താറാന്‍മുട്ടയും പൂവമ്പഴവും എന്നെ ഒരു മദ്യവിരുദ്ധനാക്കി. നാട്ടുകാരെ മുഴുവന്‍ കള്ളുകുടിപ്പിച്ച മാക്കീല്‍ കുടുംബം എന്നെ കള്ള് കുടിക്കാത്തവനാക്കിയത് ഒരു വിരോധാഭാസം തന്നെ.
നാളെ ഇന്ത്യന്‍ റിപ്പബ്ലിക്ദിനത്തില്‍ യു.കെ.യിലെ മാക്കീല്‍ കുടുംബാംഗങ്ങള്‍ അവരുടെ കുടുംബസംഗമം നടത്തുന്നു. എന്റെ ആദ്യകാല സ്മരണയുമായി ബന്ധപ്പെട്ട ആ കുടുംബത്തിനും, കുടുംബാംഗങ്ങള്‍ക്കും എന്റെ ആശംസകള്. എല്ലാ വര്‍ഷവും ഇത് വിജയകരമായി നടക്കട്ടെ. ഈ സംഗമത്തിന്റെ പേരില്‍ എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനും അവര്‍ക്ക് തോന്നട്ടെ.
നിങ്ങളില്‍ ആരെങ്കിലും എനിക്ക് ഒരു കക്ഷണം ചക്കര സ്പോണ്സര്‍ ചെയ്യുമോ!
വാല്‍ക്കക്ഷണം:
പത്തിരുപതു വര്‍ഷം മുമ്പ് മുന്‍ എം.എല്‍.എ. എം.സി. അബ്രാഹം മാക്കീല്‍ കുടുംബചരിത്രം എഴുതിയിട്ടുള്ളതായി കേട്ടിട്ടുണ്ട്. അത് ഇന്ന് ലഭ്യമാണോ എന്നറിയില്ല. ക്നാനായ സമുദായത്തിലെ പലര്‍ക്കും ആ ചരിത്രം അറിയാന്‍ താല്പര്യം കാണും. അതിന്റെ ഒരു ഓണ്‍ലൈന്‍ പതിപ്പുണ്ടാകണമെന്നു മാക്കീല്‍ കുടുംബക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.
അലക്സ് കണിയാംപറമ്പില്‍
മാക്കീല്‍ കുടുംബചിത്രങ്ങള്‍
No comments:
Post a Comment