ഹൂസ്റ്റണ്‍ നിവാസിയായ ജെയിംസ് തുണ്ടത്തില്‍ പത്തു വര്ഷം മുമ്പ്, 2003-ല്‍, എഴുതിയതാണ് ചുവടെ കൊടുക്കുന്ന ലേഖനം.
ഇതിന്റെ ഇന്നത്തെ പ്രസക്തി വായക്കാര്‍ തന്നെ വിലയിരുത്തുക.
ഇതോ ക്നാനായ ഗ്ലോബലിസം?
അമേരിക്കയില്‍ നടന്നിട്ടുള്ള പല ക്നാനായ സംഗമങ്ങളിലും കേട്ട് തഴമ്പിച്ച കാര്യമാണ് ക്നാനായക്കാരുടെ അമേരിക്കന്‍ കുടിയേറ്റം. സഭയുടെയും സമുദായത്തിന്റെയും സഹായത്തോടെയല്ല ഈ കുടിയേറ്റം എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇവിടെ വന്നവരില്‍ ഭൂരിഭാഗവും നാട്ടില്‍ പോയി സ്വന്തം സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിച്ചുവരികയും കുടുംബത്തില്‍ പെട്ടവരെ മുഴുവന്‍ കൊണ്ടുവരികയും മറ്റും ചെയ്തു സമുദായം വളര്‍ന്നപ്പോള്‍ വളക്കൂര്‍ നോക്കി സമുദായ നേതാക്കളുടെ സഹായത്തോടെ വൈദികരെ അയച്ചു മിഷനുകള്‍ സ്ഥാപിച്ചു ഒരുതരം കച്ചവടം തുടങ്ങി വയ്ക്കുകയാണുണ്ടായത്.
“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും
കൂടി മണ്ണ് പങ്കുവച്ചു”
വയലാറിന്റെ ഈ വരികള്‍ എത്രയോ അര്‍ത്ഥവത്താണ്!
ഹൂസ്റ്റണിലെ സ്വീകരണ വേളയില്‍ ഫാ. മുത്തോലത്ത് നമുക്കൊരു വികാരിയത്തിനും സഹായമെത്രാനും വേണ്ടി പടപൊരുതണമെന്നും അതിനായി നമ്മുടെ പൂര്വികരെപ്പോലെ എന്തും സഹിച്ചു മുന്നോട്ടു പോകണമെന്നും ഇടയജനങ്ങളോട് വികാരഭരിതമായ ഒരു തട്ടുപൊളിപ്പന്‍ പ്രസംഗം കാഴ്ചവച്ചു. അതിന്റെ മുന്നോടിയായി ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ പോയ ഫാ. മുത്തോലത്തും ശിങ്കിടികളും ‘അമ്പാടന്‍ ആലപ്പുഴക്ക് പോയതുപോലെ’ മടങ്ങിപ്പോരെണ്ടിയും വന്നു. ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ലേബലില്‍ നടത്തിയ മറ്റു ചില ബിസിനസുകള്‍ മാത്രം ലാഭം. ഇപ്പോള്‍ സ്വന്തം കസേര ഉറപ്പിക്കാന്‍ വേണ്ടി ഫാ. മുത്തോലത്തും സഹവൈദികരും സീറോമലബാറിന് വേണ്ടി ക്നാനായ സമുദായത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്നു. അതിനായി കൂടെ നില്‍ക്കുന്ന ചിലരെ തോളിലേറ്റാനും മടി കാണിക്കുന്നില്ല. എന്നാല്‍ തോളിലേറ്റപ്പെട്ടവരെ എപ്പോഴാണ് കുലുക്കിതറയിലിടുക എന്നറിയില്ല.
സ്വാര്‍ത്ഥ ലാഭത്തിനായി വൈദികര്‍ സമുദായത്തെ ഒറ്റുകൊടുക്കുന്നത് ഒരു സ്ഥിരം കാഴ്ചയായി ഇന്ന് മാറിയിരിക്കുന്നു. ഇതിനുദാഹരണമാണല്ലോ ന്യൂയോര്‍ക്കിലെ ക്രിസ്തുമസ് ആഘോഷത്തോട് അനുബന്ധിച്ചു നടത്തേണ്ടിയിരുന്ന വിശുദ്ധ ബലി വൈദികന്‍ തന്നെ സിറ്റി അധികാരികളെ വിളിച്ചു മുടക്കിയതും മറ്റൊരു വൈദികന്‍ ഒരു സമുദായനേതാവ് പ്രസംഗിക്കുന്ന വേളയില്‍ മൈക്ക് പിടിച്ചു വാങ്ങുകയും ലൈന്‍ കട്ട് ചെയ്യുകയും ചെയ്ത അപലപനീയമായ സംഭവങ്ങള്‍.
നമ്മുടെ സമുദായത്തിലുള്ള ചിലര്‍ മറ്റു സമുദായത്തിലുള്ളവരെ വിവാഹം ചെയ്തപ്പോള്‍ അവരെ സഭയില്‍ നിന്നും പുറത്താക്കി പടി അടച്ചു പിണ്ഡം വച്ചു. ഇപ്പോള്‍ പറയുന്നു അവര്‍ക്ക് ക്നാനായ മിഷ്യനില്‍ - അതും അമേരിക്കയില്‍ മാത്രം – അംഗത്വം കൊടുക്കണമെന്ന്. പക്ഷെ, അവരുടെ ജീവിതപങ്കാളിക്കും മക്കള്‍ക്കും അത് നിഷേധിക്കുകയും ചെയ്യുന്നു. ഇതെന്തു വിരോധാഭാസം? ഇങ്ങനെ പോയാല്‍ നീതിന്യായ കോടതിയില്‍ നിന്നും തിരിച്ചടി കിട്ടുമെന്നതിനു സംശയമില്ല. ക്നാനായതനിമ നിലനിര്ത്തിക്കൊണ്ടുപോകാന്‍ ചെറുപ്പം മുതല്‍ മക്കളെ പഠിപ്പിച്ചിട്ടു ഇപ്പോള്‍ അവര്‍ തന്നെ ചോദിക്കുന്നു ക്നാനായക്കാരും ക്നാനായക്കാരല്ലാത്ത സീറോമലബാറുകാരും തമ്മിലെന്ത് വ്യത്യാസമെന്ന്? (“കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതരാകണം, കോട്ടയമെന്നു കേട്ടാല്‍ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍” എന്ന് വിപ്ലവാഭിവാദനം പലപ്പോഴും മുഴക്കിയിട്ടുള്ള സഭാ സാമുദായിക നേതാക്കള്‍ ഇപ്പോള്‍ എന്തുപറയുന്നു?) നാം ചെയ്തുകൊണ്ടിരിക്കുന്ന സമ്പ്രദായങ്ങള്‍ ശരിയല്ലെന്ന് സഭയ്ക്ക് ഇപ്പോള്‍ തോന്നുന്നുവെങ്കില്‍ അത് തറവാടായ കോട്ടയം മുതല്‍ തിരുത്തുകയാണ് വേണ്ടത്. ഗാല്‍വസ്റ്റന്‍ ബിഷപ്പ് ജോസഫ് ഫിയറന്‍സായുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കിയതാണ്, “ലാറ്റിന്‍ പള്ളിയില്‍ അംഗമായ ഏതൊരു സീറോമലബാറുകാരനും അത് തുടരുവാന്‍ സാധിക്കും. അതിനു അമേരിക്കന്‍ നിയമം അനുകൂലമാണ്.” പിന്നെ സ്റ്റാഫോര്‍ഡില്‍ (ടെക്സാസ്) നേരിട്ട് വത്തിക്കാന്റെ കീഴില്‍ കഴിയുന്ന ലാറ്റിന്‍ ഇടവകയുണ്ട്. അവര്‍ ഇപ്പോഴും പഴയ സുറിയാനി ക്രമം തുടരുന്നു. അവിടെ മറ്റുള്ള ക്രിസ്ത്യാനികള്‍ക്ക് അംഗത്വം കൊടുക്കുകയില്ല. അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. അതുപോലെ ക്നാനയക്കാര്‍ക്കും എന്തുകൊണ്ട് ആയിക്കൂട?
തങ്ങളുടെ പാരമ്പര്യവും ആചാര്യമാര്യാദകളും ആരാധനാക്രമങ്ങളും കാത്തു സൂക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും എന്ത് ത്യാഗവും സഹിക്കാന്‍ ക്നാനയക്കാര്‍ സന്നദ്ധരാണ്. ചുരുക്കം ചില വ്യക്തികളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി ക്നാനായക്കാര്‍ ബലിയാടാകരുത്. ഈ പ്രതിസന്ധിയില്‍ ധീരതയും സമുദായ സ്നേഹവവും ഉള്‍ക്കൊണ്ടു അഭിമാനത്തോടെ മുന്നേറുക.
ജെയിംസ് തുണ്ടത്തില്‍
ഹൂസ്റ്റണ്‍
അടിക്കുറിപ്പ്:
ഈ ലേഖകന്റെ പുത്രന്റെ വിവാഹത്തെ ചുറ്റിപറ്റിയാണ് അടുത്തകാലത്ത് ഹൂസ്റ്റണില്‍ കല്യാണക്കുറി വിവാദം ഉണ്ടായത്.
അടിക്കുറിപ്പ്:
ഈ ലേഖകന്റെ പുത്രന്റെ വിവാഹത്തെ ചുറ്റിപറ്റിയാണ് അടുത്തകാലത്ത് ഹൂസ്റ്റണില്‍ കല്യാണക്കുറി വിവാദം ഉണ്ടായത്.
No comments:
Post a Comment