എന്റെ സ്വദേശം ഇടുക്കി ജില്ലയിലെ മരിയപുരം എന്ന ഗ്രാമം ആണ്.. ഇന്നും നല്ല രീതിയിലുള്ള ഒരു വികസനം സ്വപ്നം കണ്ടു കഴിയുന്ന ഒരു ഗ്രാമം... കാലം ഇത്ര പുരോഗമിച്ചിട്ടും എന്റെ ഗ്രാമത്തിലുള്ള റോഡുകള്‍ക്ക് മാത്രം ഒരു മാറ്റവും ഇല്ല, കുണ്ടും കുഴികളും, കരിങ്കല്‍ ചീളുകളും നിറഞ്ഞ അതേ വഴിത്താരകള്‍ ഒരു ബസില്‍ കയറി എന്റെ വീട്ട് പടിക്കല്‍ എത്തണമെന്ന് ഇന്നും ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍........... ചെറുപ്പം മുതല്‍ എന്തെങ്കിലും ഒക്കെ കുത്തികുറിക്കുമായിരുന്നു, വായനക്കാരോ, വലിയ ഒരു എഴുത്ത്കാരി ആയി വളരട്ടെ എന്നശംസിക്കാനോ ആരുമുണ്ടാകത്തതിനാല്‍ എന്റെ അക്ഷരങ്ങള്‍ അങ്ങനെ മാനം കാണാതെ വിശ്രമിച്ചു.. അങ്ങനെ എന്റെ കടുത്ത ജീവിതസമരങ്ങള്‍ക്കിടക്കു എഴുത്തും പടി അടക്കപെട്ട ഒരു പെണ്ണായി മാറിയിരുന്നു വിലപിച്ചു...
പഠിക്കുന്നതില്‍ വീറോടെ പോരാടിയതിനാല്‍ പത്താംതരം ഒന്നാം ക്ലാസില്‍ ജയിച്ചു പിന്നെ തുടര്‍ന്ന് പഠിക്കാന്‍ ഒരു സാഹചര്യം ഉണ്ടാകുമോ എന്ന് സംശയിച്ചു നിന്നപ്പോള്‍ അതാ ഞങ്ങളുടെ പഞ്ചായത്ത്കാര്‍ ഒരു സ്കോളര്‍ഷിപ്പ് പരിപാടിയുമായി മുന്നോട്ടു വന്നത്.. മാസം 300 രൂപ കിട്ടും അതിനു എനിക്ക് 30 തവണ ഗ്രാമസേവകനെ കാണണ്ടി വന്നിട്ടുണ്ട് (ഞാന്‍ പറയുന്നത് 2000 വര്ഷം മുന്‍പുള്ള കഥയല്ല ഒരു 15 വര്ഷം മുന്‍പുള്ള കാര്യം ആണ് കേട്ടോ) അങ്ങനെ മുരിക്കാശ്ശേരി കോളേജില്‍സയന്‍സ് ഗ്രൂപ്പ് എടുത്തു പഠിച്ചു.. ഹോസ്റ്റലില്‍ നിന്ന് പഠിക്കാനുള്ള "ജോര്‍ജ് കുട്ടി" ഇല്ലായിരുന്നതുകൊണ്ട് എല്ലാ ദിവസവും ഒന്ന് രണ്ടു മണിക്കൂര്‍ കോളേജിലേയ്ക്ക് യാത്ര ചെയ്തു. ആകെയുള്ള ഒരു ബസ് പോയാല്‍ പിന്നെ ജീപ്പിനു പോകണ്ടാതായി വരും അതിനുള്ള പണം (5 രൂപ) ഇല്ലാത്തതുകൊണ്ട് എത്രയോ ദിവസങ്ങളില്‍ മൈലുകള്‍ നടന്നു തിരിച്ചു വീട്ടിലെത്തിയിരിക്കുന്നു (1998-1999 കാലയളവില്‍ നടന്ന സംഭവങ്ങള്‍ ആണിതൊക്കെ..) പല ക്ലാസുകള്‍ നഷ്ട്ടപെടുത്തിയപ്പോഴും ദൈവം വിചാരിച്ചുകാണും “പാവമല്ലെ, എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ..” അങ്ങനെ ക്ലാസ്സോടുകൂടി വീണ്ടും ഞാന്‍ പാസായി.. പക്ഷെ ഇത്തവണ എന്റെ മാതാശ്രീ തീരുമാനിച്ചു എന്നെ തയ്യല്‍ പഠിക്കാന്‍ വിട്ടാല്‍ നല്ല ഒരു ജോലിയും, വീട്ടിലെ പശുക്കളുടെ കാര്യവും നന്നായി നടക്കും എന്ന്. (നാല് പെണ്മക്കളുള്ള ഏതൊരു മാതാവും ചിന്തിക്കുന്നതേ എന്റെ അമ്മയും ചെയ്തുള്ളൂ). ക്ലാസോടെ പാസയതിന്റെ സന്തോഷമോ, നല്ല ഒരു തയ്യല്‍ക്കാരി ആകുന്നതിന്റെ ആഹ്ലാദമോ ഒന്നും ഇല്ലാതിരുന്ന എനിക്ക് മുന്‍പില്‍ ഒരു ദേവത ആയി അവതരിച്ചത് എന്‍റെ സ്വന്തം ചേച്ചി ആണ്. ആന്ധ്രയില്‍ നഴ്സിംഗ് പഠിക്കാന്‍ വിട്ട അവളുടെ പഠനം കഴിയാറായി (അതിനു വേണ്ടി എന്റെ അമ്മ ഒരു പാട് കഷ്ട്ടപെട്ടിട്ടുണ്ട്) അവള്‍ക്കു ഒരു ജോലി കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ എന്റെ നഴ്സിംഗ് പഠനത്തിനു ആരംഭം കുറിച്ചു..
അങ്ങനെ ഞാനും ഒരു നര്സായി..!!
എന്റെ ജീവിതത്തില്‍ ആദ്യമായി എന്റെ ഗ്രാമത്തില്‍ നിന്നും ഞാന്‍ അങ്ങനെ പുറംലോകം കണ്ടു.. എന്റെ കൂട്ടുകാര്‍ക്കറിയാം എസ ന് എ (Student Nurses Association) പ്രസിഡന്റ് ആയ ഞാന്‍ ഫണ്ട് ശേഖരണം എന്ന മഹത്തായ കര്‍മ്മം ചെയ്തു എന്റെ ഫീസ് അടച്ചിരുന്ന വസ്തുതകള്‍!! അന്നും ചെറിയ കവിതകള്‍ എഴുതുമായിരുന്നു.. ചില സുഹൃത്തുക്കള്‍ ഒക്കെ അതിനെ "കപിത" പേരിട്ടു കളിയാക്കുകയും, ചിലര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.. എന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടങ്ങള്‍ എന്റെ നഴ്സിംഗ് പഠന ജീവിതകാലങ്ങള്‍ ആയിരുന്നു.. മനം നിറഞ്ഞു ചിരിക്കുകയും, മാനം കാണാതെ കരയുകയും, മാനം മുട്ടെ മോഹിക്കുകയും ചെയ്ത കാലങ്ങള്‍, നല്ല നല്ല കാമ്പുള്ള സൌഹൃദങ്ങള്‍, ഭീതിപെടുത്തുന്ന ബാങ്ക് വായ്പകളും, ദുര്ഘടങ്ങളായ വഴി യാത്രകളും, മലയും കുന്നും താണ്ടിയുള്ള പുല്ലു പറിക്കലും, പശു വളര്‍ത്തലും, വൈകിട്ടുള്ള ചാണകം വാരലും ഒന്നും ഓര്‍മയില്‍ ഒരിക്കല്‍ പോലും കടന്നു വരാതെ ഞാന്‍ വെറുതേ ചിരിച്ചും, ചിരിപ്പിച്ചും നടന്നു.. ആണ്ടിലൊരിക്കല്‍ വീട്ടില്‍ അവധിക്കു വരുമ്പോള്‍ (ഇന്ന് ചില ഗള്‍ഫ്‌കാരൊക്കെ വരുന്നതിനേക്കാള്‍ ഗമയില്‍) കാലിയായ അച്ചാറു പാത്രങ്ങളും, പഴംതുണി കെട്ടുകളുമായി ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍, (ഇന്ന് നെടുമ്പാശ്ശേരിയില്‍ കാത്തുനില്‍ക്കുന്ന) ബന്ധുക്കളോ സ്വന്തക്കാരോ ആരും ഉണ്ടാവാറില്ല. ഒറ്റയ്ക്ക് വെളുപ്പാന്‍കാലത്ത് ഇടുക്കിയിലേക്കുള്ള യാത്രയില്‍ ഉടനീളം തിരിച്ചു ഇങ്ങോട്ട് വരുന്നതിന്റെ സന്തോഷം മാത്രമാണുണ്ടായിരുന്നത്.. (എന്റെ ഫാന്റസി ലോകത്ത് നിന്നും വീണ്ടും കണ്ണിരീന്റെ ഉപ്പുരസവും, യാഥാര്‍ത്ഥ്യങ്ങളുടെ വീര്‍പുമുട്ടിക്കുന്ന പുകമണവും ശ്വസിച്ചു മടുത്തു മടക്കയാത്ര സ്വപ്നം കണ്ടിരുന്ന ഒരു പാവം നഴ്സ് കുട്ടി..)
അങ്ങനെ പഠനം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്ക് വേണ്ടി ഗുജറാത്തിലേക്ക് വണ്ടി കയറുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ജോലി ചെയ്തു കടങ്ങള്‍ ഒക്കെ വീട്ടുക (മാസം 5000 രൂപ ശമ്പളം കിട്ടുന്ന ഒരു സാധാരണ ന്സ്ഴ്സിനു സ്വപ്നം കാണുന്നതിനു ആര്‍ക്കും കാശു കൊടുക്കണ്ടി വന്നില്ല.. ഭാഗ്യം!!) അന്ന് മുതല്‍ അങ്ങനെയാണ് ഞാന്‍ ജീവിക്കാന്‍ പഠിച്ചത്.. 5000 കിട്ടിയാല്‍ എങ്ങനെ 5000 രൂപയും വീട്ടിലെക്കയക്കാന്‍ കഴിയുമെന്നു ഞാന്‍ കണക്കുകള്‍ കൂട്ടിയും കുറച്ചും നോക്കി, അങ്ങനെ ഒരു ആശയം തോന്നി "പിന്നെയോ മനസില്‍ കൊതി ഉണര്‍ന്നാല്‍ പിഞ്ചിലെ നുള്ളിക്കളയണം” എന്ന ഒഎന്‍വി കവിത ചൊല്ലി ഞാന്‍ സായുജ്യം അടയാന്‍ ശ്രമിച്ചു.. അങ്ങനെ ചെറിയ ചെറിയ കൊതികള്‍ ജനനത്തിനു മുന്‍പ് മരിച്ചുവീണു അതില്‍ നല്ല വസ്ത്രങ്ങളും, നല്ല ഭക്ഷണവും, പുറത്തു കടകളില്‍ പോക്കും ഒക്കെ കൊക്കില്‍ ഒതുങ്ങാത്ത കൊക്കായി മാറി... അവിടെയും ഇവിടെയും പറന്നു നടന്നു.. പിന്നീടു വറ്റിവരണ്ട കവിതയും, കഥകളും പുനര്‍ജനിക്കാനായി കാത്തിരുന്നു.. ഒരു പാട് വര്‍ഷങ്ങള്‍... അങ്ങനെയാണ് ഈ കഥകളും, കവിതകളും ഒക്കെ ഇവിടെ ഈ സൂര്യന്‍ അസ്തമിക്കാത്ത നാട്ടില്‍ അത് വീണ്ടും ജനിക്കുന്നത്...!!
സിന്ധു
No comments:
Post a Comment