Monday, January 21, 2013

തനിമയില്ലാത്ത ക്നാനായ പള്ളികള്‍ സമുദായത്തെ എങ്ങിനെ നിലനിര്ത്തും ? – ഡോമി തറയില്‍


സ്വവംശവിവാഹ നിഷ്ടയിലധിഷ്ടിതമായ തനിമയാണ് ക്നാനായ സമുദായത്തിന്റെ പ്രത്യേകത. കേരളത്തില്‍ കോട്ടയം രൂപതയുടെ കീഴിലുള്ള പള്ളികളെല്ലാം ഈ തനിമയില്‍ നിലനില്ക്കുന്ന പള്ളികളാണ്. അതുകൊണ്ടാണ് സ്വന്തമായ പൈതൃകമുള്ള നമുക്ക് നമ്മുടെ പള്ളികളിലൂടെയും രൂപതയിലൂടെയും നിലനില്ക്കാന്‍ സാധിക്കുന്നത്. നാട്ടില്‍ ക്നാനായ കത്തോലിക്കര്‍ ‍ആരെന്നു ചോദിച്ചാല്‍ പറയുവാന്‍ സാധിക്കും, കോട്ടയം രൂപതയില്‍ പെട്ടവരെല്ലാം ക്നനയക്കരാണ് എന്ന്. കോട്ടയം രൂപതയിലെ പള്ളികളിലെല്ലാം ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ക്നാനയക്കാര്‍ ആയവര്ക്കുവേണ്ടി മാത്രമാണ്. അതാണ്‌ വിശ്വാസ സമൂഹമായ ക്നായക്കാരുടെ ഐഡന്റിറ്റി. ഈ പള്ളികളിലൂടെ വളര്‍ന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ ഈ പ്രത്യേകത മനസ്സിലാക്കുന്നതിനാല്‍ കഴിവതും സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിക്കുവാന്‍ പ്രേരിതരാകുന്നു. അങ്ങിനെയാണ് നമ്മുടെ സമുദായം ഇത്രയും നാള്‍ തനിമ കാത്തു നിലനിന്നത്‌. അപ്പോള്‍ പിന്നെ ഈ തനിമ നിലനിര്‍ത്താന്‍ സാധിക്കാത്ത ക്നാനായ പള്ളികള്‍ക്ക് ‍എങ്ങിനെ സമുദായത്തെ നിലനിര്ത്താനാവും?

അമേരിക്കയില്‍ പള്ളികള്‍ ഉണ്ടാവുന്നതിന്‍ എത്രയോ വര്ഷം മുന്പ് നമ്മള്‍ സംഘടനകളിലൂടെ ക്നാനായ കൂട്ടായ്മ വളര്‍ത്തി നിലനിന്നു. നാട്ടിലേതുപോലെ പള്ളികളില്‍ കൂടിയല്ലെങ്കിലും സമുദായപരമായി ഒരു നിലനില്പ് നമുക്കുണ്ടായിരുന്നു. ആ കൂട്ടായ്മയിലൂടെ സമുദായത്തെ അറിഞ്ഞ നമ്മുടെ പല കുട്ടികളും ഇന്ന് സമുദായത്തില്‍ നിന്നുതന്നെ വിവാഹം കഴിക്കുന്നുണ്ട്.

എങ്കിലും ഒരു വിശ്വാസസമൂഹമെന്ന നിലയില്‍ നാം എപ്പോഴും ആഗ്രഹിക്കുന്നത് നാട്ടിലേത് പോലെ പള്ളികളിലൂടെയും രൂപതയിലൂടെയുമുള്ള ഒരു നിലനില്പാണ്. അതിനാല്‍ നമ്മള്‍ നമ്മുടെ വൈദികരെ കൊണ്ടുവന്നു മിഷനുകള്‍ സ്ഥാപിച്ചു. പള്ളികള്‍ മേടിച്ചു. റോമില്‍ നിന്നും സീറോ മലബാര്‍ നേതൃത്വത്തില്‍ നിന്നും നമ്മുടെ പള്ളികളില്‍ നമ്മുടെ പാരമ്പര്യം തുടരുവാന്‍ വിസമ്മതിച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ ഉണ്ടായെങ്കിലും അതൊക്കെ മാറുമെന്നും നമ്മുടെ പള്ളികള്‍ നമ്മുടെ തനിമയില്‍ തന്നെ നിലനിര്‍ത്താനാവുമെന്നും നാം പ്രതീക്ഷിച്ചു. അങ്ങാടിയത്തു പിതാവിന് നമ്മോടു അനുഭാവമാണെന്നും നമുക്കെതിരായ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ നമ്മെ നിര്‍ബന്ധിക്കില്ലെന്നും നമ്മുടെ പിതാക്കന്മാരും വൈദികരും പറഞ്ഞപ്പോള്‍ നമ്മളില്‍ ഒരു വിഭാഗമെങ്കിലും അത് വിശ്വസിച്ചു. അങ്ങിനെ നമ്മള്‍ തിടുക്കത്തില്‍ പള്ളികളും മിഷനുകളും സ്ഥാപിച്ചു. എന്നാല്‍ നമ്മെയെല്ലാം നിരാശരാക്കി മൂലക്കാട്ടു ഫോര്മുലയും അങ്ങാടിയത്ത് സര്‍ക്കുലറും ഒക്കെ എത്തിയിരിക്കുന്നു. ക്നാനായ പൈതൃകത്തിന്റെ കാവല്ഭടനാവേണ്ട നമ്മുടെ പിതാവ് തന്നെ നമ്മുടെ പള്ളികളിലെ അംഗത്വത്തിനു പുതിയ മാനദണ്ഡവുമായി വന്നു.

ഇന്നു അമേരിക്കയില്‍ നമ്മുടെ അവസ്ഥ ഒന്ന് വിശകലനം ചെയ്തു നോക്കൂ. ഇവിടെ നമുക്ക് ക്നാനായപള്ളികളും സംഘടനകളും ഉണ്ട്. പള്ളികളില്‍ ജന്മം കൊണ്ട് മാത്രമുള്ള തനിമ മതിയെന്നും സംഘടനകളില്‍ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടുമുള്ള തനിമ നില നിര്‍ത്താമെന്നും ആണ് ഒരു വാദം. അപ്പോള്‍ ഈ പള്ളികളിലൂടെയും സംഘടനകളിലൂടെയും വളര്‍ന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മുടെ ഐഡന്റിറ്റി എന്താണെന്ന് എങ്ങിനെ മനസ്സിലാക്കും? പള്ളികളിലൂടെയും സംഘടനകളിലൂടെയും സമുദായം രണ്ടായി രണ്ട് ഐഡന്റിറ്റിയോടെ നിലനില്‍ക്കുമ്പോള്‍ ഇതില്‍ ഏതാണ് യഥാര്‍ത്ഥ ക്നാനായ സമുദായമെന്നു നമ്മുടെ മക്കള്‍ എങ്ങിനെ തിരിച്ചറിയും? പള്ളികളില്‍ ജന്മം കൊണ്ടുള്ള തനിമ മാത്രം മതിയെന്ന് നാം സമ്മതിച്ചാല് വെളിയില്‍ നിന്നും വിവാഹം കഴിച്ചവരുടെ കുടുംബാംഗങ്ങള്‍ സ്ഥിരമായി അവരുടെ കൂടെ നമ്മുടെ പള്ളികളില്‍ വരികയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ഫലത്തില്‍ അവരും ക്നാനായക്കാരാണെന്നു നമ്മുടെ കുഞ്ഞുങ്ങള്‍ തെറ്റിദ്ധരിക്കില്ലേ? തന്നെയുമല്ല ഇന്ന് ജന്മം കൊണ്ടു ക്നാനായക്കരായവര്ക്ക് അംഗത്വം കൊടുത്താല്‍ ഫാമിലി യൂണിറ്റി ആണ് പ്രധാനമെന്ന് പറയുന്ന അങ്ങാടിയത്ത് പിതാവ് ക്നാനായക്കാരല്ലാത്ത അവരുടെ കുടുംബാംഗങ്ങള്‍ക്കും അംഗത്വം കൊടുക്കണമെന്നു നാളെ പറയില്ലേ? സമുദായത്തനു വെളിയില്‍ നിന്നും വിവാഹം കഴിച്ചാലും ക്നാനായ പള്ളികളില്‍ തുടരാമെന്നു വന്നാല്‍ പിന്നെ സമുദായത്തില്‍ നിന്ന് വിവാഹം കിഴിക്കാന്‍ നമ്മുടെ മക്കളെ എന്താണു പ്രേരിപ്പിക്കുക?

ഇവിടത്തെ നമ്മുടെ പള്ളികളില്‍ യഥാര്‍ത്ഥ കനാനായത്തനിമ നിലനിര്‍ത്താന്‍ സാധിക്കുകയില്ലെങ്കില്‍ നമ്മുടെ സമുദായത്തിന്റെ ഭാവി എന്താകുമെന്നു നമ്മള്‍ ചിന്തിക്കണം. തനിമ നിലനിര്‍ത്താന്‍ സാധിക്കാത്ത പള്ളികള്‍ സമുദായത്തിന്റെ നിലനില്പിന് ദോഷകരമല്ലേ? സംഘടനകിളിലൂടെ സമുദായത്തെ നിലനിര്ത്താമെന്നു വച്ചാലും ക്നാനായ പള്ളികള്‍ ഉള്ളപ്പോള്‍ സംഘടനകളുടെ പ്രവര്‍ത്തനമേഖല പരിമിതമായിരിക്കും. പള്ളികളില്‍ പുഞ്ചിരിമത്സരം മുതല്‍ ഓണാഘോഷം വരെ നടത്തുമ്പോള്‍ സംഘടനാ പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മയിലും എത്ര മാത്രം പങ്കാളിത്തം ഉണ്ടാകും? കനാനായപ്പേരില്‍ പള്ളികള്‍ ഉള്ളപ്പോള്‍ തങ്ങളുടെതാണ് യഥാര്‍ത്ഥ ക്നാനായ സമൂഹമെന്നു അവര്‍, പ്രത്യേകിച്ചും വെളിയില്‍ നിന്നും വിവാഹം കഴിച്ചവര്‍ അവകാശപ്പെടും.

റോമില്‍ നിന്നും നമുക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുകയോ സീറോ മലബാറില്‍ നിന്നും നമ്മളെ വേര്പെടുത്തി തനിമയില്‍ അധിഷ്ടിതമായ ക്നാനായസഭ അനുവദിക്കുകയോ ചെയ്‌താല്‍ മാത്രമേ നമുക്ക് പള്ളികളിലൂടെയുള്ള നിലനില്പ് സാധ്യമാകൂ. അതു സാധ്യമാകണമെങ്കില്‌ നമ്മള്‍ അല്‍മായരും വൈദികരും പിതാക്കന്മാരും ഒറ്റകെട്ടായി ഉറച്ചു നില്ക്കണം. അതിനു സാധിക്കുന്നില്ലെങ്കില്‍ സാമുദായികമായി മാത്രം നമ്മുടെ തനിമ നിലനിര്‍ത്തി ഒറ്റക്കെട്ടായി നമുക്ക് സംഘടനകളിലൂടെ നിലനില്ക്കുന്നതല്ലേ ഭേദം . സഭാപരമായ നമ്മുടെ എല്ലാ ആവശ്യങ്ങളും സീറോമലബാര്‍ പള്ളികളിലൂടെയോ ലത്തീന്‍ പള്ളികളിലൂടെയോ നമുക്ക് ലഭ്യമാവുകയും ചെയ്യും.

ഡോമി തറയില്‍, മിനസോട്ട

No comments:

Post a Comment