Monday, January 21, 2013

നമ്മള്‍ വാങ്ങും പള്ളികലെല്ലാം നമ്മുടെയാകും പൈങ്കിളിയേ (മൂന്നാം ഭാഗം)

യുറോപ്പിലെ ഏറ്റവും ബുദ്ധിയുള്ള ജനത ഏതാണെന്ന് ചോദിച്ചാല്‍ നല്ല ഒരു ശതമാനത്തിന്റെയും ഉത്തരം “ജര്‍മ്മന്‍ജനത” എന്നായിരിക്കാനാണ് സാധ്യത. ബുദ്ധിയില്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും യുറോപ്യന്‍ രാജ്യങ്ങളില്‍ അവരാണ് മുന്നില്‍. നില്‍ക്കുന്നത്. അന്നാട്ടിലെ കാരിത്താസ്‌ എന്ന ചാരിറ്റി സംഘടനയുടെ ഗുണഫലം അനുഭവിക്കുന്നവരാണല്ലോ നമ്മളെല്ലാം.

ഇത്രയും ബുദ്ധിശാലികളും, ദയാലുക്കളുമായ ജനതയെ ഒരു ഹിറ്റ്ലര്‍ തല്ക്കാലതെയ്ക്കെങ്കിലും ലോകത്തിലെ അതിക്രൂരന്മാരാക്കി മാറ്റി. ജര്‍മ്മന്‍ നാസി പട്ടാളത്തിന്റെ കൊടുംക്രൂരതകള്‍ കുപ്രസിദ്ധമാണല്ലോ. പോളണ്ടിലെ ഔഷ്‌വിറ്റ്സ് സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്‌ അവിടെ പണ്ട് നടന്ന മൃഗീയ കശാപ്പിന്റെ വിശദമായ രൂപം ഇന്നും ലഭിക്കാതിരിക്കില്ല.

ശരിയായ നേതൃത്വം ഉണ്ടായിരുന്നതുകൊണ്ട് ചെറിയ ഒരു രാജ്യമായ ബ്രിട്ടന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമയാകാന്‍ സാധിച്ചു. അമേരിക്കപോലും വര്‍ഷങ്ങളോളം ബ്രിട്ടന് കപ്പം കൊടുക്കേണ്ടി വന്നു. അങ്ങിനെയാണ് No taxation without representation” എന്ന പ്രസിദ്ധ മുദ്രാവാക്യം ഉണ്ടാകുന്നത്.

തെറ്റായ നേതൃത്വത്തിന്റെയും ശരിയായ നേതൃത്വത്തിന്റെയും ഓരോ ഉദാഹരണങ്ങളാണ് മുകളില്‍ കൊടുത്തത്.

സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട്, ലോകമഹായുദ്ധത്തിനു ശേഷം നറുംപട്ടിണിയില്‍ കഴിഞ്ഞിരുന്ന ഒരു ജനതയെ മോശയെപ്പോലെ നയിച്ച്‌ അന്നത്തെ കാലത്ത് അങ്ങകലെയുള്ള മലബാര്‍ പ്രദേശത്തേയ്ക്ക് കൂട്ടികൊണ്ടു പോയി, തുടക്കത്തിലേ അവരുടെ കഷ്ടപ്പാടില്‍ വേണ്ട എല്ലാ സഹായങ്ങളും നല്‍കി അവരെ പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ അത്മായനേതാവ് ക്നാനായ സമുദായത്തില്‍ ഉണ്ടായിരുന്നു - പ്രൊഫ. വി.ജെ. ജോസഫ്‌ കണ്ടോത്ത്‌

വര്‍ഷങ്ങള്‍ക്കു മുമ്പ് കാട്ടുപ്രദേശമായിരുന്ന വെളിയന്നൂരില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ബസ്‌ വന്നു നിന്നപ്പോള്‍ അന്നത്തെ ആ നാട്ടുകാരുടെ ആഹ്ലാദം ഇന്ന് മാലക്കല്ലില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടാകുന്നതിനു സമാനമായിരുന്നു. അതിന്റെ പിന്നിലെ കരങ്ങള്‍ ജോസഫ്‌ ചാഴികാടന്റെ ആയിരുന്നു. അദ്ദേഹമാണ് ഗ്രാമീണാലസ്യത്തില്‍ കഴിഞ്ഞിരുന്ന ഉഴവൂര്‍ എന്ന പ്രദേശത്ത് കോളേജ് കൊണ്ടു വന്നത്. ചാഴികാട്ടു സാറിന്റെ ശ്രമഫലമായി അങ്ങിനെ ഒരു കലാലയം അവിടെ വന്നിരുന്നില്ലെങ്കില്‍, ഇന്ന് ക്നാനായ സമുദായത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

ഇനിയും മറ്റൊരു അല്മായനേതാവുണ്ടായിരുന്നു. പേര് പറയുന്നില്ല. ഒരു വൈദികന്റെ വായില്‍ നിന്ന് എന്തോ വീണപ്പോള്‍, അദ്ദേഹം പരസ്യമായി പറഞ്ഞു, അദ്ദേഹത്തെ തിരുനക്കര മൈതാനത്ത് കൊണ്ടുവന്നു തെരണ്ടി വാല് കൊണ്ട് അടിക്കണമെന്ന്. വൈദികന്‍ ഇന്നും സസുഖം ജീവിക്കുന്നു, പക്ഷെ നേതാവിന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഷെവലിയര്‍ സ്ഥാനം നഷ്ടമായി!

ഇത്രയും പറഞ്ഞത്, നേതൃത്വഗുണം കൊണ്ട് ഒരു സമുദായതിനുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് സൂചിപ്പിക്കുവാന്‍ മാത്രമാണ്.

മുകളില്‍ പറഞ്ഞ മൂന്നു നേതാക്കളും സമുദായസ്നേഹികളായി ഇന്നും സ്മരിക്കപ്പെടുന്നുണ്ട്. ആ ജനുസ്സില്‍ പെട്ടവര്‍ പക്ഷെ ഇന്ന് ജീവിചിരുന്നാല്‍ അവരുടെ നെറ്റിയില്‍ “ദ്രോഹികള്‍” എന്ന വെഞ്ചരിച്ച ലേബല്‍ ഒട്ടിക്കും; അവരെ പല തരത്തിലും ഉപദ്രവിക്കാനും, സമൂഹത്തില്‍ താറടിച്ചു കാണിക്കാനുമുള്ള പദ്ധതികള്‍ കുറിയായില്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്യപ്പെടും.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആണെങ്കിലും ഈയടുത്ത കാലം വരെ അഭിഷിക്തരെ ഏറ്റവും കൂടുതല്‍ ബഹുമാനിച്ചിരുന്ന ജനതയായിരുന്നു ക്നാനായ കത്തോലിക്കര്‍.

ഈയടുത്ത കാലം വരെ.

അളവറ്റ വിശ്വാസം തങ്ങളില്‍ അര്‍പ്പിച് ജനതയോട് സഭാനേതൃത്വത്തിന്റെ മനോഭാവം എന്തായിരുന്നു?

മണ്ടന്മാര്‍..... എന്തു പറഞ്ഞാലും ഇവറ്റകള്‍ വിശ്വസിച്ചോളും. ഇന്നത്തെ പ്രശ്നത്തില്‍ നിന്നു തടിതപ്പാന്‍ എന്തെങ്കിലും പറയുക. ഇന്ന് പറഞ്ഞതെന്താണെന്ന് നാളെയല്ല, ഇന്നുച്ചകഴിയുമ്പോള്‍ തന്നെ ഈ കഴുതകള്‍ മറക്കും. നാളെ മറ്റെന്തെങ്കിലും വിശുദ്ധ നുണ പറയാം.

റെസ്ക്രിപ്റ്റ്‌ നിലനില്‍ക്കെ, പള്ളി വാങ്ങാനായി “നമ്മളാണ് നിശ്ചയിക്കേണ്ടത് നമ്മുടെ ഇടവകയില്‍ ആരൊക്കെയാണുള്ളത്; അവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്” എന്ന്‍ 2008ല്‍ മൂലക്കാട്ടു പിതാവിന് പറയാന്‍ ധൈര്യം വന്നതിന്റെ രഹസ്യം ഇത് തന്നെ. ക്നാനയക്കാര്‍ തങ്ങളുടെ കാശുകൊണ്ട് പള്ളി വാങ്ങാന്‍ തുടങ്ങിയപ്പോള്‍, പള്ളികളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് എന്തെല്ലാം നുണകള്‍ പറഞ്ഞു, പള്ളികള്‍ വാങ്ങാന്‍ താല്പര്യം കാട്ടാത്തവരെ എന്തെല്ലാം പേരുകള്‍ വിളിച്ചു? പിശുക്കന്മാര്‍, അവിശ്വാസികള്‍, എന്തെല്ലാം, എന്തെല്ലാം!

ഇപ്പോള്‍ മിണ്ടാട്ടമില്ല. കൊണ്ടുപിടിച്ചു പണ്ടുപറഞ്ഞതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ ഭ്രാന്തന്‍ ശ്രമങ്ങള്‍ നടത്തുന്നു.

ഈയടുത്ത ദിവസം പ്രകാശനം ചെയ്ത കോട്ടയം അതിരൂപതാ ശതാബ്ദി സ്മരണികയില്‍ (പേജ്‌ 266) അമേരിക്കയിലെ ഇടവകകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്‌ - KNANAYA CATHOLIC MISSIONS AND PARISHES IN THE UNITED STATES.  അതിലെ ഒരു പള്ളിയുടെ പേര് ഇങ്ങനെയാണ്: Sacred Heart Knanaya Catholic Parish Chicago”

വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍

എന്ന് വൈലോപ്പള്ളി തന്റെ മാമ്പഴം എന്ന കവിതയില്‍ കുട്ടിയെക്കുറിച്ച് പറയുന്നുണ്ട്. അത്തരം ദൈവജ്ഞരൊന്നുമല്ല നമ്മുടെ അരമനവാസികള്‍. അതുകൊണ്ട്, അച്ചടി മഷി ഉണങ്ങുന്നതിനു മുമ്പേ സമുദായത്തെ നോക്കി കൊഞ്ഞനം കുത്തുന്ന തമാശയായി മാറി പ്രസ്തുത ലിസ്റ്റ്.

തെറ്റാവരവും, സമ്പത്ത് വാരിക്കൂട്ടാനുള്ള കുടിലതന്ത്രങ്ങളും, കാണിച്ചുകൂട്ടുന്ന എന്തു കൊള്ളരുതായ്മകളും മൂടിവയ്ക്കാനുള്ള മിടുക്കിന്റെയും കാര്യത്തില്‍ അഗ്രഗണ്യരാണ് കത്തോലിക്കാ സഭ. പക്ഷെ കുതിരയ്ക്ക് കൊമ്പ് കൊടുക്കാറില്ലാത്തത് പോലെ ദൈവം അവര്‍ക്ക് ഒരു ഗുണം കൊടുത്തിട്ടില്ല. കാലം മാറുന്നത് അറിയാനുള്ള വിവേചനബുദ്ധി!

2003ല്‍ ഒരു ജെയിംസ്‌ തുണ്ടത്തില്‍ എഴുതിയ ലേഖനം പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ജനങ്ങളില്‍ എത്തുമെന്നോ, 2008ല്‍ ചെയ്ത പ്രസംഗം അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ജനങ്ങള്‍ വായിക്കുമെന്നോ നമ്മുടെ ആത്മീയതയില്ലാത്ത നേതാക്കള്‍ സ്വപ്നത്തില്‍ പോലും ഓര്‍ത്തിരുന്നില്ല!

“അത്മായ സംഘടനയായ കെസിസിഎന്‍എയുടെ നിലപാട് പിതാക്കന്മാരുടെ നിര്‍ദ്ദേശവുമായി എങ്ങിനെ യോജിക്കും?” എന്ന സ്വന്തം ചോദ്യത്തിന്റെ ഉത്തരമായി,

2012 ഫെബ്രുവരി 25ന് ലോസാഞ്ചല്‍സിലെ സെന്റ്‌ പയസ്‌ ടെന്ത്‌ പള്ളിയില്‍ മാര്‍ മാത്യു മൂലക്കാട്ടു പിതാവും കെസിസിഎന്‍എ എക്സിക്യൂട്ടീവും ക്നാനായ റീജിയണിലെ വൈദികരും ചേര്‍ന്ന് നടത്തിയ സമ്മേളനം ഇതേ ധാരണയില്‍ എത്തുകയുണ്ടായി. അതു തന്നെയാണ് ഇപ്പോള്‍ അന്ഗാടിയാത് പിതാവ് അംഗീകരിച്ചിരിക്കുന്നത്” (ക്നാനായ മീഡിയ, 2012 December 30)

എന്ന് പറഞ്ഞപ്പോള്‍, ആ വാക്കുകളെ ലോകമെമ്പാടുമുള്ള ക്നാനായ സമുദായം മുത്തോലത്തച്ചന്റെ തമാശയായോ, വിവരദോഷമായോ കാണുമെന്ന് വെറും മൂന്നാഴ്ച മുമ്പ് അദ്ദേഹം കരുതിയിരുന്നോ?

നായകനെ വിദൂഷകനാക്കി മാറ്റാന്‍ വിധിയ്ക്ക് സമയം അധികം വേണമെന്നില്ല.

അവസാന ഭാഗം നാളെ

No comments:

Post a Comment