കുറെ നാള്‍ മുമ്പ് “നമ്മുടെ മെത്രാന്മാര്‍ക്കിതെന്തുപറ്റി?” എന്ന പോസ്റ്റില്‍ കേരളത്തിലെ കത്തോലിക്കാസഭ മദ്യപാനത്തിനെതിരെ എടുക്കുന്ന നടപടികളെക്കുറിച്ച് എഴുതിയിരുന്നു. ഇപ്പോള്‍ ഇന്ത്യാ ടുഡേയുടെ പുതിയ ലക്കത്തില്‍ (2013 ജനുവരി 16) ഈ വിഷയത്തെ അധികരിച്ച് സുദീര്‍ഘമായ ഒരു ലേഖനം വന്നിട്ടുണ്ട്. അതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഏതാനും കാര്യങ്ങള്‍:
സഭയുടെ മദ്യ നിരോധന നീക്കത്തിന് പിന്നില്‍
· കേരളത്തിലെ കത്തോലിക്കാ സമുദായംഗങ്ങളില്‍ നാല്പതു ലക്ഷംത്തോളം പേര്‍ മദ്യപരാണെന്ന സഭയുടെ കണ്ടെത്തല്‍.
· മദ്യ വ്യവസായികളില്‍ നിന്ന് സംഭാവന വാങ്ങില്ല. സംഭാവന നല്‍കിയാല്‍ നിരസിക്കും.
· മദ്യപാനികളെ സഭയുടെ സ്ഥാപനങ്ങളില്‍ നിന്ന് ഒഴിവാക്കും.
· മദ്യപാനികളെ സഭയുമായി ബന്ധപ്പെട്ട ചുമതലകളിലേക്ക് തെരഞ്ഞെടുക്കില്ല.
· മദ്യപാനികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തും.
· സഭാപ്രസിദ്ധീകരണങ്ങളില്‍ മദ്യത്തിനെതിരായ ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കും.
സഭയുടെ ഈ നീക്കം എത്രമാത്രം ആത്മാര്‍ഥമാണെന്നു നോക്കാം.
കേരളത്തിലെ കത്തോലിക്കരുടെ ജനസംഖ്യ വെറും മുപ്പതു ലക്ഷം ആണെന്നാണ് അന്വേക്ഷണത്തില്‍ നിന്നും മനസ്സിലായത്. (ഈ വിവരത്തിന്റെ ഉറവിടം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക). അപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സമുദായംഗങ്ങ്ളില്‍ നാല്പതു ലക്ഷത്തോളം പേര്‍ മദ്യപരാണെന്ന സഭയുടെ കണ്ടെത്തലില്‍ എന്തെങ്കിലും സത്യമുണ്ടോ?
തുടക്കത്തില്‍ മദ്യപാനം പറഞ്ഞു കുമ്പസാരിക്കേണ്ട പാപമാണെന്ന് പറഞ്ഞിരുന്നു. അതില്‍ അത്യാവശ്യം വെള്ളം ഇതിനോടകം ചേര്‍ത്ത് കഴിഞ്ഞു. ഇപ്പോള്‍ പറയുന്നതിങ്ങനെയാണ്:
“മദ്യപാനം എന്നത് തിന്മ തന്നെയാണ്. അതുകൊണ്ടു തന്നെ കുമ്പസാരത്തില്‍ ഇക്കാര്യം പറയേണ്ടതുണ്ടോയെന്നത് തീരുമാനിക്കേണ്ടത് ഓരോരുത്തര്‍ക്കും തിന്മയെക്കുരിച്ചുള്ള വീക്ഷണമനുസരിച്ചാണ്. മദ്യപാനം തെറ്റാണെന്നു തോന്നുന്നവര്‍ കുമ്പസാരത്തില്‍ അത് എറ്റു പറയുക തന്നെ വേണം. (ഫാ. ടി.ജെ. ആന്റണി, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി).
അതായത് മദ്യപാനം തെറ്റാണെന്നു ഒരാള്‍ക്ക് തോന്നുന്നില്ലെങ്കില്‍ കുമ്പസാരത്തില്‍ അത് ഏറ്റുപറയേണ്ടതില്ല എന്ന്!
ലേഖനത്തില്‍ ഇങ്ങനെയും കാണാം:
“കേരളത്തില്‍ ബീവറേജ് ശാഖകളില്‍ കൂടുതല്‍ വില്പന നടക്കുന്നത് കത്തോലിക്കാ സമുദായംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള അങ്കമാലി, ചാലക്കുടി ഭാഗങ്ങളിലെ ഔട്ട്‌ലെറ്റുകളിലാണ്. വിവാഹം, തിരുനാള്‍ പോലുള്ള ആഘോഷങ്ങള്‍ മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്ന രീതിയിലാണ് നടത്തപ്പെടുന്നത്. ഇതോടൊപ്പം രൂപതാ ആസ്ഥാനങ്ങളില്‍ തന്നെ ലഹരിയുള്ള വീഞ്ഞ് വില്പനയ്ക്ക് വച്ചിരിക്കുകയുമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്തിട്ട് മദ്യം ഉപേക്ഷിക്കണമെന്ന് പറയുന്ന പ്രസംഗത്തിനു എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടാകുമെന്നു പറയാനാവില്ല. അതുപോലെ സഭ പറയുന്ന കാര്യങ്ങളൊന്നും തന്നെ പ്രാബല്യത്തില്‍ വരുത്താന്‍ അവര്‍ക്കു കഴിയാറില്ല. മുമ്പ് സ്വാശ്രയ കോളേജ്കളില് കോഴ വാങ്ങരുതെന്ന് കര്‍ദ്ദിനാള്‍ തന്നെ ഇടയലേഖനം ഇറക്കിയിരുന്നു. പക്ഷെ ആരും അത് പാലിച്ചില്ലെന്നു മാത്രമല്ല കൂടുതല്‍ വാങ്ങുകയും ചെയ്തു. ഇതേ അവസ്ഥയാണ് മദ്യത്തിന്റെ കാര്യത്തിലും സംഭവിക്കുക.” (ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജനറല്‍സെക്രട്ടറി ആന്റോ കോക്കാട്ട്).
ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍, സന്ദീപ് വെള്ളാരംകുന്ന് ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
“മദ്യ വ്യവസായികളുടെ പണം വേണ്ടെന്നു പറയുമ്പോഴും മദ്യപാനികളെ ഒറ്റപ്പെടുത്തണമെന്ന് പറയുമ്പോഴും ഇത്രയും കാലം മദ്യപാനികളില്‍ നിന്ന് വാങ്ങിയ സംഭാവന തിരികെ നല്‍കുമോ എന്ന കാര്യത്തില്‍ സഭ നിലപാട് വ്യക്തമാക്കിയിട്ടില്ല. മദ്യത്തെയും മദ്യപാനികളെയും നിയന്ത്രിക്കാനുള്ള സഭയുടെ ശ്രമങ്ങള്‍ മുന്‍കാലങ്ങളിലേതുപോലെ വിശ്വാസികള്‍ അവഗണിക്കുമോ അതോ അതനുസരിച്ച് സ്വര്‍ഗരാജ്യത്തിന് അവകാശികളാകുമോ എന്നതിന് കാലം മറുപടി നല്‍കും.”
ഈ വിഷയം ഏറ്റവും സങ്കീര്‍ണ്ണമാകുന്നത് സീറോമലബാര്‍ സഭയുടെ ഭാഗമായ ക്നാനായ കത്തോലിക്കരിലേയ്ക്ക് വരുമ്പോഴാണ്. കാരണം പുറത്താരും പറയുന്നില്ലെങ്കിലും എന്‍ഡോഗമി പോലെ തന്നെ ക്നാനായകാര്‍ക്ക് പ്രാധാന്യമുള്ള മറ്റൊരു മൂലക്കല്ലാണ് മദ്യപാനം. മദ്യം കഴിക്കുക എന്നതുകൊണ്ട് മാത്രം ക്നാനയക്കാരനും മദ്യവുമായുള്ള ബന്ധം അവസാനിക്കുന്നില്ല. കേരളത്തിലെ ക്നാനയക്കാരിലെ സമ്പന്നരില്‍ നല്ലൊരു ശതമാനം അബ്ക്കാരികളാണ്. ആ സംസ്കാരം അവര്‍ പോയിടത്തൊക്കെ, കഴിയാവുന്നിടത്തോളം കൂടെ കൊണ്ടുപോയിട്ടുണ്ട്. അമേരിക്കയിലെ പ്രാഞ്ചികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സമ്പന്നരില്‍ നല്ലൊരു ശതമാനം മദ്യ വ്യാപാരികളാണ്. അവരുടെ പണം വേണ്ടെന്നു വച്ചാല്‍ സഭാധികൃതരുടെ നിലനില്‍പ് തന്നെ കഷ്ടത്തിലാകും. അവരെ തള്ളിപ്പറയാന്‍ സഭാനേതൃത്വത്തിന് ധൈര്യം ഉണ്ടോ?
നമ്മുടെ വൈദികരിലും മദ്യാസക്തി വളരെ കൂടുതലാണ്. അമിത മദ്യാസക്തിയ്ക്ക് ചികിത്സ തേടേണ്ടി വന്നവര്‍ പലരും അവരുടെയിടയിലുണ്ട്. അടുത്തയിടെ ഒരു ക്നാനായപ്പള്ളിയില്‍ തിരുന്നാള്‍ ദിവസം ഇടവക വികാരിക്ക് ലഹരി തലയ്ക്കു പിടിച്ചതു മൂലം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. കഫ് സിറപ്പ് കഴിച്ചതു കൊണ്ടാണെന്ന് പറഞ്ഞാണ് വൈദികന്റെ മുഖം രക്ഷിച്ചത്. അത്തരം ഒരു സമൂഹത്തില്‍ കത്തോലിക്കാസഭയുടെ ഇതുപോലുള്ള ആഹ്വാനങ്ങള്‍ ഒരു തമാശ മാത്രമാണ്.
വാല്‍ക്കക്ഷണം:
മദ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പല പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാം. മദ്യത്തെ അനുകൂലിച്ചുള്ള ചില വാക്യങ്ങള്‍ വായിക്കുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.
No comments:
Post a Comment