രണ്ടു വര്ഷം മുമ്പ് നടന്ന കെസിസിഎന്‍എ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും ക്നാനായ സമുദായംഗങ്ങള്‍ മറന്നിട്ടുണ്ടാവാന്‍ വഴിയില്ല. കോട്ടയം അരമനയും, അമേരിക്കയിലെ വിജിയുടെ നേതൃത്വത്തിലുള്ള ക്നാനായ വൈദികരും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച ഡോ. ഷീന്‍സ് ആകശാലയെ തോല്‍പ്പിക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ എല്ലാവര്ക്കും അറിയാവുന്ന രഹസ്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു ശേഷം അദ്ദേഹം അത് നിഷേധിച്ചെങ്കില്‍ അത്, അദ്ദേഹത്തിന്റെ മാന്യത കൊണ്ടുമാത്രമാണെന്നാണ് നിഷ്പക്ഷമതികളായ ക്നാനയക്കാര്‍ ചിന്തിച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷത്തെ KCCNA നേതൃത്വത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍, താമ്പാ കണ്‍വെന്‍ഷന്‍ എടുത്തുപറയേണ്ട ഒരു മഹാ സംഭവമായിരുന്നു. പിതാക്കന്മാരും വിജിയും അത് ബഹിഷ്ക്കരിച്ചു, അതിന്റെ പിന്നില്‍ പ്രത്യേകിച്ച് യാതൊരു സദ്ദുദേശവും ഉണ്ടായിരുന്നില്ല. അവര്‍ നല്‍കാന്‍ ശ്രമിച്ച സന്ദേശം ഇതായിരുന്നു – “ഞങ്ങള്‍ ഇല്ലെങ്കില്‍ ക്നാനായ കണ്‍വെന്‍ഷന്‍ അസംഭാവ്യമാണ്. ഞങ്ങളുടെ ആശീര്‍വാദമില്ലെങ്കില്‍ നിന്നെപ്പോലൊരുത്തന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല.” വടക്കേ അമേരിക്കയിലെ ക്നാനായ സമുദായം, പ്രത്യേകിച്ച് യുവജനങ്ങള്‍, അതൊരു വെല്ലുവിളിയായി കണ്ടു. എന്തെങ്കിലും തരത്തില്‍ കണ്‍വെന്‍ഷന്‍ നടക്കാതിരിക്കാനായി ശത്രുപാളയത്ത് നിന്നും കഴിയുന്നത്ര ശ്രമങ്ങള്‍ ഉണ്ടായി. ക്നാനായ യാക്കോബായ തിരുമേനിയെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇവിടെ മുമ്പ് വിശദമായി കൊടുത്തിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
കണ്‍വെന്‍ഷന്‍ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി, വന്‍വിജയമായി. അതിന്റെ ജാള്യത സഭാനേതൃത്വത്തിന് ഉണ്ടായിട്ടുണ്ട്. സാരമില്ല, രണ്ടുമാസം കൂടി കഴിയുമ്പോള്‍ ഇവന്റെയൊക്കെ കാലാവധി തീരും; ഞങ്ങളുടെ കാലാവധി അനിശ്ചിതകാലം തുടരുന്നതാണല്ലോ എന്ന സമാധാനത്തില്‍ അവര്‍ കഴിഞ്ഞു.
കണ്‍വെന്‍ഷന്‍ കഴിഞ്ഞുള്ള കാലം ക്നാനായ സമുദായത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. സംഘടനാനേതൃത്വം ആലസ്യത്തിലായിപ്പോയി എന്ന മുറുമുറുപ്പ് പല കോണുകളില്‍ നിന്നും ഉണ്ടാവുകയുണ്ടായി. ശരിയാണ്, KCCNA യുടെ സമീപകാല നിഷ്കൃയത്വം വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.
അത്തരത്തിലുള്ള എല്ലാ പരാതികളെയും ഇല്ലാതാക്കികൊണ്ട് ഇന്ന് KCCNA പ്രസിഡന്റിന്റെ ഒരു കത്ത് അമേരിക്കന്‍ ക്നായില്കൂടി സമുദായംഗങ്ങള്‍ക്ക് ലഭിച്ചു.
ഇംഗ്ലീഷിലുള്ള പ്രസ്തുത കത്ത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ ക്രിസ്തുമസിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച അമേരിക്കയിലെ ക്നാനായ പള്ളികളില്‍ വായിച്ച അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിനെക്കുറിച്ചു സത്യത്തെ മാനഭംഗപ്പെടുത്തുന്ന രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ഈ കത്തെഴുതിയിരിക്കുന്നത്. വിജി തന്റെ മാധ്യമത്തിലൂടെ തട്ടിവിട്ട വ്യാഖ്യാനത്തിനു സമൂഹം യാതൊരു വിലയും കല്‍പ്പിക്കാതെ സംഘടനകളും പള്ളികമ്മറ്റികള്‍ പോലും പിതാവിന്റെ സര്‍ക്കുലറിനെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, KCCNA എന്ന അമേരിക്കയിലെ അത്മായസംഘടന നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഉള്ളടക്കം. ഇത് വെറും ഭീക്ഷണി അല്ല, പിതാവിന് നോട്ടീസ് പോയിക്കഴിഞ്ഞു. നോട്ടീസിന് സംതൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കില്‍, കോടതിവഴി നിയമനടപടി ഉണ്ടാകും എന്ന് പ്രസിഡന്റിന്റെ കത്തില്‍ വ്യക്തമാക്കുന്നു.
അങ്ങാടിയത്ത് പിതാവ് എന്നും ഒരേ കാര്യം തന്നെയാണ് പറഞ്ഞിരുന്നതെന്നും, മൂലക്കാട്ട് പിതാവും മുത്തോലത്തച്ചനും മാത്രമാണ് ഇക്കാര്യത്തില്‍ കുറ്റവാളികള്‍ എന്നും ഈ ഫോറത്തില്‍ പലരും പറഞ്ഞു കണ്ടു. നിശബ്ദത ചില കാര്യത്തില്‍ കുറ്റകരമാകാം. തന്റെ അധികാരസീമയില്‍ വന്നു പരസ്യമായി താന്‍ പറഞ്ഞതിനെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുക, തന്റെ കീഴിലുള്ള ഇടവകയുടെ പാരിഷ് ബുള്ളറ്റിനിലൂടെ തെറ്റിദ്ധാരണജനകമായ ലേഖനങ്ങള്‍ തുടരെത്തുടരെ തട്ടിവിടുക, ഇതിനെയൊക്കെ അനങ്ങാപ്പാറനയം കൊണ്ട് കൈകാര്യം ചെയ്ത അങ്ങാടിയത് പിതാവ്, ഇക്കാര്യത്തില്‍ എന്താണ് സത്യമെന്നാരാഞ്ഞുകൊണ്ട് കെസിസിഎന്‍എ അയച്ച കത്തുകള്‍ക്ക് മറുപടിപോലും അയച്ചില്ല എന്ന് ഇന്ന് വന്ന കത്തില്‍ നിന്നും മനസ്സിലാകുമ്പോഴാണ് ക്നാനായ ജനതയ്ക്കെതിരെ ഉണ്ടായ ഗൂഡാലോചനയില്‍ അങ്ങാടിയത്ത് പിതാവും പങ്കാളി ആയിരുന്നില്ലേ എന്ന് തോന്നിപോകുന്നത്.
മൌനം സമ്മതം എന്ന ലളിതമായ മലയാളം ചൊല്ല് ചെറുപ്പത്തിലെ സെമിനാരി വളപ്പില്‍ കയറിപ്പറ്റിയ പിതാവ് കേട്ടുകാണില്ലായിരിക്കും. പക്ഷെ ലത്തീനിലുള്ള ഈ പഴമൊഴിയെങ്കിലും അദ്ദേഹം കേട്ടിട്ടില്ലേ?
“Qui tacet consentire videtur, ubi loqui debuit ac potuit”
(Thus, silence gives consent; he ought to have spoken when he was able to)
പണ്ടുപണ്ട്, അല്പം വിദ്യാഭ്യാസവും, സ്വല്പം വിവരവും - രണ്ടു കാര്യത്തിലും പുരോഹിതരെക്കാള്‍ മുകളില്‍ - ഉണ്ടായിരുന്ന ഒരു സാറുണ്ടായിരുന്നു. പോള്‍സാര്‍., എം.പി. പോള്‍സാര്‍; അദ്ദേഹം ചങ്ങനാശ്ശേരി മെത്രാനെതിരെ തികച്ചും ന്യായമായ ഒരു കാര്യത്തിനു കേസ് കൊടുത്തു; കേസ് ജയിച്ചു. അതിന്റെ അനന്തരഫലമായി പോള്‍സാറിന്റെ ഭൌതികാവശിഷ്ടം ഇന്നും തിരുവനന്തപുരത്തുള്ള ഒരു തെമ്മാടിക്കുഴിയില്‍ വിശ്രമിക്കുന്നു.
ക്രെമറ്റോറിയം എന്ന സൗകര്യം നിലവിലുള്ളതിനാല്‍ അത്തരം ഭീഷണികള്‍ ഇന്ന് വിലപ്പോകില്ല. എങ്കിലും സ്വന്തം കാര്യം വരുമ്പോള്‍, "ശത്രുവിനെ സ്നേഹിക്കണം" തുടങ്ങിയ മണ്ടന്‍ സിദ്ധാന്തങ്ങളില്‍ നമ്മുടെ പുരോഹിത വര്‍ഗത്തിന് തീരെ വിശ്വാസമില്ല. അമേരിക്കയിലെ നിയമനടപടികള്‍ കര്‍ശനമാണെന്നും, നാട്ടില്‍ നിന്നും വിഭിന്നമായി കാശിന്റെ ഹുങ്ക് അവിടെ ചെലവാകില്ലെന്നും നമ്മുടെ കക്ഷികള്‍ക്ക് നല്ലവണ്ണം അറിയാം. പിന്നെ ചെയ്യാന്‍ കഴിയുന്നത്, നമ്മുടെ പഴയ നിയമത്തിലെ ഒരു കഥാപാത്രത്തെപോലെ പെരുമാറുക എന്നതാണ്.
ഓര്‍മ്മയില്ലേ, ഒരു കഴുതത്താടിയെല്ലുകൊണ്ട് ഒരു സൈന്യത്തെ മുഴുവന്‍ തോല്പിച്ച സാംസണ്‍ എന്നയാളെ? ബന്ധനസ്തനായ സാംസണ്‍ തന്നെ കെട്ടിയിട്ടിരുന്ന ക്ഷേത്രത്തിന്റെ തൂണ് പിടിച്ചുകുലുക്കി, ക്ഷേത്രം ഇടിഞ്ഞു വീണു, അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കുമൊപ്പം സാംസണും ചത്തൊടുങ്ങി.
അത്തരം ആത്മഹത്യാ മാനസികാവസ്ഥയില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളവര്‍ നമ്മുടെ സമുദായത്തിന്റെ അധികാരം കൈയാളുന്നുണ്ട്. അവരുടെ പ്രതികാരനടപടികളില്‍ സമുദായത്തിന്റെ ഐക്യം ഇല്ലാതാകാതെ നമ്മള്‍ നോക്കേണ്ടതുണ്ട്.
![]() |
ബന്ധനസ്തനായ സാംസ ണ്‍ |
No comments:
Post a Comment