ത്രേസ്യാക്കുട്ടിയുണ്ടോ വിടുന്നു.... വെറും ഇരുന്നൂറു പൌണ്ട് കൊടുത്തിരുന്നെങ്കില്‍ ഒന്നാം ബെഞ്ചില്‍ മാന്യമായി പിതാവിനോപ്പമിരിക്കാമായിരുന്നു. പത്രത്തേല്‍ പടവും വന്നേനെ... ഹാ, ഇനി ഇങ്ങേരു ചാവുമ്പോള്‍ അപ്നാദേശിലെങ്ങാനുമിടാം... അവളാശ്വസിച്ചു.
ഉന്തുവണ്ടിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനേയും തള്ളി ഹാളിന്റെ മുന്‍ നിരയിലെത്തിയ ത്രേസ്യാക്കുട്ടിയെ ചാരക്കൂട്ടില്‍ പെറ്റുകിടക്കുന്ന പൂച്ച അതിന്റെ കുഞ്ഞിനെ എടുക്കാന്‍ ചെല്ലുന്നവരെ മാന്താന്‍ കൈ ഉയര്ത്തുന്നതുപോലെ കോട്ടും സൂട്ടുമിട്ട് കയ്യിലൊരു വാക്കിട്ടോക്കിയും പിടിച്ചു പാരവാഹി തടഞ്ഞു.... ഇത് സ്പോന്സേര്സിന്റെ നിരയാണ്....
മുതലക്കുഞ്ഞിനെ നീന്തല് പഠിപ്പിക്കേണ്ട ആവശ്യമുണ്ടോ? അവള്‍ കയര്‍ത്തു... എടാ മക്കളെ, ഞാന്‍ ഒന്നാന്തരം തനിമയില്‍ ഒരുമയില്‍ വളര്ന്നവളാ. ഞാനത്തരക്കാരിയല്ല... എന്റെ സ്പോണ്സര്‍ കാര്‍ബൂട്ടിലുണ്ട്. ദാ, ഇപ്പമിങ്ങെത്തും. കഴിഞ്ഞ പതിനഞ്ചു കൊല്ലമായി അങ്ങേരെന്റെ സ്ഥിരം സ്പോണ്സറാ.... അല്ലേലും പറയാതിരിക്കാന്‍ വയ്യ....
എടാ കുട്ടാ... ക്നാനായക്കാരായ ഞങ്ങള്‍ക്ക് പണത്തിനു അല്പം ബുദ്ധിമുട്ടുണ്ടെന്നത് ശരിതന്നെ. എന്ന് വച്ച് ദൈവാനുഗ്രഹം കൊണ്ട് അഹങ്കാരന്തിന് യാതൊരു കുറവുമില്ലായെന്ന കാര്യം മറക്കാതിരുന്നാല്‍ നന്ന്.
ഇപ്പോഴല്ലേ സംഗതി പിടി കിട്ടിയത് നിങ്ങളെല്ലാം കയ്യില്‍ കുപ്പിയുമായിരിക്കുന്നത് നമ്പര്‍ വണ്ണിനാണല്ലേ... എഴുനെറ്റാല്‍ സീറ്റ് പോകുംപോലും.... കഷ്ടം....അവളുടെ കണ്ണുകള്‍ മൊത്തത്തില്‍ എന്തൊക്കെയോ പരതുന്നു.
ഒപ്പം മനസ്സ് പിറകോട്ടു പോയി.... വര്‍ഷങ്ങള്‍ പിറകിലോട്ട്.....
*****
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും പാലാട്ട് കുഞ്ഞിക്കണ്ണന്‍, പാലാട്ട് കോമന്‍ മുതലായ വടക്കന്‍പാട്ട് സിനിമകളിലെ ചേകവന്മാരുടെ വഴക്കവും ആയുധങ്ങള്‍കൊണ്ടുള്ള അഭ്യാസങ്ങളും കണ്ടപ്പോള്‍ മേലാസകലം കൊരിത്തരിക്കുമായിരുന്നു..... എന്നാല്‍ ഏത്തയ്ക്കാ റോസ്റ്റ് പോലത്തെ മസിലുള്ള പ്രശസ്ത നടന്‍ ജയന്റെ വരവോടെ പയറ്റിനും ഇടിക്കും മലയാള സിനിമയില്‍ ഒരു പുതിയ മാനം ഉണ്ടാവുകയായി. ശരപഞ്ചരത്തില്‍ കുതിരയെ എണ്ണ തേപ്പിച്ചു കുളിപ്പിക്കാന്‍ പോകുന്ന ജയന്റെ മസില് കണ്ടപ്പോള്‍ നഴ്സിംഗ് വിദ്യാര്‍ഥിനി ആയിരുന്ന ത്രേസ്യാക്കുട്ടി ഒന്നുറച്ചു.... പഠിച്ച് അമേരിക്കയിലേയ്ക്കോ ഗള്‍ഫിലേയ്ക്കോ പോയി പത്തു കാശുണ്ടാക്കി, നല്ല മസിലുള്ള ഒരു ജയനെ തനിക്കും സ്വന്തമാക്കണം. ജോലി കഴിഞ്ഞു വരുമ്പോള്‍ അദ്ദേഹത്തിന്റെ പേശീബലമുള്ള ആ കൈകള്‍ കൊണ്ട് തന്റെ ശരീരമാസകലം മസ്സാജ് ചെയ്യ്പ്പിക്കണം....
എന്തായാലും അവസാനം ത്രേസ്യാക്കുട്ടി ഏത്തപ്പെട്ടത്... ഇംഗ്ലണ്ടില്‍. തനിക്ക് കിട്ടിയ ഭര്‍ത്താവോ.... മൊബൈല്‍ ടവറിന്റെ ഉയരവും... പുഴുക്കുത്തേറ്റ കിളിച്ചുണ്ടന്‍ മാങ്ങപോലെ മുഖമുള്ള ഒരു കരിമാടിക്കുട്ടന്‍.. രണ്ടു കുട്ടികളുള്ളത് അദ്ദേഹത്തിന്റെ തനി ഫോട്ടോകോപ്പികള്‍. ഇതില്‍ കൂടുതല്‍ എന്താണ് ഒരു സ്ത്രീയ്ക്ക് തന്റെ ജീവിതത്തില്‍ സന്തോഷിക്കാന്‍ വേണ്ടത്?
ഇംഗ്ലണ്ടില്‍ തന്റെ സമുദായത്തില്‍ നിന്നും ആദ്യകാലതെത്തിയ യേശുവിന്റെ പ്രതിപുരുഷനായ പുരോഹിതനായിരുന്നു മറ്റത്തിലച്ചന്‍.... അദ്ദേഹം തുടക്കമിട്ട ആ കൂട്ടായ്മ വളര്‍ന്നു ഇന്ന് വലിയ വടവൃക്ഷമായെന്നു എല്ലാവരും പറയുമ്പോള്‍ കേവലം രണ്ടു കുടുംബങ്ങള്‍ മാത്രമുള്ള തങ്ങളുടെ സ്ഥലത്ത് നിന്നും ഇത്തവണത്തെ കണ്‍വെന്‍ഷണില്‍ എന്ത് വിലകൊടുത്തും പങ്കെടുക്കണം എന്ന ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു ത്രേസ്യാക്കുട്ടി. മാസങ്ങള്‍ക്ക് മുമ്പേ അവധിയെല്ലാം തരപ്പെടുത്തിയ അവര്‍ അവസാനം മാല്‍വേണ്‍ മലനിരകളെ ലക്ഷ്യമാക്കി തലേന്ന് തന്നെ കുടുംബസമേതം യാത്രയായി. ഇംഗ്ലണ്ടിലെ പത്രക്കാര്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ വായിക്കാറുള്ള ത്രേസ്യാക്കുട്ടി പലയാവര്‍ത്തി പറഞ്ഞു.... ഇത്തവണ എന്തായാലും അവിടെ എന്തെങ്കിലും സംഭവിക്കും.... കരിങ്കൊടി ഒക്കെ കണ്ടിട്ടെത്ര കാലമായി! കള്ള് കുടിച്ചു വളുവളാ വര്‍ത്തമാനം പറയുവാന്‍ ബഹുമിടുക്കന്മാരാണല്ലോ നമ്മുടെ ആളുകള്‍.... അടിയെങ്ങാന്‍ കണ്ടാല്‍ ആട് കെട്ടിയിടത്ത് പൂട പോലുമില്ല എന്ന അവസ്ഥ ഇത്തവണ ആവരുതേ എന്ന് അവള്‍ ആശിച്ചു... ഒരു നല്ല തല്ലു കണ്ടിട്ടെത്ര നാളായി! വായില്‍ കയിട്ടാല്‍ തിരിച്ചു കടിക്കാത്ത പട്ടിയെപ്പോലെതന്നെയാണ് ജോണിച്ചായന്‍....
അമ്പലത്തില്‍ ഉത്സവത്തിന് എഴുന്നുള്ളിപ്പിനെത്തുന്ന ആനയുടെ ഇടതും വലതുമായി നില്‍ക്കുന്ന പാപ്പാന്മാരെപ്പോലെ വായിലുള്ള പല്ല് മുഴുവന്‍ വെളിയില്‍ കാട്ടി കേരളത്തില്‍ നിന്നെത്തിയ പിതാവിന്റെ ഇരു വശത്തുമായി നില്‍ക്കുന്ന രണ്ടു വനിതാ മെമ്പര്‍മാരെ കണ്ടപ്പോള്‍ ഇക്കൂട്ടരെ ഇതിനുവേണ്ടി മാത്രമാണോ നിര്ബന്ധബുദ്ധികാട്ടി തെരഞ്ഞെടുത്തതെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത്ഭുതമില്ല.
(കൂടുതല്‍ കണ്‍വെന്‍ഷന്‍ വിശേഷങ്ങളുമായി ജോയ്പ്പാന്‍ എഴുതുന്ന ഈ പരമ്പരയുടെ രണ്ടാം ഭാഗം നാളെ....)