രാവിപ്പോള്‍ ക്ഷണം അങ്ങൊടുങ്ങിടും
ഉഷസ്സെങ്ങും പ്രകാശിക്കും
ദേവന്‍ സൂര്യന്‍ ഉദിക്കും
ഈ കമലവും താനെ വിടര്ന്നിടും
താമരപൂവിന്റെ ഉള്ളില്‍ പെട്ടുപോയ കരിവണ്ട് സ്വപ്നം കണ്ടതായിരുന്നു അത്. പക്ഷെ സ്വപ്നം സാക്ഷാല്‍കാരം ആകുന്നതിനു മുന്‍പു തന്നെ, സുപ്രഭാതം പൊട്ടിവിടരുന്നതിനു മുന്‍പേ, മദം ഇളകി വന്ന ഒരു ഒറ്റയാന്‍ ആ താമര പൂവിനേയും അതിനുള്ളില്‍ കുടുങ്ങിപോയ വണ്ടിനെയും അകത്താക്കി.
പൂവിനുള്ളില്‍ കുടുങ്ങിപോയ വണ്ടിന്റെ സ്ഥിതിയില്‍ ആണിപ്പോള്‍ അമേരിക്കയിലെ ക്നനായക്കാര്‍. പണ്ടൊരു മാവിന്‍റെ കൊമ്പിലിരുന്നു മാങ്ങാഅണ്ടി തിന്നാന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ അറിയാതെ കൈയ്യില്‍ നിന്ന് അണ്ടി കൈവിട്ടുപോയ അണ്ണാനെ പോലെ “മിഴ്കസ്യാ” എന്നുംപറഞ്ഞു അവരിപ്പോള്‍ നെട്ടോട്ടം ഓടുന്നു. യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെ ശുദ്ധനുണ തന്നെ പറഞ്ഞ് ഒരു സമൂഹത്തെ മൊത്തം വിഡ്ഢികള്‍ ആക്കിയവര്‍ ഒരു ഉളിപ്പുമില്ലാതെ ഞെളിഞ്ഞു നടക്കുന്നു. പേടിക്കേണ്ട, ഇനിയും അവസരങ്ങള്‍ വരും. കാശിനു അവശ്യം വരുമ്പോള്‍ അവര്‍ വീണ്ടുംവരും. ആ ഒരു കാര്യത്തില്‍ അവര്‍ക്കു യാതൊരു വല്യഭാവവും ഇല്ല. അത് അവരുടെ അവകാശം ആണല്ലോ.
ഇനി ഇവിടെ സംഭവിച്ചത് നിങ്ങള്‍ക്ക് ഇഷ്ടപെട്ടില്ലേ? എങ്കില്‍ അത് നിങ്ങളുടെ പ്രശ്നം. മാത്രമല്ല, ഓന്ത് ഓടിയാല്‍ വേലിയോളം. പരി. പിതാക്കന്മാര്‍ക്കു അതു വേണ്ടവണ്ണം അറിയാം. ഇനിയിപ്പോള്‍ നിങ്ങള്‍ കുറെപേരങ്ങു പിണങ്ങിയാലും ഒരു ചുക്കും സംഭവിക്കില്ല. “പോടാ പുല്ലേ പോ കാതു കുത്തിയോന്‍ പോയാല്‍ കടുക്കനിട്ട പ്രാഞ്ചിയേട്ടന്മാര് വരും.” അത്ര തന്നെ.
കേട്ടില്ലേ ഈ അടുത്ത കാലത്തു വന്ന അങ്ങാടിയത്തിന്റെ പുതിയ കല്പന. ഇണക്കത്തില്‍ ചാക്കോച്ചന്‍ പ്രഷ്ട്ടം നക്കിക്കുക എന്നു കേട്ടിട്ടേ ഉള്ളു. സിറോ മലബാര്‍ അതിവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു! ലക്ഷ്യം മാര്‍ഗത്തെ ശുധീകരിക്കും എന്ന കമ്മുണിസ്റ്റ് സിദ്ധാന്തത്തില് അവരും വിശ്വസിക്കുന്നു എന്ന് ചുരുക്കം. വളച്ചുകെട്ടില്ലാതെ പറയാം. സഭാനേതൃത്വം മനഃപൂര്‍വം നുണ പറഞ്ഞു സാധാരണക്കാരനെ പറ്റിക്കുകയായിരുന്നു.
ഏറെ സമാനതകള്‍ ഉള്ള ഒരു മഹാഭാരതകഥയോട് കൂടി ഇതു അവസാനിപ്പിച്ചേക്കാം കുരുക്ഷേത്രയുദ്ധം പതിമൂന്നാം ദിവസം. ഭീഷ്മര്‍ വീണു കഴിഞ്ഞു. ദ്രോണര്‍ കൌരവപടയുടെ നേതൃത്വം ഏറ്റെടുത്തു പാണ്ഡവരില്‍ ഭീതി ഉണര്‍ത്തി കത്തിക്കയറുകയാണ്. എത്രയും വേഗം ദ്രോണര്‍ക്കു തട ഇട്ടില്ലെങ്കില്‍ പരാജയം ഉറപ്പുതന്നെ. ഉപായം എന്തെങ്കിലും പ്രയോഗിക്കാതെ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയുമില്ല. താമസിച്ചില്ല. കൃഷ്ണന്‍ ഭീമനെ വിളിച്ചു ദൂരെ നില്‍ക്കുന്ന ഒരാനയെ ചൂണ്ടിക്കാട്ടി. അതിന്‍റെ പേര് അശ്വത്ഥാമാവ് എന്നാണെന്നും എത്രയുംവേഗം അതിനെ കൊന്നിട്ടു വരാനും, വരുന്ന വഴി ഞാന്‍ അശ്വത്ഥാമാവിനെ കൊന്നു എന്നു ഉച്ചത്തില്‍ വിളിച്ചു പറയാനും പറഞ്ഞു. അതോടൊപ്പം യുധിഷ്ട്ടിരനോടു ദ്രോണര്‍ ചോദിച്ചാല്‍ ഭീമന്‍ പറഞ്ഞതു സത്യം ആണ് എന്നു മടികൂടാതെ പറയണം എന്നും നിര്‍ദേശിച്ചു. പറഞ്ഞതുപ്രകാരം ഭീമന്‍ പോയി ആനയെ കൊല്ലുകയും വരുന്ന വഴി “അശ്വത്ഥാമാവിനെ ഞാന്‍ കൊന്നേ” എന്നു പലവട്ടം വിളിച്ചു കൂവുകയും ചെയ്തു. ഭീമന്‍ കൊലപ്പെടുത്തിയതു തന്‍റെ പുത്രനായ അശ്വത്ഥാമാവ് ആണോ എന്നു തെറ്റിധരിച്ചു സംശയനിവാരണം വരുത്തുവാനായി ദ്രോണര്‍ യുധിഷ്ട്ടിരനോട് തന്നെ ചോദിച്ചു ഭീമന്‍ വിളിച്ചു കൂവുന്നതു സത്യമാണോ എന്ന്. ധര്‍മപുത്രര്‍ ശരിക്കും ധര്‍മസങ്കടത്തിലായി. താന്‍ സത്യം പറഞ്ഞാല് പാണ്ഡവര്‍ പരാജയപ്പെടും. നുണ പറഞ്ഞാല്‍ താന്‍ ഇത്ര നാളും കൊണ്ടുനടന്ന ധര്‍മപുത്രര്‍ എന്ന പേര് നഷ്ട്ടപ്പെടും. അതുകൊണ്ട് രണ്ടും കല്‍പ്പിച്ച് സത്യം വളച്ചൊടിച്ചു അങ്ങ് പറഞ്ഞു. പറഞ്ഞത് ഇപ്രകാരം. "അശ്വത്ഥാമാവിനെ ഭീമന്‍ കൊന്നു. അത് ഒരാന ആയിരുന്നു". എങ്കിലും ആദ്യത്തെ വാചകം ദ്രോണര്‍ കേള്‍ക്കാന്‍ പാകത്തില്‍ ഉറക്കെയും രണ്ടാം ഭാഗം കേള്‍ക്കാതിരിക്കാന്‍ പാകത്തില്‍ വളരെ ശബ്ദം താഴ്ത്തിയുമാണ് പറഞ്ഞത് എന്നു മാത്രം. നിമിഷങ്ങള്‍ക്കകം യുദ്ധവീര്യം നഷ്ട്ടപ്പെട്ട ദ്രോണരെ അര്‍ജുനന്‍ പരാജയപ്പെടുത്തുകയും ചെയ്തു. യുധിഷ്ട്ടിരന്‍ ഇവിടെ നുണ പറഞ്ഞിട്ടില്ല എന്നു വേണെമെങ്കില്‍ വാദിക്കാം. പക്ഷെ സത്യം വേണ്ടരീതിയില്‍ പറഞ്ഞിട്ടുമില്ല.
എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍!
ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ ഏതു ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഏതു ക്രിസ്തുവിനെ ആണാവോ പ്രതിനിധാനം ചെയ്യുന്നത്. പമ്പരവിഡ്ഢികളായ സാധാരണക്കാര്‍ നുണ പറയുന്ന, കളവും വഞ്ചനയും ചെയുന്ന ക്രിസ്തുവിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടുണ്ടെന്നു തോന്നുന്നില്ല.
നന്ദി
പയസ് പൂഴിക്കാലാ
No comments:
Post a Comment