ക്നാനായ സമുദായത്തെ ഇന്നത്തെ അവസ്ഥയിലേയ്ക്ക് ഉയര്ത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് നേര്സിംഗ് എന്ന തൊഴിലാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമെങ്കിലും റബറിനുണ്ട്.
കേരളത്തില്‍ റബര്‍കൃഷി ആരംഭിച്ച ജോണ് ജോസഫ് മര്‍ഫി എന്ന അയര്‍ലണ്ട്കാരനെക്കുറിച്ച് സണ്ടേ ശാലോമില്‍ വന്ന ഫീച്ചര്‍.
ജോണ്‍ ജോസഫ് മര്‍ഫി എത്ര പേര്‍ക്ക് സുപരിചിതനാണെന്ന് അറിയില്ല. എന്നാല്‍ റബര്‍ കര്‍ഷകരെങ്കിലും അദ്ദേഹം ആരാണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായകമായിക്കഴിഞ്ഞ റബര്‍ കൃഷിയുടെ ഉപജ്ഞാതാവാണ് ഐറീഷുകാരനായ ജോണ്‍ ജോസഫ് മര്‍ഫി.
1872 ഓഗസ്റ്റ് ഒന്നിന് അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ കപ്പല്‍ബാങ്കിംങ് വ്യവസായികളായിരുന്ന ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ജോണ്‍ ജോസഫ് ചെറുപ്രായത്തിലേ ഇന്ത്യയിലേക്ക് യാത്രയായി. അദ്ദേഹം എത്തിച്ചേര്‍ന്നത് കേരളത്തിന്റെ ഹൈറേഞ്ച് മേഖലയിലാണ്. അവിടെ കണ്ട പ്രകൃതിസൗന്ദര്യവും നിഷ്‌ക്കളങ്കരായ ഗ്രാമീണരും ഈ ഭൂപ്രകൃതിയെ മരണം വരെ സ്‌നേഹിക്കാന്‍ ജോണിനെ പ്രേരിപ്പിച്ചു. സിലോണില്‍ തുടങ്ങിയ പ്ലാന്റര്‍ ജീവിതത്തിന്റെ വഴിത്തിരിവും പരിസമാപ്തിയുമായിരുന്നു കേരളത്തില്‍ സംഭവിച്ചത്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഏലത്തോട്ടം പാമ്പാടുംപാറയില്‍ ആരംഭിച്ചത് അദ്ദേഹമായിരുന്നു. പിന്നീടാണ് റബര്‍ കൃഷിയുടെ അപാരസാധ്യതകളിലേക്ക് ജോണിന്റെ മനസ്സ് സഞ്ചരിച്ചത്. അത് കോതമംഗലത്തിനടുത്തുള്ള തട്ടേക്കാട് ആദ്യത്തെ റബര്‍ പ്ലാന്റേഷന് തുടക്കം കുറിച്ചു. വ്യാവസായികാടിസ്ഥാനത്തിലുള്ള റബര്‍ ഉല്പാദനത്തിനായി ഏന്തയാര്‍ കേന്ദ്രീകരിച്ച് 1904 ല്‍ അദ്ദേഹം റബര്‍ ഉല്പാദനം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തിലെ ഏറ്റവും വലിയ റബര്‍ ഉല്പാദകകേന്ദ്രമായിമാറാന്‍ കേരളത്തിന് കഴിഞ്ഞത് മര്‍ഫിയുടെ പദ്ധതികള്‍ വഴിയാണ്.
വ്യവസായമേഖലയിലും അതിന്റെ സാമ്പത്തികവശങ്ങളിലും മാത്രമായിരുന്നില്ല ജോണ്‍ മര്‍ഫിയുടെ ശ്രദ്ധ. തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി സ്‌കൂളുകളും അവരുടെ ആരോഗ്യപരിരക്ഷയ്ക്കായി ചികിത്സാലയങ്ങളും അദ്ദേഹം ആരംഭിച്ചു. തൊഴിലാളികളുടെ ഭാവിസുരക്ഷിതത്വത്തിനായി പെന്‍ഷന്‍ പദ്ധതിയും നടപ്പിലാക്കി. ഗവണ്‍മെന്റ് തലത്തില്‍പോലും പെന്‍ഷന്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത് എന്നത് ജോണിന്റെ ദീര്‍ഘദര്‍ശിത്വത്തിന്റെ തെളിവാണ്. ജലസേചനം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും തന്റെ എസ്‌റ്റേറ്റില്‍ ജോണ്‍ ജോസഫ് നടപ്പിലാക്കി. അതോടൊപ്പം തന്നെ പള്ളികളും ആരാധനാലയങ്ങളും നിര്‍മ്മിച്ച് അനേകരുടെ ആത്മീയജീവിതത്തിന് പരിപോഷകമായ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നു.
മത സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ അദ്ദേഹം നല്കിയ സമഗ്രസംഭാവനകള്‍ക്ക് ലഭിച്ച സഭാത്മകമായ ആദരവായിരുന്നു 1927 ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയില്‍ നിന്ന് ലഭിച്ച പേപ്പല്‍ ബഹുമതിയായ 'പ്രോ എക്ലേസിയ എറ്റ് പൊന്തിഫിക്കേറ്റ്.' സെമിനാരികള്‍, കോണ്‍വെന്റുകള്‍, അനാഥാലയങ്ങള്‍, കത്തോലിക്കാ ഇടവകകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ സേവനമേഖലകളെ കണക്കിലെടുത്തായിരുന്നു ഈ ബഹുമതി.
1957 മെയ് ഒമ്പതിനായിരുന്നു മരണം. തന്റെ തൊഴിലാളികള്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയില്‍ തന്നെ അടക്കം ചെയ്യപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഏന്തയാര്‍ സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയിലാണ് മര്‍ഫി അന്ത്യവിശ്രമം കൊള്ളുന്നത്.
ദേശത്തിനും കാലത്തിനും ജോണ്‍ ജോസഫ് മര്‍ഫി നല്കിയ സംഭാവനകളെ ഭാവിതലമുറയ്ക്കായി പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മര്‍ഫിക്ക് സ്മാരകം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സെമിത്തേരിയുടെ 2.5 സെന്റ് സ്ഥലം ഇതിനായി സഭാധികാരികള്‍ റബര്‍ബോര്‍ഡിന് കൈമാറിക്കഴിഞ്ഞു. ജോണ്‍ ജോസഫ് മര്‍ഫി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി 1982 ല്‍ ആരംഭിച്ചതാണ്. ഹയര്‍സെക്കന്ററി 1998 ലാണ് തുടങ്ങിയത്.
പ്രാദേശികപാരമ്പര്യം അനുസരിച്ച് ഏന്തയാറിന് ആ പേര് നല്കിയത് മര്‍ഫിയാണ്. ഏന്‍, തായ്, ആര്‍, എന്നീ വാക്കുകളില്‍ നിന്നാണത്രെ ഏന്തയാര്‍ ഉണ്ടായത്.
(സണ്ടേ ശലോമിന് വേണ്ടി ഈ ഫീച്ചര്‍ തയ്യാറാക്കിയത് ബിജു സെബാസ്റ്റ്യന്‍)