ജനാധിപത്യ സംവിധാനത്തിലെ നാല് തൂണുകളിലൊന്നാണ് മാധ്യമങ്ങള്‍. മറ്റു തൂണുകള്‍ക്കു തെറ്റോ, അപഭ്രംശമോ സംഭവിക്കുമ്പോള്‍, അത് പൊതുജനശ്രദ്ധയില്‍പ്പെടുത്താനും, തെറ്റ് തിരുത്താനുമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് മാധ്യമങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നത്. മറ്റു തൂണുകളില്‍ നിന്ന് വിഭിന്നമായി, സ്വയം ഏറ്റെടുക്കുന്ന ചുമതലയാണ് മാധ്യമങ്ങളുടേത്. ജനാതിപത്യം വിജയകരമായിട്ടുള്ള രാജ്യങ്ങളിലെല്ലാം സദാ ജാഗ്രത പാലിക്കുന്ന, സത്യസന്ധതയുള്ള, നന്മ മാത്രം ലക്ഷ്യമാക്കിയ, മാധ്യമസാന്നിദ്ധ്യമുണ്ട്.
ഭാരതത്തിലും മാധ്യമങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുകയും പൊതുജനനന്മക്കായി വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് ജനാധിപത്യം ഇന്ത്യയില്‍ വേരുപിടിക്കാന്‍ ഇത് നല്‍കിയ സഹായം ചെറുതല്ല.
കേരളത്തിലെ മാധ്യമങ്ങള്‍ക്ക് പിണഞ്ഞ ഒരു അബദ്ധമായിരുന്നു ISRO ചാരക്കേസ്. വികസിതരാജ്യങ്ങള്‍, ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യ ചോര്ത്തിയെടുക്കാന്‍, മാലി സ്വദേശിനികളായ അഭിസാരികമാരെ നിയോഗിച്ചെന്നും, അവരുടെ സൗന്ദര്യത്തിലും വശ്യതയിലും മയങ്ങി, നമ്മുടെ ശാസ്ത്രഞ്ജര്‍, രാജ്യത്തിന്റെ രഹസ്യമായ രഹസ്യമെല്ലാം അവര്‍ക്ക് ചോര്ത്തികൊടുത്തു എന്നും ഒരു കഥ ആരോ മെനഞ്ഞുണ്ടാക്കി. കഥയിലെ അപഹാസ്യത തിരിച്ചറിഞ്ഞു പൊട്ടിച്ചിരിക്കാതെ, മാധ്യമങ്ങള്‍ അതേറ്റുപാടി; ആഘോഷിച്ചു. ഒന്നാംകിടക്കാരായ നമ്മുടെ ചില ശാസ്ത്രന്ജരെ നമ്മള്‍ ക്രൂശിച്ചു. ആ കാലഘട്ടത്തില്‍ ISROയുടെ വാഹനങ്ങള്‍ക്ക്നേരെ തിരുവനന്തപുരത്തെ ജനം കല്ലെറിയുക വരെ ചെയ്തു. അപവാദത്തിനിരയായ ഉദ്യോഗസ്ഥരുടെ മാനസികനിലയും, കുടുംബജീവിതവും തകരുന്നതുകണ്ട് കേരളസമൂഹം ആര്‍ത്തുവിളിച്ചു; മാധ്യമങ്ങള്‍ അതും കൊണ്ടാടി.
സാവധാനം, വളരെ വൈകിയതിനുശേഷം, ഇതെല്ലാം ആരുടെയോ ഭാവനാസൃഷ്ടിയായിരുന്നു എന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ പേരില്‍ ആരും, ആരോടും മാപ്പ് ചോദിച്ചില്ല; ക്രൂശിക്കപ്പെട്ടവരുടെ സഹനത്തെ ആരും വാഴ്ത്തിയില്ല. അവരെയും, ഈ സംഭവത്തെതന്നെയും നാം മറന്നു.
ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാന്‍ വിസമ്മതിക്കുന്നവര്‍, ആവര്‍ത്തിക്കപ്പെടുന്ന തെറ്റുകളുടെ ഇരയാകാന്‍ വിധിക്കപ്പെട്ടവരാണ്.
അതെ, നമ്മള്‍ തെറ്റാവര്‍ത്തിക്കുകയാണ് – സിസ്റ്റര്‍ അഭയയുടെ കാര്യത്തില്‍.
പതിനേഴു വര്‍ഷത്തോളമായി തെളിയിക്കപ്പെടാത്ത മരണകാരണം ഇന്നും മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ്. ഈ വിഷയത്തെക്കുറിച്ച് എന്തെഴുതിയാലും, ദൃശ്യമാധ്യമങ്ങളില്‍ എന്ത് കാണിച്ചാലും, ജനശ്രദ്ധ നൂറു ശതമാനം ഉറപ്പാണെന്നത് കാരണം.
രോഗത്തിനുതകുന്ന മരുന്നു കൊടുക്കുന്നവന്‍ ഉത്തമനായ ഭിഷഗ്വരന്‍. രോഗിയുടെ ഇഷ്ടമറിഞ്ഞു മരുന്നു കുറിക്കുന്ന വൈദ്യന്റേത് കച്ചവടക്കണ്ണ്‍.
കൂടുതല്‍ വായനക്കാരെ, കൂടുതല്‍ കാണികളെ, ആകര്‍ഷിക്കാന്‍, അവര്‍ക്ക് വേണ്ടത് കൊടുക്കാന്‍, നമ്മുടെ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്.
സിസ്റ്റര്‍ അഭയയുടെ കേസന്വേക്ഷണത്തെക്കുറിച്ചു ചില പത്രങ്ങള്‍ എഴുതുന്നത് കണ്ടാല്‍ അവരുടെ റിപ്പോര്‍ട്ടര്‍മാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന് തോന്നിപ്പോകും. അത്ര കൃത്യമായി, ഡയലോഗുസഹിതമാണ് റിപ്പോര്‍ട്ടിംഗ്. മറ്റു ചിലര്‍ എഴുതുന്നത് വായിച്ചാല്‍, ഇന്ത്യാമഹാരാജ്യത്തിലെ ഏറ്റവും വലിയ കുറ്റവാളികള്‍, ഇന്നാട്ടിലെ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന CBI ആണെന്നും, കോടതികള്‍ മിക്കവാറും CBI-യ്ക്ക് വധശിക്ഷ തന്നെ നല്‍കുമെന്നും തോന്നിപ്പോകും. രണ്ടിന്റെയും ഇടയില്‍ കിടന്നു സത്യം കൈകാലിട്ടടിക്കുന്നു – ആരും കാണാതെ.
മനസാക്ഷി, പക്ഷെ മരവിച്ചത് മാധ്യമങ്ങളുടെ മാത്രമോ?
ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ നിലപാടെന്തായിരുന്നു?
21 വയസ്സ്മാത്രം പ്രായമുള്ള, സാമ്പത്തികമായി വെറും സാധാരണമായ ഒരു കുടുംബത്തിലെ അംഗമായിരുന്ന, കന്യാസ്ത്രീ ദുരൂഹ സാഹചര്യങ്ങളില്‍ മരണപ്പെട്ടിട്ട്, എത്ര ബഹുജനപ്രക്ഷോഭം കേരളത്തിലുണ്ടായി? ക്രൈംബ്രാഞ്ച് ആത്മഹത്യയാണെന്ന് പറഞ്ഞപ്പോഴും, സിബിഐയിലെ ഒരുദ്യോഗസ്ഥന്‍ ‘സത്യസന്ധമായി ഈ കേസന്വേക്ഷിക്കാന്‍ സാധിക്കുന്നില്ല’ എന്ന് പറഞ്ഞു രാജി വച്ചപ്പോഴും, “മരണം കൊലപാതകം മൂലമായിരുന്നു, പക്ഷെ ഘാതകരെ കണ്ടെത്താനാവുന്നില്ല” എന്നു പറയാന്‍ സിബിഐ മുതിര്ന്നപ്പോഴും, സാക്ഷരരും, പ്രബുദ്ധരരുമായ കേരളത്തിലെ പൊതുജനമോ, ഇവിടുത്തെ കാക്കത്തൊള്ളായിരം രാഷ്ട്രീയപാര്ട്ടികളോ, ഒരു പ്രസ്താവനയെങ്കിലും ഇറക്കിയതായി കേട്ടില്ല.
സിസ്റ്റര്‍ അഭയയുടെ ഐക്കരക്കുന്നേല്‍ വീട്ടില്‍ രണ്ടോ, മൂന്നോ വോട്ടുകള്‍ മാത്രമാണുള്ളത്!
സിസ്റ്റര്‍ അഭയയുടെ ഐക്കരക്കുന്നേല്‍ വീട്ടില്‍ രണ്ടോ, മൂന്നോ വോട്ടുകള്‍ മാത്രമാണുള്ളത്!
സിസ്റ്റര്‍ അഭയ, പ്രതികരണശേഷിക്ക് പേരുകേട്ട, ക്നാനായ സമുദായത്തിലെ അംഗമായിരുന്നു. ആ സമുദായത്തിലെ തലവന്മാര്‍ എന്താണ് ചെയ്തത്? ഈയിടെയായി, “ഞങ്ങളാണ് ആദ്യം അന്വേക്ഷണം ആവശ്യപ്പെട്ടത്” എന്നും, “ഞങ്ങള്‍ അന്വേക്ഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്” എന്നുമൊക്കെ വീമ്പിളക്കുന്നത് കേള്‍ക്കാം. സ്വന്തം സമുദായത്തിലെ ഒരു ഹോസ്റ്റലില്‍ നടന്ന സംശയകരമായ മരണത്തില്‍ അന്വേഷണം വേണമെന്ന് ദുര്‍ബലസ്വരത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ (ആരും അത് കേട്ടതായി സാക്ഷ്യപ്പെടുത്തുന്നില്ല) അതില്‍ ഇത്ര ശ്ലാഘനീയമായതെന്താണ്? ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേക്ഷണത്തിനോട് സഹകരിക്കാതിരിക്കാനവര്‍ക്കാകുമോ? അത് ഒരു വലിയ ഔദാര്യമാണ് എന്ന ഭാവത്തില്‍ അവതരിപ്പിക്കുന്നത് ആരെ വിഡ്ഢിയാക്കാനാണ്?
എം.ജി. സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍, ഡോ. സിറിയക് തോമസ് പറഞ്ഞു, “വിധിക്കാന്‍ കോടതികള്‍ക്കും, ദൈവത്തിനും മാത്രമാണധികാരം.” എത്ര ശരി!
ദൈവത്തിന്റെ വിധി പലപ്പോഴും പത്രക്കാര്‍ക്കും ചാനലുകള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ പോകാം. പക്ഷെ കോടതി വിധി മാധ്യമങ്ങളിലൂടെ അറിയാനാവും. കോടതികള്‍ കുറ്റാരോപിതര്‍ അപരാധികളാണോ, നിരപരാധികളാണോ എന്ന് വിധിക്കട്ടെ.
അങ്ങനെ വിധിക്കാന്‍ കോടതികള്‍ക്ക് ചടങ്ങുകളേറെയുണ്ട്. കുറ്റപത്രം സമര്‍പ്പിക്കപെടണം, തെളിവുകള്‍ പരിശോധിക്കണം, സാക്ഷികളെ വിസ്തരിക്കണം, കീഴ്ക്കോടതിയുടെ വിധി വന്നാല്‍തന്നെ അപ്പീലിനു പോയാല്‍, പരമോന്നത കോടതിയില്‍ നിന്നുവരെ വിധി വരേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ, ഒരു നിഷ്പക്ഷമതിക്ക് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ കുറ്റവാളികളാണോ, അല്ലയോ എന്ന് പറയുവാന്‍ കഴിയൂ.
അതുവരെ, രാവിലെയും വൈകുന്നേരവും, “സംശയിക്കപ്പെടുന്നവര്‍ നിരപരാധികളാണ്” എന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പിതാക്കന്മാര്‍ ദയവുചെയ്ത് ഇത്രയും മനസ്സിലാക്കുക.
ഭാരതത്തിലെ കോടതികളല്ല നിങ്ങള്‍.; നിങ്ങള്‍ ദൈവമാണെന്ന് വിശ്വസിക്കാനും ജനത്തിന് ബുദ്ധിമുട്ടുണ്ട്.
അലക്സ് കണിയാംപറമ്പില്‍
(2008 ഡിസംബര്‍ ലക്കം “ബിലാത്തി മലയാളി"യില്‍ പ്രസധീകരിച്ചത്)
No comments:
Post a Comment