Thursday, August 2, 2012

എസ്‌കേപ്പ് സീറോമലബാര്‍ !!!!!!


ക്‌നാനായ മലങ്കര കത്തോലിക്കരെങ്കിലും തനിമ സംരക്ഷിക്കട്ടെ
*Escape syro malabar*

ക്‌നാനായ കത്തോലിക്കര്‍ക്കു ലഭിച്ച വികാരിയത്ത് രൂപതയായത് മാര്‍ അലക്‌സാണ്ടര്‍ ചൂളപറമ്പില്‍ മെത്രാനായിരുന്ന കാലത്താണല്ലോ; അദ്ദേഹം മലങ്കര കത്തോലിക്കാസഭയുടെ ചരിത്രനായകന്‍ കൂടിയാണ്. സകല ഹൃദയങ്ങളേയും സ്‌നേഹബഹുമാനാദികള്‍കൊണ്ട് നിറച്ച അദ്ദേഹം, കൂനന്‍കുരിശുസത്യത്തിലൂടെ വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ തിരികെ കൊണ്ടുവരണമെന്ന തന്റെ മുന്‍ഗാമിയുടെ ആഗ്രഹം നിവര്‍ത്തിച്ചുകൊണ്ട് പുനരൈക്യമിഷന് തുടക്കമിടുകയും പ്രവര്‍ത്തി പഥത്തിലെത്തിക്കുകയും ചെയ്തു 1921-ല്‍ പുനരൈക്യപ്പെട്ട ക്‌നാനായക്കാര്‍ക്ക് പ്രത്യേക സംവിധാനം ഇല്ലാതിരുന്നതിനാല്‍ കോട്ടയം രൂപതാ മെത്രാനോടു ചേര്‍ന്നു കഴിഞ്ഞു പോന്നു.

ക്‌നാനായ സമുദായത്തിന്റെ വംശീയ നിലപാടിനെതിരെ, സമുദായം വിട്ടുപോയ ഏതാനും പേര്‍ ചേര്‍ന്ന് 1986-ല്‍ ഒരു റിസ്‌ക്രിപ്റ്റ് (നിര്‍ദ്ദേശം) അമേരിക്കയിലെ ഷിക്കാഗോ അതിരൂപതാ മെത്രാപ്പോലീത്തായില്‍ നിന്നും നേടി എടുത്തിരുന്നു. ക്‌നാനായക്കാര്‍ക്ക് കേരളത്തിലെപോലെ അമേരിക്കയില്‍ സ്വന്തം ഇടവകകള്‍ അനുവദിക്കുകയില്ല എന്നാതായിരുന്നു പ്രസ്തുത റിസ്‌ക്രിപ്റ്റ്. അഭി: കുന്നശ്ശേരി പിതാവിന്റെ അപേക്ഷമുഖാന്തിരം പൗരസ്ത്യതിരുസംഘം പ്രസ്തുത റിസ്‌ക്രിപ്റ്റ് മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു. അഭി: മൂലക്കാട്ടു പിതാവു റിസ്‌ക്രിപ്റ്റിന് അനുകൂലമായി നിലപാടെടുക്കുകയും ക്‌നാനായ ഇടവകയില്‍ നിന്നും പുറത്തു പോയവരുടെ മോഹത്തോടു ചേര്‍ന്ന് നില്‍ക്കുകയും ചെയ്തു. 2012 ഫെബ്രുവരി 25 ന് മാര്‍ മൂലക്കാട്ട് അമേരിക്കയിലെത്തി സമുദായ സ്‌നേഹികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില കാര്യങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.


പിതാവിന് അധികാരമില്ലാത്ത അമേരിക്കയില്‍ ചെന്ന് തന്റെ അധീനതയിലല്ലാത്ത ജനത്തെ വിളിച്ചുകൂട്ടി നടത്തിയ പ്രഖ്യാപനം അമേരിക്കയിലെ ക്‌നാനായക്കാരുടെ മെത്രാനായ മാര്‍ അങ്ങാടിയത്ത് ഇതുവരെ അംഗീകരിച്ചില്ല. മാത്രമല്ല അതിന്റെ പ്രതിഷേധം കേരളത്തിലും ശക്തമായി പ്രകടിപ്പിക്കപ്പെട്ടു. മൂലക്കാട്ടു പിതാവിന്റെ തീരുമാനപ്രകാരം സമുദായം വിട്ടുപോയവരെ കൂടി ക്‌നാനായ പള്ളികളില്‍ ചേര്‍ക്കുന്നതോടെ ക്‌നാനായക്കാര്‍ക്കുവേണ്ടി വിശുദ്ധ പത്താംപിയൂസ് മാര്‍പാപ്പ സ്ഥാപിച്ച ഇടവകയും രൂപതയും സ്വയം ഇല്ലാതാകുകയാണ് ചെയ്യുന്നത്. ക്‌നായി തൊമ്മന്റെ കപ്പലിന് ഇപ്പോള്‍ ഓട്ട വീണിരിക്കുന്നു. അടിപ്പലക പൊളിയുന്ന ഒരു കപ്പല്‍ രണ്ടു ദിവസം കൊണ്ട് കടലില്‍ താഴുമെങ്കില്‍ ഒരു ഓട്ട മാത്രമുള്ള ക്‌നാനായ കപ്പല്‍ ഒരു വര്‍ഷം കൊണ്ട് സീറോമലബാര്‍ കടലിടുക്കില്‍ മറഞ്ഞില്ലാതാകും എന്നു തീര്‍ച്ചയാണ്.

1921 ല്‍ ക്‌നാനായ പുനരൈക്യം നടന്ന് ഒന്‍പതു വര്‍ഷം കഴിഞ്ഞ് 1930-ല്‍ യാക്കോബായക്കാരില്‍ നിന്നും വലിയൊരു വിഭാഗം മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു. മലങ്കര ഹയരാര്‍ക്കി ഉണ്ടായി കഴിഞ്ഞപ്പോള്‍ നേരത്തെ പുനരൈക്യപ്പെട്ട ക്‌നാനായക്കാര്‍ മുഴുവന്‍ തന്റെ കീഴില്‍ വരണമെന്നു കാണിച്ച് മാര്‍ ഈവാനിയോസ് റോമിലേക്ക് കത്തയച്ചു. കാര്‍ഡിനല്‍ സിഞ്ചേറോ പൗരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന അവസരത്തിലായിരുന്നു ഈ സംഭവം. കാര്‍ഡിനല്‍ പറഞ്ഞു: പുനരൈക്യപ്പെട്ട ക്‌നാനായക്കാര്‍ കോട്ടയം രൂപതയിലോ മലങ്കര രൂപതയിലോ ചേര്‍ന്നു കൊള്ളട്ടെയെന്ന്. ഒരു സമ്മര്‍ദ്ദവും കൂടാതെ ക്‌നാനായ മലങ്കരക്കാര്‍ കോട്ടയം മെത്രാന്റെ കീഴില്‍ നിലകൊണ്ടു. മലങ്കരവിഭാഗം ചേര്‍ന്ന് നില്ക്കുന്നത് സീറോമലബാര്‍ ഹയരാര്‍ക്കി അഭിമാനമായും വ്യതിരിക്തതയായും കണ്ടിരുന്നു.

ക്‌നാനായമലങ്കര കത്തോലിക്കര്‍ രക്ഷപ്പെട്ടു കൊള്ളുക.

ക്‌നാനായ മലങ്കരക്കാര്‍ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടിട്ട് 91 വര്‍ഷം കഴിയുന്നു. കോട്ടയം മെത്രാന്റെ കീഴില്‍ മലങ്കരക്കാര്‍ നിന്നിട്ട് എന്ത് പുരോഗതി ഉണ്ടായി എന്ന് ചിന്തിക്കാന്‍ സമയമായി. സീറോമലബാര്‍ ഹയരാര്‍ക്കിയുടെ കീഴില്‍ മലങ്കര ആരാധനാക്രമവും പ്രസ്തുത സമൂഹവും എത്രമാത്രം പരിപോഷിപ്പിക്കപ്പെട്ടു എന്നു വിലയിരുത്തപെടേണ്ടതാണ്. ഭൂരിപക്ഷ ക്‌നാനായക്കാര്‍ ന്യൂനപക്ഷമലങ്കരക്കാരെയാണ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് അവിടെ പുനരൈക്യം നടക്കുന്നില്ല, ദൈവവിളിയില്ല എന്നൊക്കെ പറഞ്ഞ് സമാധാനിക്കുന്നു. ആത്മാര്‍ത്ഥതയുള്ള ഒരു നേതൃത്വത്തിന്‍ കീഴില്‍ സംഭവിക്കുന്നതാണ് ഇതൊക്കെ എന്ന് മറന്നുകൊണ്ടാണീ കുറ്റപ്പെടുത്തല്‍ എന്നോര്‍ക്കണം. പുതു തലമുറയ്ക്ക് മലങ്ക രകുര്‍ബാന പരിചിതമല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ തലമുറ കഴിഞ്ഞാല്‍ മലങ്കര ക്‌നാനായ പള്ളികളില്‍ സീറോമലബാര്‍ കുര്‍ബാന മാത്രമായിതീരും എന്നു നാം തിരിച്ചറിയണം. അതോടെ മലങ്കരയും പുനരൈക്യവും എന്ന രണ്ടു പദങ്ങള്‍ ഇല്ലാതാകും. മലങ്കരക്കാര്‍ക്കു കോട്ടയം മെത്രാന്റെ കീഴില്‍ ഒരു മെത്രാസനം ലഭിക്കുക ഇന്നത്തെ നിലയില്‍ അസാദ്ധ്യമാണ്. കോട്ടയം മെത്രാന്റെ നിലതന്നെ  പരുങ്ങലിലാണ്. സമുദായ തനിമയ്‌ക്കെതിരായുള്ള ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിനാകുന്നില്ല. മലബാറില്‍ ഒരു രൂപതയ്ക്കു വേണ്ടി അപേക്ഷകൊടുത്തിട്ട് മുപ്പതു വര്‍ഷമായിട്ടും പരിഗണിച്ചിട്ടില്ല. കോട്ടയംരൂപത അതിരൂപതയാക്കി വത്തിക്കാന്‍ പ്രഖ്യാപിച്ചപ്പോള്‍ സാമന്തരൂപത അനുവദിക്കുവാന്‍ സീറോമലബാര്‍ ഹയരാര്‍ക്കി സമ്മതിച്ചിരുന്നില്ല.

ക്‌നാനായ മലങ്കരക്കാരുടെ തനിമയും വ്യതിരിക്തതയും നിലനിര്‍ത്തണമെങ്കില്‍ സീറോമലങ്കര ഹയരാര്‍ക്കിയോട് ചേരുകയാണ് കരണീയമായിട്ടുള്ളത്. സര്‍വ്വവിധ അധികാരങ്ങളുമുള്ള ഒരു സ്വയാധികാര സഭയായ മലങ്കര ഹയരാര്‍ക്കി, ക്‌നാനായ മലങ്കരക്കാര്‍ക്ക് ഒരു മെത്രാസനം അനുവദിക്കുന്നതിന് റോമില്‍ വരെ പോകണമെന്നില്ല. സീറോ മലബാര്‍ മെത്രാന്മാരുടെ ഇടയിലെ പോലെ ഭിന്നത അവരുടെ ഇടയില്‍ ഇല്ല; അവര്‍ ഒറ്റകെട്ടാണ്. അതിന്റെ ഗുണം അവരുടെ സഭയ്ക്കുണ്ട്. ഒരു മെത്രാസനം ലഭിച്ചാല്‍ സഭാപരമായും സമുദായപരമായും ക്‌നാനായ മലങ്കര വിഭാഗത്തിന് വളരുവാന്‍ കഴിയുമെന്ന് തീര്‍ച്ചയാണ്. 1930-ല്‍ പൂര്‍വ്വീകര്‍ കോട്ടയം മെത്രാന്റെ കീഴില്‍ തന്നെ തുടര്‍ന്നും നില്‍ക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കില്‍; നമ്മളായിട്ട് മറിച്ചൊരു തീരുമാനം എടുക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല. കാരണം നിയമപരമായി ക്‌നാനായ മലങ്കരക്കാരെ കോട്ടയം മെത്രാന്റെ കീഴില്‍ നിലനിര്‍ത്തിയതല്ല. അന്ന് ഗുണമെന്നു തോന്നിയത് ഇന്ന് ഗുണകരമല്ലന്ന് ഭവിച്ചിരിക്കുന്നു.

തെക്കുംഭാഗസമുദായത്തിനാണ് വികാരിയത്തും മെത്രാനെയും അനുവദിച്ചതെന്നകാര്യം അവര്‍ മറക്കുന്നു. ഇതൊന്നും കാണാതെയാണ് വിശുദ്ധ പത്താംപീയുസ് പാപ്പ രൂപത അനുവദിച്ചതെന്നാണോ ഇക്കൂട്ടര്‍ കരുതുന്നത്? വിശ്വാസവും ആരാധനാക്രമവും ഒന്നുതന്നെയായ മലങ്കര ഹയരാര്‍ക്കിയാണ് നമ്മുടെ വളര്‍ച്ചക്ക് ഏറ്റവും യോജിച്ചത്. ഇനം ഇനത്തോടു ചേരുന്നതാണല്ലോ ജൈവപരമായ യാഥാര്‍ത്ഥ്യവും. ക്‌നനായ മലങ്കര കത്തോലിക്കാ വിഭാഗം സീറോമലബാര്‍ ഹയരാര്‍ക്കിയിലുണ്ടെന്ന് അറിയുന്ന മെത്രാന്മാര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണിന്ന്.  സമുദായമല്ല വിശ്വാസമാണ് പരമപ്രധാനം എന്നു പറഞ്ഞുകൊണ്ടാണ് പുരോഹിതരില്‍ ചിലരും മെത്രാനും സമുദായത്തിന്റെ പരമ്പരാഗത നിലപാടിനെ ഇല്ലാതാക്കുന്നത്. ഐക്യത്തോടെ നിലനില്ക്കുന്ന ഒരു സമൂഹത്തിലേക്കാണ് വിശ്വാസം പ്രവേശിക്കുകയും വിശ്വാസസമൂഹം ഉണ്ടാകുകയും ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല. ദൈവം ഇസ്രായേല്‍ ജനതയെ തെരഞ്ഞെടുത്ത് കൂടെ നിര്‍ത്തിയത് വിശ്വാസം സന്നിവേശിപ്പിക്കാനായിരുന്നു എന്നും ഇവരൊക്കെ മറക്കുന്നു. സമുദായം ഇല്ലാതെ വിശ്വാസത്തിന് നിലനില്‍പ്പില്ലെന്നകാര്യം ആരും മറക്കരുത്. ക്‌നാനായ മലങ്കരകത്തോലിക്കര്‍ മലങ്കര ഹയരാര്‍ക്കിയോടു ചേര്‍ന്നാല്‍ വിശ്വാസം ദൃഢപ്പെടുകയും, സാംസ്‌ക്കാരിക തനിമ നിലനിര്‍ത്തുവാനും സാധിക്കും.

സീറോ മലബാര്‍ ഹയരാര്‍ക്കിയുടെ കീഴില്‍ നമ്മള്‍ ആത്മഹത്യയുടെ വക്കിലാണ്. ക്‌നാനായ വിഭാഗവും കോട്ടയം അതിരൂപതയും വളരാന്‍ ഒരു തരത്തിലും അനുവദിക്കുകയില്ലെന്ന  നിലപാടിലാണവര്‍. 1986 ലെ റിസ്‌ക്രിപ്റ്റ് മാറ്റിക്കിട്ടുവാന്‍ സഭാനേതൃത്വം തയ്യാറാകാതിരിക്കുകയും റിസ്‌ക്രിപ്റ്റ് വെച്ചുകൊണ്ട് ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുവാന്‍ ശത്രുക്കള്‍ നടത്തുന്ന പ്രവര്‍ത്തനം വിപുലപെടുകയും ചെയ്താല്‍ കോട്ടയം അതിരൂപത ക്‌നാനായക്കാരുടേതല്ലാതാകും. അന്നുമുതല്‍ ദൂരെ കഴിയുന്ന സമുദായക്കാര്‍ക്ക് കഷ്ടത സഹിച്ച് കോട്ടയം അരമനയുമായി ബന്ധപ്പെടേണ്ടതില്ല. സൗകര്യപ്രദമായി അടുത്തുള്ള സീറോമലബാര്‍ രൂപതയുമായി ബന്ധപ്പെടുന്നതാണ് സൗകര്യപ്രദം. അപ്പോള്‍ കോട്ടയത്തൊരു രൂപതയും മെത്രാനും അപ്രസക്തമായി മാറും. അതു സംഭവിക്കും മുന്‍പുതന്നെ ക്‌നാനായ മലങ്കര കത്തോലിക്കര്‍ യഥാര്‍ത്ഥ ക്‌നാനായക്കാരായി നിലകൊള്ളുവാന്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ക്‌നാനായ ഫെലോഷിപ്പ് ആഹ്വാനം ചെയ്യുന്നു. 2011 ജൂലൈ മാസത്തില്‍ കല്ലിശ്ശേരിയില്‍വെച്ചു നടന്ന യോഗത്തില്‍വച്ച് മലങ്കര സഭയുടെ അദ്ധ്യക്ഷനായ ബസേലിയോസ് മാര്‍ക്ലിമ്മീസ് കാതോലിക്കാബാവ അതിന്റെ സൂചന തന്നിരുന്നു. ഇനി ക്‌നാനായ മലങ്കര കത്തോലിക്കരായ വൈദികരും ജനങ്ങളും മുന്നോട്ടു വന്നാല്‍ മാത്രം മതിയാകും. 

എസ്‌കേപ്പ് സീറോമലബാര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി വിജയിപ്പിച്ചാല്‍ ക്‌നാനായ സമുദായത്തിന്റെ ഭാവി സുരക്ഷിതമായിരിക്കും എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ക്‌നാനായ ഫെലോഷിപ്പ് സ്റ്റേററ് കമ്മറ്റിക്കു വേണ്ടി

ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍

റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍

2 comments:

  1. വയര്‍ നിറഞ്ഞിരിക്കുന്ന വൈദീകരും മെത്രാന്മാരും ഭദ്രാസനം തേടിയും ഭദ്രാസനം ഉണ്ടാക്കുവാന്‍ വേണ്ടിയും അലയുന്നു.
    ക്നാനായ വിശ്വാസി വയര്‍ നിറക്കുവാന്‍ വേണ്ടി ഇറ്റലി, യൂറോപ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ആസനം തൂക്കുവാന്‍ അവസരത്തിന് വേണ്ടിയും അലയുന്നു.
    രണ്ടു പേരുടെയും നോട്ടം ആ"സനത്തില്‍" തന്നെ. അതാണ്‌ നമ്മുടെ ഒരുമ.

    പള്ളിയില്‍ പാടുന്നതോ "ഉയരങ്ങളിലേക്ക് ഉയരട്ടെ ഹൃദയ വികാര വിചാരങ്ങള്‍",
    പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് അതാണ്‌ നമ്മുടെ പ്രശ്നവും.

    ReplyDelete
    Replies
    1. പറഞ്ഞത് നൂറു ശതമാനം സത്യം. പക്ഷെ വിശ്വാസി പഠിക്കില്ല. അറിയാത്ത പിള്ള ചൊറിഞ്ഞെ പഠിക്കൂ. എന്ത് ചെയ്യാന്‍!

      Delete