Wednesday, August 1, 2012

അറ്റ്‌ലാന്റ കണ്‍വെന്‍ഷന്‍ ഒരു ഭൂലോകതമാശ


ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന ആറാമത്‌ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു അറ്റ്‌ലാന്‌ടയില്‍ ജൂലൈ 26 വ്യാഴാഴ്ച  തുടക്കം കുറിച്ചു.  അല്ഫോന്സ നഗര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ആന സൈസിലുള്ള ഹാളില്‍ അമ്പഴങ്ങാ പോലുള്ള ചെറിയ ഒരു ജനക്കൂട്ടം ആണ് ഈ സംഗമ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഒരു ലക്ഷം കുഞ്ഞാടുകള്‍ ചിക്കാഗോ രൂപതയില്‍ ഉണ്ട് എന്നാണു അഭിനവ ചാന്‍സലര്‍ ഫാ സെബാസ്റ്റ്യന്‍ വെത്താനത്തിന്റെ ഭാഷ്യം.  ഈ കുഞ്ഞാടുകള്‍ ഒക്കെ ഏതു  കോത്തായത്തു  പോയി ഒളിച്ചിരിക്കുയാണ് എന്നാണു ഞങ്ങള്‍ക്ക് മനസ്സിലാകാത്തത്. രണ്ടായിരത്തോളം കസേരകള്‍ പ്രധാന ഹാളില്‍ നിരത്തിയിട്ടുണ്ട് എങ്കിലും അതില്‍ പകുതിയിലധികം കാലിയാണ്. അമേരിക്കയിലും കാനഡയിലും നിന്നായി വെറും 450-ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ രെജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ ഏറിയാല്‍ 300-350 കുടുംബങ്ങള്‍ എത്തിചേര്‍ന്നിട്ടുണ്ട്.

കല്‍ദായ വര്‍ഗത്തിന്റെ ഈറ്റില്ലമായ ഗാര്‍ലാന്‍ഡില്‍ നിന്നും 40 ഓളം കുടുംബങ്ങള്‍ അറ്റ്‌ലാന്‍റക്ക് വണ്ടി കയറിയപ്പോള്‍ കൊപ്പെളില്‍ നിന്നും രണ്ടര കുടുംബങ്ങള്‍ ആണ് അങ്ങോട്ട്‌ കെട്ടിയെടുത്തിരിക്കുന്നത്. ചിക്കാഗോയില്‍ നിന്നും വിരളമായെ കുഞ്ഞാടുകളേ പോയിട്ടുള്ളൂ. പോയവരില്‍ മിക്കവാറും ധൂമക്കുറ്റി ആട്ടുകാരും ക്ലാവര്‍ കുരിശു മുത്തുകാരും. ചിക്കാഗോയില്‍ തിന്നും ചുമന്നു കൊണ്ടുപോയ ഒന്നുരണ്ടു ക്ലാവര്‍ കുരിശുകള്‍ ഒഴിച്ച് കണ്‍വെന്‍ഷന്‍ ഹാളില്‍ പ്രധാനമായും ക്രൂസിഫിക്സുകള്‍ ആണ്.

കണ്‍വെന്‍ഷന്റെ  നടത്തിപ്പിനായി 101 വമ്പന്മാരുടെ ദേശീയ കൌണ്‍സില്‍ ഉണ്ടായിരുന്നു. പിന്നെ ഇടവകകള്‍ തോറും ചിന്ന ചിന്ന കമ്മിറ്റികള്‍ വേറെ. ഈ ദേശീയ-പ്രാദേശിക നേതാക്കന്മാരുടെ കുടുംബങ്ങള്‍ എല്ലാം ഉണ്ടെങ്കില്‍ തന്നെ ഇതില്‍ക്കൂടുതല്‍ ജനങ്ങള്‍ ഉണ്ടാകേണ്ടതാണ് എന്നാണു ഞങ്ങളുടെ കണക്കു കൂട്ടല്‍.

VG  ഫാ തുണ്ടത്തില്‍ അമേരിക്ക മുഴുവന്‍ കറങ്ങി  കിക്കോഫ്‌ നടത്തിയതല്ലാതെ കാര്യമായ ഗോളൊന്നും അടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്ന് വ്യക്തം. കുഞ്ഞാടുകള്‍ കുറവാണെങ്കിലും ഇടയന്മാര്‍ക്കു പഞ്ഞമില്ല. സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, തൃശൂര്‍ ആര്‍ച്‌ ബിഷപ്‌ എമരിറ്റസ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി, മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍ ജോസ്‌ പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിയില്‍, മാര്‍ ജേക്കബ്‌ തൂങ്കുഴി, എന്നിവര്‍ ഇതില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

9700 ഓളം കുടുംബങ്ങള്‍ അംഗങ്ങള്‍ ആയുള്ള അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തില്‍ നിന്നും ഈ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത് വെറും 300 ഓ 400 ഓ മാത്രം കുടുംബങ്ങള്‍! ഇതാണ് ചിക്കാഗോ രൂപതയുടെ വിജയം! പക്ഷെ എത്ര കുടുംബങ്ങള്‍ ഈ മാമാങ്കത്തില്‍ പങ്കെടുക്കുന്നു എന്നത് അധികൃതര്‍ക്ക് ഒരു പ്രശ്നമല്ല. സീറോ മലബാര്‍ എന്ന നെറ്റിപ്പട്ടം ആണ് അവര്‍ക്ക് വേണ്ടത്. പത്രത്തില്‍ ഫോട്ടോകളും ചാനലില്‍ ന്യൂസും കിട്ടണം- അല്‍മായ നേതാക്കന്മാര്‍ക്കും ആത്മീയ ഗുരുക്കള്‍ക്കും. അതിനു വേണ്ടി സീറോ മലബാര്‍ സഭയെ അവര്‍ ചുമ്മാതെ ഉപയോഗിക്കുന്നു എന്ന് മാത്രം.


(ക്നാനായക്കാരുടെ സ്വന്തം വിജി,  മുത്തോലം താമ്പായിലെ കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചു ഈ കണ്‍വെന്‍ഷന്‍ കൂടാനാണ് പോയത്! അവിടെ ചെന്നപ്പോള്‍ ആരോ ചോദിച്ചു - അച്ചന്‍  ക്നാനായ കണ്‍വെന്‍ഷന്‍ കൂടാന്‍ പോയില്ലേ? പത്രൊസിനെയും കടത്തി വെട്ടി മുത്തോലം പ്രതിവചിച്ചു: "അത് ക്നാനായ യാക്കൊബാക്കാരുടെ കണ്‍വെന്‍ഷന്‍ അല്ലേ?")

No comments:

Post a Comment