Thursday, August 30, 2012

നിങ്ങള്ക്ക് വേണ്ടാത്ത ഞാന്‍; എനിക്ക് വേണ്ടാത്ത നിങ്ങള്‍.... - - ജോയിപ്പാന്‍


സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടനിലെ ഒരു രാജകുടുംബാംഗം യാതൊരുവിധ ചമ്മലും കൂടാതെ തന്റെ ഉടുതുണി ഉരിഞ്ഞെറിഞ്ഞപ്പോള്‍ പത്രക്കാര്‍ക്ക് അത് വാര്‍ത്തയായി. എന്നാല്‍ ചിലരൊക്കെ ചെറുതായി മുറുമുറുത്തു എന്നല്ലാതെ പിന്നീടുള്ള ദിനങ്ങള്‍ അതിനെ അനുകൂലിച്ച് എത്രയോ ജനങ്ങളാണ് മുന്‍പോട്ടു വന്നത്. എന്തിനു, അഫ്ഘാനിസ്ഥാനില്‍ താലിബാനുമായി മരണപ്പോരാട്ടം നടത്തുന്ന പട്ടാളക്കാര്‍ പോലും അതിനെ അനുകൂലിച്ചു തങ്ങളുടെ ഉടുതുണിയുരിഞ്ഞു മാധ്യമശ്രദ്ധ നേടി. ഈശ്വരാ, ഈ നാടിന്റെ ഗതി!

ഭൂമിയിലെ ഏറ്റവും കഴിവുള്ള ജനതയാണെന്ന് സ്വയം വിശേഷിപ്പിച്ച് ലോകത്തിന്റെ നാനഭാഗത്തുമായി കുടിയേറിയിരിക്കുന്ന ക്നാനയമക്കളെ മേല്‍പ്പറഞ്ഞ നാട്ടിലെ തന്നെ മാഞ്ചെസ്റ്ററിലെ ഒരു പറ്റം ക്നാനായക്കാരുടെ ബുദ്ധിശൂന്യമായ നടപടിയെപ്പറ്റി ഈ അവസരത്തില്‍ രണ്ടു വാക്ക്‌ എഴുതുവാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്.

പണ്ടത്തെ കാര്ന്നോന്മാര് പറയുന്നതുപോലെ “കക്കുംതോറും മുടിയും... മുടിയുംതോറും കക്കും...” – എത്ര അര്‍ത്ഥവത്തായ പദങ്ങള്‍.  ന്യൂ ഡല്‍ഹിയില്‍ നിന്ന് മുപ്പത്തിനാല് ബോഗികളുമായി പുറപ്പെടുന്ന കേരള എക്സ്പ്രസ്സ്‌ പോലെ നീണ്ടുകിടന്നിരുന്ന ക്നാനായ ജനത .... കഷ്ടം, ഇന്ന് പാളം തെറ്റിതെറ്റി, കേവലം എന്‍ജിനും ഗാര്‍ഡിന്റെ ബോഗിയും മാത്രമായി അവശേഷിച്ചതിന്റെ പിന്നില്‍ ആരുടെ കഴിവുകേടാണ്? ഒന്ന് ചിന്തിക്കൂ...

ഒരു കഥയെഴുതിയെന്ന പേരില്‍ തങ്ങളുടെ സംഘടനയില്‍ നിന്നും ആറ് മാസത്തേയ്ക്ക് വിലക്ക് കല്പ്പിയ്ക്കാന്‍ ഇവര്‍ക്കെന്തധികാരം? ഒരു എഴുത്തുകാരനെ കുരിശില്‍ തറയ്ക്കാന്‍ വേണ്ടി ബഹുമാനപ്പെട്ട പ്രസിഡന്റ്‌ ഒഴികെ ആ കമ്മറ്റിയിലുള്ള എല്ലാവരും കൂടി അദ്ദേഹത്തെ ഒറ്റപ്പെടുത്തി. എന്ത് തിരക്കുപിടിച്ചാണ് നടപടിയെടുത്തത്... അപ്പോള്‍ എവിടെയായിരുന്നു അവരുടെ ക്നാനയത്തനിമ? സ്നാപകയോയന്നാന്റെ ശിരസ്സറത്ത് വെള്ളിത്താലത്തില്‍ വച്ച്തരാന്‍ ആവശ്യപ്പെട്ട ഹെറോദ്യായെപ്പോലെ മുറവിളി കൂട്ടിയ സംവരണക്കാര്‍ എന്ത് വിചാരിച്ചു, ഇതോടെ എല്ലാം അവസാനിച്ചുവെന്നോ? കഴമ്പില്ലാത്ത എന്തെല്ലാം കുപ്രചരണങ്ങളാണ് നിങ്ങള്‍ സാധാരണക്കാരില്‍ അടിചേല്‍പ്പിച്ചത്? പക്ഷെ സത്യമെന്തായിരുന്നു?

ഈയിടെ, വരുന്ന ജനുവരിയില്‍ പുത്തന്‍കുര്‍ബാന ചെല്ലാന്‍ പോവുന്ന ഒരു കൂടപ്പിറപ്പിനെ കാണാനായി വടവാതൂര്‍ സെമിനാരിയില്‍ ചെന്നപ്പോള്‍ മാഞ്ചെസ്റ്ററിലെ കാര്യങ്ങളെപ്പറ്റി സംസാരിക്കാനിടയായി..... അവിടെയെല്ലാം പറഞ്ഞുപരത്തിയിരിക്കുന്നത് “ഇലക്ഷനില്‍ തോറ്റ മൂന്നുനാല്  പേരാണ് പ്രശ്നക്കാര്‍.... അതൊന്നും സംഘടനയെ ബാധിക്കുകയില്ലപോലും...”

പട്ടി കുരച്ചാല്‍ പടി തുറക്കുമോ എന്ന രീതി തന്നെ.

പ്രിയ സുഹൃത്തേ, ഒന്ന് ചോദിച്ചുകൊള്ളട്ടെ – ഇലക്ഷനില്‍ തോറ്റവരാണോ പ്രശ്നക്കാര്‍....? എല്ലാവര്‍ക്കുമത് കണ്‍വെന്‍ഷന്‍ റാലിയില്‍ നിന്നും മനസ്സിലായിട്ടുണ്ടാവുമല്ലോ..

മറ്റൊരു ചോദ്യംകൂടി... ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതുടനടി പരിഹരിക്കാന്‍ വേണ്ട നടപടി കൈക്കൊള്ളേണ്ടാതാരാണ്? ഇംഗ്ലണ്ടില്‍ പ്രേഷിതവേലയ്ക്ക് അയക്കപ്പെട്ടവര്‍ അത് മാത്രം ചെയ്‌താല്‍ പോരെ (കൊച്ചിനെ എടുക്കാന്‍ പറഞ്ഞാല്‍ കൊച്ചിനെ എടുത്താല്‍ മതി..... എന്ന് പറയുന്നത് പോലെ) അല്ലാതെ വിഗന്റെ ദൂരപരിധി നിര്‍ണ്ണയിക്കുകയാണോ അത്യാവശ്യം?

ഇവിടെ ഏത്തപ്പെട്ടവര്‍ ആരും മോശക്കാരല്ല. അല്ലെങ്കില്‍ അവര്‍ ഇവിടെയെത്തില്ലായിരുന്നു. ആയതിനാല്‍ അവര്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. അതുപോലെ തന്നെ തങ്ങളുടെ നേത്രുത്വനിരയില്‍ ആര് വരണമെന്നു അവര്‍ തീരുമാനിക്കും, അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ UKKCA Election Report.

ക്നാനയക്കാരനായി ജനിച്ച ഞാനും എന്റെ കുടുംബവും എന്നും അതിലുറച്ചു നില്‍ക്കും. ഇംഗ്ലണ്ടിലെത്തി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടത്ത മലയാളം കുര്‍ബ്ബാനയും മലയാളിസമൂഹവുമായി എനിക്ക് ബന്ധങ്ങളുണ്ടായത്. അതല്ലാതെ, നാട്ടില്‍ നിന്ന് പോരുമ്പോള്‍ ഇവരാരും എന്റെ കാര്യങ്ങള്‍ നോക്കി നടത്തിതരാമെന്നു ഒരു വാഗ്ദാനവും തന്നിരുന്നില്ല. ആയതിനാല്‍ ഞാനൊന്നും പ്രതീക്ഷിച്ചതുമില്ല. ഇപ്പോള്‍ ആറു മാസത്തെ കഠിനതടവ് കഴിഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ ചിലപ്പോള്‍ ശ്രമിച്ചാല്‍ പരോളിനിറങ്ങാന്‍ കഴിയുമായിരിക്കും. ഇതുവരെ അറിയിപ്പുകളോ ഉത്തരവുകളോ ഒന്നും കിട്ടിയിട്ടില്ല. എന്തായാലും സുഹൃത്തുക്കളെ, നിങ്ങളുടെ ഈ ശിക്ഷ ഞാന്‍ സസന്തോഷം സ്വീകരിച്ചു. ഇനിയുള്ള കാലം ഞാന്‍ നിങ്ങളെ തിരിച്ചു വിലക്കുന്നു...

എനിക്ക് നിങ്ങളെയും വേണ്ട!!

ജോയിപ്പാന്‍

No comments:

Post a Comment