Thursday, August 2, 2012

അധികാരമത്തും അത്യാഗ്രഹമത്തും സംഗമിച്ചാല്‍

(സ്നേഹ സന്ദേശത്തിലെ “അമേരിക്കന്‍ കാണാപ്പുറങ്ങള്‍” എന്ന പംക്തിയില്‍ സ്റ്റീഫന്‍ തോട്ടനാനി എഴുതിയ ലേഖനം)

മദ്യപിച്ച് വാഹനമോടിക്കരുത് എന്ന് നിയമമുണ്ട്. മദ്യത്തിന്റെ മത്തു തലയ്ക്കുപിടിച്ചാല്‍ അതു തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും മനസ്സിലാക്കുവാനുള്ള കഴിവിനെ ബാധിക്കുന്നു. പ്രതികരണശേഷിയേയും, പ്രതികരണസമയത്തേയും ബാധിക്കുന്നതുമൂലം അപകടങ്ങള്‍ സംഭവിക്കുന്നു. മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ മത്തുകൂടി ചേര്‍ന്നാല്‍ കൂടുതല്‍ അപകടകാരിയായി തീരുന്നു. വാഹനം ഓടിക്കുന്നവര്‍ക്കും, സഹയാത്രികര്‍ക്കും, വഴിയാത്രക്കാര്‍ക്കും ധനനഷ്ടവും, ജീവാപായവും സംഭവിച്ചശേഷം ഖേദം പ്രകടിപ്പിക്കുന്നതുകൊണ്ട് ഫലമില്ല.

നമ്മുടെ മതങ്ങളുടെ കാര്യവും മേല്‍പറഞ്ഞതില്‍നിന്നു വിഭിന്നമല്ല. മതാധിപരെ ബാധിച്ചിരിക്കുന്നത് അധികാരത്തിന്റെ മത്തും, അത്യാഗ്രഹത്തിന്റെ മത്തും കൂടിയാണ്. രണ്ടുംകൂടി ചേര്‍ന്ന് വിശ്വാസികളേയും, സഭയേയും ഒരുപോലെ നാശത്തിലേയ്ക്ക് നയിക്കുന്നു. ഈ പ്രവണത ക്‌നാനായക്കാര്‍ക്കിടയില്‍ മാത്രമല്ല, സീറോ-മലബാര്‍ ഉള്‍പ്പെടെയുള്ള മറ്റു മതങ്ങളിലും നിറഞ്ഞു നില്‍ക്കുന്നതു കാണാം.


വിദേശരാജ്യങ്ങള്‍ മതങ്ങളുടെ മേച്ചില്‍പുറങ്ങളായി പരിണമിച്ചിരിക്കുന്നു. സഭ സമ്പത്ത് സ്വരൂപിക്കുന്നതിനുള്ള വിളഭൂമിയായി അധഃപതിച്ചിരിക്കുന്നു. വിളഞ്ഞുകിടക്കുന്ന വയലേലകളില്‍ വെട്ടുകിളികള്‍ വന്നുപതിക്കുന്നതുപോലെയാണ് വിവിധ മതങ്ങള്‍ വിദേശങ്ങളില്‍ ചേക്കേറിയിരിക്കുന്നത്. അവരുടെ നോട്ടം ജനഹൃദയങ്ങളിലല്ല, മറിച്ച് വിശ്വാസികളുടെ പോക്കറ്റിലാണ്. ഇടതുകരം ചെയ്യുന്നത് വലതുകരം അറിയരുതെന്ന് പ്രഘോഷിക്കുന്ന ഇവരുടെ പടങ്ങളും, പ്രസ്താവനകളും, പരസ്യങ്ങളും വിദേശ മലയാളമാധ്യമങ്ങളില്‍ നിറഞ്ഞുതുളുമ്പി നില്ക്കുന്നു. ഇവരുടെ അത്യാഗ്രഹവും, പണത്തോടുള്ള അമിതമായ പ്രതിപത്തിയും വിദേശങ്ങളിലെ സാധാരണക്കാരുടെ സ്‌നേഹവും, ഒരുമയും, വിശ്വാസവുമാണ് നശിപ്പിച്ചത്.

എവിടെ നോക്കിയാലും മതത്തിന്റേയും വിശ്വാസത്തിന്റേയും തെറ്റായ പോക്കിനെപ്പറ്റി ആകുലപ്പെടുന്നവരെയാണ് കാണുക. കേരളത്തിലും വിദേശങ്ങളിലുമുള്ള മാധ്യമങ്ങളില്‍ പലപ്പോഴും മതത്തിന്റെ വഴിവിട്ടുള്ള പോക്കിനേയും, സ്വാധീനത്തേയും വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ വരുന്നുണ്ട്. എല്ലാവരും എന്തുകൊണ്ടാണ് മതത്തെ പിടിക്കുന്നത്? മതം എല്ലാവര്‍ക്കും കൊട്ടുവാനുള്ള ചെണ്ടയായി തീര്‍ന്നതെങ്ങിനെ?

ആരാണ് യഥാര്‍ത്ഥ തെറ്റുകാര്‍? സഭയുടെ തെറ്റായ പ്രവര്‍ത്തനങ്ങളെപ്പറ്റി എഴുതുന്നവരെ സഭാനേതൃത്വം കൃമികളായി ചിത്രീകരിക്കുന്നു. തങ്ങള്‍ക്കനുകൂലമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നു. തങ്ങള്‍ക്കനുകൂലമായി നില്‍ക്കാത്ത രാഷ്ട്രീയപാര്‍ട്ടികളും കുറ്റക്കാര്‍ തന്നെ. ദൈവനീതിക്കു നിരക്കാത്ത സഭാകാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സാധാരണക്കാരെ ദൈവദ്രോഹികളും, സഭാദ്രോഹികളുമായി മുദ്രകുത്തുന്നു. നല്ലവരായ ഒരേ ഒരു കൂട്ടര്‍; വൈദികരും, സഭാധികാരികളും മാത്രം!

മതങ്ങളുടെ ഇപ്പോഴത്തെ ആപല്‍ക്കരമായ പോക്കിനെപ്പറ്റി പൊതുജനവും സഭാധികാരികളും ഒരുപോലെ ആശങ്കാകുലരാണ്. ജനങ്ങള്‍ സഭാവിശ്വാസത്തെ അവരവര്‍ക്ക് തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കുന്ന അപകടകരമായ പ്രവണതയെപ്പറ്റി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചതായി മലയാളംപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 'കുടുംബത്തിലെ ഭിന്നതകള്‍, സമൂഹത്തിലെ ഭിന്നതകള്‍ എല്ലാം ക്രൈസ്തവ സുവിശേഷത്തിന്റെ എതിര്‍സാക്ഷ്യങ്ങളാണ്.' (മലയാളംപത്രം, ജൂണ്‍ 20, 2012) എന്നു പ്രഖ്യാപിച്ച അദ്ദേഹം സമൂഹത്തിന്റെ ഭിന്നതയ്ക്ക് കാരണമെന്തെന്ന് അന്വേഷിച്ചു കാണാതിരിക്കില്ല. ജനസേവനത്തിനും, പൊതുനന്മയ്ക്കും പ്രാധാന്യം കൊടുക്കാതെ ഭൗതികസമ്പത്തിന്റെ പിന്നാലെ സഭ പായുന്നതില്‍ അദ്ദേഹത്തിന് അപാകത ദര്‍ശിക്കുവാന്‍ കഴിഞ്ഞിരിക്കില്ല.

2012 ജൂലൈ 15 ന് സീറോ-മലബാറിന്റെ പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ മതസ്വാതന്ത്ര്യത്തിനും, മനസാക്ഷിക്കുമെതിരെയുള്ള വെല്ലുവിളികളേയും, കടന്നാക്രമണങ്ങളേയും പ്രതിരോധിക്കുവാനും, ദൈവത്തിന് ഇടംകൊടുക്കുന്ന മനസ്സാക്ഷിയുടെ സ്വരം ഉയര്‍ത്തിപ്പിടിക്കുവാനും വിശ്വാസികളെ അങ്ങാടിയത്തു പിതാവ് ആഹ്വാനം ചെയ്യുകയുണ്ടായി. വിദേശങ്ങളില്‍ ജനിച്ചു വളര്‍ന്നു വസിക്കുന്ന യുവജനങ്ങളോട് സീറോ-മലബാര്‍ സഭ ചെയ്യുന്നതും അതു തന്നെയല്ലെ? എന്തൊരു വിരോധാഭാസം!

India Press Club of North America സംഘടിപ്പിച്ച പത്രസമ്മേളനത്തിലെ അഭിപ്രായം, 'മതാധിപത്യം സമൂഹത്തിനു ഭീഷണി' (മലയാളംപത്രം, 16 മെയ് 2012) എന്ന തലക്കെട്ടോടെ പത്രത്തില്‍ വരികയുണ്ടായി. മലയാളി സമൂഹത്തില്‍ വിവിധ മതങ്ങളുടെ കടന്നാക്രമണങ്ങളെ കുറ്റപ്പെടുത്തുകയും, അമേരിക്കന്‍  മലയാളികളെ വിവിധ മതങ്ങളുടെ വേലിക്കെട്ടില്‍ കുരുക്കി മലയാളി ഒരുമ നഷ്ടപ്പെടുത്തി, യുവജനങ്ങളെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തില്‍ കൊണ്ടെത്തിച്ചതായി ആരോപിക്കുകയുണ്ടായി.

''ദൈവത്തിന്റെ സ്വന്തം നാട് അരക്ഷിതാവസ്ഥയില്‍'' (മലയാളംപത്രം, 1187 മിഥുനം 20) എന്ന തലക്കെട്ടോടുകൂടി, നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ (NCRB) പുറത്തുവിട്ട കണക്ക് പ്രസിദ്ധീകരിക്കുകയുണ്ടായി. ''2010 ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനം എന്ന പേരാണ് കേരളത്തിന് സ്വന്തമായിരിക്കുന്നത്.'' കേരളത്തിലെ സാമുദായിക-മതാദ്ധ്യക്ഷന്മാരുടെ പ്രവര്‍ത്തന പരാജയമല്ലേ ഈ റിപ്പോര്‍ട്ട് വിളിച്ചോതുന്നത്? കേരളത്തെ കുട്ടിച്ചോറാക്കിയിട്ട് വിദേശങ്ങളിലെ സമാധാനം നശിപ്പിക്കുവാനാണോ ഇവര്‍ രക്ഷകരുടെ വേഷം കെട്ടി നില്ക്കുന്നത്?

സഭയുടെ ഇന്നത്തെ ശോചനാവസ്ഥയ്ക്ക് കാരണക്കാര്‍ ആരാണ്? ഏവരും മതങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്നതെന്തേ? ദൈവത്തിന്റെ കണ്ണിലൂടെ സാധാരണക്കാരനെ കാണുവാന്‍ മതാധികാരികള്‍ക്ക് സാധിക്കാത്തതെന്തേ? സാധാരണക്കാരുടെ മനസ്സിലേക്ക് ഇറങ്ങിചെല്ലുവാനോ, അവരുടെ ഹൃദയസ്പന്ദനം ശ്രവിക്കുവാനോ കഴിയാത്തത് എന്തുകൊണ്ട്? വിശ്വാസികളുടെ ആവശ്യമെന്തെന്നറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനെ?

സഭയുടെ ഇന്നത്തെ ശോചനീയാവസ്ഥയുടെ കാരണം അന്വേഷിക്കുന്ന സഭാധികാരികള്‍ അവരുടെ വ്യഗ്രതയില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് അന്വേഷിക്കുവാന്‍ വിട്ടുപോയി. സ്വന്തം ഹൃദയത്തിലേക്ക്, വൈദിക ഹൃദയങ്ങള്‍ ഒരുമിച്ചുകൂടി നിയന്ത്രിക്കുന്ന സഭയുടെ ഹൃദയങ്ങളിലേക്ക് കടന്നുനോക്കുവാന്‍ വിട്ടുപോയത് മനപൂര്‍വ്വമാണോ? അവിടെ നോക്കിയാല്‍ സഭയുടെ പൊള്ളയായ, ദൈവം ഉപേക്ഷിച്ചിറങ്ങിപ്പോയ ഹൃദയമേ കാണുവാന്‍ സാധിക്കുകയുള്ളൂ!. അതിനുള്ളില്‍ ദൈവവിളി കാണുവാനാവില്ല. മറിച്ച് മത്തുപിടിച്ച അധികാരത്തിന്റേയും അത്യാഗ്രഹത്തിന്റേയും, സ്വാര്‍ത്ഥതയുടേയും ലഹരി മാത്രമാവും കാണുവാന്‍ സാധിക്കുക.

രാഷ്ട്രീയക്കാരുടേയും സമുദായാംഗങ്ങളുടേയും തെറ്റായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജനങ്ങള്‍ക്ക് സാമ്പത്തികനഷ്ടം, മാനനഷ്ടം, ജീവഹാനി എന്നിവ സംഭവിക്കുന്നു. പക്ഷെ സഭയുടെ തെറ്റായ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ സപ്പോര്‍ട്ടു ചെയ്യുമ്പോള്‍ അവര്‍ക്ക് സ്വര്‍ഗ്ഗരാജ്യമാണ് നഷ്ടപ്പെടുന്നത്. കാരണം ദൈവം നീതി നിര്‍വ്വഹിക്കുന്നത് സഭയുടെ നിയമവും, ചട്ടക്കൂടും വച്ചല്ല, ദൈവികനിയമം വച്ചാണ്. മനുഷ്യന്‍ മാന്യനായി ജീവിക്കുന്നതുതന്നെ സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെട്ടെങ്കിലോ എന്ന ഭീതികൊണ്ടാണ്. മതങ്ങളെല്ലാം ജനങ്ങളെ പിടിച്ചു നിര്‍ത്തുന്നതും, അവരുടെ ജീവരക്തം ഊറ്റികുടിക്കുന്നതും സ്വര്‍ഗ്ഗരാജ്യം വാഗ്ദാനം ചെയ്തുകൊണ്ടാണ്. പക്ഷെ ഇന്ന് സഭാധികൃതരുടെ സംസാരവും പ്രവര്‍ത്തികളും തമ്മിലുള്ള പൊരുത്തക്കേട് മനസ്സിലാക്കിയ ജനങ്ങളുടെ സംശയം സഭാധികൃതര്‍ സ്വര്‍ഗ്ഗരാജ്യത്തിന് അര്‍ഹരാണോ എന്നാണ്. മതാധിപര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ തെറ്റുകള്‍ക്കെല്ലാം 'തെറ്റാവരം വഴി' ദൈവം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട് എന്നു തോന്നിക്കുമാറുള്ള പ്രവര്‍ത്തനം ജനങ്ങളുടെ കണ്ണുതുറപ്പിച്ചു. ഒരു പക്ഷെ മതങ്ങളിലൊന്നും കഥയില്ലായെന്ന് ചിലരെങ്കിലും ചിന്തിച്ചെന്നിരിക്കും.

നല്ല വൈദികരും ഇവര്‍ക്കിടയില്‍ ഉണ്ടാകാം. പക്ഷെ അനീതിക്കെതിരെയുള്ള അവരുടെ മൗനം അവരേയും തെറ്റുകാരുടെ ഗണത്തില്‍പെടുത്തും. ഏതെങ്കിലും ഒരു വര്‍ഗ്ഗക്കാര്‍ കൂടുതല്‍ അപകടകാരികളാണെങ്കില്‍ ആ വര്‍ഗ്ഗത്തിലെ നല്ലവരെ കണ്ടാലും അക്രമണകാരികളായി ധരിച്ച് ജനം ഒഴിഞ്ഞുമാറി പോകും. അതുപോലെ നമ്മുടെ വൈദികരെ കണ്ടാല്‍ പലരും ഇപ്പോള്‍ ഒഴിഞ്ഞുമാറിപോകുന്നു.

മതം സാധുക്കളെ പിഴിഞ്ഞും, ദൈവത്തിന്റെ പേരുംപറഞ്ഞ് കാണിക്കയും, നേര്‍ച്ചകാഴ്ചകളുമായി വാരിക്കൂട്ടിയ സമ്പത്തിന്റെ ഉത്തമോദാഹരണമാണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭക്ഷേത്രത്തില്‍ കണ്ടെത്തിയ അളവറ്റ നിധിശേഖരം. എണ്ണിതിട്ടപ്പെടുത്തുവാന്‍ കഷ്ടപ്പെടുന്ന രീതിയിലുള്ള ഭൗതിക സമ്പത്ത് മതസ്ഥാപനങ്ങളുടെ ഉള്ളറകളില്‍ വര്‍ഷങ്ങളായി ആര്‍ക്കും ഉപയോഗമില്ലാതെ ഇരിക്കുമ്പോള്‍ വിശ്വാസികളാകട്ടെ ഇക്കാലമത്രയും ദാരിദ്രത്തിലും കഷ്ടപ്പാടിലും, ഞെരുക്കത്തിലും കഴിയുന്നു! ആവശ്യക്കാര്‍ക്കുവേണ്ടി ഉപയോഗിക്കാതെ മതാധിപര്‍ നിധിയെ പുണര്‍ന്നുകഴിയുമ്പോഴും ആഹാരത്തിനുപോലും വശമില്ലാതെ എത്രയോ വിശ്വാസികള്‍ മരണമടഞ്ഞിരിക്കുന്നു.

സഭാധികൃതരുടെ സ്വാര്‍ത്ഥതയ്ക്കും, അത്യാഗ്രഹങ്ങള്‍ക്കും പുതിയ അദ്ധ്യായം എഴുതിചേര്‍ത്തുകൊണ്ട് സഭയുടെ പുതിയ നിയമം വരുന്നുപോലും! സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികളില്‍ നിന്നും വരുമാനത്തിന്റെ ദശാംശം (10%) നിര്‍ബന്ധമായി പിരിക്കുവാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചതായി അല്‍മായ ശബ്ദത്തില്‍ (അല്‍മായശബ്ദം ജൂലൈ 13, 2012) വായിക്കുവാനിടയായി. സ്വര്‍ഗ്ഗരാജ്യത്തെ ദാരിദ്ര്യമാണോ അതോ സഭയുടെ ദാരിദ്ര്യമാണോ ഇതിനു പിന്നില്‍? നാട്ടിലെ പള്ളികളുടെ വരുമാനം എന്തുചെയ്യുന്നു എന്ന് ജനങ്ങള്‍ ചോദിച്ചു തുടങ്ങുന്ന കാലം അടുത്തിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെ സഭകളുടെ ജീര്‍ണ്ണതയുടെ കാരണങ്ങളെപ്പറ്റി നമ്മുടെ സഭാധികാരികള്‍ ഒരു ഗവേഷണം ചെയ്യുന്നത് സമീപഭാവിയില്‍ ഉപകാരപ്രദമായെന്നിരിക്കും.

പ്രപഞ്ചത്തില്‍ അനേകായിരം തരത്തിലുള്ള അറിവുകള്‍ ഉണ്ട്. മനുഷ്യശരീരത്തിലെ ഓരോ അവയവയങ്ങള്‍ വരെ പ്രത്യേകം പ്രത്യേകം പഠിച്ച് അറിവു സമ്പാദിച്ച ഡോക്ടര്‍മാര്‍ ഉണ്ട്. ഇപ്രകാരമുള്ള അനേകം അറിവുകളില്‍ കേവലം ഒരു അറിവുമാത്രമാണ് വൈദികരുടെ സഭാപരമായ അറിവ്. അത്തരക്കാരുടെ, സര്‍വ്വജ്ഞാനി എന്ന രീതിയിലുള്ള പെരുമാറ്റവും, സംസാരവും പ്രവര്‍ത്തനങ്ങളും അവരിലെ എളിമയുടെ കുറവിനെയാണ് വിളിച്ചോതുന്നത്.

മനുഷ്യന് മതിപ്പ് നല്‍കുന്നത് അവന്റെ വ്യക്തിത്വമാണ്. പണമല്ല, മഹാത്മാഗാന്ധി ഇന്നും ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ടാണ്. പണത്തിനുവേണ്ടി വ്യക്തിത്വം നഷ്ടപ്പെടുത്തുന്നവര്‍ ധാരാളമുണ്ട്. വ്യക്തിത്വം പണംകൊടുത്തു വാങ്ങുവാനും സാധിക്കുന്നതല്ല. എത്ര പണമുണ്ടെന്നു പറഞ്ഞാലും എത്ര വലിയ മഹനീയസ്ഥാനം അലങ്കരിക്കുന്നവരായാലും, മികച്ച വ്യക്തിത്വമില്ലെങ്കില്‍ ജനങ്ങള്‍ യാതൊരു വിലയും കല്പിക്കുകയില്ല. മനുഷ്യഹൃദയങ്ങളില്‍ അവര്‍ക്ക് സ്ഥാനവുമുണ്ടായിരിക്കില്ല.

No comments:

Post a Comment