(ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തികൊണ്ട് ഒരോണം കൂടെ കടന്നു വരുകയാണ് .സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കാലദേശങ്ങള്‍ക്കതീതമായി നില കൊള്ളുന്നു. നന്മകള്‍ നിറഞ്ഞ ഓണത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്.....)
ഓണം എന്നോര്‍ക്കുമ്പോള്‍ ഓടി വരുന്നെന്റെ
ഓര്‍മയില്‍ ഓണത്തിന്‍ പൂക്കളങ്ങള്‍...
കേട്ട് മറന്നോരാ ഓണത്തിന ശീലുകള്‍
കാതിലായ് കിന്നാരം ചൊല്ലിടുന്നു....
തുമ്പിതന്‍ തുള്ളലും തുമ്പതന്‍ പൂക്കളും
ഓര്‍മ്മകളായിന്നും ഓമനിക്കുന്നു ഞാന്
തെയ്യവും തിറയവും തുള്ളലും തോറ്റവും
ആടി തിമര്‍ക്കുന്നെന്‍ മുന്‍പിലിതാ....
കഥകളിമുദ്രയും കദളിപ്പഴങ്ങളും
മുഖമുദ്രയാണെന്റെ കേരളത്തിന്‍
വള്ളംകളിയുടെ ഈരടി പാട്ടുകള്‍
താളമായ് മേളമായ് കേട്ടിടുന്നു....
തെച്ചിയും പിച്ചിയും തുമ്പയും തുളസിയും
പൂക്കളോ പൂത്തു വിരിഞ്ഞു നില്‍പ്പൂ
പട്ടുപാവാടയും പുത്തന്‍ ഉടുപ്പുമായ്
ഊഞ്ഞാലില്‍ ആടുന്നു ഓമനകള്‍....
തൂശന്‍ ഇലയിലെ തുമ്പപ്പൂ ചോറും
സാമ്പാറും അവിയലും പപ്പടവും
കാളനും ഓലനും തോരനും എല്ലാം എന്‍
നാവില്‍ രുചിയായ് നിറഞ്ഞു നില്‍പ്പൂ....
കാണങ്ങള്‍ വിറ്റന്നു ഓണങ്ങള്‍ ഉണ്ടോരാ
കാലങ്ങള്‍ എങ്ങോ മറഞ്ഞു പോയി
കിട്ടാതെ കിട്ടുന്ന സമൃദ്ധിയില്‍ ഉള്ളൊരു
സന്തോഷം ഒന്നുമേ ആര്‍ക്കും ഇല്ല....
മാവേലി മന്നനും വാമനനും ഇന്ന്
ചാനലില്‍ കോമാളി ആയിടുമ്പോള്‍
"കൊമ്പത്ത്" കാസെറ്റ് ഇറക്കി, കാശുണ്ടാക്കാന്‍
വെമ്പുന്നു വേന്ദ്രന്മാര്‍ വാശിയോടെ.....
ഉമ്മനും അച്ചുവും വിജയനും ചെന്നിയും
ഓണത്തല്ലങ്ങു നടത്തിടുമ്പോള്‍
കേരള മക്കള്‍ ആ പുലികളി കണ്ടങ്ങ്
കോരിത്തരിച്ചങ്ങു ഇരിപ്പുമായി.....
"സ്കെച്" ഇട്ടു തട്ടുന്ന കൊട്ടേഷന്‍ സംഘങ്ങള്‍
വാമനന്‍മാരായി വാണിടുമ്പോള്‍
ചാണ്ടിയാം മാവേലി വാണിടും കാലത്ത്
ആപത്തങ്ങു ആര്‍ക്കാണെന്ന് ആരറിഞ്ഞൂ?
എന്നിലെ വാമനന്‍, മാവേലി ആകുവാന്‍
ആശിപ്പൂ നാളേറെ ആയെങ്കിലും
കാലത്തിനൊത്തോരു കോലവും കെട്ടുകില്‍
വാമനന്‍ ആവുകയാണ് ബുദ്ധി......
പിയോ ഫിലിപ്പ്

No comments:
Post a Comment