Sunday, August 5, 2012

ശുദ്ധ ക്‌നാനായ ജനത


ശുദ്ധ ക്‌നാനായജനത ആഗോള സഭയ്ക്ക് വിലപ്പെട്ട മുതല്‍ക്കൂട്ട്‌


എബ്രഹാം തടത്തില്‍ 
ക്‌നാനായക്കാര്‍ക്ക് അമേരിക്കയില്‍ ഇന്ന് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ട്. ആയതില്‍ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പുതിയ തലമുറപോലും ഏറെ അഭിമാനിക്കുന്നു. എന്നാല്‍ ഈ അടുത്തകാലത്ത് അമേരിക്കയിലെ പ്രത്യേക സാഹചര്യത്തില്‍ ക്‌നാനായക്കാരുടെ വംശശുദ്ധിക്ക് ഭംഗംവരാവുന്ന ക്‌നാനായസമുദായം അമേരിക്കയില്‍ ഇല്ലാതായേക്കാവുന്ന സഭാനേതൃത്വത്തിന്റെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍, ക്‌നാനായ സീനിയര്‍ സിറ്റിസണ്‍ റിട്ട. കേരള സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ ജോയിന്റ് ഡയറക്ടര്‍ ഏബ്രഹാം തടത്തില്‍ ഈ വിഷയത്തെക്കുറിച്ച് തന്റെ മനസ്സ് തുറക്കുന്നു. സേക്രട്ട്ഹാര്‍ട്ട് ക്‌നാനായ കാത്തലിക് താമ്പാ ദേവാലയത്തിലെ ഇടവകാംഗവും കെ.സി.സി.എഫിന്റെ സജീവപ്രവര്‍ത്തകനുമായ ഏബ്രഹാം തടത്തില്‍ കുടുംബസമേതം താമ്പായില്‍ താമസിക്കുന്നു.

അഭിവന്ദ്യ ആലഞ്ചേരി പിതാവ് ചിക്കാഗോയില്‍ വന്നപ്പോള്‍ തന്റെ പ്രസംഗത്തില്‍ ക്‌നാനായസമൂഹത്തെ കണ്ടു പഠിക്കുക എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. ഭൂമുഖത്ത് ഇങ്ങനെയൊരു ജനത അവശേഷിച്ചിട്ടില്ലായിരുന്നു എങ്കില്‍ അങ്ങനെ പറയുവാന്‍ പിതാവിന് കഴിയുമായിരുന്നില്ല. അങ്ങനെ ഒരു മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ട് ലോകത്തെ നന്മയിലേക്ക് നയിക്കുവാന്‍ കഴിയുമായിരുന്നില്ല. ക്ഷീണിതമായ ഭാരതക്രൈസ്തവസഭയെ ശക്തീകരിക്കുക എന്ന പ്രേഷിതദൗത്യവുമായി ആദിമക്രൈസ്തവരുടെ പാരമ്പര്യം സാന്ദ്രമായി ഉള്‍ക്കൊള്ളുന്ന നാന്നൂറുപേരടങ്ങുന്ന സമൂഹത്തെ എഡേസായില്‍ നിന്നും അയക്കുന്ന സമയത്തുതന്നെ വംശശുദ്ധി നിലനിര്‍ത്തുവാനുള്ള വ്യക്തമായ നിര്‍ദ്ദേശംകൂടി നല്‍കുവാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കണം. തികച്ചും വ്യത്യസ്തതകള്‍ ഏറെയുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിച്ചുമുന്നേറുവാനുള്ള പ്രത്യേക അനുഗ്രഹം ക്‌നായി തോമായുടെ നേതൃത്വത്തില്‍ വന്ന ക്‌നാനായജനതക്ക് ദൈവം നല്‍കിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ആ വിശ്വാസം ശരിയാണെന്നുറപ്പാക്കാന്‍തക്ക അനുഭവങ്ങള്‍ ധാരാളം ഉണ്ട്. ക്‌നാനായക്കാര്‍ ഏതു സമൂഹത്തില്‍ ചെന്നാലും അവരുടെ തനിമയാര്‍ന്ന സവിശേഷതകള്‍ പ്രകടമാക്കാറുണ്ടെങ്കിലും ഏതൊരു സമൂഹവും അവരെ ഹൃദ്യമായിത്തന്നെയാണ് സ്വീകരിക്കാറുള്ളത്. ക്‌നായി തോമായ്ക്കും കൂട്ടര്‍ക്കും ചേരമാന്‍ പെരുമാളില്‍നിന്നും ലഭിച്ച സ്വീകരണത്തെ അനുസ്മരിപ്പിക്കുന്നതാണ് അവയോരോന്നും എന്ന് കരുതാവുന്നതാണ്.

കോട്ടയം രൂപതക്കാരനായ ഒരാള്‍ ചങ്ങനാശേരി അതിരൂപതക്കാരിയെ വിവാഹം ചെയ്ത് ചങ്ങനാശേരി രൂപതാംഗമായി മാറുവാന്‍ ഇടയായി. ആ രൂപതയിലെ ജനങ്ങളുടെ സ്‌നേഹവും ആദരവും നേടി ആ വ്യക്തി ചങ്ങനാശേരി രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായി തീരുകയും, ആ നിലയില്‍ പ്രവര്‍ത്തിച്ച് രൂപതയുടെ പുരോഗതിക്കായി പലതും ചെയ്യാനാവുകയും ഫലത്തില്‍ ചങ്ങനാശേരിരൂപതയും കോട്ടയംരൂപതയുമായി കൂടുതല്‍ രമ്യപ്പെടുന്ന അവസ്ഥയും വന്നുചേരാന്‍ അത് ഇടയാക്കി. ക്‌നാനായക്കാരന്‍ ആയതിന്റെ കാരണത്താല്‍ ചങ്ങനാശേരി രൂപതയില്‍നിന്ന് പീഢനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന മാക്കീല്‍ പിതാവിന് ചങ്ങനാശേരിരൂപതാ ആസ്ഥാനത്തുതന്നെ ഒരു സ്മാരകം നിര്‍മ്മിക്കപ്പെടാന്‍വരെ അത് കാരണമായിത്തീര്‍ന്നു. ഇടപെടുന്നിടത്തെല്ലാം  സവിശേഷമായ ക്രിസ്തീയ സ്‌നേഹത്തോടെ പെരുമാറുന്ന ക്‌നാനായക്കാരുടെ സ്വഭാവരീതിമൂലമാണ് ഇത്തരം സത്ഫലമുളവാക്കാന്‍ ഇടയായി തീരുന്നത്. എന്നതില്‍ സംശയമില്ല. വിവാഹമോചനം ഇല്ലാതെ വിവാഹജീവിതം വിജയകരമാക്കുന്നതില്‍ ക്‌നാനായക്കാര്‍ പുലര്‍ത്തുന്ന സ്വവംശവിവാഹനിഷ്ഠ ഗുണകരമായി ഭവിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ഭദ്രതയുളള ഒരു സമൂഹത്തെ പടുത്തുയര്‍ത്തി മറ്റു സമൂഹത്തിനും മാതൃകകാണിച്ചു കൊടുക്കുക എന്ന ദൈവീകദൗത്യം നിറവേറ്റുന്നതിലും ക്‌നാനായജനത പുലര്‍ത്തിവരുന്ന സ്വവംശവിവാഹാനിഷ്ഠ എന്ന തത്വം അതിപ്രാധാനമായ പങ്കുവഹിക്കുന്നു എന്നു പറയാം.

ക്‌നാനായ യുവാവ് സ്വവംശനിഷ്ഠ പാലിക്കാതെ മറ്റു സമൂഹത്തില്‍നിന്നും വിവാഹം കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാവുമ്പോള്‍ ഹൈബ്രിഡ് വിഗറിന്റെ അഡ്വാന്റേജ് ഉണ്ടാകും എന്ന വാദഗതിയുണ്ട്. അത് സമ്മതിക്കാതെ വയ്യ. അങ്ങനെ ജനിച്ച ഒരു പെണ്‍കുട്ടി അന്തര്‍ദേശീയതലത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് I am hundred percentage proud of my 50% Knanaya blood എന്നാണ്. 100% തനിമയില്‍ ക്‌നാനായക്കാര്‍ നിലനില്‍ക്കണം എന്നതിന് സന്ദേഹമില്ലാത്തവിധം രേഖാപരമായി തിരിച്ചറിയാന്‍ സഹായകരമായ ഒരു സഭാസംവിധാനമാണ് 1911-ല്‍ കോട്ടയം വികാരിയേത്ത് ക്‌നാനായക്കാര്‍ക്കുമാത്രമായി അനുവദിച്ചതിലൂടെ പത്താം പീയൂസ് മാര്‍പ്പാപ്പ രൂപപ്പെടുത്തിയിരിക്കുന്നത്.

ആദിമക്രൈസ്തവപാരമ്പര്യമുള്ള ജനതകള്‍ എല്ലാം ക്രിസ്തു ജനിച്ചു ജീവിച്ച പ്രദേശങ്ങളിലെല്ലാം ചിതറിക്കപ്പെട്ട് അപ്രത്യക്ഷമായ സാഹചര്യത്തില്‍ നൂറ്റാണ്ടുകളായി സ്വവംശവിവാഹനിഷ്ഠ പുലര്‍ത്തിക്കൊണ്ട് ആദിമക്രൈസ്തവരുടെ സവിശേഷതകള്‍ സാന്ദ്രമായി പുലര്‍ത്തിവരുന്ന ക്‌നാനായജനതയെ വംശനാശം വരാതെ കാത്തുസൂക്ഷിക്കേണ്ടത് ആഗോളകത്തോലിക്കാസഭയുടെ തന്നെ ആവശ്യവും ചുമതലയുമാണ് എന്ന് നിസ്സംശയം പറയാന്‍ കഴിയും. ഇങ്ങനെയുള്ള ഗൗരവവും സുപ്രധാനവുമായ നല്ല വശങ്ങളെപ്പറ്റി ചിന്തിക്കാതെയും ഓര്‍ക്കാതെയും ക്‌നാനായജനതയുടെ വംശശുദ്ധി നശിപ്പിക്കാന്‍ ഉതകുന്ന അവസ്ഥ സൃഷ്ടിക്കുവാന്‍ തത്രപ്പെടുന്നത് വിവേകരാഹിത്യമാണെന്നതില്‍ സംശയമില്ല. പക്വതയാര്‍ന്ന ക്‌നാനായ വീക്ഷണം എന്നാല്‍ സ്വവംശ വിവാഹനിഷ്ഠ എന്നത് തങ്ങളിലര്‍പ്പിതമായ മഹത്തായ ദൈവീകദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നത് സഹായകരമായ ഒരു ഉപാധി മാത്രമാണെന്ന കാര്യം നാം മറക്കരുത്. വംശശുദ്ധി നിലനിര്‍ത്തുക എന്നതുമാത്രമാണ് ലക്ഷ്യമെങ്കില്‍ ഭാരതത്തിലേക്ക് വരേണ്ടതില്ലായിരുന്നു. ആദിമ ക്രൗസ്തവപാരമ്പര്യം സാന്ദ്രമായി ഉള്‍ക്കൊള്ളുന്ന അനുഗ്രഹീത ജനത എന്ന നിലയില്‍ മാതൃകാപരമായി ജീവിച്ച് ലോകത്തിനു മുഴുവന്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് വരുവാന്‍ പ്രേരണ നല്‍കുന്ന ഒരു ചാലകശക്തിയായി നിലകൊള്ളുക എന്നതാവണം നമ്മുടെ ദൈവീക ദൗത്യം. അയല്‍സ്‌നേഹം, അതിരുകളില്ലാത്ത സ്‌നേഹം, ശത്രുസ്‌നേഹം, ക്ഷമിക്കുന്ന സ്‌നേഹം ഇവയെല്ലാം പ്രവര്‍ത്തനരംഗത്ത് പ്രകടിപ്പിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ആ നിലക്ക് സാഹചര്യവശാല്‍ വിവാഹനിഷ്ഠ പാലിക്കാന്‍ പറ്റാത്ത നമ്മുടെ സമൂഹത്തില്‍ നിന്നുള്ള വ്യക്തികളോട് നല്ല സുഹൃത്ബന്ധവും സ്‌നേഹബന്ധവും പുലര്‍ത്തുകയാണ് വേണ്ടത്. അതുപോലെ മാറിക്കെട്ടിയവര്‍ ചെല്ലുന്ന സമൂഹത്തില്‍ കൂടുതല്‍ അംഗീകാരവും ആദരവും നേടി ക്‌നാനായക്കാരുടെ കീര്‍ത്തി നിലനിര്‍ത്തേണ്ടവരും ആണ്.  അല്ലാതെ ചെല്ലുന്ന സമൂഹത്തില്‍ ആദരവും അംഗീകാരവും നേടാനാവാതെ തിരിഞ്ഞുനിന്ന് ഞാനില്ലാത്ത വഞ്ചി മുങ്ങിക്കോട്ടെ എന്ന മനോഭാവത്തില്‍ പെരുമാറുകയല്ല വേണ്ടത്. മാതൃസമൂഹം നിലനില്‍ക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ് വേണ്ടത്.

ഏബ്രഹാം തടത്തില്‍

No comments:

Post a Comment