Monday, August 27, 2012

കോട്ടയം അതിരൂപതാ സ്ഥാപനദിനം


കോട്ടയം അതിരൂപതാ സ്ഥാപനദിനം 
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ആചരിച്ചു.

2012 ഓഗസ്റ്റ് 26-ന് ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ചുങ്കം ഫോറോനാ പള്ളിയില്‍ വച്ച് കെ.സി.സി. ഫോറോനാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ (ഇ ജെ ലൂക്കോസ് നഗറില്‍) ആചരിച്ചു.

മന്ത്രി പി. ജെ. ജോസഫ്‌ പ്രസംഗിക്കുന്നു
കെ.സി.സി. അതിരൂപതാ പ്രസിഡന്റ് പ്രെഫ: ജോയി മുപ്രാപള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അതിരൂപതാ ചാപ്ലിന്‍ മോണ്‍: മാത്യൂ ഇളപാനിക്കല്‍ അനുഗ്രഹപ്രസംഗം നടത്തി. ജലസേജന വകുപ്പു മന്ത്രി ശ്രി പി. ജെ. ജോസഫ് ഉല്‍ഘാടനം ചെയ്ത യോഗത്തില്‍ ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, ഫോറോനാ വികാരി ഫാ: ഈഴാറാത്ത്, യു.കെ.സി.സി പ്രിസിഡന്റ് ലേവി പടപ്പുരയ്ക്കല്‍, ഷെവലിയര്‍ ഔസേപ്പ് ചാക്കോ പുളിമൂട്ടില്‍, തമ്പി എരുമേലിക്കര തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.
  
കെ.സി.സി. മുന്‍കൈ എടുത്തു നടത്തുന്ന രൂപതാ ജന്മദിനത്തില്‍ വൈദീകരും മെത്രാന്മാരും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രഫസര്‍ മുപ്രാപള്ളി നടത്തിയ  അദ്ധ്യക്ഷപ്രസംഗത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സമുദായം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പരിഹാരമുണ്ടാകുമെന്ന്  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
   
നമ്മള്‍ ഇതുവരെ പണിതുയര്‍ത്തിയതെല്ലാം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്നും നാറാണത്തു ഭ്രാന്തന്റെ പണി നടത്തുന്നവര്‍ അതവസാനിപ്പിക്കണമെന്നും, അവര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ തിരിച്ചറിയണമെന്നും നാം എവിടെനിന്നും വന്നു എന്നും എവിടേക്കു പോകണമെന്നും നമ്മള്‍ അറിഞ്ഞിരിക്കണമെന്നും മോണ്‍: ഇളപാനിക്കല്‍ തന്റെ അനുഗ്രഹഭാഷണത്തില്‍ ഉണര്‍ത്തിച്ചു.
  
മാക്കീല്‍ അച്ചന്റെ ചങ്കിന്റെ വേദനയാണ് ഈ രൂപതയെന്നും കോട്ടയം രൂപത സമുദായത്തിനുവേണ്ടി നിലകൊള്ളണമെന്നും സമുദായത്തില്‍ നിന്നും തന്നെ ജീവിതപങ്കാളിയെ കണ്ടെത്തണമെന്ന വെല്ലുവിളി സമുദായം ഇനിയും തുടരുമെന്നു തീര്‍ച്ചയുണ്ടെന്നും ഫോറോനാ ചാപ്ലിന്‍ ഫാ: ഈഴാറാത്ത് ആശംസാപ്രസംഗത്തില്‍ അറിയിച്ചു.
  
10 കല്പ്പനയും 7 കൂദാശയും സ്വവംശവിവാഹനിഷ്ഠയും പിന്തുടരും എന്നും, എസ്രാ പ്രവാചകന്റെ ശവകൂടീരത്തില്‍വെച്ച് സത്യം ചെയ്ത് കടന്നുവന്ന സമൂഹമാണ് ക്‌നാനായക്കാരെന്നും ലേവി പടപ്പുരയ്ക്കല്‍ അനുസ്മരിച്ചു. രൂപതയുടെ 101-ാം സ്ഥാപനദിനത്തില്‍ ഇത്രയും ആളുകള്‍ ഉണ്ടായിരുന്നാല്‍ പോരായിരുന്നു എന്നും സംഘടനയ്ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വം ഇനിയും നിര്‍വ്വഹിക്കാനുണ്ടെന്നും ശ്രി പടപ്പുരയ്ക്കല്‍ നിര്‍ദ്ദേശിച്ചു.
   
രൂപത ലഭിച്ചു കഴിഞ്ഞാണ് നമുക്കു വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ഇടയായതെന്നും കെ.സി.സി മുന്‍ പ്രസിഡന്റ് ഇ.ജെ. ലൂക്കോസ് മുന്‍കൈ എടുത്താണ് രൂപതാജന്മദിനം ആചരിച്ചു തുടങ്ങിയതെന്നും മെത്രാന്മാരും വൈദീകരും ഈ കാര്യത്തില്‍ താല്പര്യം പ്രകടിപ്പിക്കണമെന്നും കെ.സി.സി. മുന്‍ഭാരവാഹി തമ്പി എരുമേലിക്കര ആശംസാപ്രസംഗത്തില്‍ അനുസ്മരിച്ചു.

പ്രമുഖ ക്‌നാനായ വ്യവസായിയായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പുളിമൂട്ടിലിനെ ജോസഫ് വാഴയ്ക്കന്‍ പൊന്നാട അണിയിച്ചും മന്ത്രി പി.ജെ ജോസഫ് മൊമെന്റോ നല്‍കിയും ആദരിച്ചു.
   
ഇ.ജെ. ലൂക്കോസിനെ അനുസ്മരിച്ചുകൊണ്ട് അഡ്വക്കേറ്റ് മാത്യു തോട്ടുങ്കല്‍ നന്ദി പറഞ്ഞ് സ്‌നേഹവിരുന്നോടെ യോഗം അവസാനിച്ചു. അഞ്ഞൂറോളം ആളുകള്‍ യോഗത്തില്‍ ആദ്യാവസാനം പങ്കെടുത്തു.

റിപ്പോര്‍ട്ടര്‍ സ്‌നേഹസന്ദേശം

No comments:

Post a Comment