Monday, August 20, 2012

ഈ പാവങ്ങളോട് ഇത്രയും വേണമായിരുന്നോ?

എന്റെ മ, , , മനോരമേ ഈ പാവങ്ങളെ ഇങ്ങനെ ചതിക്കരുതായിരുന്നു.

എന്തൊക്കെയാണ് എഴുതി പിടിപ്പിച്ചത്?

മെഡിക്കല്‍ കോളേജ് എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ചു വൈകാതെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആര്, ആരെ, എപ്പോള്‍ അറിയിച്ചു. ഏതു അധികൃതര്‍? 

ഒന്നുമില്ലെങ്കിലും എത്രയോ വര്‍ഷങ്ങളായി ക്നാനായ അതിരൂപതാ ആസ്ഥാനവും മനോരമയും ഏകോദരസഹോദരരെപോലെ ഇടതും വലതുമായി ഇരിക്കുന്നു! ഞങ്ങളുടെ തിരുമേനിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നെങ്കില്‍ പറഞ്ഞുതീര്‍ക്കാന്‍ ഒരു ശ്രമമെങ്കിലും നടത്തിയിട്ട് പോരായിരുന്നോ ഇത്തരം പാരവയ്പ്പ്?

അധികൃതര്‍ അറിയിച്ചു പോലും! എന്റെ മനോരമേ ഇത് ഒരു വക യു.കെ. ഓണ്‍ലൈന്‍ പത്രങ്ങളുടെ രീതി ആയിപോയല്ലോ. നിങ്ങളെക്കുറിച്ച് ഇങ്ങനെയൊന്നുമല്ല ഞങ്ങള്‍ കരുതിയിരുന്നത്.

ഞങ്ങള്‍ ക്നാനയക്കാര്‍ ശുദ്ധന്മാരാണ്. എത്ര കണ്ടാലും, എത്ര കേട്ടാലും പഠിക്കുകയില്ല. അതിരൂപതവക ഏതു സ്ഥാപനം വന്നാലും ഞങ്ങളുടെ സ്വന്തമാണെന്ന് അങ്ങ് കരുതും. അവസാനം ആട്ടു കിട്ടുമ്പോള്‍ പോലും ഞങ്ങള്‍ക്ക് പഠിക്കാന്‍ വലിയ മടിയാണ്.

തിരുമേനിമാര്‍ ഓരോ തവണയും ഓരോ കാര്യം പറഞ്ഞു വരുമ്പോഴും നല്ല കാര്യത്തിനല്ലേ എന്നോര്‍ത്ത് ഞങ്ങള്‍ കാശ് കൊടുക്കും. കാരിത്താസ്സിലെ ഓരോ ബ്ലോക്കും പണിയാന്‍ ഞങ്ങള്‍ കാശ് കൊടുത്തു. എന്നിട്ടും ഞങ്ങളില്‍ ആര്‍ക്കെങ്കിലും നാട്ടില്‍ ചെല്ലുമ്പോള്‍ അസുഖം വന്നു കാരിത്താസിന്റെ വരാന്തയില്‍ ചെന്ന് നിന്നാല്‍ അച്ചന്മാര് പറയും – "നിങ്ങള്‍ അമേരിക്കക്കാരുടെ വിചാരം നിങ്ങള്ക്ക് കൊമ്പുണ്ടെന്നാ. കാശ് തന്ന തെണ്ടിയും ഉണ്ട്, കാശ് തരാത്ത തെണ്ടിയും ഉണ്ട്. ഞങ്ങള്‍ക്ക് ഈ രണ്ടു തെണ്ടികളും ഒരു പോലെയാ. നിന്റെ ഒന്നും അഹങ്കാരം ഇവിടെ ചെലവാകില്ല."

എന്നിട്ടും ഞങ്ങള്‍, കാശ് കൊടുക്കുന്ന തെണ്ടികള്‍, പഠിക്കുകയില്ല.

സങ്കടം വരുമ്പോള്‍ ഞങ്ങള്‍ മൂളും: അപ്പനും അമ്മയും മരിക്കണമെങ്കില്‍ കാരിത്താസില്‍.............

കഴുത കാമം കരഞ്ഞുതീര്‍ക്കുന്നത് പോലെ ഞങ്ങള്‍ സങ്കടം പാടി തീര്‍ക്കും.

വിദ്യാഭ്യാസ ഫണ്ടെന്നും പറഞ്ഞു വന്നപ്പോള്‍ ഞങ്ങള്‍ ഓര്‍ത്തു സമുദായത്തിലെ പാവങ്ങള്‍ രക്ഷപെടുന്ന കാര്യമല്ലേ. ഞങ്ങള്‍ കൊടുത്തു തിരുമേനിമാര്‍ക്ക് എടുത്താല്‍ പൊങ്ങാത്തത്ര കൊടുത്തു.

എതിലെ പോയി?

പോക്കേ പോയി.....

ഞങ്ങളുടെ കണ്‍വെന്‍ഷന്‍ തകര്‍ക്കാന്‍ നിങ്ങളുടെ ഇടതുവശത്തിരിക്കുന്ന പിതാക്കന്മാര്‍ അറഞ്ഞു ശ്രമിച്ചു; നടന്നില്ല. അന്ന് ഞങ്ങള്‍ ശപഥം ചെയ്തു കൊക്കിനു ജീവന്‍ ഉള്ളിടത്തോളംകാലം ഇവറ്റകള്‍ക്ക് പത്തു പൈസ പോലും കൊടുക്കില്ല.

അന്നേരം കേള്‍ക്കുന്നു പാസ്റ്ററല്‍ കൌണ്‍സില്‍ തീരുമാനം എടുത്തു ക്നാനായക്കാരന് മെഡിക്കല്‍ കോളേജ് വേണ്ടെന്നു. ഈ പാസ്റ്ററല്‍ കൌണ്‍സില്‍ എന്ന് വച്ചാല്‍ ആരാ? ആരാ? നിഘണ്ടുവില്‍ നോക്കരുത്. ഞങ്ങളുടെ ഏതെങ്കിലും പള്ളിയില്‍ പോയി ഒരു സത്യസന്ധനോട് (അങ്ങനെ ഒരുത്തനെ കണ്ടു കിട്ടാന്‍ അല്പം ബുദ്ധിമുട്ടാണേ!) ചോദിച്ചു നോക്ക്. അന്നേരം മനസ്സിലാകും അതിന്റെ ഗുട്ടന്‍സ്‌.

എന്നാലും മനോരമേല്‍ കണ്ടപ്പോള്‍ ഞങ്ങള്‍ എല്ലാം മറന്നു. തിരുമേനിമാര്‍ പിരിവിനു വരാതിരിക്കുകില്ല. അങ്ങനെയെങ്കിലും ഒന്ന് കാണാമല്ലോ എന്നൊക്കെ ഓര്‍ത്തു സന്തോഷിച്ചു പോയി.
 
എന്തിനാ മനോരമേ ഇത്ര കല്ല്‌ വച്ച നുണ പറഞ്ഞത്? മനോരമയും തിരുമേനിമാരും എത്ര നുണ പറഞ്ഞാലും പിന്നേം ഞങ്ങള്‍ക്ക് നിങ്ങളെ വിശ്വാസമാ.

എന്നാലും എന്റെ പൊന്നു മനോരമേ, ഈ പാവങ്ങളോട് ഇത്രയും വേണമായിരുന്നോ?

ആശ കൊടുത്താലും എന്റെ മനോരമേ, ആനയെ കൊടുക്കരുതേ......മേലിലെങ്കിലും......

ഡോ. മാത്തപ്പന്‍ ക്നായിപ്പുരയിടം- 

No comments:

Post a Comment