Saturday, August 18, 2012

അവര്‍ മരിച്ചില്ല, തോറ്റുപോയതുമില്ല


സുതാര്യഭരണത്തിന്‍റെ നിറകുടമായ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കേരളത്തില്‍ നീതി തേടി നഴ്സിങ് സമൂഹം മൂന്നരമാസത്തോളം സമരം ചെയ്തു തോറ്റ് ആത്മഹത്യയ്‍ക്കു തുനിഞ്ഞ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയും എന്‍ഡിടിവിയും പോലുള്ള ദേശീയ മാധ്യമങ്ങള്‍ ലോകത്തോടു വിളിച്ചു പറയുമ്പോള്‍ ഏതു മുഖ്യമന്ത്രിയും ഒന്നു വിയര്‍ക്കും. എ.കെ.ആന്‍റണി ചാരായം നിരോധിച്ചതുപോലെ ഒറ്റയടിക്ക് നിരോധിക്കാവുന്ന ഒരു പരിപാടിയല്ല നഴ്‍സിങ്. ദേശീയ മാധ്യമങ്ങളുടെ പിന്നാലെ ബിബിസിയും സിഎന്‍എന്നുമൊക്കെ എത്തും. ഇത് മറ്റേ സഭയാണ്, ഞാനീ സഭയാണ്, ഞാനീ പ്രശ്നത്തിലിടപെട്ടാല്‍ മറ്റേ സഭ പിണങ്ങും, അപ്പോള്‍ ഈ സഭയ്‍ക്കു ചൊറിയും എന്നൊക്കെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക എളുപ്പമല്ല.

തര്‍ക്കവിഷയങ്ങളില്‍ നേതാക്കന്മാര്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കി എന്നു പറയുമ്പോള്‍ ഈ നാട്ടിലെ ഭരണം പൂര്‍ണമായും സമുദായങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്. മിനിമം സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് അടുത്ത ദിവസം കൊച്ചിയില്‍ ചര്‍ച്ച നടത്തും എന്നാണ് പറയുന്നത്. മിനിമം വേതനം എന്നത് മാനേജ്മെന്‍റുകളുടെ ഔദാര്യമാണോ ? സര്‍ക്കാര്‍ നിശ്ചയിച്ച സേവനവേതനവ്യവസ്ഥകള്‍ ആശുപത്രി മാനേജ്‍മെന്‍റ് നടപ്പാക്കണം എന്നത് ഒത്തുതീര്‍പ്പിലൂടെയേ സാധ്യമാവൂ എന്നാണ് സ്ഥിതിയെങ്കില്‍ സ്ഥിതി ഭീകരമാണ്. കൊലക്കേസില്‍പ്പെട്ട സിപിഎം നേതാക്കന്മാരെ ജയിലിലടയ്‍ക്കുക എന്ന അസാധ്യവിപ്ലവം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാര്‍ ആള്‍ദൈവങ്ങളുടെയും അരമനയിലെ തിരുമേനിമാരുടെയും മുന്നില്‍ തലചൊറിഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ പണിയെടുക്കുന്ന ശമ്പളത്തില്‍ നിന്നും ചെറുതല്ലാത്ത തുക ഈ തോലന്മാരെ മേയ്‍ക്കാന്‍ വേണ്ടി നികുതി കൊടുക്കുന്ന ഒരു പൗരനെന്ന നിലയില്‍ എനിക്ക് ആശങ്കയുണ്ട്.

No comments:

Post a Comment