കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‍സുമാരോട് ഇനി ക്വിറ്റ് ഇന്ത്യ എന്നു പറയേണ്ടി വരും. 115 ദിവസമായി പണിയെടുക്കാതെ സമരം ചെയ്യുന്ന അവരുടെ തോന്ന്യാസങ്ങള്‍ പത്രങ്ങളിലോ ചാനലുകളിലോ വരാത്തതുകൊണ്ട് നമ്മളാരും അറിഞ്ഞില്ല. തൊഴില്‍വകുപ്പ് ചര്‍ച്ചയ്‍ക്ക് ക്ഷണിച്ചു, അവര്‍ വരുന്നില്ല. തങ്കപ്പെട്ട ആശുപത്രി മാനേജ്മെന്‍റ് വിളിച്ചു, അവര്‍ വഴങ്ങിയില്ല. വെറുതെ സമരം ചെയ്യാനും സ്വാതന്ത്ര്യദിനത്തില് ആത്മഹത്യാശ്രമം നടത്താനും മാത്രം തലയ്‍ക്ക് ഓളമുള്ളവരാണോ കോതമംഗലത്തെ നഴ്‍സുമാര്‍?
നഴ്‍സുമാരുടെ സമരം ഒരറ്റം മുതല്‍ ആരംഭിച്ച് സംസ്ഥാനമൊട്ടാകെ തിരയിളക്കം നടത്തി അടങ്ങിയതാണ്. അമൃതയിലെ നഴ്‍സുമാരെയും ഭാരവാഹികളെയും ഏതോ ദൈവീകശക്തികള്‍ അടിച്ചുകൊല്ലാറാക്കിയതൊഴിച്ചാല്‍ വലിയ അക്രമമൊന്നും എവിടെയും നടന്നില്ല. അവിടെപ്പോലും പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെട്ടു. കഴുത്തറപ്പുകാരും ആര്‍ത്തിക്കാരുമായ മറ്റ് ആശുപത്രിമുതലാളിമാരും നഴ്‍സുമാര്‍ക്ക് അഞ്ചോ പത്തോ കൂട്ടിക്കൊടുത്ത് സമരം അവസാനിപ്പിക്കാന്‍ തയ്യാറായി. കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി ഭരണാധികാരികള്‍ക്ക് സമരം തീര്‍ക്കണമെന്നു തോന്നാത്തതിനു കാരണമെന്താണ്? ഇത്രയധികം നഴ്‍സുമാര്‍ ഗുരുതരപ്രതിസന്ധിനേരിടുമ്പോള്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ നഴ്‍സുമാരെ കുറ്റപ്പെടുത്തി വീറോടെ ന്യായം പറയുന്നത് വിസ്മയകരമായിരിക്കുന്നു. വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങളുടെ മുന്നില്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ ഷിബു സാറിനു ശക്തി പകരുന്ന മാഫിയയുടെ ശക്തി എത്ര വലുതായിരിക്കും?
No comments:
Post a Comment