Tuesday, August 7, 2012

മാനനഷ്ടം


സിസ്റ്റര്‍ അഭയ മരിച്ചിട്ട് വര്‍ഷങ്ങള്‍ ഇരുപതു കഴിഞ്ഞു. സഭാനടപടികളുടെ ചുവപ്പുനാടയില്‍പ്പെടാതെ അവര്‍ വിശുദ്ധയായി എന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവരെ വെറുക്കാനാവില്ല.

അഭയയെ ചുറ്റിപ്പറ്റിയുള്ള ഏതുവാര്‍ത്തയും കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ആഘോഷമാണ്. ഈ വിഷയത്തില്‍ കേരളത്തിലെ മൊത്തം ജനങ്ങള്‍ക്കുള്ള താല്പര്യമാണ് ഇതു കാണിക്കുന്നത്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഈ വിഷയത്തില്‍ വരുന്ന കമന്റുകള്‍ വായിച്ചാല്‍ ഒരു ക്‌നാനായക്കാരന് തല ഉയര്‍ത്തിപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഈ വിഷയത്തില്‍ പക്ഷേ, സമുദായാംഗങ്ങളില്‍ അഭിപ്രായഐക്യം ഇല്ല. എന്നിരുന്നാലും വെളിയില്‍ കേള്‍ക്കാനാവുന്ന ശബ്ദം കൂടുതലും അധികൃതര്‍ക്കനുകൂലമാണ്. ''സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെടേണ്ടവള്‍ ആയിരുന്നു'' എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടാവില്ല. ''അവര്‍ ഏതായാലും മരിച്ചില്ലേ, ജീവിച്ചിരിക്കുന്നവര്‍ക്കും സമുദായത്തിനും നാണക്കേടുണ്ടാവാതിരിക്കട്ടെ'' എന്ന നിഷ്‌ക്കളങ്കമായ ചിന്തയാണ് കൂടുതലാളുകള്‍ക്കും. തിന്മയ്ക്ക് വളമാകുന്നതാണ് ആ നിലപാടെന്ന് മിക്കവരും മനസ്സിലാക്കുന്നില്ല.

സഭാധികാരികള്‍ ഇക്കാര്യത്തില്‍ പാലിക്കുന്ന മൗനം വ്യാഖ്യാനിക്കാനോ വിശദീകരിക്കാനോ ബുദ്ധിമുട്ടാണ്. നീണ്ട ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ കോട്ടയം അരമന ഇതേക്കുറിച്ച് ഒരു പത്രസമ്മേളനം നടത്തിയിട്ടില്ല. സമുദായത്തിന്റെ വേദികളില്‍പ്പോലും ഇക്കാര്യത്തില്‍ ചര്‍ച്ചയോ ചോദ്യങ്ങളോ അനുവദിക്കാറില്ല. സഭാധികാരികളെ പ്രീണിപ്പിക്കാന്‍ എന്തുചെയ്യാനും തയ്യാറായുള്ളവര്‍ ശബ്ദകോലാഹലമുണ്ടാക്കി, കേസന്വേഷണത്തിനെതിരെ മുറവിളികൂട്ടി മറ്റുള്ളവരുടെമുന്നില്‍ സമുദായത്തെ അപഹാസ്യമാക്കുന്നുണ്ട്.

കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് വൈദികരായ ഔദ്യോഗികവക്താക്കളുണ്ട്. എന്നാല്‍ അത്തരം പദവിയുള്ള വൈദികര്‍ കോട്ടയം അതിരൂപതയില്‍ ഉള്ളതായി അറിവില്ല. നമ്മുടെ രണ്ടു വൈദികരെങ്കിലും നിയമബിരുദധാരികളായിട്ടും അവരെ മാധ്യമചര്‍ച്ചകളില്‍ കാണാറേയില്ല. ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന യുവസുഹൃത്ത് സഭയുടെ വക്താവ് എന്ന റോള്‍ സ്വമേധയാ ഏറ്റെടുക്കുന്നതാണോ, അതോ അദ്ദേഹത്തിന് എന്തെങ്കിലും ഔദ്യോഗിക പദവിയുണ്ടോ എന്നറിയില്ല.

അദ്ദേഹത്തിന്റെ പ്രകടനം - മിതമായ ഭാഷയില്‍ പറഞ്ഞാല്‍ - ദയനീയമാണ്.

ക്‌നാനായ സമുദായത്തിലെ ഏറ്റവും പുതിയ പ്രതിസന്ധി ബി.സി.എം. കോളേജിലെ മുന്‍ അധ്യാപിക, പ്രൊഫ. ത്രേസ്യാമ്മ കുന്നശ്ശേരി പിതാവിനെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തലാണ്. വികാരാവേശത്തില്‍ അതിന്റെ സന്ദര്‍ഭം നമ്മള്‍ മറന്നുപോകുന്നു.

കുറ്റാന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അനേകരെ ചോദ്യം ചെയ്തു. അവരിലൊരാളാണ് ഈ അധ്യാപിക. കൊലപാതകം ചെയ്ത കുറ്റവാളിയെ തിരയുന്ന ഉദ്യോഗസ്ഥരോട് നമുക്ക് നമ്മുടെ അഭിപ്രായങ്ങളും സംശയങ്ങളും പറയാം. എല്ലാത്തിനും തെളിവുകള്‍ ഹാജരാക്കേണ്ടതില്ല. വീട്ടില്‍ ഒരു മോഷണം നടന്നാല്‍ പോലീസിന്റെ ആദ്യചോദ്യം ''നിങ്ങള്‍ക്ക് ആരെയെങ്കിലും സംശയമുണ്ടോ?'' എന്നാണല്ലോ. അങ്ങനെ കിട്ടുന്ന ''ലീഡുകള്‍'' പിന്‍തുടര്‍ന്ന്, കൂടുതല്‍പേരെ ചോദ്യം ചെയ്താണ് കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നത്. പ്രൊഫ. ത്രേസ്യാമ്മയുടെ മൊഴി ഒരു തുടക്കം മാത്രമായിരുന്നിരിക്കാം. അവിടെനിന്നും അന്വേഷണം എവിടെവരെ നീണ്ടു എന്ന് ആര്‍ക്കുമറിയില്ല.

ഉദ്യോഗസ്ഥരോട് രഹസ്യമായി പറയുന്നതുപോലെയല്ല മാധ്യമങ്ങളോട് അതേ കാര്യങ്ങള്‍ പറയുന്നത്. സ്ഥാനമൊഴിഞ്ഞ അതിരൂപതാദ്ധ്യക്ഷനെയും സമുന്നതനായ രാഷ്ട്രീയനേതാവിനെയും, യാതൊരു തെളിവും ഇല്ലാതെ ആക്ഷേപിച്ചത് നിരുത്തരവാദപരമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ സമുദായാംഗങ്ങളെങ്കിലും ഓര്‍ക്കേണ്ട ഒന്നുണ്ട് - ഇക്കാര്യത്തില്‍ സഭാധികൃതര്‍ ചെയ്തതെല്ലാം സമുദായത്തിന് നാണക്കേട് വരുത്തിവച്ചിട്ടുണ്ട്.

സി.ബി.ഐ.ക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കുന്നതിനെക്കുറിച്ചും പലരും വീമ്പിളക്കുന്നുണ്ട്. കൊലപാതകം നടന്ന രാജ്യത്തെ കുറ്റാന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഒരു കുഞ്ഞുസമുദായത്തിന്റെ മുഖത്ത് കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നു പറയുമ്പോള്‍, ക്‌നാനായ മക്കള്‍ക്കുമാത്രമാണ് അത് തമാശയല്ലാതാവുന്നത്.

ഇക്കാര്യത്തില്‍ ക്‌നാനായ സമുദായത്തിന്റെ മാനം വീണ്ടെടുക്കണമെങ്കില്‍ ഇരുപതുവര്‍ഷമായി പിന്തുടര്‍ന്ന പാത നമ്മള്‍ ഉപേക്ഷിക്കണം.

അലക്സ്‌ കണിയാംപറമ്പില്‍ 

No comments:

Post a Comment