ക്‌നാനായ സമുദായത്തില്‍ ഇന്നത്തെ പ്രതിസന്ധി ഉടലെടുക്കുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പ്, ചക്രവാളത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് മനസ്സിലാക്കി, 2007 ജനുവരിയില്‍ അന്നത്തെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ക്‌നാനായ ഫെലോഷിപ്പ് അയച്ച കത്താണിത്.
- പത്രാധിപര്‍, സ്നേഹ സന്ദേശം
പ്രീയ പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളേ,
തെക്കുംഭാഗസമുദായ അംഗങ്ങളുടെ ഇന്നത്തെ സാമ്പത്തിക അഭിവൃദ്ധിക്ക് പിന്നാലെ രൂപംകൊണ്ട സ്വാര്‍ത്ഥതയും നിസ്സംഗഭാവത്തിനും ഇടയില്‍ അധികം ആരുടേയും ശ്രദ്ധയില്‍പെടാതെ കോട്ടയം അതിരൂപതാ നേതൃത്വം, സമുദായത്തിന്റെ നിലനില്‍പ്പിനെ തന്നെ ഗുരുതരമായി ബാധിക്കുന്ന ചില നടപടികളിലേക്ക് കടക്കുന്നതായി മനസ്സിലാക്കുന്ന വിവരം നിങ്ങളുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും അതിരൂപതയുടെ, അല്മായരുള്‍പ്പെടുന്ന പരമോന്നത നേതൃത്വം കയ്യാളുന്ന നിങ്ങള്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സൂഷ്മമായ ചര്‍ച്ച നടത്തുന്നതിനും ഉചിതവും യുക്തവുമായ തീരുമാനമെന്ന നിലയില്‍ സമുദായത്തിന്റെ തനിമയ്ക്കു ഹാനികരമാകുന്നതിനാല്‍ സാധിക്കുമെങ്കില്‍ ഇതിനെ സംബന്ധിച്ച ചര്‍ച്ച തന്നെ നിരാകരിക്കുന്നതിനും ആഹ്വാനം ചെയ്യുന്നതിനാണ് ഈ കത്ത്.
പതിറ്റാണ്ടിനു മുന്‍പ് ബിജു ഉതുപ്പ് കേസ് ഉണര്‍ത്തിയ അലയൊലി ഇതുവരെയും അവസാനിച്ചിട്ടില്ല. അതെന്താണെന്നും ഇപ്പോള്‍ എങ്ങനെ നില്‍ക്കുന്നെന്നും നിങ്ങള്‍ ഓരോരുത്തരും ഈ വൈകിയവേളയിലെങ്കിലും അതിരൂപതാ നേതൃത്വത്തോട് ചോദിച്ച് മനസ്സിലാക്കുന്നത് ഈ കത്തെഴുതുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഉപകരിക്കും. 2006 നവംബര്‍ അവസാനത്തെ ആഴ്ചയില്‍ ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വെച്ചു നടന്ന പ്രിസ്ബിറ്ററല്‍ കൗണ്‍സിലില്‍ ബഹു: മോണ്‍സിഞ്ഞോര്‍ ജേക്കബ് വെള്ളിയാനച്ചന്‍ ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നതായും അതില്‍ ക്‌നാനായ പുരുഷന്‍മാര്‍ സമുദായം വിട്ട് മിശ്രവിവാഹം നടത്തുന്നതായാലും അവരുടെ വിവാഹം അവര്‍ പുതിയതായി ചേര്‍ന്ന ഇടവകപ്പള്ളിയിലെ വികാരിയുടെ കത്ത് വാങ്ങി മാതൃ ഇടവകയില്‍വെച്ച് തന്നെ നടത്തിക്കൊടുക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനെക്കുറിച്ചാണെന്നറിയുന്നു നമ്മുടെ വികാരിമാരില്‍ ചിലര്‍ ഈ ആലോചനയെ തീരുമാനമെന്നതുപോലെ ചില പള്ളികളില്‍ (കൈപ്പുഴ) വിളിച്ചറിയിച്ചിരുന്നതായും അറിയുന്നു. കാര്യങ്ങളുടെ പോക്കു കണ്ടിട്ട് ഇത് ഉത്തരവാദിത്തമുള്ള ആരുടെയൊക്കെയോ അനുഗ്രഹാശിസുകളോടെയുള്ള നീക്കമാണെന്ന് അനുമാനിക്കേണ്ടിയിരിക്കുകയാണ്. ഒറ്റനോട്ടത്തില്‍ നിരുപദ്രവകരമായ ഈ വിഷയം താഴെപ്പറയുന്ന കാരണങ്ങളാല്‍ വളരെ ഗൗരവം അര്‍ഹിക്കുന്നതും സമുദായത്തിന്റെ നിലനില്‍പ്പിനെ തന്നെ ഭാവിയില്‍ ബാധിക്കാന്‍ ഇടയുള്ളതുമായതിനാല്‍ ഈ ചെറിയ തുടക്കം വേണ്ടത്ര ആലോചനയും ചര്‍ച്ചയും നടത്തേണ്ട ഒരു ഫോറങ്ങളിലും നടത്താതെയും അല്മായരുടേയും സന്യസ്തരുടേയും വിവിധങ്ങളായ മറ്റു സംഘടനകളുടേയും അഭിപ്രായം ആരായാതെയും നടപ്പിലാക്കാനുള്ള ശ്രമമാകയാല്‍ അതിനെ ശക്തിയുക്തം നിരാകരിക്കുവാനുള്ള ഉത്തരവാദിത്വം നിങ്ങളെ ഓര്‍മിപ്പിക്കുന്നു.
1. ദീര്‍ഘകാലം ഇരുവിഭാഗങ്ങളും ഒന്നിച്ചുനടന്ന പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിടത്തുനിന്നാണ് 1911-ല്‍ ക്‌നാനായ അംഗങ്ങള്‍ക്കു മാത്രമായ രൂപത സ്ഥാപിച്ചു കിട്ടിയത്. ഒരു നൂറ്റാണ്ടിനു മുന്‍പ് നമ്മുടെ പൂര്‍വ്വികരും ആദ്യ മെത്രാന്മാരും വേദനിച്ചും കഷ്ടപ്പെട്ടും നിലനിര്‍ത്തിയ അവകാശങ്ങള്‍ അടിയറ വയ്ക്കുവാന്‍ ഇന്നുള്ളവര്‍ക്കവകാശമില്ല. അതിനു തക്കതായ ഒരു സാഹചര്യവും കാരണവും പുതുതായി ഉണ്ടായിട്ടില്ല.
2. ലോകമെങ്ങുമുള്ള തെക്കും ഭാഗക്കാര്‍ക്കായി Personal Jurisdiction-നോടുകൂടി സ്ഥാപിക്കപ്പെട്ടിട്ടുള്ള രൂപതപോലെ മറ്റ് പ്രാദേശികസഭകള്‍ കത്തോലിക്കാസഭയില്‍ ലോകത്തില്‍ വേറെ നിലനില്‍ക്കുന്നുണ്ട്.
3. കാഞ്ഞിരപ്പള്ളി രൂപതാംഗമായ ബഹു വാണിയപ്പുരയ്ക്കലച്ചന്‍ 30-12-2005-ല്‍ കോട്ടയത്തു നടന്ന ഗ്ലോബല്‍ മീറ്റില്‍ അവതരിപ്പിച്ച തിസ്സീസ് മുകളില്‍ പറഞ്ഞ വിധത്തില്‍ നമ്മുടെ വംശീയ നിലനില്‍പ്പിനെ സാധൂകരിക്കുന്നതാണ്. മറ്റ് രൂപതാംഗങ്ങള്‍ പോലും ഗവേഷണത്തിലൂടെ അംഗീകരിച്ചു സ്ഥാപിച്ച വിഷയം നമ്മുടെ രൂപതാനേതൃത്വം പൊടുന്നനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണെന്നറിയാന്‍ സമുദായ സ്‌നേഹികള്‍ക്ക് താല്‍പര്യമുണ്ടാകേണ്ടതല്ലേ!
4. ബഹു: വെള്ളിയാനച്ചന്റെ പ്രബന്ധത്തില്‍ പറയുംപ്രകാരം മിശ്രവിവാഹം കഴിച്ച ക്‌നാനായ യുവാക്കള്‍ മാതൃ ഇടവകയില്‍ നിന്ന് ബന്ധം വിടുകയും, തങ്ങളുടെ ആത്മീയകാര്യങ്ങള്‍ പുതിയ ഇടവകയില്‍ നിന്നുള്ള അനുമതിയോടെ പഴയ ഇടവകയില്‍ തന്നെ നിര്‍വ്വഹിക്കുകയും, പുതിയ ഇടവകയോട് ഒരു കാര്യത്തിനും സഹകരിക്കാതിരിക്കുകയും ചെയ്യുകവഴി അവര്‍ക്ക് സജീവ ഇടവകജീവിതം നഷ്ടമാകും.
5. മുകളില്‍ നാലാമതായി പറഞ്ഞ വിധത്തില്‍ മാതൃ ഇടവകയില്‍ തുടരുന്ന മിശ്രവിവാഹിതന്റെ മക്കള്‍ സ്വന്തം ഇടവക ഏതെന്നറിയാതെ വളരുകയും മാമോദീസ, ആദ്യകുര്‍ബാന തുടങ്ങിയ കൂദാശകള്‍ ക്‌നാനായ ഇടവകയില്‍ തന്നെ ലഭിച്ച് വളര്‍ന്നശേഷം വിവാഹസമയമാകുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ അവരും മാതാപിതാക്കളും അടുത്ത ബന്ധുക്കളും ചേര്‍ന്ന് നമ്മുടെ നിലനില്‍പ്പിനും തനിമയ്ക്കും എതിരായി അഭിപ്രായം രൂപീകരിക്കുകയും താമസംകൂടാതെ അവരേയും നമ്മുടെ അതിരൂപതാ ഇടവകാംഗങ്ങളായി അംഗീകരിക്കേണ്ടിവരും.
6. അപ്രകാരം തെക്കുംഭാഗക്കാരുടെ ഇടവകകളില്‍ അസ്സലും, മിശ്രവിഭാഗവും എന്ന രണ്ടു കൂട്ടര്‍ ഉടലെടുക്കുകയും അവര്‍ പരസ്പരം എതിര്‍ക്കുകയും അതുമൂലം രൂപംകൊള്ളുന്ന രണ്ടു ചേരിയില്‍ തീവ്രവിഭാഗങ്ങള്‍ അണിനിരക്കുകയും ചെയ്യും. ഇപ്പോള്‍ മറ്റു ക്രൈസ്തവ വിഭാഗങ്ങളില്‍ കാണുന്നതിലും രൂക്ഷമായ തമ്മില്‍ തല്ലും കോടതിയും കേസും ഇഞ്ചക്ഷനും പള്ളിപൂട്ടലും സംഭവിച്ചെന്നുവരാം. അതിന്റെ ഫലമായി ഭൂരിപക്ഷത്തിനും ഇടവകകാര്യങ്ങളില്‍ യാതൊരു താല്‍പര്യവും ഇല്ലാതായെന്നു വരും.
7. മേല്‍പ്പറഞ്ഞ സാഹചര്യങ്ങള്‍ ഇടവകകളില്‍ സംജാതമാകുമ്പോള്‍ ക്‌നാനായതനിമയില്‍ നിലനില്‍ക്കാനാഗ്രഹിക്കുന്നവരും അല്ലാത്തവരും എന്ന തരംതിരിവില്‍ രണ്ടിലൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാല്‍ കുറേ പേരെങ്കിലും ക്‌നാനായക്കാരായി തനിമയോടെ നിലനില്‍ക്കാന്‍ യാക്കോബായവിശ്വാസം സ്വീകരിക്കാനിടയുണ്ട്.
8. തെക്കുംഭാഗക്കാരായ യുവാക്കള്‍ക്ക് സ്വജാതിയില്‍ നിന്ന് ഇണയെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് ഇന്നത്തെ പ്രതിസന്ധിക്ക് ഒരു കാരണമായി പറയുന്നത്. എന്നാല്‍ മിശ്രവിവാഹിതരും തനിമ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരും ഒരു ഇടവകയില്‍ ഒന്നിച്ചു തുടരുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു വിഭാഗവും വധുക്കളായി ഒറിജിനല്‍ ക്‌നാനായ യുവതികളെ തന്നെ നിര്‍ബന്ധപൂര്‍വ്വം ആഗ്രഹിക്കുകയും ആയത് വിവാഹാര്‍ത്ഥികള്‍ക്ക് തെക്കുംഭാഗയുവതികളെ ലഭിക്കാത്ത ഇന്നത്തെ അവസ്ഥ കൂടുതല്‍ രൂക്ഷമാക്കുവാനേ ഉപകരിക്കൂ.
മുകളില്‍ അക്കമിട്ടുപറഞ്ഞിട്ടുള്ള കാര്യങ്ങളത്രയും ഭാവിയില്‍ ക്‌നാനായസമുദായം അഭിമുഖീകരിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന നിങ്ങള്‍ കരുതലോടെ നീങ്ങേണ്ടതായിട്ടുണ്ട്. അല്മായരുള്‍പ്പെടുന്ന ഒരു ഫോറത്തിലും ചര്‍ച്ച ചെയ്യാതെ ഒരു ഹിഡന്‍ അജണ്ട എന്നോണം പാസ്റ്ററല്‍ കൗണ്‍സിലില്‍ സൂത്രത്തില്‍ അവതരിപ്പിച്ച് പാസ്സാക്കിയെടുക്കാമെന്ന ധാരണയിലാണ് തല്‍പരകക്ഷികള്‍ നീങ്ങുന്നതെന്ന് മനസ്സിലാക്കുന്നു. സമുദായത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഒരു വിഷയം ഒരു സാധാരണ അറിയിപ്പെന്നപോലെ ഇടവകകളില്‍ വിളിച്ചറിയിക്കാന്‍ ധൈര്യം കാണിച്ചതുതന്നെ ഉത്തരവാദിത്തപ്പെട്ടവരുടെ ലാഘവചിന്തയുടെ പ്രതിഫലനമാണ് കാണിക്കുന്നത്. ഇത്തരം ഒരു നീക്കം അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വഹിക്കുന്ന സ്ഥാനത്തെ അപ്രധാനമാക്കി കളയുന്നതുകൂടിയാണെന്ന കാര്യം ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ആയതിനാല്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം അവതരിപ്പിക്കുകയാണെങ്കില്‍ അതിന്റെ വരുംവരായ്ക ചൂണ്ടിക്കാട്ടി കഴിയുമെങ്കില്‍ ചര്‍ച്ച കൂടാതെ തന്നെ തള്ളിക്കളയണമെന്ന് സമുദായസ്‌നേഹികളുടെ കൂട്ടായ്മയെന്ന നിലയില്‍ ക്‌നാനായഫെലോഷിപ്പ് അംഗങ്ങള്‍ വിനയപൂര്‍വ്വം നിങ്ങളോടപേക്ഷിക്കുന്നു.
പുരാതനകാലം മുതല്‍ക്കേ നമ്മുടെ പിതാക്കന്മാര്‍ കാംഷയോടെ അന്വേഷിച്ചിരുന്ന അപേക്ഷയെ പരിശുദ്ധ സിംഹാസനം കടശി കൈക്കൊണ്ട് നമ്മുടെ സ്വന്ത റീത്തില്‍നിന്നും നമുക്കായി ഒരു സ്വദേശി മെത്രാനെ നല്‍കിയതില്‍ വച്ച് പൊതുവെ എല്ലാവര്‍ക്കും തൃപ്തിയും സന്തോഷവും ആയിരുന്നു.
(''ചങ്ങനാശേരിയില്‍ നിന്നും മാക്കില്‍ പിതാവിന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍നിന്നും'')
1911-ലെ തൃപ്തിയും സന്തോഷവും കടശി അസ്തമിക്കാന്‍ ഇടയാകാതിരിക്കട്ടെ!
No comments:
Post a Comment