Monday, August 27, 2012

അല്പം ഓണക്കാല ചിന്തകള്‍


1972-ലെ വേനല്‍ക്കാലത്ത് പുതിയതായി ഉദ്യോഗം കിട്ടി ഡല്‍ഹിയില്‍ ..ചെന്ന കാലത്ത് കാണുന്നതെല്ലാം അത്ഭുതം. ഗോള്‍മാര്‍ക്കറ്റിലെ ശ്രീധരന്‍ ഹോട്ടലില്‍ നിന്ന് വൈകിട്ടത്തെ ഭക്ഷണവും കഴിച്ച് താമസസ്ഥലത്തെയ്ക്ക് സഹമുറിയനുമൊത്ത് നടക്കുമ്പോള്‍ വലിയ ഘോഷയാത്ര എതിരെ വരുന്നു. മൊത്തം സര്‍ദാര്‍ജിമാര്‍.. വഴിസൈഡില്‍ ഒഴിഞ്ഞു നിന്നു നോക്കുമ്പോള്‍ വലിയ താലത്തില്‍ മധുരപലഹാരങ്ങള്‍ -വഴിപോക്കാര്‍ക്ക് വിതരണം ചെയ്യുന്നു. “കാലാമദ്രാസികളായ” ഞങ്ങള്‍ക്കും കിട്ടി ആവശ്യം പോലെ. - താലത്തില്‍ നിന്നു ഇഷ്ടം പോലെ എടുക്കാം.

ഇരുപത്തിരണ്ടു വര്ഷം ക്രിസ്തീയ അന്തരീക്ഷത്തില്‍ വളര്‍ന്ന എനിക്ക് അത്രയും “ക്രിസ്തീയമായ” മറ്റൊരനുഭവം ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞും അത്തരമൊന്നു ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.

ഓണം മനോഹരമായ ഒരു മിത്താണ്. ത്യാഗമാണ് ആ മിത്തിന്റെ കാതല്‍. സ്വന്തം വാക്ക് പാലിക്കാന്‍ തയ്യാറായി, പാതാളത്തിലേയ്ക്ക് പോകാന്‍ തയാറാകുന്ന മഹത്തായ ബലിയുടെ ഓര്‍മ്മയാണ് നമ്മള്‍ കൊണ്ടാടുന്നത്.

ഈ വര്ഷം കേരള സര്‍ക്കാര്‍ ഒരു നല്ല കാര്യം ചെയ്യുന്നു – കേരളത്തിലുള്ള അന്യസംസ്ഥാനക്കാരായ ഒട്ടേറെ തൊഴിലാളികളെയും ഓണാഘോഷത്തില്‍ കൂട്ടാനായി സര്‍ക്കാര്‍ അവര്‍ക്ക് ഓണക്കിറ്റ് നല്‍കുകയാണ്. ഇതിനെക്കുറിച്ച്‌ മാതൃഭൂമിയിലെ മുഖപ്രസംഗത്തില്‍ ഇങ്ങനെ കണ്ടു:

പല സംസ്ഥാനങ്ങളിലും അന്യസംസ്ഥാനക്കാര്‍ക്കെതിരെ ദ്വേഷത്തിന്റെ സന്ദേശങ്ങള്‍ വ്യാപകമാകുന്ന സമയമാണിത്. അരക്ഷിതത്വബോധം മൂലം പലരും അവരുടെ നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങിപ്പോകുകയുമാണ്. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഈ നടപടി ഇവിടെയുള്ള അന്യസംസ്ഥാനക്കാര്‍ക്ക് സുരക്ഷിതത്വബോധം നല്‍കുമെന്നുറപ്പാണ്. അന്യദേശങ്ങളില്‍ നിന്നെത്തി ഇവിടെ കൂലിപ്പണിയെടുത്തും മറ്റും കഴിയുന്നവരെ നാം കൂടെക്കൂട്ടുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇവിടെ വിതരണം ചെയ്യുന്ന കൊച്ചുസമ്മാനപ്പൊതിയില്‍ എന്താണ് വെച്ചിട്ടുള്ളത് എന്നതല്ല ഇവിടെ പ്രധാനം. അവരെ നമ്മുടെ ഉത്സവവേളയില്‍ പങ്കാളികളാക്കുന്നതിന്റെ പ്രതീകമാണ് ഈ ഓണക്കിറ്റ്. നാട്ടുകാരെയെല്ലാം ഒരു പോലെ കണ്ട ഒരു ഭരണാധിപന്റെ കാലത്തെ ഓര്‍മിക്കുന്ന ഓണാഘോഷം ഇവിടെ എല്ലാ അര്‍ഥത്തിലും ദേശീയോത്സവമാവുകയാണ്

ലോകമെമ്പാടുമുള്ള ക്നാനയക്കാര്‍ മറ്റു പ്രവാസിമലയാളികളെപ്പോലെ ഓണമാഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനായി നമ്മില്‍ പലരും പട്ടും പൊന്നും നാട്ടില്‍ നിന്നു കൊണ്ടുവന്നിട്ടുണ്ട്. പതിവ്പോലെ തിന്നു കുടിച്ചു ഒരു വടംവലിയും നടത്തിയതിനു ശേഷം നമ്മള്‍ സ്വഗൃഹത്തിലേയ്ക്ക് മടങ്ങും. താല്പര്യമില്ലാത്ത നമ്മുടെ കുട്ടികളെ വേഷം കെട്ടിച്ചു വേദിയില്‍ എത്തിക്കും. അത്രതന്നെ.

തലേന്ന് കഴിച്ചതില്‍ നിന്നു ഒട്ടും വ്യതസ്തമല്ലാത്ത ഭക്ഷണം ഓണദിവസത്തിലും കഴിക്കാന്‍ വിധിക്കപ്പെട്ട ഒരുപാട് അശരണര്‍ നമ്മുടെ കേരളത്തില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍, ഇന്നും ഉണ്ട്. അനാഥാലയങ്ങള്‍, ചില നല്ല മനുഷ്യര്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍.

നമ്മള്‍ ഓണം ആഘോഷിക്കുമ്പോള്‍, അത്തരം ഒരു സ്ഥാപനത്തിലെ അന്തേവാസികള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ നമ്മളില്‍ എത്ര വ്യക്തികള്‍, യുനിറ്റുകള്‍ തയ്യാറാകും?

ഇടനിലക്കാരില്ലാതെ അത്തരം നന്മകള്‍ ചെയ്യുമ്പോള്‍ മാത്രമാണ് നമ്മള്‍ മാവേലിമന്നനെ സ്മരിക്കാന്‍ അര്‍ഹരാകുന്നത്.

അലക്സ്‌ കണിയാംപറമ്പില്‍ 

No comments:

Post a Comment