ക്നാനായ വംശീയ ഇടവക പ്രശ്‌നം
സമുദായവും മെത്രാനും രണ്ടു തട്ടില്‍ തന്നെ.
വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ വംശീയ ഇടവക വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് സമുദായ വിരുദ്ധ പ്രസ്ഥാവന നടത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് തന്റെ നിലപാടിനെ ന്യായീകരിച്ച് അതില്‍ ഉറച്ച് നില്‍ക്കുകയാണ്. ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റി ഇന്ന് (ഏപ്രില്‍ ഒന്നിന്) സംഘടിപ്പിച്ച സമുദായ നേതാക്കളുടെ യോഗത്തില്‍ സന്നിഹിതനായി തന്റെ നിലപാടുകള്‍ ന്യായീകരിച്ച് അതില്‍ ഉറച്ചുനിന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ഏപ്രില്‍ ഒന്നിന് മൂന്ന് മണിക്ക് ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗം 7 മണിക്കാണ് അവസാനിച്ചത്. കെ.സി.സി. അതിരൂപതാ പ്രസിഡന്റ് പ്രെഫ: ജോയി മുപ്രാപള്ളിയുടെ അധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ മോണ്‍: മാത്യു ഇളപാനിക്കല്‍, പ്രെഫ: ബേബി കാനാട്ട്. പ്രെഫ: തോമസ്‌കുട്ടി വടാത്തല, ചാക്കോ പട്ടാര്‍കുഴി, സ്റ്റീഫന്‍ ജോര്‍ജ് മുന്‍ എം. എല്‍. എ, ജോസ് പാറേട്ട്, സൈമണ്‍ ആറുപറയില്‍, ഷിനോയി മഞ്ഞാക്കല്‍, ഷൈജി ഓട്ടപള്ളി, ഡോ: ഷൈനി ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിതാവിന് അനുകൂലമായി പ്രസംഗം ആരംഭിച്ച ഷൈനി ബേബിയേയും ഇളപ്പാനിക്കല്‍ അച്ചനേയും ചെറുപ്പക്കാര്‍ കൂവിയിരുത്തുകയായിരുന്നു, മുന്‍ പ്രസംഗങ്ങള്‍ കുറിച്ചുവച്ച് മറുപടിപറയാന്‍ എഴുനേറ്റുവന്ന മാര്‍ മൂലക്കാട്ട് ധാര്‍ഷ്ട്യത്തിന്റെ ഭാഷയിലാണ് പ്രസംഗം ആരംഭിച്ചതുതന്നെ. “എതിര്‍ അഭിപ്രായം ഉള്ളവര്‍ വീട്ടില്‍ പോയി ഇരുന്ന് ചിന്തിക്കണം” എന്നു പറഞ്ഞത് യോഗക്കാരില്‍ പ്രകോപനം സൃഷ്ട്ടിച്ചു. മോണ്‍: ഇളപാനിയുടെ ഭാഷയും യോഗക്കാര്‍ കൂടുതല്‍ പഠിക്കണം എന്ന രീതിയിലായിരുന്നു.
മൂലക്കാട് തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടും സമുദായക്കാരുടെ മേല്‍ ദുരാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടും പ്രസംഗം തുടര്‍ന്നത് ആളുകളില്‍ എതിര്‍പ്പിനിടയാക്കി. യോഗക്കാരുടെ രൂക്ഷമായ എതിര്‍പ്പുമൂലം പ്രസംഗം അവസാനിപ്പിച്ച് പോയി ഇരുന്ന ബിഷപ്പ് വീണ്ടുമെത്തി തന്റെ നിപാടിനെ ന്യായീകരിച്ചതും യോഗക്കാര്‍ വിവരം ഇല്ലാത്തവരെന്ന രീതിയില്‍ സംസാരിച്ചതും ഒച്ചപ്പാടിന് ഇടയാക്കുകയും പ്രസംഗം നിര്‍ത്തി ഇറങ്ങിപോകേണ്ടി വരുകയും ചെയ്തു.
അമേരിക്കയില്‍ മാര്‍ മൂലക്കാട് നടത്തിയ സമുദായവിരുദ്ധ പ്രസ്താവന അദ്ദേഹം അമേരിക്കയിലെത്തി തിരുത്തണമെന്ന ഒരു പ്രസംഗകന്റെ നിര്‍ദ്ദേശം വലിയ കൈയ്യടിയോടെ ആളുകള്‍ എതിരേറ്റു. ഓഡിറ്റോറിയത്തിനു മുന്നില്‍ ബിഷപ്പിനെ തടഞ്ഞുനിര്‍ത്തി ബഹളംവെച്ചവരെ മുതിര്‍ന്ന ആളുകള്‍ തള്ളിമാറ്റി വഴി ഒരുക്കേണ്ടിവന്നു.
ആളുകളുടെ ബഹളത്തിനിടെ ചാക്കോ പട്ടാര്‍കുഴി, ഡോ: ലൂക്കോസ്, സ്റ്റീഫന്‍ ജോര്‍ജ്, ഷൈജി ഓട്ടപള്ളി ഇവര്‍ നാലു പേര്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ ശബ്ദവോട്ടോടെ പാസാക്കി.
യോഗത്തിലുടനീളം അമേരിക്കയിലെ വികാരി ജനറാര്‍ ഫാ: മുത്തോലത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ടായിരുന്നു. അദ്ദേഹത്തെ തിരികെ വിളിക്കണമെന്നായിരുന്നു യോഗക്കാരുടെ പൊതുവികാരം.
സ്‌നേഹസന്ദേശം റിപ്പോര്‍ട്ടര്‍
(അമേരിക്കന്‍ ക്നാ വഴി അയച്ച മെയിലില്‍ ഈ ബ്ലോഗിന്റെ പേര് ബിലാത്തി വിശേഷങ്ങള്‍"" എന്ന് എഴുതിയതിനു പകരം ക്നാനായ വിശേഷങ്ങള്‍ എന്ന് തിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു)
No comments:
Post a Comment