Saturday, April 28, 2012

പ്രണയം, വിവാഹം, പിന്നെ...?: ജിജോ സിറിയക്‌


പ്രണയം ഒരു സത്യംതന്നെയാണ്. ഒരാളോട് ഇഷ്ടം തോന്നുക, പ്രണയിക്കുക, ഒക്കെ സ്വാഭാവികം. പക്ഷേ, 12-13വയസ്സില്‍ തുടങ്ങുന്ന പ്രണയങ്ങള്‍ കേവലം ബാഹ്യകൗതുകത്തില്‍നിന്നും ജനിക്കുന്നതാണ്. ഇത്തരം കുട്ടിപ്രണയങ്ങള്‍ കാലാന്തരത്തില്‍ കൊഴിഞ്ഞുപോകും. എന്നാല്‍ ചിലര്‍ ഇതില്‍പ്പെട്ടുപോകും. 15 വയസ്സില്‍ നാം നല്കുന്ന മുന്‍ഗണനകളായിരിക്കില്ല പത്തുവര്‍ഷം കഴിഞ്ഞ് നമുക്കുണ്ടാവുക. മാത്രമല്ല പഠനവും തൊഴിലുമെല്ലാം നമ്മുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക സാഹചര്യങ്ങളില്‍ ഗണ്യമായ വ്യതിയാനങ്ങള്‍ വരുത്തും.

പ്രണയത്തിന്റെ തീവ്രതയില്‍ ഇതൊന്നും പലരും പരിഗണിക്കില്ല. വളര്‍ത്തിയ മാതാപിതാക്കളോടുപോലും പകയോടെയാകും ഇക്കാലത്ത് മക്കള്‍ പ്രതികരിക്കുക. അവര്‍ പറയുന്ന ഭാഷപോലും മക്കള്‍ക്കു മനസ്സിലായെന്നുവരില്ല.

പക്ഷേ, പ്രണയം വേറെ, വിവാഹം വേറെ എന്ന സത്യം പിന്നീടാകും തിരിച്ചറിയുക. പ്രണയത്തെ വിവാഹജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനും സ്ഥായിയായി നിലനിര്‍ത്താനും അപൂര്‍വം ദമ്പതിമാര്‍ക്കേ കഴിയാറുള്ളൂ. പ്രണയിക്കുമ്പോള്‍പങ്കാളിയുടെ ഇഷ്ടമനുസരിച്ച് മാത്രമാകും ഇരുവരും പ്രവര്‍ത്തിക്കുക. പക്ഷേ, ഒരു കൂരയ്ക്കുകീഴില്‍ ജീവിതം തുടങ്ങുമ്പോള്‍ ഇത് എളുപ്പമാകില്ല. അസ്വാരസ്യങ്ങള്‍ പെട്ടെന്ന് പൊട്ടിത്തെറിയിലെത്തും. പ്രതീക്ഷകള്‍ വാനോളമായതിനാല്‍ പതനത്തിന്റെ ആഘാതവും ഇരട്ടിയായിരിക്കും. വീട്ടുകാരുടെ പിന്തുണയില്ലാത്തവര്‍ തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയിലാകും ചെന്നെത്തുക. പ്രായോഗിക പ്രണയത്തെക്കുറിച്ചും അറേഞ്ച്ഡ് ലൗവ് മാര്യേജിനെക്കുറിച്ചുമൊക്കെ ചിലര്‍ പുച്ഛത്തോടെ സംസാരിക്കാറുണ്ട്. പക്ഷേ, പ്രായോഗികത എന്നത് പ്രണയത്തിലും ഒരവശ്യഘടകംതന്നെയാണ്. കടുത്ത പ്രണയികള്‍പോലും പ്രായോഗികബോധത്തോടെയാണ് പലപ്പോഴും ജീവിതത്തെ സമീപിക്കുക.

നമുക്കൊരു ജീവിതമേയുള്ളൂ. അത് ആരുടെ കൂടെ ചെലവഴിക്കണമെന്ന് നമ്മള്‍ തീരുമാനിക്കുന്നതില്‍ എന്താണ് തെറ്റ്?

ചോദ്യം ന്യായംതന്നെ. ഉത്തരവും ചോദ്യത്തില്‍ത്തന്നെയുണ്ട്. ഒരു ജീവിതമേയുള്ളൂ, അതിനെ ഏറ്റവും നന്നായും സന്തോഷകരമായും പൂര്‍ത്തിയാക്കാന്‍ നാം ശ്രദ്ധിക്കണം. എടുത്തുചാട്ട പ്രണയങ്ങള്‍ പലപ്പോഴും കൈവിട്ട കളികളായി മാറും. ജീവിതംതന്നെ കൈവിട്ടുപോയെന്നും വരും. പ്രണയത്തിനുവേണ്ടി ജീവിതം ഹോമിക്കാന്‍ വരെ തയ്യാറുള്ള ആദര്‍ശവാദികള്‍ ഇന്നുമുണ്ട്. പക്ഷേ, ജീവിതത്തിനുവേണ്ടിയാണ് പ്രണയമെന്ന സത്യം ഇവര്‍ വിസ്മരിക്കുന്നു. പക്വതയെത്തുമ്പോള്‍ പരസ്​പരം മനസ്സിലാക്കി ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് വിവാഹിതരാകുന്നവര്‍ ഒട്ടേറെയുണ്ട്. സ്വന്തം പ്രൊഫഷണലില്‍നിന്നും മറ്റും പങ്കാളിയെ കണ്ടെത്തുന്നവരുമുണ്ട്. അമിത പ്രതീക്ഷ വെച്ചുപുലര്‍ത്താത്തവര്‍ പ്രണയജീവിതത്തില്‍ താരതമ്യേന സന്തുഷ്ടരായാണ് കാണുന്നത്.

പ്രണയത്തിനൊരു കുഴപ്പമുണ്ട്. അതില്‍ മുഴുകിയിരിക്കുമ്പോള്‍ നാം മറ്റൊരു ലോകത്തായിരിക്കും. മറ്റുള്ളവര്‍ പറയുന്നതിന്റെ പൊരുള്‍ മനസ്സിലാവുകയുമില്ല. മനസ്സിലാകുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോവുകയും ചെയ്യും, എന്തുചെയ്യും?

(ബി പോസിറ്റീവ് എന്ന പുസ്തകത്തില്‍ നിന്ന്)

കടപ്പാട്: മാതൃഭൂമി

No comments:

Post a Comment