Knanaya Catholic Congress
Archeprachy of Kottayam
Chaithanya Pastrol Centre, Thellakom P.O., Kottayam,
Kerala, India - 686 016 Phone: Off. 0481 - 2790947
പ്രിയ ക്‌നാനായ കുടുംബാംഗമേ,
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഒരു ചെറിയ നോട്ടീസ് പ്രകാരം 1-4-2012 ല്‍ ചൈതന്യയില്‍ ചേര്‍ന്ന മഹാസമ്മേളനത്തിലേക്ക് സ്വന്തം ചെലവില്‍ വന്ന 2500 ഓളം ക്‌നാനായ സഹോദരങ്ങളെ ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു. അവസരത്തിനൊത്ത് ഉയര്‍ന്ന നിങ്ങള്‍ സമുദായത്തിന്റെ അഭിമാനമാണ്. നമ്മുടെ സമുദായത്തിന്റെ നിലനില്പിന് ദോഷം ചെയ്യുന്ന ഏത് പ്രവര്‍ത്തനവും ആര് ചെയ്താലും ക്‌നാനായജനത ക്ഷമിക്കില്ല, പൊറുക്കില്ല. അന്ന് ചേര്‍ന്ന വിവിധ സമ്മേളനങ്ങളിലേക്ക് കെ.സി.സി. പൊതുയോഗപ്രതിനിധികള്‍, വൈദികര്‍, സന്യസ്തര്‍, സമുദായനേതാക്കള്‍ എന്നിവരെയെല്ലാം ക്ഷണിച്ചിരുന്നു. അഭിവന്ദ്യ പിതാവ് മാര്‍ മാത്യു മൂലക്കാട്ട്, ജസ്റ്റീസ് സിറിയക് ജോസഫ്, ഷെവ. ജോയി കൊടിയന്ത്ര, മോണ്‍സിഞ്ഞോര്‍മാരായ ജേക്കബ് കൊല്ലാപറമ്പില്‍, മാത്യു ഇളപ്പാനിക്കല്‍, ജേക്കബ് വെള്ളിയാന്‍ എന്നിവരും ധാരാളം വൈദികരും സന്ന്യസ്തരും ഉള്‍പ്പെട്ട പ്രൗഢഗംഭീരമായ സദസ്സായിരുന്നു. എന്നാല്‍ ടി സമ്മേളനത്തെ വിലയിടിച്ച് കാണിക്കുന്നതിനും അടിസ്ഥാനവിഷയത്തില്‍ നിന്നും ജനശ്രദ്ധ അകറ്റി മാറ്റുന്നതിനും ടി സമ്മേളനത്തെ മദ്യപന്മാരുടെ സമ്മേളനം, കാശുമുടക്കി ആളെ ഇറക്കി എന്നും മറ്റുമുള്ള വിലകുറഞ്ഞ പ്രചരണം ചിലര്‍ പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഈ വിശദീകരണം നല്‍കുന്നത്.
ടി സമ്മേളനത്തില്‍ നമ്മുടെ അടിസ്ഥാനപ്രമാണങ്ങളില്‍ വെള്ളം ചേര്‍ക്കുവാന്‍ ആരെയും അനുവദിക്കുകയില്ലെന്നും ലോകം മുഴുവനുമുള്ള ക്‌നാനായക്കാരെ ഒന്നായി നയിക്കുന്നതിനുവേണ്ടി കോട്ടയം അതിരൂപതയെ സ്വയാധികാരസഭയായി ഉയര്‍ത്തണമെന്നും, അമേരിക്കയില്‍ ക്‌നാനായ സമുദായത്തില്‍ നിന്നും മാറി വിവാഹം കഴിക്കുന്നവര്‍ക്ക് ക്‌നാനായ പള്ളി അംഗത്വം നല്‍കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ സദസ്സ് ഹര്‍ഷാരവത്തോടെ അംഗീകരിച്ചു. അഭിവന്ദ്യ പിതാവിന്റെ മറുപടി പ്രസംഗം ആവേശപൂര്‍വ്വം കേട്ടിരുന്ന ജനങ്ങളില്‍ ചിലര്‍ക്ക് പിതാവ് ഇടയ്ക്ക് പറഞ്ഞ ചില ആശയങ്ങള്‍ ഉള്‍കൊള്ളാനാവാതെ വന്നതാണ് അവരെ ക്ഷുഭിതരാക്കിയത്.
ഈ പോരാട്ടം സഭയ്‌ക്കോ നമ്മുടെ പിതാവിനോ, വൈദികര്‍ക്കോ എതിരല്ല. എന്നാല്‍ നമ്മുടെ സമുദായത്തെ തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ സമ്മര്‍ദ്ദങ്ങളില്‍ അവര്‍ ഉള്‍പ്പെടാതിരിക്കുന്നതിന് വേണ്ടിയാണ്. ഈ ധര്‍മ്മസമരത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള ക്‌നാനായ സംഘടനകളും കെ.സി.സി.യ്ക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയുണ്ടായി. സമുദായത്തിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ ബലികഴിച്ച് തങ്ങള്‍ക്ക് മിഷനുകളും പള്ളികള്‍ പോലും വേണ്ടെന്ന് പ്രഖ്യാപിക്കുവാനുള്ള തന്റേടം കാണിച്ച അമേരിക്കയിലെ ന്യൂയോര്‍ക്ക്, താമ്പ, അതുപോലെ ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ക്‌നാനായ മക്കളുടെ ധീരമായ മാതൃക അഭിനന്ദനാര്‍ഹമാണ്.
ലോകമെമ്പാടുമുള്ള ക്‌നാനായജനതയുടെ അജപാലന ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള മിഷനുകളും പള്ളികളും പൂര്‍ണ്ണവംശശുദ്ധിയോടെ (കേരളത്തിലെ പോലെ) ലഭിക്കേണ്ടത് നമ്മുടെ അവകാശമാണ്. അത് നേടിയെടുക്കുന്നതിനുവേണ്ടി ലോകത്തിലെ എല്ലാ ക്‌നാനായ സംഘടനകളെയും ഒരേ കുടകീഴില്‍ നിര്‍ത്തിക്കൊണ്ട് കെ.സി.സി. സമരമാര്‍ഗ്ഗങ്ങളിലേക്ക് ഇറങ്ങുകയാണ്. ആയതിലേക്ക് ക്‌നാനായ കത്തോലിക സംരക്ഷണസമിതി എന്ന പേരില്‍ കെ.സി.സി. പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപള്ളില്‍ ചെയര്‍മാനായും, പ്രൊഫ. ബേബി കാനാട്ട്, പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, ശ്രീ. വി.കെ. മാത്യു (റിട്ട. ഡി.വൈ.എസ്.പി.) എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും ശ്രീ. സ്റ്റീഫന്‍ ജോര്‍ജ് (Ex. MLA) ജനറല്‍ കണ്‍വീനറായും, ശ്രീ. തൊമ്മികുഞ്ഞ് വെട്ടിക്കാട്ട് ട്രഷററായും 101 പേരുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയും 1001 പേരുടെ ജനറല്‍ കമ്മറ്റിയും തെരഞ്ഞെടുത്തു. ഈ എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ ഓഫീസ് ഇന്‍ ചാര്‍ജ്ജായി ശ്രീ. ബിനോയി ഇടയാടിയില്‍, ശ്രീ. തോമസ് പീടികയില്‍, ശ്രീ. ഷിനോയി മഞ്ഞാങ്കല്‍ എന്നിവരെ ചുമതലപ്പെടുത്തി.
സമരമാര്‍ഗ്ഗങ്ങളുടെ ഭാഗമായി ആദ്യം ഒരു ലക്ഷം ക്‌നാനായക്കാര്‍ ഒപ്പിട്ട നിവേദനം പരിശുദ്ധ സിംഹാസനത്തിനും സിറോ മലബാര്‍ അദ്ധ്യക്ഷന്‍ അഭിവന്ദ്യ ആലഞ്ചേരി പിതാവിനും നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചിരിക്കുന്നു. ആയതിന്റെ ഉദ്ഘാടനം ക്‌നാനായ തറവാടായ കടുത്തുരുത്തിയില്‍ 29-4-2012, 3 പി.എം. ന് ചേരുന്ന ഫൊറോന തല സമ്മേളനത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇതോടൊപ്പം കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ അമേരിക്കയിലെ എല്ലാ ക്‌നാനായ അംഗങ്ങളുടെയും ഒപ്പ് ശേഖരണം ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ഒപ്പ് ശേഖരണം നടത്തുന്നതിന് കെ.സി.സി. അതാത് ക്‌നാനായ സംഘടനകളോട് ആവശ്യപ്പെടുകയും അവര്‍ ആരംഭിക്കുകയും ചെയ്തതായി അറിയുന്നു. ഇതിലേക്ക് എല്ലാ ക്‌നാനായ സഹോദരങ്ങളെയും ക്ഷണിക്കുന്നു.
നാം ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയാണ്, ദൈവം എപ്പോഴും നമ്മോട് കൂടെയുണ്ട്. നമുക്ക് മാര്‍ഗ്ഗദര്‍ശിയായി വിശുദ്ധ പത്താംപിയൂസ് മാര്‍പാപ്പയുടെയും ദൈവദാസനായ മാര്‍ മാക്കില്‍ പിതാവിന്റെയും മണ്‍മറഞ്ഞുപോയ പിതാക്കന്‍മാരുടേയും, കാരണവന്‍മാരുടേയും അനുഗ്രഹം നമ്മോടൊപ്പമുണ്ട്. പതിനേഴ് നൂറ്റാണ്ട് കാലം നമ്മുടെ പൂര്‍വ്വികര്‍ നെഞ്ചിലേറ്റി കാത്തു സൂക്ഷിച്ച് കൈമാറിയ ക്‌നാനായ തനിമയും വംശശുദ്ധിയും സൂര്യചന്ദ്രന്മാര്‍ ഉള്ളിടത്തോളം കാലം കാത്തു സൂക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത് നമുക്ക് മുന്നേറാം.
ഇനിയും നിങ്ങളുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്,
പ്രൊഫ. ജോയി മുപ്രാപള്ളി
പ്രസിഡന്റ്, കെ.സി.സി
No comments:
Post a Comment