പ്രിയ ക്നാനായ (കത്തോലിക്കാ) വൈദികരെ,
പുരോഹിതരെ പലപ്പോഴും വിമര്‍ശിക്കാറുണ്ടെങ്കിലും, എല്ലാ വൈദികരും മോശക്കാരാണെന്ന അഭിപ്രായം ഈയുള്ളവന് തീരെയില്ല. സ്കൂള്‍ കാലത്ത് എന്റെ പ്രധാനാദ്ധ്യാപകനായിരുന്ന കണ്ടാരപ്പള്ളിയിലച്ചനെ അന്നും ഇന്നും ഞാന്‍ വളരെ ഏറെ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം എന്നില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം കുറച്ചൊന്നുമല്ല. രാവിലെ സ്കൂള്‍ അസംബ്ലിയില്‍ നല്ല വെയിലത്ത് നിരനിരയായി നിര്‍ത്തി എല്ലാ ദിവസവും അദ്ദേഹം നല്ല ഉപദേശങ്ങള്‍ തന്നിരുന്നു. വലിയ കാര്യങ്ങളൊന്നുമായിരുന്നില്ല അവയൊന്നും. പക്ഷെ അതില്‍ പലതും എനിക്ക് ജീവിതത്തില്‍ ഇന്നും ഉപകരിക്കുന്നുണ്ട്. അച്ചന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥത അങ്ങേയറ്റം ഉണ്ടായിരുന്നു.
കണ്ടാരപ്പള്ളിയിലച്ചന്റെ നിലവാരം മറ്റു പുരോഹിതര്‍ക്ക് ഇല്ലെന്നു കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ആ സങ്കടമാണ് പലപ്പോഴും വിമര്‍ശനമായി പുറത്തു വരുന്നത്.
ഒരു വൈദികന്‍ തന്റെ മേലധികാരിയായ മെത്രാനെ അനുസരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥനാണ് എന്നാണു കത്തോലിക്കാ സഭയിലെ നിയമം. പക്ഷെ എക്കാലത്തും നിങ്ങള്‍ അങ്ങിനെ ചെയ്തിട്ടുണ്ടോ എന്ന് ഒരു ആത്മപരിശോധന ചെയ്തു നോക്കുക. തറയില്‍ പിതാവിന്റെ കാലത്ത് ഇന്ന് മൂലക്കാട്ട് പിതാവ് പറഞ്ഞു പരത്തുന്ന ആശയം വൈദികരുടെ ഒരു മീറ്റിംഗില്‍ അവതരിപ്പിച്ചു എന്നും അന്ന് സന്നിഹിതരായിരുന്ന വൈദികരുടെ എതിര്‍പ്പ് മൂലമാണ് അദ്ദേഹം അത് വേണ്ടെന്നു വച്ചതെന്നും നമ്മുടെ ഒരു വൈദികന്‍ തന്നെ എഴുതിയത് വായിച്ചിട്ടുണ്ട്.
എന്ത് കൊണ്ട് അവര്‍ അങ്ങിനെ ചെയ്തു? എന്ത് കൊണ്ട് അവര്‍ അവരുടെ മേലധികാരി ആയിരുന്ന തറയില്‍ പിതാവിനെ അനുസരിച്ചില്ല. ഏതാണ്ട് ഇരുപതു വര്ഷം മുമ്പ് നമ്മുടെ അരമനയില്‍ ഒരു നിശബ്ദ വിപ്ലവം തന്നെ നടന്നത് നിങ്ങളില്‍ പലര്‍ക്കും ഓര്‍മ്മ കാണുമല്ലോ. അനേകം വൈദികര്‍ കുന്നശ്ശേരി പിതാവിനെതിരെ തിരിഞ്ഞു. OSH കാരും പിതാവുമായി സന്ധിയില്ലാ സമരം ചെയ്തപ്പോള്‍ “തിരുമേനി പറയുന്നതനുസരിക്കണം” എന്ന നിങ്ങളുടെ നിയമം എവിടെയായിരുന്നു?
എന്‍ഡോഗാമിയെ മുറുകെ പിടിക്കാന്‍ ആഹ്വാനം ചെയ്തിരുന്ന നമ്മുടെ വൈദികരില്‍ ചിലര്‍, പല കാരണങ്ങളാലും വൈദികാന്തസ്സ് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടല്ലോ. അവരില്‍ ചിലരെങ്കിലും അതിനു ശേഷം വിവാഹം കഴിച്ചപ്പോള്‍ ക്നാനയക്കാരി അല്ലാത്ത സ്ത്രീകളെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തില്ലേ? അപ്പോള്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ആത്മാര്‍ഥതയോടെ ആയിരുന്നു എന്ന് ഞങ്ങള്‍ എങ്ങിനെ വിശ്വസിക്കും. ബ്ലേഡ് കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍, കമ്പനി സ്ട്രോങ്ങ് ആണെന്ന് പറഞ്ഞു നടക്കും. മുതലാളി കാശ് മൊത്തം തുലയ്ക്കുകയാണെന്നു അറിയാമെങ്കിലും, എല്ലാം ഭദ്രമാണെന്ന് നടിക്കെണ്ടത് അവരുടെ ആവശ്യമാണ്. അവരെ പോലെതന്നെയാണ് നിങ്ങളും? എങ്കില്‍, എന്തിനു കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലെ വേലക്കാരണെന്നു പറഞ്ഞു ഞങ്ങളെ പറ്റിക്കുന്നു?
നിങ്ങളില്‍ ഒരാളോട് പോലും ആലോചിക്കാതെ ഒരു സമുദായത്തെ സംബന്ധിച്ച ഇത്രയും സുപ്രധാനമായ തീരുമാനം നമ്മുടെ തിരുമേനി എടുക്കുകയും, ഇത്രയേറെ എതിര്‍പ്പുകളുണ്ടായിട്ടും, യാതൊരു ഉളിപ്പും ഇല്ലാതെ മാര്‍ക്കടമുഷ്ടിയോടെ അത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍, നിങ്ങളില്‍ ഒരാളുടെ പോലും പ്രതിഷേധസ്വരം ഉയര്‍ന്നു കേള്‍ക്കുന്നില്ല. പകരം നിങ്ങള്‍ തിരുമേനിയ്ക്ക് വേണ്ടി, സമുദായ താല്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്..
ഇത്രയും വൈദികര്‍ നമുക്കുണ്ടായിട്ടും അത്തരം ഒരു സ്വരം പോലും ഉയരാത്തതിനാല്‍, ഞാന്‍ നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു.
നിങ്ങള്‍ക്ക് ഹാ കഷ്ടം!
അലക്സ് കണിയാംപറമ്പില്‍
No comments:
Post a Comment