Monday, April 23, 2012

വെടിപ്പുര ശീതീകരണം


ഉഴവൂര്‍: സെന്റ്.സ്റ്റീഫന്‍സ് ഫൊറോന പള്ളിയ്ക്കു പിന്നിലെ ചെറിയ പള്ളിയില്‍ എയര്‍കീഷന്‍ സ്ഥാപിക്കുന്നു. കൂടുതല്‍ ആരാധനാ സൗകര്യമൊരുക്കുന്നതിനായാണ് എ/സി സ്ഥാപിക്കുന്നത്.

കാലാവസ്ഥയിലെ വ്യതിയാനം പ്രായമായവര്‍ക്കടക്കം അധികനേരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപറമ്പില്‍ ചെയ്യുന്ന ഈ നല്ല കാര്യത്തെ ഇടവക സമൂഹം മനസ്സറിഞ്ഞ് അനുമോദിക്കുന്നുണ്ട്.

കാലാവസ്ഥ സൗകര്യം ഒരുക്കുന്ന ഒപ്പം ശാന്തമായ അന്തരീക്ഷവും ഇതോടെ ലഭിക്കും.  വിശ്വാസിക്ക് കൂടുതല്‍ നേരം ശാന്തമായ മനസ്സോടെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനും ഇതോടെ കഴിയും. വികാരിയച്ചന്റെ ഈ ദീര്‍ഘവീക്ഷണത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് പ്രായമേറിയവര്‍ പറയുന്നു.

എന്റെ ഉഴവൂര്‍ ഡോട്ട് കോമില്‍ വന്ന ഒരു കൌതുക വാര്‍ത്തയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.

മലയാളി കത്തോലിക്കാ വൈദികര്‍ ഭാവനശൂന്യരാണ്.  മിക്കവര്‍ക്കും വിയര്‍ക്കാതെ കാശുണ്ടാക്കണം എന്ന നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കിലും അതിനുള്ള പുത്തന്‍വഴികള്‍ കണ്ടെത്താനുള്ള ഭാവന വളരെ കുറവാണ്. അതുകൊണ്ടാണ് എന്തെങ്കിലും ഒരു പുതിയ പദ്ധതി ആരെങ്കിലും ആവിഷ്ക്കരിച്ചാല്‍ അത് കോളറ മാതിരി പടര്‍ന്നുപിടിക്കുന്നത്.

ചില സീസണില്‍ കൊടിമരമായിരിക്കും, മറ്റുചിലപ്പോള്‍ പള്ളിയുടെ മുമ്പില്‍ ഒരു ആര്‍ച്ച് ഉണ്ടാക്കി വയ്ക്കുക ആയിരിക്കും. ഇത്തരം പദ്ധതികള്‍ ഒന്നും കിട്ടാതെ വരുമ്പോഴാണ് നല്ല ഒന്നാന്തരം പള്ളികള്‍ ഇടിച്ചു തകര്‍ത്തു അവിടെ പകരം കോണ്‍ക്രീറ്റ് കൂടാരം ഉണ്ടാക്കുന്നത്‌.

ഇപ്പോഴിതാ, പുതുപറമ്പിലച്ചന്റെ ബുദ്ധിയില്‍ ഒരു പുതിയ ആശയം – കൊച്ചുപള്ളി അങ്ങ് ശീതീകരിക്കുക! ഇത് ഉടനെ മറ്റിടവകകളില്‍ പടര്‍ന്നുപിടിച്ചുകൊള്ളും. വിദേശത്തുള്ള ക്നാനയക്കാരന്‍ ഇനി അവധിയ്ക്ക് ചെല്ലുമ്പോള്‍ അവരവരുടെ വികാരിയച്ചനെ കണ്ടാല്‍ ഒന്ന് മുങ്ങുന്നത് നന്നായിരിക്കും, അല്ലെങ്കില്‍, പള്ളിയുടെ വെടിപ്പുര Air-condition ചെയ്യാന്‍ സംഭാവന ചോദിച്ചുകളയും. നാനാതരത്തിലുള്ള പടക്കങ്ങളും അമിട്ടും ഒക്കെ സൂക്ഷിക്കുന്ന ഇടമാണ്, ചൂടുകാലത്ത് അപകടസാധ്യത വളരെ കൂടുതലാണ്; കുഞ്ഞുങ്ങളുടെ ജീവന് പോലും വെടിപ്പുര ഇന്ന് ഒരു വലിയ ഭീഷണിയാണ്. (ഇവിടെ ദ്വയാര്‍ത്ഥം ഒന്നും ഉദ്ദേശിച്ചിട്ടില്ല; എഴുതാപ്പുറം വായിക്കരുത്!)

വൈദികന്‍ മിടുക്കനാണെങ്കില്‍ സന്ദര്‍ഭത്തിനു പറ്റിയ ഒരു ബൈബിള്‍ വാക്യവും പറഞ്ഞുതരും.

അങ്ങനെ താമസിയാതെ നമ്മുടെ പള്ളികളും, വെടിപ്പുരകളും പള്ളിമുറികളുമെല്ലാം ശീതീകരിക്കപ്പെടും. അതുകഴിഞ്ഞെന്തു ചെയ്യും?

നമുക്ക് നരകം അങ്ങോട്ട്‌ ശീതീകരിച്ചാലോ? നമ്മുടെ എത്രയെത്ര വൈദികരും മെത്രാന്മാരും ചെന്നെത്തേണ്ട സ്ഥലമാണ് (പണ്ട് ഒരു അമേരിക്കന്‍ കണ്‍വെന്‍ഷന്‍ സമയത്ത് ജസ്റ്റിസ്‌ സിറിയക് ജോസഫ്‌ പറഞ്ഞ കഥ എല്ലാവര്ക്കും ഓര്‍മ്മയുണ്ടാകുമല്ലോ).  സ്വര്‍ഗത്തില്‍ ചെന്നെത്തികഴിഞ്ഞാല്‍ പിന്നെ ദൈവത്തെ സ്തുതിക്കേണ്ട കാര്യമൊന്നും ഇല്ല. ഒരിക്കന്‍ സ്വര്‍ഗത്തില്‍ കയറിക്കിട്ടിയാല്‍ അവിടെ പൌരത്വം ഉറപ്പാണ്. അവിടെ നിന്ന് നരകത്തിലേയ്ക്ക് ആരെയെങ്കിലും തള്ളിയിട്ടതായി കേട്ടിട്ടില്ല. പിന്നെ പ്രാര്‍ഥനയും അപേക്ഷയും മുറയ്ക്ക് നടക്കേണ്ട സ്ഥലം ശരിയ്ക്കും പറഞ്ഞാല്‍ നരകമാണ് (എങ്ങിനെയെങ്കിലും രക്ഷപെടെണ്ടേ?). അവിടെയാണെങ്കില്‍ ചുട്ടുപൊള്ളുന്ന മുടിഞ്ഞ ചൂടും.

നരകത്തില്‍ ഒരു ഭീമാകാരന്‍ സെന്‍ട്രല്‍ എ/സി അങ്ങോട്ട്‌ ഫിറ്റ്‌ ചെയ്‌താല്‍ പല പ്രശ്നങ്ങളും മാറി കിട്ടും.

പ്രാഞ്ചിയേട്ടന്‍മാരെന്തു പറയുന്നു? ഒന്ന് സ്പോന്സോര്‍ ചെയ്തു സഹായിക്കാമോ?

ദൈവാനുഗ്രഹം കിട്ടും. നിങ്ങളുടെ പല മൂപ്പില്സും വസിക്കുന്ന അവിടെ നിങ്ങളുടെ വലിയ ഫോട്ടോ വച്ച് തരാം. അതൊക്കെ ഒരു സന്തോഷമല്ലേ.

No comments:

Post a Comment