“മദ്ധ്യപൂര്‍വ്വ ദേശത്തുനിന്ന് കൊടുങ്ങല്ലൂരില്‍ മിഷനറി പ്രവര്‍ത്തനത്തിനെത്തിയ 72കുടുംബങ്ങളുടെ പിന്‍മുറക്കാരാണല്ലോ ക്‌നാനായക്കാര്‍ എന്നറിയപ്പെടുന്നത്. ഇവര്‍ സ്വന്തം സമൂഹത്തിനു പുറമേനിന്നും വിവാഹബന്ധത്തില്‍ ഏര്‍പ്പെടാത്ത ഒരു പാരമ്പര്യം നൂറ്റാണ്ടുകളായി പാലിച്ചു വരുന്നവരും, ആരെങ്കിലും സ്വന്തം സമൂഹത്തിനു പുറമേനിന്നും വിവാഹം കഴിക്കാനിടയായാല്‍ അയാള്‍ അതിനാല്‍ തന്നെ ക്‌നാനായസമുദായത്തിലെ അംഗത്വം സ്വയം നഷ്ടപ്പെടുത്തുകയും ഉപേക്ഷിക്കുകയും ചെയ്തതായി പരിഗണിച്ചുവരികയും ചെയ്യുന്നു.”
അഭി: മൂലക്കാട്ടു പിതാവ് ഏപ്രില്‍ 22ലെ അപ്നാദേശില്‍ എഴുതിയ ലേഖനത്തിലെ വാചകങ്ങളാണ് ഈ ഉദ്ധരിച്ചത്. പ്രസ്തുത ലേഖനത്തിന്റെ പകുതിഭാഗവും സമുദായത്തിന്റെ തനതായ വ്യക്തിത്വം വരച്ചുകാട്ടുന്നതാണ്. ഇത് നമുക്ക് വളരെ സന്തോഷം പകര്‍ന്നു തന്നിരിക്കുന്നു. കഴിഞ്ഞ മാസം ഷിക്കാഗോയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും പിതാവ് പിന്‍മാറിയിരിക്കുന്നതിന്റെ തെളിവാണിത്.
അപ്നാദേശിന്റെ ലേഖനത്തില്‍ രണ്ടാം പകുതിയില്‍ മാര്‍ മൂലക്കാട്ട് തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ സമുദായത്തിനു സ്വീകാര്യമല്ല. അഭി: മൂലക്കാട്ടു പിതാവിനെ മുത്തോലത്തച്ചന്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു എന്നു വിശ്വസിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ട്.
അഭി: മൂലക്കാട്ടു മെത്രാന്‍ അപ്നാദേശില്‍ തന്റെ നിലപാടിനെ ന്യായീകരിച്ചാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്. അദ്ദേഹം തുടരുന്നു;
“സമുദായം വിട്ടു വിവാഹം കഴിച്ച ക്‌നാനായക്കാര്‍ക്ക് മറ്റ് ക്‌നാനായ്ക്കാരോടൊപ്പം തുല്യത ഉണ്ടായിരിക്കുമെന്നും തല്‍സംബന്ധമായി കോട്ടയം അതിരൂപത അനുവര്‍ത്തിച്ചുവരുന്ന നയം പ്രസ്തുത ഇടവകകളില്‍ അനുവദിക്കുകയില്ലെന്നുമുള്ള പൗരസ്ത്യ തിരുസംഘത്തിന്റെ നിബന്ധനയ്ക്കു വിധേയമായിട്ടാണ് ഷിക്കാഗോമെത്രാന്‍ ഈ ഇടവകവള്‍ സ്ഥാപിച്ചത്. നാം കേരളത്തില്‍ അനുവര്‍ത്തിക്കുന്ന നയം ഷിക്കാഗോ രൂപതയിലും അനുവദിക്കണമെന്നു കോട്ടയം അതിരൂപതാ അദ്ധ്യഷനും അമേരിക്കയിലെ ക്‌നാനായ സമൂഹവും പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുവദിക്കപെട്ടിട്ടില്ല. നമ്മുടെ ഈ ആവശ്യം അംഗീകരിക്കുംവരെ ഷിക്കാഗോമെത്രാന്‍ പറയുന്നതെല്ലാം അനുസരിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്”
1986 ല്‍ റോം തന്ന നിര്‍ദ്ദേശങ്ങള്‍ 2012 ല്‍ ഷിക്കാഗോ ഇടവകയില്‍ നടപ്പിലാക്കുവാന്‍ ഫാ. മുത്തോലത്തും മാര്‍ അങ്ങാടിയത്തും ക്‌നാനായ മെത്രാന്റെ അറിവോടെ ഒരുങ്ങുബോള്‍, ക്‌നാനായ സമുദായക്കാരുടെ ആവശ്യം ഒരിക്കലും നടപ്പിലാവില്ലെന്നു മനസ്സിലാക്കിയിട്ടും, റെസ്‌ക്രിപ്റ്റ് മാറ്റികിട്ടുവാന്‍ റോമില്‍ അപേക്ഷിച്ചുക്കൊണ്ടിരിക്കാമെന്നും, മുത്തോലത്തച്ചന്‍ പറയുംപോലെ കാര്യങ്ങള്‍ നടക്കട്ടെ എന്നും പറയുന്ന മൂലക്കാട്ടു മെത്രാന്റെ ലേഖനം ശരിക്കു പറഞ്ഞാല്‍ സമുദായത്തെ പറ്റിക്കലാണ് അല്ലങ്കില്‍ തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തുകയാണ്. പണപ്പെട്ടി കള്ളന്‍ കൊണ്ടുപോയെങ്കിലും താക്കോല്‍ എന്റെ കൈയ്യിലാണെന്നു പറയുന്ന പഴയകാല പട്ടരുടെ ബുദ്ധിയാണിത്. തലയും ഉടലും രാജവെമ്പാല അകത്താക്കി വാലുമാത്രമേ പുറത്തുള്ളു എന്നിട്ടും രക്ഷപെടാമെന്ന നീര്‍ക്കോലിയുടെ വിചാരം മാത്രമാണിത്.
പൗരസ്ത്യ തിരുസംഘത്തിന്റെ ആവശ്യം നടപ്പിലാക്കുന്ന മാര്‍ അങ്ങാടിയത്താണോ സ്വീകാര്യന്‍, ആ തീരുമാനത്തിനെതിരെ പഴയ അപേക്ഷകള്‍ പുതിയ കവറിലാക്കി വത്തിക്കാനിലേക്ക് പോസ്റ്റ് ചെയ്യുന്ന മാര്‍ മൂലക്കാടാണോ റോമില്‍ സ്വീകാര്യന്‍. അപ്നാദേശില്‍ നാലാം നമ്പറായി പറഞ്ഞിരിക്കുന്നതുനോക്കു;
“സഭയുടെ നിര്‍ദ്ദേശാനുസരണം ഷിക്കാഗോ സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ തന്റെ രൂപതയുടെ കീഴിലുള്ള ക്‌നാനായ ഇടവകകളിലെ അംഗത്വം സംബന്ധിച്ചെടുക്കുന്ന തീരുമാനം മാറ്റാനോ തീരുമാനം മാനിക്കാതിരിക്കാനോ കോട്ടയം അതിരൂപതാ അദ്ധ്യഷന് അധികാരമില്ല.”
ഇവിടെ മെത്രാന്‍ മറച്ചു വച്ചിരിക്കുന്ന ഒരു കാര്യം കൂടിയുണ്ട് പൗരസ്ത്യ തിരുസംഘത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ പരാതി കൊടുക്കണമെങ്കില്‍ സീറോമലബാര്‍ മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെ അനുവാദവും വേണം. ഇങ്ങനെ കൈകാലുകള്‍ കെട്ടി ആ കയറിന്റെ അറ്റം കഴുത്തിലും ചുറ്റി ശത്രുക്കള്‍ മുറിക്കികൊണ്ടിരിക്കുബോഴാണ് ഇനി വത്തിക്കാനില്‍ അപേക്ഷിച്ചുകൊണ്ടിരിക്കാമെന്ന് സമുദായക്കാരോട് പറയുന്നത്. ഇതിനു “വഞ്ചന” എന്നാണു പറയുന്നത്.
കുട്ടനാടന്‍ ശൈലിയിലുള്ളഒരു ചൊല്ലുണ്ട്; ഉടുതുണി ഉയര്‍ത്തിപിടിച്ച് ഒരു തോട് നീന്തി കടക്കുമ്പോള്‍ കുറെ ഏറെ ഭാഗം തുണി നനഞ്ഞു എന്നു കരുതുക ഇങ്ങനെ നനഞ്ഞതുണി വീണ്ടും ഉയര്‍ത്തി പിടിക്കാറില്ല. ഇത്രയും നനഞ്ഞ സ്ഥിതിക്ക് തുണിതാത്തിട്ട് നനഞ്ഞു കയറുകയാണ് ചെയ്യുന്നത്.
ക്‌നാനായസമുദായത്തില്‍ നിന്നും മാറികെട്ടിയവരെ കുടുംബത്തോടെ ക്‌നാനായ ഇടവകയില്‍ ചേര്‍ക്കണമെന്ന വത്തിക്കാന്റെ നിര്‍ദ്ദേശം നടപ്പിലാക്കുന്ന മാര്‍ അങ്ങാടിയത്ത്, ഇത് ഒരു തരത്തിലും അംഗീകരിക്കുകയില്ലെന്നു പറയുന്ന ക്‌നാനായ സമുദായം, ഇതിനിടയില്‍ മാറിക്കെട്ടുന്ന പുരുഷനെമാത്രം നിലനിര്‍ത്തുകയും ഭാര്യയേയും മക്കളേയും ഇടവകയില്‍ ചേര്‍ക്കുകയില്ലെന്നു പറഞ്ഞ് നില്‍ക്കുന്ന കോട്ടയം മെത്രാന്‍. മാര്‍ മൂലക്കാട്ട് കോട്ടയത്തു വന്നപ്പോള്‍ കൊണ്ടുവന്ന ഈ ഫോര്‍മുലവഴി പെട്ടെന്നുതന്നെ അങ്ങാടിയത്ത് ഫോര്‍മുലയില്‍ എത്തിചേരാമെന്ന് മാര്‍ അങ്ങാടിയത്തും, മാര്‍ മൂലക്കാട്ടും, മിശ്ര വിവാഹിതരുടെ സംഘവും കണക്കുകൂട്ടുന്നു.
മാര്‍മൂലക്കാട്ട് ക്‌നാനായവോയ്‌സിനു കൊടുത്ത അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു
“ക്‌നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ച ഒരാള്‍ക്ക് ക്‌നാനായപാരിഷില്‍ തുടരാമെങ്കിലും അവരുടെ ഭാര്യയും മക്കളും ക്‌നാനായ ഇടവകക്കാരല്ലായിരിക്കും. ഇതിനു വിപരീതമായി അങ്ങാടിയത്ത് പിതാവ് ആര്‍ക്കെങ്കിലും കത്ത് നല്കിയിട്ടുണ്ടെങ്കില്‍ കോട്ടയം രൂപത അത് അംഗീകരിക്കുകയില്ല.”
ഇത് സമുദായക്കാരെ വഞ്ചിക്കാനുള്ള പ്രസ്താവനയാണ് ഒപ്പം മാര്‍ അങ്ങാടിയത്തിനെ ആശ്വസിപ്പിക്കാനുള്ളതും. നാട്ടുഭാഷയില്‍ ഇതിന് “വാണിയനും വാണിയത്തിയും കളിക്കുക” എന്നാണ് പറയുന്നത്.
സമുദായത്തിന്റെ പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നു പറയുന്ന സമുദായക്കാരുടെ കൂടെ നില്‍ക്കാത്ത മാര്‍ മൂലക്കാട്ട് ശത്രുക്കളുടെ പിണിയാളായി പ്രവര്‍ത്തിക്കുന്നു. സമുദായവും അതിരൂപതയും മെത്രാസനവും എല്ലാം ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മൂലക്കാട്ട് ഫോര്‍മുലവഴി ക്‌നാനായ ഇടവകയില്‍ നിലനില്ക്കുന്ന മിശ്രവിവാഹിതര്‍ അവരുടെ ഇടവകയില്‍ അന്യരാകുകയും സാവകാശം ക്‌നാനായ ഇടവകയില്‍ അംഗത്വംനേടുകയും ചെയ്യും. അരയോളം നനഞ്ഞ മുണ്ട് വീണ്ടും ഉയര്‍ത്തിയാല്‍ വഴിയാത്രക്കാര്‍ മൂക്കത്തു വിരല്‍വയ്ക്കും. ക്‌നാനായ സമുദായം മിശ്രമാ
യാല്‍ പിന്നെ ക്‌നാനായം പറഞ്ഞു ചെന്നാല്‍ ആളുകള്‍ ചിരിക്കും.
1986ല്‍ വന്ന റോമിന്റെ നിര്‍ദ്ദേശം സമുദായക്കാരില്‍ നിന്നും മറച്ചുവച്ച് 26 വര്‍ഷത്തിനു ശേഷം ഇനി നമുക്ക് ഒന്നിച്ചു മരിക്കാം എന്നു പറയുന്ന മാര്‍ മൂലക്കാട്ട് സമുദായവഞ്ചകനായി എണ്ണപ്പെടും. സമുദായം തനിമയോടെ മുന്നോട്ടു പോകുക തന്നെ ചെയ്യും. ഇനിയും സമയമുണ്ട്. മാര്‍ മൂലക്കാട്ട് സമുദായക്കാരോടുചേര്‍ന്ന് റോമില്‍ ചെന്ന് പരാതിപ്പൊടുക. അവരോടു പറയുക
“എനിക്ക് കോട്ടയത്തേയ്ക്ക് ചെല്ലാന്‍ കഴിയില്ല ഇടവക സന്ദര്‍ശനം തടസപ്പെട്ടിരിക്കുന്നു എന്നെ അവര്‍ സ്വീകരിക്കണമെങ്കില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണം.”
ഇതു പറയാന്‍ മൂലക്കാട്ടു മെത്രാന് ധൈര്യമുണ്ടോ ഉണ്ടെങ്കില്‍ സമുദായം കൂടെയുണ്ട് ഇല്ലങ്കില്‍ കൂടെയില്ല.
അമേരിക്കയിലെ ഷിക്കാഗോ ഇടവക അതിര്‍ത്തിയില്‍ മാറി കെട്ടിയ കുറെപ്പേര്‍ ഫാദര്‍ മുത്തോലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കളികള്‍ ഇനി നടക്കില്ല. അമെരിക്കയിലെ ക്‌നാനായര്‍ ഉണര്‍ന്നുകഴിഞ്ഞു. മിശ്രവിവാഹിതരെ മാര്‍ അങ്ങാടിയത്തിന്റെ ഫോര്‍മുലപ്രകാരം കുടുംബത്തോടെ ഇടവകയില്‍ ചേര്‍ത്തു തുടങ്ങിയതായി വാര്‍ത്തവന്നിരിക്കുന്നു. ഇങ്ങനെ ചേര്‍ക്കപ്പെടുന്നവരില്‍ നിന്നും വാങ്ങുന്ന ഡോളര്‍ തിരികെ കൊടുക്കേണ്ടിവരും എന്ന കാര്യം മുത്തോലത്തച്ചന്‍ ഓര്‍ത്തിരിക്കണം.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ഇമെയില്‍: pulimavu@gmail.com
ടെലി: 944 614 0026
No comments:
Post a Comment