Sunday, April 22, 2012

നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുക

മൂലക്കാട്ട് പിതാവ് ഇന്നലെവരെ അമേരിക്കയില്‍ ഉണ്ടായിരുന്നു. ഹൂസ്ടനില്‍ ഒരു വിവാഹത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. തിരുമേനിയുടെ ഭാവിപരിപാടികളെക്കുറിച്ച് സമുദായാംഗങ്ങള്‍ക്ക് അറിയില്ല. എവിടെയാണെങ്കിലും തിരുമേനി ഇതുപോലുലുള്ള ക്നാനയക്കാരുടെ ബ്ലോഗുകള്‍ വായിക്കുന്നുണ്ടാകും എന്ന വിശ്വാസത്തിലാണ് ഇതെഴുതുന്നത്.

ക്നാനായ സമുദായത്തിന്റെ അനന്യതയും, തനിമയും, സ്വവംശ വിവാഹനിഷ്ടാപാരമ്പര്യവും, “തലമുറ തലമുറ കൈമാറി, കെടാതെ ഞങ്ങള്‍ സൂക്ഷിക്കും” എന്ന് പാടി, അതില്‍ വിശ്വസിച്ചു വളന്നവരാണ് നമ്മള്‍. ഈ വികാരം നമ്മള്‍ക്ക് പകര്‍ന്നുതന്നതില്‍ നമ്മുടെ മാതപിതാക്കള്‍ക്കും, ബന്ധുക്കള്‍ക്കും ഒപ്പം പുരോഹിതവര്‍ഗത്തിനും ഗണ്യമായ പങ്കുണ്ട്.

രണ്ടുമാസം മുമ്പ് വരെ ഇവര്‍ ക്നാനായ സംസക്കാരം കാത്തു സൂക്ഷിക്കുന്നതിന്റെ ആവശ്യകത നമ്മെയെല്ലാം ബോധ്യപ്പെടുതിക്കൊണ്ടേയിരുന്നു. അതിന്റെ ഭാഗമായിട്ടാണല്ലോ, നമ്മളാരും ലത്തീന്‍ പള്ളികളില്‍ പോകരുതെന്നും (ലത്തീന്‍ പള്ളികള്‍ സകല പാപങ്ങളുടെയും തിന്മകളുടെയും ഉറവിടവും വിളനിലവും ആണെന്ന് മുത്തു ഉവാചഃ) ക്നാനയക്കാരന്‍ ക്നാനായപള്ളികളില്‍ അല്ലാതെ കാലു കുത്തരുതെന്നും നമ്മോട് വാതോരാതെ പറഞ്ഞിരുന്നവര്‍ ഇന്ന് ചോദിക്കുന്നു, “ക്നാനയമോ, എന്ത് ക്നാനായം?

അങ്ങാടിയത്ത് പിതാവ് പരസ്യമായും രേഖാമൂലവും പറഞ്ഞിരുന്നതിനു വിരുദ്ധമായി മൂലക്കാട്ട് പിതാവ് പറഞ്ഞിട്ടും അങ്ങാടിയത്ത് പിതാവ് അക്ഷരം മിണ്ടുന്നില്ല. ഇതെല്ലാം മെത്രാന്മാരുടെ ഒരു ഗൂഡാലോചനയായി മാത്രമേ സാധാരണക്കാരന് കാണുവാന്‍ സാധിക്കുന്നുള്ളൂ.

എന്‍ഡോഗമിയുടെ ഗുണഗണങ്ങള്‍ പാടിപുകഴ്ത്തി നടന്നിരുന്ന ചില ക്നാനായ കപടബുധിജീവികളും, പിന്നെ ചില കൂലി എഴുത്തുകാരും, ഉറക്കം ഉണര്ന്നെഴുനേറ്റപ്പോള്‍ എന്‍ഡോഗാമി വിരുദ്ധരായി, അതിന്റെ ദോഷ വശങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. തിരുമേനിമാരുടെ ഇത്തരം ലൌഡ്സ്പീക്കര്‍മാര്‍ക്ക് നമ്മള്‍ ചെവി കൊടുക്കേണ്ടതുണ്ടോ?

ബഹു. പിതാവ് LA ല്‍ KCCNA യുമായി നടന്ന മീറ്റീങ്ങില്‍ ഹൂസ്റ്റണിലെ പള്ളിവാങ്ങലിന്റെ പിന്നിലെ ക്രമക്കേടുകള്‍ തെളിവുസഹിതം KCCNA അംഗം വിവരിച്ചപ്പോള്‍ “ഞാന്‍ പറഞ്ഞിട്ടാണ് ഹൂസ്റ്റണില്‍ പള്ളി വാങ്ങിയത്, അതെക്കുറിച്ച് ആരും ഒന്നും ചോദിക്കേണ്ട” എന്ന് ധാര്‍ഷ്ട്യത്തോടെ പ്രതികരിക്കുകയാണ് ചെയ്തത്.

ഓശാന ഞായറാഴ്ച ചൈതന്യയില്‍ വച്ച് ക്നാനായ സമുദായം മൊത്തമായി പിതാവിനെതിരെ തിരിഞ്ഞിട്ടും, ഇക്കൂട്ടര്‍ക്ക് ഒരു വീണ്ടുവിചാരം ഉണ്ടാകുന്നില്ല. “Dogs bark, but the caravan moves on” എന്ന മനോഭാവമാണ് തിരുമേനിയ്ക്കും കൂട്ടര്‍ക്കും.

2007-ല്‍ നടന്ന കോട്ടയം അതിരൂപതയുടെ പാസ്റ്റരല്‍ കൌണ്‍സിലില്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ കേരളത്തിന്‌ പുറത്തെ ക്നാനായ കത്തോലിക്കരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പത്തംഗങ്ങളുള്ള ഒരു കമ്മറ്റി വയ്ക്കാം എന്ന് മൂലക്കാട് പിതാവാണ് നിര്‍ദ്ദേശിച്ചത്. അതിന്‍പ്രകാരം കൊല്ലാപറമ്പിലച്ചന്‍ ചെയര്‍മാനും, വടാത്തല തോമസ്കുട്ടി സാര്‍ കന്‍വീനറുമായി ഒരു കമ്മറ്റി ഈ വിഷയം പഠിക്കുകയുണ്ടായി.

ഈ കമ്മറ്റി നല്ലരീതിയില്‍ പ്രശ്നത്തെക്കുറിച്ച് വളരെ ആഴത്തില്‍ പഠിച്ചതിനു ശേഷം പത്തു പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. സ്വവംശവിവാഹനിഷ്ടയില്‍ അധിഷ്ടിധമായ ഒരു സമൂഹമാണ് ക്നാനായ സമുദായമെന്നും, അതിന്റെ പതിനാറു നൂറ്റാണ്ടുകാലത്തെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും അടിസ്ഥാനതത്ത്വങ്ങളിലും യാതൊരു മാറ്റവും വരുത്തേണ്ട എന്നും, അതിനു ആര്‍ക്കും അവകാശമില്ലെന്നുമാണ് ഈ പത്തു നിര്‍ദേശങ്ങളുടെ കാതല്‍. ഈ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും കൈയടിച്ചു സ്വീകരിച്ചു. ഈ റിപ്പോര്‍ട്ടിനെയാണ് നമ്മുടെ പ്രിയങ്കരനായ വികാരി ജനറാള്‍ ഓശാന ഞായറാഴ്ച വളച്ചൊടിച്ചതും, പിതാവ് നിഷ്ക്കരുണം തള്ളിപ്പറഞ്ഞതും.

ക്നാനായ സഹോദരീ സഹോദരരെ, ഈ പ്രതിസന്ധിയില്‍ നിങ്ങള്ക്ക് മൗനം പാലിക്കാന്‍ അവകാശമില്ല. നിങ്ങളുടെ അഭിപ്രായം സധൈര്യം, ഇവിടെ തുറന്നു പറയുക. സമുദായംഗങ്ങളുടെ വികാരവും പ്രതിക്ഷേധവും  അധികൃതര്‍ അറിയട്ടെ.

നിങ്ങളുടെ അഭിപ്രായം എന്തായിരുന്നാലും, അത് ഇവിടെ കമന്റായി എഴുതുക. സ്വന്തം പേരില്‍ എഴുതാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ Anonymous ആയിട്ടെങ്കിലും അത് ഇവിടെ പ്രകടിപ്പിക്കുക.

ദയവു ചെയ്തു സഭ്യമായ ഭാഷ ഉപയോഗിക്കുക. അസഭ്യമായ  ഭാഷയിലുള്ളതും, വ്യക്തിപരമായ ആക്രമണങ്ങളും പ്രസധീകരിക്കുന്നതല്ല.

ഈ വേദിയിലൂടെ നമ്മുടെ തിരുമേനിമാരും, പുരോഹിതരും, ക്നാനായ സമുദായംഗങ്ങളുടെ വികാരം എത്ര വൃണപ്പെട്ടിരിക്കുന്നു എന്ന് അറിയട്ടെ.


അലക്സ്‌ കണിയാംപറമ്പില്‍

No comments:

Post a Comment