Tuesday, April 24, 2012

ക്നാനായ ഭൂപടത്തില്‍ UKKCA എവിടെ?


മുപ്രാപ്പള്ളീലെ ജോയിസാറെ,

എന്നാലും ഈ കൊലച്ചതി ഞങ്ങളോട് വേണ്ടിയിരുന്നില്ല. മനസ്സിലാകാത്തതുകൊണ്ട് ചോദിക്കുകയാണ്, താങ്കള്‍ എന്ത് ഭാവിച്ചോണ്ടാണ് ഇങ്ങനെയൊക്കെ തുടങ്ങുന്നത്? എന്താ മനസ്സിലാകുന്നില്ലേ? പറഞ്ഞുതരാം.

സാറിന്റെ ഒരു നോട്ടീസ് ക്നാനായ വിശേഷങ്ങളില്‍ ഇന്ന് കണ്ടു. അതില്‍ അമേരിക്കയുടെ കാര്യം പറഞ്ഞിട്ടുണ്ട്, അവിടത്തെ ഓരോ വെള്ളരിക്കാപട്ടണങ്ങളുടെയും പേരുകള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. പോരാത്തതിന് ഡല്‍ഹി എന്ന കുറുക്കന്കാടിന്റെ പേരുപോലും പറഞ്ഞിട്ടുണ്ട്.  ഈ പട്ടണങ്ങള്‍ എല്ലാം കൂട്ടിവച്ചാലും ലണ്ടനോളം വരുമോ? എന്നിട്ടും ലണ്ടന്റെ കാര്യമോ, ഞങ്ങളുടെ കാര്യമോ അതില്‍ ഒന്ന് മിണ്ടിയിട്ടു പോലുമില്ല.

അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്നാനായക്കാരുള്ള വിദേശരാജ്യമാണ് യു.കെ. എന്ന സത്യം സാറിനറിയില്ലേ?

“സമുദായത്തിന്റെ അടിസ്ഥാനവിശ്വാസങ്ങള്‍ ബലികഴിച്ച് തങ്ങള്‍ക്ക് മിഷനുകളും പള്ളികള്‍ പോലും വേണ്ടെന്ന് പ്രഖ്യാപിക്കുവാനുള്ള തന്റേടം കാണിച്ച അമേരിക്കയിലെ ന്യൂയോര്‍ക്ക്, താമ്പ, അതുപോലെ ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ ക്‌നാനായമക്കളുടെ ധീരമായ മാതൃക അഭിനന്ദനാര്‍ഹമാണ്.”

ദേണ്ടെ കെടക്കുന്നു ചട്ടീം ചോറും! ഞങ്ങളും അല്പം പേടിച്ചു പേടിച്ചാണെങ്കിലും ഒരു പ്രമേയം ഒക്കെ പാസ്സാക്കിയിരുന്നു. അത് തിരുമേനിമാര്‍ അറിയാതിരിക്കാന്‍ വലിയ പബ്ലിസിറ്റി ഒന്നും കൊടുക്കാതെ വച്ചിരിക്കുകയാണ്. പ്രമേയം പാസ്സാക്കാന്‍ കുറെ താമസിച്ചുപോയി എന്നത് സത്യമാണ്. ചുമ്മാ അങ്ങോട്ട്‌ ചാടിക്കയറി ചെയ്യാന്‍ പറ്റുമോ, എന്റെ ജോയിസാറേ? ഈ കസേരയിലിരിക്കുന്ന സമയത് മാത്രമല്ലേ അരമനയിലെയ്ക്കൊക്കെ ഒന്ന് തന്റേടത്തോടെ കയറി ചെല്ലാന്‍ പറ്റുകയുള്ളൂ. പണ്ടത്തെ നേതാക്കന്മാരെല്ലാം അവര്‍ ഇരുന്ന സമയത്ത് വേണ്ട വിധത്തില്‍ മൊതലാക്കി. ഞങ്ങള്‍ ഇങ്ങു കയറിയതല്ലേ ഉള്ളൂ, സ്വീകരണം കിട്ടിത്തുടങ്ങുന്നതേയുള്ളൂ. അന്നേരമാണ് ഇത്തരം ഒരു പാര. ഇവിടെ പാരയ്ക്ക് യാതൊരു ക്ഷാമവും ഇല്ല; ഉള്ളതുകൊണ്ട് തന്നെ മടുത്തിരിക്കുകയാണ്. ഒരു മുടിഞ്ഞ വിഗന്‍, മാന്ചെസ്റെരില്‍ കുറെ എമ്പോക്കികള്‍, പിന്നെ സമുദായദ്രോഹം കുലത്തൊഴിലാക്കിയിരിക്കുന്ന ചില ബ്ലോഗ്‌ അലവലാതികളും. അവരെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നറിയാതെ വിഷമിക്കുമ്പോഴാണ് സാറിന്റെ ഈ പാര. ഇവിടത്തെ ക്നാനയക്കാരന്റെ മുഖത്ത് ഇനി എങ്ങിനെ നോക്കും?

സാര്‍ കണ്‍വെന്‍ഷന് വരുന്ന കാര്യം ഞങ്ങള്‍ വലിയ വാര്‍ത്തയായി ഞങ്ങളുടെ എലിപ്പത്താഴത്തില്‍ കൊടുത്തിട്ടുണ്ട്‌. അതൊന്നും സാറ് കണ്ടുകാണില്ല. സാറിന് അമേരിക്കകാരന്റെ വെബ്സൈറ്റും അമേരിക്കന്ക്നായും ഒക്കെ മതിയല്ലോ.

സാറൊരു കാര്യം ഓര്‍ത്താല്‍ നന്ന് – മാണിസാറിനെയും, ഇന്നസെന്റിനെയും പോലുള്ള നല്ല ഒന്നാന്തരം മണിമണിപോലുള്ള  Crowd Pullers ഇല്ലാഞ്ഞിട്ടല്ല സാറിനെ വിളിക്കാമെന്നു വച്ചത്. കണ്ടവന്റെ പല്ലിനെക്കാളും നല്ലത് അവനവന്റെ മോണ ആണല്ലോ എന്നു ചിന്തിച്ചു പോയി. അതിന്റെ നന്ദി സാറ് കാണിക്കാത്തത് ഒരു വക മറ്റേ പണി ആയിപ്പോയില്ലേ?

സാറിനെ കൊണ്ടുവരുന്ന കാര്യം ഞങ്ങള്‍ക്ക് ഒന്നുകൂടി ആലോചിക്കണം.

യു.കെ.യിലെ ഒരു ക്നാനയക്കാരന്‍.

No comments:

Post a Comment