Friday, April 20, 2012

Houston-ലെ ക്നാനയക്കാര്‍ നമ്മുടെ സഹോദരര്‍ അല്ലേ?


ശിവ, ശിവ! സുകൃതക്ഷയം എന്നല്ലാതെ എന്ത് പറയാന്‍. കര്‍ത്താവേ, കൃഷ്ണാ, മുകുന്ദാ, മുരാരേ, രക്ഷിക്കണേ.

പഴത്തൊലിയേല്‍ ചവുട്ടിയാല്‍ ഏതു ഫയല്‍വാനും വീഴും. അത് കണ്ടു നമ്മള്‍ കൈകൊട്ടി ചിരിക്കുന്നത് ശരിയാണോ? അടുത്ത നിമിഷം നമ്മള്‍ മറ്റൊരു പഴത്തൊലിയേല്‍ ചവുട്ടുകയില്ലെന്നാര് കണ്ടു?

ഈ ക്നാനായ സ്നേഹം എന്നൊക്കെ പറയുന്നത് വെറുതെയാ. എം.ടിയുടെ ഒരു നോവലില്‍ (കാലം എന്നോ കോലം എന്നോ – ആരാ ഇതിന്റെയൊക്കെ പേരോര്‍ത്തിരിക്കുന്നത്) പറയുന്നുണ്ട് – “നിനക്ക് എക്കാലത്തും ഒരാളോട് മാത്രമേ സ്നേഹമുണ്ടായിരുന്നുള്ളൂ, നിന്നോട്!” (ശരിക്കും പറഞ്ഞത് അങ്ങനെ ഒന്നുമല്ല. അപ്പം തിന്നാല്‍ പോരെ, കുഴി എണ്ണണോ?). ഇത് തന്നെയാണ് ക്നാനായക്കാരന്റെ തനി സ്വഭാവം. 


സ്നേഹം, സ്നേഹം എന്ന് പറഞ്ഞാല്‍ ഒരുത്തന് ലോട്ടറി അടിക്കുമ്പോള്‍ അതിന്റെ വീതം പറ്റുന്നത് മാത്രമല്ല, അവന്റെ ദുഖത്തിലും പങ്കു ചേരുന്നതാണ്.

ഹൂസ്ടന്‍ നഗരത്തില്‍ നമ്മുടെ കുറെയേറെ സഹോദരന്മാരുണ്ട്. നല്ല ദൈവഭയവും പുരോഹിതഭയവും ഉള്ള ഒന്നാന്തരം കുഞ്ഞാടുകള്‍. ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും അവര്‍ ചിന്തിക്കുകയില്ല. അല്ല, നമ്മള്‍ ഒരു വീടു മേടിക്കുമ്പോള്‍, തിരുമേനിമാരോ, അച്ചന്മാരോ അക്കാര്യത്തില്‍ ഇടപെടാറുണ്ടോ? പിന്നെ അവര് പള്ളി മേടിക്കുമ്പോള്‍ നമ്മളെന്തിനാ കയറി ഇടംകോലിടുന്നത്? നമ്മുടെ ഹൂസ്ടന്കാര്‍ കാശെടുത്തുകൊടുത്തു, അച്ചന്‍ പോയി എവിടെയാണെന്ന് വച്ചാല്‍ പള്ളി മേടിക്ക്. നമുക്ക് ദോഷമായി അച്ചനെന്തെങ്കിലും ചെയ്യുമോ? ഏറ്റവും വിലകുറഞ്ഞത് നോക്കി ഒരു സ്ഥലത്ത് പള്ളി വാങ്ങി. കാശേല്‍ എത്ര ലാഭം കിട്ടി. പിന്നെ അതിനകത്ത് കൈയിട്ടു വാരി, കാലിട്ടു വാരി, മുത്തു കമ്മീഷനടിച്ചു, അച്ചനും വീതം കൊടുത്തു, കപ്യാര് കട്ടു, മറ്റവന്‍ കമത്തി – എന്തെല്ലാമാണ് ഓരോ എമ്പോക്കികള്‍ പറഞ്ഞുണ്ടാക്കിയത്? എടാ നമ്മുടെ രാജ്യത്ത്  യുദ്ധോപകരണം വാങ്ങുമ്പോള്‍ രാജീവ്‌ ഗാന്ധിമാര് പോലും കമ്മീഷന്‍ വാങ്ങിക്കുന്നു. ഇതൊന്നും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വിവരദോഷികള്‍ എന്തെല്ലാം പറഞ്ഞുണ്ടാക്കി! ഇവനൊക്കെ ലോകം കണ്ടിട്ടുണ്ടോ?

അവിടുത്തെ നമ്മുടെ സ്വന്തം ശുദ്ധരക്തത്തില്‍ പിറന്ന ചില സഹോദരന്മാരുടെ വീട്ടില്‍ കള്ളന്‍ കയറി എന്നും പറഞ്ഞു പാവങ്ങളുടെ പേരുസഹിതം ഓരോ അവന്മാര് ഭയങ്കര പബ്ലിസിറ്റി കൊടുത്തോണ്ടിരിക്കുവാ. വെറുതെയാണോ നമ്മുടെ പൊന്നു തിരുമേനി, “ഇവന്മാര്‍ സമുദായദ്രോഹികളാണ്” എന്ന് പറഞ്ഞത്!

തലയ്ക്കകത്ത് ആളുതാമാസം ഇല്ലെങ്കില്‍ എന്ത് പറയാനാ? ദൈവം എന്താ പറഞ്ഞിരിക്കുന്നത്? “നിനക്കുള്ളതെല്ലാം വിറ്റു പെറുക്കി എന്റെ പിന്നാലെ വരുവിന്‍.” ഇത് വല്ലതും പറഞ്ഞാല്‍ നമ്മുടെ ഭാര്യമാര്‍ക്ക് മനസ്സിലാകുമോ? വായെടുത്താല്‍ തറുതല പറഞ്ഞല്ലേ ഇവള്ക്കൊക്കെ ശീലം? ഒടനേ പറയും, “മനുഷ്യാ, എന്നേം മക്കളേം കൂടി വിറ്റോ. ഞാന്‍ പണിയെടുത്തോണ്ട് വരുന്ന കാശെല്ലാം കുടിച്ചു തീര്‍ക്കുന്നതും പോര, ഇനി ഉള്ളതെല്ലാം വില്‍ക്കണമെന്ന്!” ഞായറാഴ്ച സാരീം ഉടുത്തു  പള്ളീല്‍ പോകുമെന്നല്ലാതെ ഇവളുമാര്‍ക്കൊന്നും ദൈവഭയം തീരെ ഇല്ലെന്നേ.

അപ്പോള്‍ ദൈവം എന്താ ചെയ്തത്? ദൈവം കള്ളനെ മാടി വിളിച്ചു പറഞ്ഞു – “മോനെ, കള്ളന്‍ക്കുട്ടാ നീ ചെല്ല്.  .....വന്റെ വീട്ടില്‍ ചെന്ന് കട്ടോ. നിന്നെ ഞാന്‍ കാത്തോളാം. കള്ളന്‍ പോയി, കട്ടു. അതോടെ, ആ കുടുംബത്തിലെ അംഗങ്ങളെല്ലാം സ്വര്‍ഗരാജ്യത്തിന് അര്‍ഹരായി.

ഇതൊന്നും ഈ പുല്ലന്മാര്‍ക്ക് മനസ്സിലാകുന്നില്ല. മണ്ടന്മാര്‍ “വീടു പൊളിപ്പന്‍ വാര്‍ത്ത” എന്ന് പറഞ്ഞു ഇമെയില്‍ അയക്കുന്നു!

വായനക്കാരില്‍ തലയ്ക്കകത്ത് എന്തെങ്കിലും ഉള്ളവരെന്കിലും പള്ളിയില്‍ പോയി പ്രാര്‍ഥിക്കു “കര്‍ത്താവേ, എന്റെ വീട്ടിലോട്ടും ആ കള്ളനെ ഒന്ന് പറഞ്ഞു വിടണമേ!”

പ്രാര്‍ഥിക്കുന്നതൊക്കെ കൊള്ളാം, ദൈവത്തെ ഓര്‍ത്തു ലത്തീന്പള്ളിയില്‍ പോയി പ്രാര്‍ഥിചേക്കരുത്. പ്രാര്‍ഥിചില്ലെങ്കില്‍ പ്രാര്‍ഥിചില്ലെന്നെ ഉള്ളൂ. ക്നാനായ പള്ളിയില്‍ പോയി പ്രാര്‍ഥിക്കാന്‍ പറ്റുന്നില്ലെങ്കില്‍ മിണ്ടാതെ അല്പം വീശിയിട്ടു കിടന്നുറങ്ങിക്കോ.

“കള്ളന്‍ വരും, വരാതിരിക്കില്ല” എന്ന ശുഭപ്രതീക്ഷയോടെ.  

No comments:

Post a Comment