Wednesday, April 25, 2012

വീണ്ടും ചില കണ്‍വെന്‍ഷന്‍ കാര്യങ്ങള്‍


“ഊഷ്മളമായ ക്നാനായബന്ധത്തെ അരക്കിട്ടുറപ്പിക്കുവാനും സ്നേഹസൌഹാര്‍ദ്ദം പുതുക്കുവാനുമുള്ള ഏറ്റവും മനോഹരദിനമായ ജൂണ്‍ 30-നുവേണ്ടി ഓരോ ക്നാനായക്കാരനും ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.”

ബ്രിട്ടനിലെ ക്നാനായ സംഘടനയായ UKKCAയുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന വാര്‍ത്തയില്‍ നിന്നെടുത്തതാണ് മുകളിലത്തെ വാചകം.

“Words, words, mere words, no matter from the heart” എന്ന Shakespeare-ന്റെ വാചകം വെറുതെ ഓര്‍ത്തുപോയി.

നോ തിരുമേനി, നോ കണ്‍വെന്‍ഷന്‍ 
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടെ കണ്‍വെന്‍ഷന്‍ നടക്കുന്നു. ഇക്കാര്യത്തില്‍ യു.കെ.യിലെ ക്നാനയക്കാരന്‍ അമേരിക്കയിലെ ക്നാനയക്കാരനെ കടത്തിവെട്ടി. അവിടെ കണ്‍വെന്‍ഷന്‍ രണ്ടു വര്‍ഷത്തിലോരിക്കലാണെങ്കില്‍ ഇവിടെ ഓരോ വര്‍ഷവും നടത്തുന്നുണ്ട് ഈ മാമാങ്കം. അമേരിക്കയിലെ മാമാങ്കം കാണാന്‍ ബ്രിട്ടീഷ്‌ നേതാക്കള്‍ മിക്ക വര്‍ഷവും പോയിക്കാണാറുണ്ട്, പക്ഷെ അതിന്റെ പ്രയോജനം ഒന്നും ഗുണനിലവാരത്തില്‍ കാണാനില്ല. പഠിച്ചതല്ലേ പാടൂ.

രണ്ടിടത്തും ഒരു സമാനതയുണ്ട് – തിരുമേനി ഇല്ലാത്ത കണ്‍വെന്‍ഷന്‍ അചിന്ത്യമാണ്! ഏതെങ്കിലും തിരുമേനി പോര, കോട്ടയത്തുനിന്നുള്ള തിരുമേനി തന്നെ ആയിരിക്കണം. നോ തിരുമേനി, നോ കണ്‍വെന്‍ഷന്‍!

ഈ ഒരു കാര്യത്തിനു ഒരു തിരുമേനിയും (അല്ലാത്ത കാര്യത്തിനൊക്കെ സമീപിച്ചാല്‍ അവര്‍ക്ക് സമയം തീരെയില്ല, തിരുമേനിമാര്‍ക്ക് എന്തെല്ലാം ചുമതലകള്‍ കാണും എന്നല്ലേ പാവപ്പെട്ടവന്റെ വിചാരം!) എതിര് പറഞ്ഞതായിട്ടറിയില്ല. കൃത്യസമയത്ത് പാഞ്ഞെത്തും. ഇങ്ങനെയൊക്കെ അല്ലേ ഇല്ലാത്ത അധികാരം നമ്മുടെ മേല്‍ ഉണ്ടെന്നു സ്ഥാപിക്കാന്‍ പറ്റൂ!

ജന്മനാ ശുദ്ധനും സാധുവുമായ ഈയുള്ളവന്‍ ഇന്ന് രാവിലെവരെ ഓര്‍ത്തിരുന്നത്, ക്നാനയമക്കളോടുള്ള സ്നേഹവാത്സല്യം കൊണ്ടാണ് തിരുമേനിമാര്‍ കണ്‍വെന്‍ഷന്‍ കൂടാന്‍ വരുന്നതെന്നാണ്. എല്ലാവരും എന്നെപ്പോലെ പൊട്ടന്മാരല്ലല്ലോ. എന്നെക്കാള്‍ ബുദ്ധിയുള്ള ഒരു “സമുദായദ്രോഹി” ഇന്ന് രാവിലെ എന്റെ മസ്തിഷ്കം എടുത്തു ഡ്രൈ-ക്ലീന്‍ ചെയ്തു തന്നു. ആ ദുഷ്ടന്‍ പറഞ്ഞത് ശരിയാണെങ്കില്‍, തിരുമേനിമാര്‍ വരുന്നത് “....ഞ്ചാനല്ല, പിന്നെയോ പത്തു കാശ് സമ്പാദിക്കാനാണ്.”

“ശരിയാണോടാ?”

“പിന്നല്ലാണ്ട്? എടാ, വിവരദോഷി, ഓരോ വരവിനും കവറിലിട്ട് കുറഞ്ഞത് രണ്ടായിരം പൌണ്ടെങ്കിലും കൊടുക്കണം. അത് അവരുടെ പടിയാണ്.”

“അപ്പോള്‍ വണ്ടിക്കൂലിയോ? അതെത്രയാ?”

നെടുമ്പാശ്ശേരി ടൂ ലണ്ടന്‍ ഫസ്റ്റ് ക്ലാസ് ചാര്‍ജ്‌ എത്രയാണെന്ന് വല്ല Travel Agent-നോടും ചോദിച്ചു നോക്ക്.

“അയ്യോ ഫസ്റ്റ് ക്ലാസ്സോ? അതിനകം ഞാനിതുവരെ കണ്ടിട്ടില്ല!”

“അതിനു നീ തിരുമേനിയാണോ?”

“പിന്നെ വേറെ ചെലവൊക്കെ?”

“നീ ഒരു കാര്യം ചെയ്യ്, പഴയ പ്രസിഡന്റ്‌ നിന്റെ നാട്ടുകാരനല്ലേ, ഒന്ന് വിളിച്ചു ചോദിച്ചു നോക്ക്. പോ അവിടുന്ന്, എന്റെ തല തിന്നാതെ.”

“അനജാ, പിണങ്ങാതെ, ഒന്ന് പറഞ്ഞുതാ, തിരുമേനിയെ കൊണ്ടുവരുന്നതിനു മാത്രം ഉദ്ദേശം എന്നാ ചെലവ് വരും, ഒന്നറിയാനാ, പ്ലീസ്, പറ”

“എല്ലാം കൂടി കുറഞ്ഞതൊരു നാലായിരം പൌണ്ട് എന്ന് കൂട്ടിക്കോ.”

ഇത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി!

ഇത്രയും കാശുമുടക്കി ഇവരെ കൊണ്ട് വന്നാല്‍ പ്രയോജനം എന്താണ് എന്നാണു മനസ്സിലാകാത്തത്. തിരുമേനി പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ ന്യൂസ്‌ അപ്നാ ദേശില്‍ ഇടണമെങ്കില്‍ അതിനു കാശ് വേറെ കൊടുക്കണം. ആകെ പ്രയോജനം ഒരു പ്രസംഗമാണ്. കണ്‍വെന്‍ഷന്‍ കൂടിയ പലരോടും തിരുമേനി എന്താണ് പ്രസംഗിച്ചതെന്ന് ചോദിച്ചിട്ടുണ്ട്. “എന്തൊക്കെയോ നല്ല കാര്യങ്ങള്‍ പറഞ്ഞു” എന്ന് മാത്രമായിരുന്നു മറുപടി.

പണ്ടൊരു കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ വച്ചാണ് ഫാ. സജിമോന്‍ മലയില്പുത്തന്‍പുരയിലിനെ UKKCA-യുടെ  Spiritual Advisor ആയി നിയമിക്കുന്നത്. ആ പ്രസംഗം അല്ലാതെ, ആ നിയമനത്തിന് മറ്റെന്തെങ്കിലും രേഖകള്‍ ഉള്ളതായി അറിവില്ല. പ്രസംഗത്തില്‍ എന്താണ് പറഞ്ഞതെന്ന് ഈയുള്ളവന്‍ അന്നത്തെ ജനറല്‍ സെക്രെട്ടറിയോട് ചോദിച്ചു, സാക്ഷാല്‍ ആല്മീയ ഉപദേശകനോട് ചോദിച്ചു, രണ്ടുപേരും കൈമലര്‍ത്തി.

അതാണ്‌ തിരുമേനിപ്രസംഗത്തിന്റെ ഗുണം!

അതിനു വേണ്ടിയാണ് (ദുഷ്ടനായ സമുദായദ്രോഹി പറഞ്ഞത് ശരിയാണെങ്കില്‍) നാലായിരം ബ്രിട്ടീഷ്‌ പൗണ്ട് (ഏതാണ്ട് മൂന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ചെലവഴിക്കുന്നത്.

Technology കണ്ടമാനം വളര്‍ന്നു. കോട്ടയം അരമനയിലെ തന്റെ ശീതീകരിച്ച മുറിയിലിരുന്നു കണ്‍വെന്‍ഷന്‍ കൂടാനെത്തുന്ന ക്നാനയമക്കളോട് കമ്പ്യൂട്ടര്‍, പ്രോജെക്ടര്‍, തുടങ്ങിയ യന്ത്രങ്ങളുടെ സഹായത്താല്‍ അനായാസം സംസാരിക്കാം, അനുഗ്രഹിക്കാം, ആശീര്‍വദിക്കാം. ഒരു നഴ്സിംഗ് വിദ്യാര്‍ഥിയുടെ മൂന്നു വര്‍ഷത്തെ മൊത്തം ചെലവ് അങ്ങനെ കിട്ടുന്ന ലാഭം കൊണ്ട് നടത്താം. മൂന്ന് കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ ക്നാനായ സമുദായത്തിലെ മൂന്നു ദാരിദ്രകുടുംബങ്ങളില്‍ നിന്ന് ഓരോ നേര്സുമാര്‍.

ഏതെങ്കിലും തിരുമേനി ഇതാണ് ശരി എന്ന് സമ്മതിക്കുമോ?

ഇടയ്ക്കിടയ്ക്ക് ഇതുപോലെ വന്നു മുഖം കാണിച്ചില്ലെങ്കില്‍, പിച്ചചട്ടിയുമായി വരുമ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ലെങ്കിലോ എന്നായിരിക്കും ഭയം!

ക്നാനയത്വം വലിയ തിരുമേനി പുനര്‍-നിര്‍വചിച്ച നിലയ്ക്ക്, ചെല്ലുന്നിടത്ത് ചില കള്ളുകുടിയന്മാര്‍ തിരുമേനിമാരെ പുനര്‍-നിര്‍വചിചെന്നിരിക്കും. ചൈതന്യയില്‍ കൂടിയ കള്ളുകുടിയന്മാരുടെ അത്രയും നിലവാരം യു.കെ.യിലെ കള്ളുകുടിയന്മാരില്‍ നിന്നും പ്രതീക്ഷിക്കരുതേ.

എന്റെ തിരുമേനി, ദേഷ്യം വന്നാല്‍ ഇവനൊക്കെ പോക്കാ, പിടിച്ചാല്‍ കിട്ടുകേല. കാട്ടു ജാതികളാ, പറഞ്ഞില്ലെന്നു വേണ്ട.

No comments:

Post a Comment